
റാൻ ഓഫ് കച്ചിലെ ഉപ്പുമരുഭൂമി | ഫോട്ടോ: ശാലിനി രഘുനന്ദനൻ
ഉത്തരേന്ത്യൻ യാത്രയിൽ കോട്ടകളും കൊട്ടാരങ്ങളും മ്യൂസിയങ്ങളുമൊന്നും എന്നെയും ശ്രുതിയേയും ഒട്ടും ആകർഷിച്ചിരുന്നില്ല. രാജഭരണത്തിന്റെ തിരുശേഷിപ്പുകൾ കണ്ട് മടുത്തതോടെ ലിസ്റ്റിലുണ്ടായിരുന്ന സ്ഥിരം സഞ്ചാരകേന്ദ്രങ്ങൾ വെട്ടിച്ചുരുക്കി പുതിയ വഴികൾ തേടിയിറങ്ങി. അത്തരത്തിൽ യാത്രകൾ തെരഞ്ഞടുക്കുമ്പോൾ ആശ്രയിക്കാവുന്നത് പാസഞ്ചർ ട്രെയിനുകളേയും, സർക്കാർ ബസ്സുകളേയുമാണ്. ഒരൽപം ധൈര്യം കൂടുതലുണ്ടേൽ ലോറികൾക്കും ലിഫ്റ്റടിക്കാം. പക്ഷെ സുരക്ഷ നമ്മൾ തന്നെ നോക്കണം.
സഞ്ചാരികൾക്കായി ഗുജറാത്ത് സംസ്ഥാനം ഒരുക്കിയ സ്ഥിരം കാഴ്ചകൾ കണ്ട് തീർക്കുന്ന തിരക്കിൽ കുറേ ദിവസം കടന്നുപോയി. ഗുജറാത്ത് വിടുന്നതിനു മുമ്പ് അവസാന യാത്ര കച്ചിലേക്കായിരുന്നു. റാൻ ഓഫ് കച്ച്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വെളുവെളുത്ത ഉപ്പുപരലുകളുടെ നാട്ടിലേക്ക്. റാൻ ഓഫ് കച്ച് പ്രശസ്തമാണെങ്കിലും അങ്ങോട്ടു പോകുന്ന വഴിയിൽ ചില കൊച്ചു കൊച്ചു ഗ്രാമങ്ങളുണ്ടെന്ന് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ അനീഷ് പറഞ്ഞിരുന്നു. പ്രത്യേകിച്ച് പ്ലാനിങ്ങില്ലാതെ കയറിയിറങ്ങിപ്പോയാൽ കുറച്ചു നാടും നാട്ടുകാരെയുമെല്ലാം കാണാം. എന്നാപ്പിന്നെ അത് നടക്കട്ടെയെന്ന് തീരുമാനിച്ചു.

അഹമ്മദാബാദിൽ നിന്ന് നേരെ ബസ് പിടിച്ച് ഭുജിലെത്തി, ഒരു മൂന്നു മൂന്നര മണിക്കൂറുനേരത്തെ കാത്തുനിൽപ്പിനിടെ ഒരു ബസ്സെത്തി. കച്ച് വരെ പോകില്ല. അവിടെ ബീരാണ്ടിയാർ എന്ന ഗ്രാമത്തിലെത്തും, അവിടുന്നു വേറെ വണ്ടി പിടിച്ചു പോകണം. ഇടയ്ക്ക് ബസ്സു നിർത്തിയ സ്ഥലങ്ങളിൽ ഇറങ്ങി നോക്കി. പൊടി പിടിച്ച കുറച്ചു മനുഷ്യരെ അവിടിവിടെയായി കണ്ടു. അവർക്കാണെങ്കിലും ഞങ്ങളെക്കണ്ട് ചെറിയ കൗതുകം തോന്നിയെങ്കിലും സംസാരിക്കാൻ കൂട്ടാക്കിയില്ല. ചുറ്റുപാടും നടന്നാസ്വദിക്കാൻ പച്ചപ്പും ഹരിതാഭയുമൊന്നും എങ്ങുമില്ല. ചുറ്റുപാടിനും മനുഷ്യർക്കുമെല്ലാം വരണ്ട നിറം തന്നെ. ആവശ്യത്തിലധികം പൊടിയും വലിച്ചുകയറ്റി ഒരുവിധം ബിരാണ്ടിയാറിലെത്തി.
ടാറിട്ട റോഡുള്ള ഒരു ഗ്രാമം അത്രേയുള്ളു ബിരാണ്ടിയാർ. വഴിയരികിൽ ഒരു ചായക്കടയുണ്ട്. മേശകൾക്കു പകരം കയറ്റു കട്ടിലുകളാണ് അവിടെയിട്ടിരുന്നത്. അതിനു പിറകിലേക്ക് ഏതാനും വീടുകളും. തീർന്നു ഒരു ഗ്രാമം. ബസ് തിരിച്ചു പോയി. ഇനി കച്ചിലേക്ക് പോകാൻ പ്രൈവറ്റ് ട്രാക്സുകളാണ് ആശ്രയം. ആളുകൾ തികഞ്ഞാലേ വണ്ടി പോകൂ. ഓരോ ചായയും കുടിച്ച് ട്രാക്സുപുറപ്പെടുന്നതും കാത്ത് ഞങ്ങൾ കടയ്ക്കു മുന്നിലെ കയറ്റുകട്ടിലിലിരുന്നു. ആളുകൾ കൂടുതൽ കൗതുകത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. കുറച്ചു മാറി ഒരു മരത്തണലിൽ ഒരമ്മയും കുഞ്ഞും പഴങ്ങൾ വിൽക്കാനിരിക്കുന്നു. പഴങ്ങളെല്ലാം ചീഞ്ഞിരിക്കുന്നു ആരും വാങ്ങുന്നുമില്ല, ഇതു വാങ്ങി സഹായിക്കുമോയെന്ന് ചോദിച്ച കുഞ്ഞു മകന്റെ കണ്ണുകളെ ക്യാമറയിലൂടെ ഒന്നു കടാക്ഷിച്ചിട്ട് ഞങ്ങളും തലതാഴ്ത്തിയിരുന്നു മാന്യത കാണിച്ചു. ഒടുവിൽ നാലഞ്ചു നാട്ടുകാർ വന്നതോടെ വണ്ടി പുറപ്പെട്ടു. എന്നാൽ ഞങ്ങളെ കച്ചിലെത്തിക്കാൻ കൂടുതൽ കാശ് വേണമെന്ന് പറഞ്ഞു.

കൂടെയുള്ള യാത്രക്കാർ ആരും തന്നെ കച്ചിലേക്കായിരുന്നില്ല, ബിരാണ്ടിയാർ മുതൽ കച്ച് വരെയുള്ള യാത്രക്കിടയിൽ ചെറിയ ചെറിയ ഗ്രാമങ്ങളുണ്ട്. അവിടെയെത്താൻ ബസ്സുകളൊന്നും ഇല്ലാത്തതിനാൽ ഇതുപോലെ കച്ച് വരെ പോകുന്ന ട്രാക്സുകളോ, മറ്റ് ചെറു വണ്ടികളോ ആണ് ഗ്രാമീണർക്ക് ആശ്രയം. നമ്മുടെ മോദിജി, റോഡ് നന്നാക്കി, കച്ചിലേക്ക് ട്രാക്സ് ഓടിക്കാൻ കഴിഞ്ഞു, കൂടുതൽ സഞ്ചാരികൾ വന്നാൽ കൂടുതൽ പണം കിട്ടും, മോദിജി ഗൂറിസം വികസിപ്പിക്കും, എന്നൊക്കെ പറഞ്ഞ് അഭിമാനിച്ച ഡ്രൈവർ ഖിംജി ഭായിക്ക് നാട്ടിലെ പൊതു ഗതാഗതത്തെക്കുറിച്ചോ, വീട്ടിലെത്താൻ കാത്തുനിന്നു വേരിറങ്ങിയ സ്വന്തം ഗ്രാമീണരെക്കുറിച്ചോ വേണ്ടത്ര ചിന്ത പോയില്ലെന്നു തോന്നുന്നു.

ഗുജറാത്തിലെ ഇന്ത്യാ പാക് അതിർത്തിയിലെ കിലോമീറ്ററുകൾ നീളുന്ന ഉപ്പുമരുഭൂമിയുടെ അവസാനിക്കാത്ത കാഴ്ചകളിലേക്കായി പിന്നീട് യാത്ര. കച്ച് ജില്ലയിലെ ഉപ്പു പരലുകൾ നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം മുഴുവൻ ഒരിക്കൽ കടലായിരുന്നുവെന്ന് ഡ്രൈവർ ഖിംജി ഭായ് പറഞ്ഞു.
ദോർദോ എന്ന ഇന്ത്യാ പാക് അതിർത്തി ഗ്രാമത്തിൽ നിന്നാണ് കച്ച് മരുഭൂമി തുടങ്ങുന്നത്. കണ്ണുകളിലേക്ക് വെള്ള കയറും വിധത്തിൽ അവസാനമില്ലാത്ത വെളുത്ത പ്രദേശം. ഭൂമിയും ആകാശവും ഒന്നു ചേരുന്നിടം തിരിച്ചറിയാനാകാത്തവിധം റാൻ ഓഫ് കച്ച് എന്ന ഉപ്പുമരുഭൂമി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലേക്ക്. ഇവിടെനിന്ന് 53 കിലോമീറ്റർ മാത്രം. ഉപ്പുപരലുകൾ കട്ടിയായി മാറിയ ഈ മരുഭൂമി താണ്ടണമെങ്കിൽ ഒട്ടകമാണ് ആശ്രയം. സഞ്ചാരികളെ കാത്തുകിടക്കുന്നത് നിരവധി ഒട്ടകവണ്ടികൾ. ഓരോ യാത്രക്കാരനേയും പ്രതീക്ഷിച്ച് ഒട്ടകങ്ങളുമായി ആളുകൾ പിറകെ കൂടി. നല്ല പേടിയുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കിയില്ല. ഒട്ടകപ്പുറത്ത് വലിഞ്ഞുകയറി അള്ളിപ്പിടിച്ചിരുന്ന് ഞങ്ങളും ആചാരം പാലിച്ചു. കൃഷിയിറക്കാൻ കഴിയാത്ത ഈ ഭൂമിയിൽ പശുക്കളും എരുമകളും ഒട്ടകങ്ങളുമാണ് ആളുകളുടെ വരുമാന മാർഗം.

മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന പ്രദേശം വേനലിൽ വെള്ളം വറ്റുന്നതോടെ ആദ്യം ചതുപ്പും പിന്നെ ഉപ്പുപരലുകളുമായി ഭൂമി മാറുന്നു. ഈ വെളുത്ത ഭൂമി സൂര്യാസ്തമയത്തോടെ ചുവന്നുതുടുക്കുന്നത് മനോഹര കാഴ്ചയാണ്. പൂർണ്ണ ചന്ദ്രനെത്തുന്ന രാത്രികളിൽ ഉപ്പു പരലുകൾ വെട്ടിത്തിളങ്ങും. മരൂഭൂമിയുടെ സീറോപോയിന്റ് എന്നുവിളിക്കുന്ന മറ്റൊരറ്റത്ത് സൂര്യോദയം കാണാം. പിന്നൊരു പ്രധാനപ്പെട്ട കാര്യം ഇവിടുത്തെ ഉത്സവമാണ്. ഒക്ടോബർ അവസാനവാരത്തിൽ ആരംഭിക്കുന്ന റാൻ ഉത്സവം ഫെബ്രുവരി വരെ നീളും. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമൊക്കെ ധാരാളം പേരാണ് ഈ ഉത്സവത്തിന്റെ ഭാഗമാകാനെത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയാണ് കച്ച്. പകുതിയോളം ഭൂപ്രദേശം ഉപ്പ് മരുഭൂമിയാണ്. 23,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഗ്രേറ്റ് റാൻ ഓഫ് കച്ചും 16,000 ചതുരശ്രകിലോമീറ്റർ വരുന്ന ലിറ്റിൽ റാൻ ഓഫ് കച്ചും. ഒരുകാലത്ത് ഇവിടം മുഴവൻ സമുദ്രമായിരുന്നെന്ന് പറയപ്പെടുന്നു. തുടർച്ചയായുണ്ടായ ഭൂചലനങ്ങളിലൂടെ കടൽ പിൻവാങ്ങിയതാണത്രേ. റാൻ ഓഫ് കച്ചിന്റെ കിഴക്കേ അതിരിലാണ് ഹാരപ്പൻ സംസ്കാരത്തിലെ ധോളാവീരയെന്ന പ്രദേശം. ചരിത്ര വിദ്യാർഥികൾക്കും ചരിത്രാന്വേഷികൾക്കും ഏറെ പ്രിയപ്പെട്ട ഇടമാണ് ധോളാവീര.

സഞ്ചാരികൾക്ക് രാത്രി കഴിച്ചുകൂട്ടാൻ ഉപ്പുപാടങ്ങളിൽ കെട്ടിയുണ്ടാക്കിയ ടെന്റുകളാണ് ആശ്രയം. വെളുത്ത കടലാസിന് നടുവിൽ കറുത്ത നീളൻ വരവരച്ചപോലെ റോഡും. റോഡ് അവസാനിക്കുന്നയിടത്തെ വലിയൊരു വാച്ച് ടവറാണ് ഇവിടുത്തെ ഏക കെട്ടിടം.
ഉദയവും അസ്തമയവും അവസാനമില്ലാത്ത വെളുത്ത മരുഭൂമിയിൽ നിറംമാറ്റം നടത്തുന്നതൊഴിച്ചാൽ കച്ചിൽ സവിശേഷക്കാഴ്ചകൾ ഏറെയൊന്നുമില്ല. ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയിൽ റാൻ ഓഫ് കച്ചിനുള്ള സ്ഥാനം ഏറെ പ്രധാനപ്പെട്ടതാണ്. കാഴ്ചകളേക്കാൾ ഉപരി ഇരു സംസ്കാരങ്ങളെ, രാജ്യങ്ങളെ വേർതിരിക്കുന്ന ഈ വെളുത്തഭൂപ്രദേശം ഓരോ സഞ്ചാരിക്കും കൂടുതൽ അനുഭവങ്ങളാണ് പകർന്ന് നൽകുന്നത്. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ആ വെളളപ്പാടത്തിൽ നിന്നു കണ്ണെടുക്കാതെ നിന്ന ഞങ്ങളെ ഖിംജി തട്ടി വിളിച്ചു. ഇനി ഭുജിലേക്കുള്ള ബസ്സു പിടിക്കണമെങ്കിൽ വേഗം ബിരാണ്ടിയാറെത്തണം, വൈകണ്ട പോകാം എന്നു പറഞ്ഞു. മനസില്ലാ മനസോടെ വണ്ടിയിൽ കയറി കണ്ണിൽ നിന്നു മറയുവോളം ആ ഉപ്പുപരലുകളിലേക്ക് തന്നെ നോക്കിയിരുന്നു. വണ്ടിയിലിരുന്ന് ഖിംജി ഉറക്കെ പാടി, കച്ച് നഹി ദേഖാത്തോ കുച്ച് നഹി ദേഖാ...
Content Highlights: rann of kutch, women travel, gujarat travel, history of rann of kutch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..