-
ഭീമാകാരനായ മരത്തിന്റെ ഒത്തമുകളിലെ കൊമ്പില്‍, ചിറകുകള്‍ രണ്ടും വിശറി പോലെ വിരിച്ച്, തങ്ങളുടെ നേരെ പറന്നടുക്കുന്ന മൂന്നാമനെ രൂക്ഷമായി നോക്കി ഇരിക്കുന്ന രണ്ടു കാതിലക്കഴുകന്‍മാര്‍ (Redheaded Vulture). കാടിന്റെ വന്യത വിളിച്ചോതിയ ഒരു ഫ്രെയിം. ഒരു കാന്തംപോലെ വലിച്ചടുപ്പിക്കുന്ന കണ്ണുകളിലെ തീക്ഷ്ണത. ഉറ്റ സുഹൃത്തും കാടിന്റെ മടിത്തട്ടിലേക്കുള്ള യാത്രകളില്‍ എന്നും നിഴലുപോലെ കൂടെയുണ്ടാവാറുമുള്ള അനൂപിന്റെ ആ ചിത്രമാണ് കഴുകന്മാരിലേക്ക് ആകര്‍ഷിച്ചത്. ക്യാമറയുടെ സ്‌ക്രീനിലേക്ക് ഇമവെട്ടാതെ നോക്കിനിന്നപ്പോള്‍ തീരുമാനിച്ചിരുന്നു ഈ പക്ഷികളെ വീണ്ടും കാണണമെന്ന്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കബനി നദീ തടത്തില്‍ അവയെ ആദ്യമായി കണ്ടത് വ്യക്തമായി ഓര്‍ക്കുന്നു. കെ.എസ്.ഇ.ബി.യില്‍ എഞ്ചിനിയറായ മനോജ് സര്‍, തൊട്ടുമുന്നിലെ സഫാരി ജീപ്പിലിരുന്ന് ആകാശത്തേക്ക് ചൂണ്ടിയ വിരലിന്റെ അറ്റത്തായിരുന്നു അത്. ചക്രവാളത്തിലേക്ക് കണ്ണുനട്ട്, മരണത്തിന്റെ കാലൊച്ചക്കായി കാതോര്‍ത്തിരിക്കുന്ന ഒരു കാതിലക്കഴുകന്‍. അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍, ഒരു താരാട്ടുപോലെ അദ്ദേഹം പറഞ്ഞുതന്ന കാടിന്റെ കഥകളില്‍ എവിടെയോ കഴുകന്മാരുടെ ചിറകടി.
വംശനാശ ഭീഷണി നേരിടുന്ന വടക്കേ ഇന്ത്യയിലെ കഴുകന്മാരെപ്പറ്റിയും അതിനാല്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെപ്പറ്റിയും ഒരു ചാനല്‍ പരിപാടിയിലൂടെയാണ് അറിഞ്ഞത്. കഴുകന്മാര്‍ ഇല്ലാത്തതിനാല്‍ മുംബൈ പോലൊരു മെട്രോ നഗരത്തില്‍ പരിസ്ഥിതി പ്രശ്‌നം രൂക്ഷമാവും. മലബാര്‍ ഹില്‍ എന്ന പ്രദേശത്തെയും അവിടെ സ്ഥിതി ചെയ്യുന്ന ടവര്‍ ഓഫ് സൈലന്‍സ് എന്ന നിര്‍മിതിയെപ്പറ്റിയും കൂടുതല്‍ അറിഞ്ഞപ്പോള്‍ സംശയം തീര്‍ന്നു. കൂട്ടത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ മൃതശരീരം കഴുകന്മാര്‍ക്കു സമര്‍പ്പിക്കുന്ന പാര്‍സികളെക്കുറിച്ചുള്ള അറിവ് ഒരദ്ഭുതമായി.
പഞ്ച ഭൂതങ്ങളായി കണക്കാക്കുന്ന ഭൂമി, ജലം, വായു, ആകാശം, അഗ്‌നി എന്നിവയൊന്നും തങ്ങളുടെ ശരീരത്താല്‍ അശുദ്ധമാകാതിരിക്കാനാണത്രെ ഇങ്ങനെ ചെയ്യുന്നത്. കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ആഴ്ചകളോളം പഴകിയ ശരീരങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം ബോംബെപോലൊരു നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നതായിരുന്നു ചാനല്‍ പരിപാടിയുടെ ഇതിവൃത്തം.

പരിപാടി കഴിഞ്ഞതും മനസ്സില്‍ വീണ്ടും അതേ ചിറകടികള്‍. കമ്പനിയില്‍ ഒരേ ടീമില്‍ ജോലി ചെയ്യുന്ന പ്രകാശിനെ വിളിച്ചു. ബംഗളൂരുവിന് ചുറ്റുമുള്ള കാടും മലകളും പരിസരപ്രദേശങ്ങളും സ്വന്തം കൈവെള്ള പോലെ സുപരിചിതനായ ''കന്നഡിഗ'. പോരാത്തതിന് പക്ഷി പ്രേമിയും. ആഗ്രഹം അറിയിച്ചു. ബംഗളൂരുവില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍. രാംനഗര പട്ടണത്തിലെ രാമദേവരബെട്ട. ശനിയാഴ്ച പുലര്‍ച്ചെ ഒരുമിച്ചു പോകാം. പിന്നെ ഗൂഗിളിലേക്ക്...
രാംനഗര. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്തെ 'ഷംസെരബാദ'. ബ്രിട്ടീഷ്‌കാരുടെ 'ക്ലോസ്പെട്ട'. പട്ടുനൂല്‍ കൃഷിക്കു പേരുകേട്ട ഇടമായതിനാല്‍ ഇ
ന്നത്തെ 'സില്‍ക്ക് സിറ്റി'. ഇതിലെല്ലാം ഉപരി ഹോളിവുഡുമായും ബോളിവുഡുമായും ആജീവനാന്ത ബന്ധം. ബ്രിട്ടീഷുകാരനായ ഡേവിഡ് ലീന്‍ 1984 -ല്‍ എഴുതി സംവിധാനം ചെയ്ത 'എ പാസേജ് ടു ഇന്ത്യ' എന്ന ബോളിവുഡ് സിനിമ ഷൂട്ട് ചെയ്തത് ഈ ചെറു പട്ടണത്തിലെ മലമുകളിലാണ്. തീര്‍ന്നില്ല. ഇന്ത്യന്‍ സിനിമാ ചരിത്രംതന്നെ തിരുത്തി എഴുതിയ രമേശ് സിപ്പിയുടെ 'ഷോലെ' ചിത്രീകരിച്ചതും ഇതേ മലയിടുക്കുകളിലാണ്.
'കിത്ത്നെ ആദ്മി ധേ..?!' ഗബ്ബര്‍ സിങ്ങായി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ അംജദ് ഖാന്റെ ഗര്‍ജനം ആ പാറക്കെട്ടുകളില്‍ ഇന്നും മുഴങ്ങുന്നുണ്ടാകുമോ?
പാറക്കൂട്ടങ്ങള്‍ ധാരാളമുള്ള രാംനഗരിയിലെ മലകളില്‍ കൂടുകൂട്ടി പാര്‍ക്കുന്ന തവിട്ട് കഴുകന്മാരും (Indian Vulture) തോട്ടിക്കഴുകന്മാരും (Egyptian Vulture) അവര്‍ക്കായി ഒരു സംരക്ഷിത മേഖലയും. കഴുകന്മാര്‍ക്കായി ഇന്ത്യയിലെതന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. 350 ഹെക്ടര്‍ സ്ഥലത്ത് 2012 ജനവരിയില്‍ കമ്മിഷന്‍ ചെയ്തിരിക്കുന്ന രാമദെവരബെട്ട, അതേ മലമുകളില്‍ സ്ഥിതി ചെയ്യുന്ന രാമക്ഷേത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നു. പക്ഷേ, കബനിയില്‍ കണ്ട മനോഹരമായ ചുവന്ന തലയും കറുത്ത തൂവലുകളും ഉള്ള കാതിലക്കഴുകന്മാര്‍ ഇവിടെ ഇല്ല. പകരംവെയ്ക്കാനെന്നപോലെ വെള്ളയും കറുപ്പും ഇടകലര്‍ന്ന തൂവലുകളും കടും മഞ്ഞ കൊക്കുകളുമുള്ള തോട്ടിക്കഴുകന്മാരെ കാണാന്‍ സാധ്യതയുണ്ട്. കുട്ടിക്കാലത്ത് പരിചയിച്ച എല്ലാ കഥകളിലും വില്ലനായ കഴുകന്‍ കഥാപാത്രങ്ങള്‍.
പോരാത്തതിന് അക്കാലത്തെ ഹിന്ദി സിനിമയില്‍ സ്ഥിരം വില്ലനായ അമരീഷ് പുരി കഥാപാത്രങ്ങളുടെ ഓമന. 'ശവം തീനി' എന്ന വിളിപ്പേരും. മൊത്തത്തില്‍ ഒരു നെഗറ്റീവ് ഇമേജ്. എന്നാല്‍ രാമദെവരബെട്ടയിലെ കഴുകന്‍മാരുടെ സൈ്വര്യവിഹാരത്തിലേക്കും വില്ലനായി കടന്നുവന്നത് മനുഷ്യന്‍തന്നെയാണ്. ബോംബയിലെ ചുട്ടിക്കഴുകന്മാരുടെ ഒരു കൂട്ടത്തെ അപ്പാടെ തുടച്ചുനീക്കിയ ടെയ്ക്ലോഫീനാക് ഇവിടെയും നാശം വിതച്ചിരിക്കുന്നു. രാംനഗര എന്ന കൊച്ചു പട്ടണത്തിനു ചുറ്റുമുള്ള കൃഷിയിടങ്ങളിലും മറ്റുമായി സ്ഥിതി ചെയ്യുന്ന ചെറിയ കാലിവളര്‍ത്തല്‍ സംരംഭങ്ങളില്‍ കര്‍ഷകര്‍ അനധികൃതമായി ഇന്നും ടെയ്ക്ലോഫീനാക് ഉപയോഗിച്ച് വരുന്നുവത്രെ. പാറക്കൂട്ടങ്ങളെ സാക്ഷിനിര്‍ത്തി ഈ പക്ഷികള്‍ എന്നെന്നേക്കുമായി പറന്നുയരാന്‍ അധികനാള്‍ വേണ്ടിവരില്ല എന്ന് സാരം. ഒട്ടുമിക്ക പാറക്കെട്ടുകളിലും താമസമാക്കിയിരുന്ന പക്ഷികള്‍ ഇന്ന് വിരലില്‍ എണ്ണാവുന്നത്ര മാത്രം.
ബൈക്കില്‍ നേരെ ബംഗളൂരു മൈസൂര്‍ ഹൈവെയിലേക്ക്. കൂടെ, ഒരു ഫോട്ടോയിലൂടെ ഈ യാത്രക്ക് തിരിയിട്ട അനൂപും. വഴിയരികില്‍ നിര്‍ത്തി ആവി പറക്കുന്ന മൂന്നു സെറ്റ് ഇഡ്ഡലി പാര്‍സല്‍ ചെയ്ത്, കഴുകന്മാരുടെ താവളത്തിലേക്ക്. രാംനഗര എന്ന ബോര്‍ഡ് തെളിഞ്ഞുകണ്ടു. ഹൈവേയില്‍ തന്നെ അല്പം മാറി, എന്നാല്‍ ആരും ശ്രദ്ധിക്കാന്‍ ഇടവരാത്ത രീതിയില്‍ മറ്റൊരു കൊച്ചു സൈന്‍ ബോര്‍ഡും. വലതു വശത്തേക്ക് തിരിയാന്‍ കാണിച്ച പെയിന്റിങ് അനുസരിച്ച് ആദ്യം കണ്ട വഴിയിലേക്ക് പ്രവേശിച്ചു.
അധിക ദൂരം ചെന്നില്ല. മുന്നോട്ടുള്ള യാത്ര തടഞ്ഞുകൊണ്ട് റോഡിനു കുറുകെ ഒരു ചെക്ക്‌പോസ്റ്റും വലതു വശത്തായി ഒരു വലിയ ബോര്‍ഡും. അതില്‍ 'രണഹധ' എന്ന വാക്ക് കണ്ട് അനൂപിന്റെ മുഖത്ത് ചോദ്യചിഹ്നം. 'രണ' എന്നാല്‍ 'യുദ്ധം' എന്നാണെന്നും 'ഹധു' എന്നാല്‍ 'വലിയ പറവ' എന്നാണെന്നും പ്രകാശ് പറഞ്ഞു. ബൈക്കുകള്‍ വഴിയില്‍തന്നെ ഒതുക്കി, ഞങ്ങള്‍ നടന്നു തുടങ്ങി. ടിക്കറ്റ് കൗണ്ടര്‍ എന്നു തോന്നിയ ഒഴിഞ്ഞ ഒറ്റ മുറിയും കടന്ന് നേരെ മുകളിലേക്ക്.
വളവു തിരിഞ്ഞതും, ഇന്റര്‍നെറ്റില്‍ വായിച്ച 'പാറക്കൂട്ടങ്ങള്‍' എന്ന വിശേഷണം തങ്ങള്‍ക്കു ചേരില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുംപോലെ ഭീമാകാരന്‍ന്മാരായ പാറകള്‍ കൂടിച്ചേര്‍ന്നുണ്ടായ പര്‍വതങ്ങള്‍ തലയുയര്‍ത്തി നിന്നു. പ്രധാന വഴി രാമക്ഷേത്രത്തിലേക്കായതിനാല്‍ മുന്നില്‍ കണ്ട ഊടുവഴിയിലൂടെ മുകളിലേക്ക്. പാറക്കൂട്ടങ്ങളിലേക്ക് കണ്ണുംനട്ടു മുന്നില്‍ നടന്ന പ്രകാശ് ദൂരേക്ക് വിരല്‍ ചൂണ്ടി. പാറകളുടെ ഒത്ത മുകളിലെ ഒരു വിടവില്‍ നിന്നും ഒരു തവിട്ട് കഴുകന്‍ തലനീട്ടി. മലമുകളിലേക്ക് പരന്നൊഴുകുന്ന ഇളം വെയില്‍ കായാനെന്നവണ്ണം അത് കൂനിപ്പിടിച്ചിരിപ്പാണ്.
ആഹാര രീതി കൊണ്ടാവണം, കല്ലിനെപോലും പൊടിക്കുന്നത്ര രസങ്ങളാണത്രെ കഴുകന്മാരുടെ കാഷ്ഠത്തില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍തന്നെ സ്ഥിരതാവളങ്ങളില്‍ പരന്നൊഴുകിയ വെളുത്ത പാടുകള്‍ കാണാമെന്നും, 'Vulture Paintings' എന്നാണതിന്റെ ഓമനപ്പേരെന്നും മനോജ് പറഞ്ഞതോര്‍മവന്നു. ശരിയാണ്, പാറക്കൂട്ടങ്ങളിലെ വിടവുകളില്‍ അവിടവിടെയായി വെളുത്ത കലാസൃഷ്ടികള്‍. പറന്നുയരുന്നത് കാണാനുള്ള ആഗ്രഹത്തില്‍ അടുത്ത അര മണിക്കൂര്‍ ശ്വാസമടക്കി നിന്നു. രക്ഷയില്ല, തൂവലുകളിലെ മഞ്ഞു തുള്ളികള്‍ തീര്‍ത്തും മാറിയിട്ടുണ്ടാവില്ല. മുന്നില്‍ തെളിഞ്ഞു കണ്ട വഴിയിലൂടെ വീണ്ടും മുന്നോട്ട് നീങ്ങി. അടുത്ത വളവില്‍ അതും അവസാനിച്ചു.
ജുറാസിക് കാലഘട്ടത്തില്‍ എത്തിപ്പെട്ട പ്രതീതി. മുന്നില്‍ ആകാശംമുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ പാറക്കെട്ട്. അധികം ദൂരെയല്ലാത്ത സാവാന്‍ദുര്‍ഗയില്‍ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഒറ്റക്കല്‍ മല സ്ഥിതി ചെയ്യുന്ന കാര്യം ഓര്‍മയില്‍ മിന്നിമാഞ്ഞു. സംശയത്തിനു ബലംവെക്കുംമുന്‍പേ അകലെ ഒരു ചിറകടി കണ്ടു. കഴുകനല്ല. പാറയിലെ ഒരു വിടവിലേക്ക് അത് മറഞ്ഞു. അപ്പോഴാണ് ശ്രദ്ധിച്ചത്. അതൊരു വിടവല്ല. മഴവെള്ളം പാറയില്‍ വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു, കൃത്യം വൃത്താകൃതിയില്‍. അത്തരത്തില്‍ ഒന്നിലേക്കാണ് ആ പക്ഷി ഒളിച്ചത്. ദൂരേക്ക് നോക്കി അതവിടെത്തന്നെ ഇരിപ്പുണ്ട് എന്ന് അനൂപ് പറഞ്ഞപ്പോഴാണ് ക്യാമറയുടെ ലെന്‍സിലൂടെ ഒന്ന് നോക്കിക്കളയാം എന്ന് തോന്നിയത്. ഞങ്ങളെത്തന്നെ നോക്കിയിരിക്കുന്ന ഒരു കൊമ്പന്‍മൂങ്ങ (Indian Eagle Owl)ഒന്നിനെ നേരില്‍ കാണുന്നത് ഇതാദ്യം.

കമ്പിവലകള്‍കൊണ്ട് ഒരാള്‍ പൊക്കത്തില്‍ കെട്ടിയ വേലിക്കെട്ടിലാണ് വഴി അവസാനിച്ചത്. എങ്ങോട്ടെന്നില്ലാതെ നില്‍ക്കുമ്പോള്‍ കൈയില്‍ ഒരു കെട്ട് വിറകുമായി ഒരാള്‍ വേലിയുടെ അങ്ങേത്തലക്കല്‍ പ്രത്യക്ഷപ്പെട്ടു. പ്രതീക്ഷയോടെ പ്രകാശിന്റെ മുഖത്തേക്ക് നോക്കി. കാര്യം മനസ്സിലായ മട്ടില്‍ കന്നഡയില്‍ കുറെ ചോദ്യങ്ങളുമായി പ്രകാശ് അപരിചിതനെ നേരിട്ടു. അനധികൃതമായി കടന്നുകയറുന്നവരെ തടയാനാണത്രെ ഇത്തരത്തില്‍ ഒരു വേലി അധികൃതര്‍ സ്ഥാപിച്ചത്. കഴുകന്മാരുടെ ഇറച്ചിക്കും തൂവലുകള്‍ക്കുമായി വേട്ടയാടാന്‍ ശ്രമിക്കുന്നവരും ചുറ്റുവട്ടത്ത് തന്നെ ഉണ്ട്. മലമുകളില്‍ വിഷം കുത്തിവെച്ച ഇറച്ചിക്കോഴികളുമായി ഒരു സംഘത്തെ അടുത്തിടെ നാട്ടുകാര്‍ പിടികൂടിയ കഥയും പ്രകാശ് തര്‍ജമ ചെയ്തു തന്നു.
വലിയ പൊട്ടുപോലെ എന്തോ ഒന്ന് കണ്ടു. വലുപ്പംകൊണ്ട് പരുന്തല്ല എന്ന് വ്യക്തം. എന്നാല്‍ സാധാരണ കഴുകന്മാരെപ്പോലെ നീണ്ട കഴുത്തോ ചിറകിന്റെ വ്യാപ്തിയോ ഇല്ല. തവിട്ടു കലര്‍ന്ന വെള്ളയില്‍ മനോഹരമായ കറുത്ത തൂവലുകളുമായി ഒരു തോട്ടിക്കഴുകന്‍. മഞ്ഞ നിറമാര്‍ന്ന വര്‍ണക്കൊക്കില്‍ എന്തോ ഒന്ന് കൊരുത്തു പിടിച്ചിട്ടുണ്ട്. നേരത്തെ കണ്ട പാറക്കൂട്ടങ്ങള്‍ ലക്ഷ്യമാക്കിയാണ് പറക്കുന്നതെന്നു വ്യക്തം. താഴ്ന്നു പറന്ന്, തലയ്ക്കു ചുറ്റിനും ഒന്നു വലംവെച്ച്, നേരെ വൃത്താകൃതിയിലുള്ള ഒരു വിടവിലേക്ക് അനായാസമായി മറഞ്ഞതും, ഇളം കൊക്കില്‍ എന്തോ കടിച്ചുപിടിച്ച് തൂവലുകള്‍ മുളയ്ക്കാത്ത ഒരു കൊച്ചു തല ആ വിടവില്‍ പ്രത്യക്ഷപ്പെട്ടു.
കൈയില്‍ കരുതിയിരുന്ന ഇഡ്ഡലിയും കഴിച്ച് തിരികെ റോഡിലെത്തുമ്പോള്‍ കാറുകളുടെ തിരക്ക്. മലമുകളിലെ രാമക്ഷേത്ര ദര്‍ശനത്തിനായി വന്ന ഭക്തരുടെതാകണം. രാവിലെ ഒഴിഞ്ഞു കിടന്ന ടിക്കറ്റ് കൗണ്ടറും സജീവം. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും അനൂപിന്റെ വക മൂളിപ്പാട്ട്.. 'യെ ദോസ്തി ഹം നഹീ ചോടോംഗേ...' ജയ്‌യും വീരുവും അവരുടെ സൗഹൃദവും ഗബ്ബര്‍ സിങ്ങിനെ കീഴടക്കിയ മലയടിവാരത്തിലൂടെ തിരികെ ബാംഗ്ലൂര്‍ - മൈസൂര്‍ ഹൈവേയിലേക്ക്. രാംനഗര പട്ടണത്തില്‍ നിന്നുതന്നെ കാണാം തലയുയര്‍ത്തി നില്‍ക്കുന്ന രാമദെവരബെട്ട. വെളിച്ചം പരന്നു തുടങ്ങിയിട്ടില്ലാതിരുന്നതിനാല്‍ രാവിലെ കണ്ടില്ല എന്ന് മാത്രം.
Content Highlights: Ramadevarabetta Vulture Sanctuary karnataka Mathrubhumi yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..