പെണ്‍യാത്രകളിലെ രാജസ്ഥാന്‍ കാഴ്ചകള്‍


എഴുത്തും ചിത്രങ്ങളും: ശാലിനി രഘുനന്ദനന്‍

ഷോപ്പിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് നല്ലയിടമാണ് ജയ്പുര്‍. ന്യായവിലയില്‍ ആകര്‍ഷകമായ രീതിയില്‍ വസ്ത്രങ്ങളും, ആഭരണങ്ങളുമെല്ലാം വാങ്ങാന്‍ സാധിക്കുന്ന മാര്‍ക്കറ്റുകള്‍.

ജയ്പുർ സിറ്റി പാലസ്‌

രാജസ്ഥാന്‍ എന്നാല്‍ മനസ്സിലേക്കെത്തിയിരുന്നത് നോക്കെത്താ ദൂരത്തോളം വിശാലമായി പരന്ന് കിടക്കുന്ന മരുഭൂമിയും ഒട്ടകങ്ങളും മാത്രമായിരുന്നു. പിന്നീട് വായനയും ചര്‍ച്ചകളും, ദൃശ്യങ്ങളുമായി ആ ധാരണകള്‍ക്ക് ഏറെ മാറ്റം വന്നു. വര്‍ണവിസ്മയങ്ങളും മായക്കാഴ്ചകളും ഉള്ളിലൊളിപ്പിച്ച് സഞ്ചാരികളെ കാത്തിരിക്കുന്ന രാജാക്കന്‍മാരുടെ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഞങ്ങളുടെ ഉത്തരേന്ത്യന്‍ യാത്രയിലെ ഏറ്റവും മനോഹരമായ തീരുമാനം.

7

കൃത്യമായ ഒരു തയ്യാറെടുപ്പുമില്ലായിരുന്നു. .ഒരു രാത്രിയില്‍ ബാഗുമെടുത്ത് ഗുജറാത്തില്‍ നിന്ന് ബസ് കയറി നേരെ ഉദയ്പൂരിലേക്ക്. രാവിലെ ഉദയ്പൂര്‍ ബസ്റ്റാന്റിലെത്തി. അത്ര സുഖകരമായ അന്തരിക്ഷമായിരുന്നില്ല അവിടെ. പിന്നെ നേരെ റെയില്‍വേസ്റ്റേഷനിലേക്ക്. അവിടെചെന്ന് ഫ്രഷായി, ക്ലോക്ക് റൂമില്‍ ബാഗും ഏല്‍പിച്ച് പുറത്തിറങ്ങി. പ്രാതലിന് പോഹയും മസാലവടയും, കൂടെ കടുപ്പത്തിലൊരു ചായയും പിടിപ്പിച്ച് നേരെ നടന്നു.

ഉദയ്പൂര്‍ നഗരത്തിലെ ആദ്യ കാഴ്ച ചെറിയൊരു നടുക്കം സമ്മാനിച്ചു . എതിരെ പരിപൂര്‍ണ നഗ്‌നനായി നടന്നുവരുന്ന ഒരാള്‍ , ഞങ്ങളുടെ പരുങ്ങല്‍ കണ്ട് അടുത്തു നിന്ന കച്ചവടക്കാരന്‍ പറഞ്ഞു ഏതോ സന്യാസിയാണത്രേ അതുപോലെ കുറച്ചുപേര്‍ അവിടെയുണ്ടെന്നും കാര്യമാക്കണ്ട എന്നുമൊക്കെ. എന്നാല്‍ അങ്ങനെതന്നെ എന്നുകരുതി മലയാളികളുടെ പേര് നിലനിര്‍ത്തുന്ന ഒരു ഒളിഞ്ഞു നോട്ടം കൂടി സമ്മാനിച്ച് ഞങ്ങള്‍ മുന്നോട്ട് നടന്നു. വഴിയില്‍ കൊട്ടും പാട്ടുമൊക്കെയായി ഒരു സംഘം. തലയില്‍ കുടങ്ങളേന്തി കടും നിറത്തിലുള്ള വസ്ത്രം ധരിച്ച് സ്ത്രീകളാണ് കൂടുതലും, ഏതോ വിവാഹത്തിന്റെ ചടങ്ങുകളാണ്. ഏതായാലും അവരുടെ അതിഥികളായി കുറച്ചുസമയം ഞങ്ങളും കൂടി.

6

പിന്നീട് തടാകത്തിലേക്ക്, മരത്തണലുകളിലിരുന്നു തടാകം കാണുന്നവര്‍ക്ക് ആസ്വദിക്കാനെന്നോണം മനോഹരമായ ഉപകരണ സംഗീതമേന്തിയ ഒരാള്‍ ശ്രദ്ധയില്‍പെട്ടു. രാവണ്‍ഹന്ത എന്ന ഉപകരണമാണത്. ശ്രീലങ്കനാണ് ആള് , അവിടെ രാവണനെ പ്രകീര്‍ത്തിച്ച് പാടിയിരുന്നയാളാ ഇന്ത്യയിലെത്തിയപ്പോ ആദ്യം രാമനെ പുകഴ്ത്തി, ഇപ്പോ ട്രെന്റിനനുസരിച്ച് ബോളിവുഡ് ഗാനങ്ങളിലേക്ക് മാറിയിരിക്കുന്നു. തടാകത്തിനു നടുവിലെ വെള്ളക്കൊട്ടാരം ഒന്നടുത്തു കണ്ടു, പിന്നെ തലപ്പാവുധരിച്ച ഫോട്ടോയെടുത്തു. അങ്ങനെ സ്ഥിരം ആചാരങ്ങളെല്ലാം മുടക്കമില്ലാതെ നടത്തി.

5

അടുത്തത് സിറ്റിപാലസിലേക്കായിരുന്നു. രാജസ്ഥാന്‍ യാത്രയിലെ ആദ്യ കൊട്ടാരമായതിനാല്‍ വിസ്തരിച്ചു കണ്ടിറങ്ങി. പക്ഷെ പാലസിനേക്കാള്‍ ആകര്‍ഷിച്ചത് ഉദയ്പൂരിലെ വിന്റേജ് കാര്‍ മ്യൂസിയമായിരുന്നു. വാഹനതത്പരരല്ലാത്ത ഞങ്ങളെ ഒരുപോലെ കൊതിപ്പിച്ച കാറുകള്‍. ബാപ്പുബസാറിലെ തിരക്കിലൂടെ ഒഴുകലായിരുന്നു അടുത്ത നടപടി. പിന്നെ അടുത്തുള്ള തെരുവോരങ്ങളും, വഴിയോരക്കടകളും ഭക്ഷണശാലകളും കയറിയിറങ്ങി അവസാനം റോസ് ഗാര്‍ഡനിലെത്തി വിശ്രമിക്കാനിരുന്നു. റോസ് ഗാര്‍ഡനില്‍ റോസ് മാത്രമല്ല കേട്ടോ ഭംഗിയുള്ള നിരവധി പൂച്ചെടികളും മരത്തണലുകളും, പുല്‍ത്തകിടികളും, നടപ്പാതകളുമുണ്ട്. ഏതായാലും പൂന്തോട്ടം കണ്ടും അറിഞ്ഞും രാത്രിയായി നേരെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയന്വേഷിച്ചു. രാത്രിയില്‍ ട്രെയിന്‍ കയറി നന്നായി ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും രാവിലെ ജയ്പുരിലെത്താം.

2

അങ്ങനെ ജയ്പുര്‍ സ്റ്റേഷന്റെ അനൗണ്‍സ്‌മെന്റ് കേട്ട് കണ്ണുതുറന്നു. നേരം വെളുക്കുന്നതേയുള്ളു. വേഗം പുറത്തിറങ്ങി. നേരെ ലേഡീസ് വെയ്റ്റിംഗ് റൂമിലേക്ക്. സ്ത്രീകളുടെ വിശ്രമമുറിയായിരുന്നെങ്കിലും അകത്ത് നിറയെ പുരുഷന്മാരായിരുന്നു. ബാഗും തൂക്കിയുള്ള ഞങ്ങളുടെ വരവ് ആര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്ന് മനസിലായി. തുറിച്ചുനോട്ടങ്ങളെ പുച്ഛം കൊണ്ടു തോല്‍പിച്ച് ഞങ്ങള്‍ സ്റ്റേഷന്‍മാസ്റ്ററെ സമീപിച്ചു. അതോടെ പുരുഷ പ്രജകളെ നിഷ്‌കരുണം പുറത്താക്കി. അവരുടെ കൂടെവന്ന സ്ത്രീകള്‍ അവരുടെ പുരുഷന്‍മാരില്‍ നിന്നും കടമെടുത്ത അതേ തുറിച്ചുനോട്ടം ഞങ്ങള്‍ക്ക് വീണ്ടും സമ്മാനിച്ചു. അതിനെയും ഞങ്ങള്‍ മറികടന്നു...

4

പിന്നെ സ്ഥിരം പരിപാടികള്‍ ..ധൃതിയിലുളള ഒരുക്കം, ക്ലോക്ക് റൂമില്‍ ബാഗ് ഏല്‍പ്പിക്കല്‍, കറക്കം തീര്‍ന്നാല്‍ രാത്രി അടുത്ത സ്ഥലത്തേക്ക് അല്ലെങ്കില്‍ എവിടേലും താമസം നോക്കണം... ഏതായാലും പുറത്തോട്ടിറങ്ങി. ഭക്ഷണം കഴിക്കണം കയ്യിലെ പണസഞ്ചിക്ക് തൂക്കം കുറവായതിനാല്‍ റെയില്‍വേ കാന്റീനിലേക്ക് തന്നെ കടന്നിരുന്നു. സാഹസികമായ ഭക്ഷണം വിളമ്പലാണ്, സപ്ലയര്‍ എത്തിക്കുന്ന ഭക്ഷണം വിദഗ്ധമായി കൈക്കലാക്കിയാല്‍ നമുക്ക് അല്ലെങ്കില്‍ എലികള്‍ക്ക്. അങ്ങനെ തറയില്‍ കാല്‍തൊടാതെ വിജകരമായി ഭക്ഷണം കഴിച്ചുതീര്‍ത്തു അവിടുന്നു ചാടിയിറങ്ങി.

ജയ്പുര്‍ എന്നതിനേക്കാള്‍ പിങ്ക് സിറ്റി എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്. പിങ്ക് ചായം പൂശിയ വീടുകളും കെട്ടിടങ്ങളും ഏറെയുണ്ട്. എന്നാല്‍ ആ പേരിനുപിന്നില്‍ പിന്നിലൊരു കഥ കൂടിയുണ്ട്. 1876 ല്‍ അന്നത്തെ രാജാവായിരുന്ന മഹാരാജാ റാം സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇാ നഗരം ചായം പൂശിയൊരുങ്ങിയത്. അന്ന് ജയ്പുര്‍ സന്ദര്‍ശിക്കാനെത്തിയ വെയില്‍സിലെ രാജകുമാരനായിരുന്ന എഡ്‌ലേര്‍ഡിനെ സ്വീകരിക്കുവാനായിരുന്നു ആ നിറം പൂശല്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരം കൂടിയാണിത്..

പിന്നെ നേരെ സിറ്റി പാലസിലേക്ക്. കൊട്ടാരങ്ങളെന്ന് പൊതുവെ പറയുമെങ്കിലും ഓരോന്നും വ്യത്യസ്തമാണ്. അത്ഭുതപ്പെടുത്തുന്ന നിര്‍മ്മാണങ്ങള്‍. സിറ്റിപാലസിലെ കാഴ്ചകള്‍ എല്ലാം കണ്ടിറങ്ങി നേരെ ജന്ദര്‍ മന്ദറിലേക്ക് ; കണക്കിലെ കളികള്‍കാണാന്‍, സ്‌കൂള്‍കാലഘട്ടം മുതലേ കണക്ക് എന്നാല്‍ ഞങ്ങളിരുവരേയും തകര്‍ത്ത വിഷയമായതില്‍ കൗതുകത്തോടെ വാപൊളിച്ച് നോക്കി നില്‍ക്കാനല്ലാതെ ഗൈഡ് പറയുന്ന ഒരു വരിപോലും മനസിലാക്കാന്‍ ഭാഗ്യം കൊണ്ട് സാധിച്ചില്ല. അവര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറി പറഞ്ഞു, ഇനി മലയാളത്തില്‍ പറഞ്ഞാലും നമുക്കിത് മനസിലാകില്ലെന്ന് അവര്‍ക്കറിയില്ലല്ലോ? ഏതായാലും വിവരക്കേട് പുറത്തറിയിക്കാതെ ഓരോ നിര്‍മ്മിതികളുടേയും രൂപഭംഗി ആസ്വദിച്ച് ഞങ്ങള്‍ നടന്നു.

പുറത്തെത്തിയ ഞങ്ങളെ വഴിയോര കച്ചവടക്കാര്‍ പൊതിഞ്ഞു. പലനിറത്തിലുള്ള ഒട്ടകപ്പാവകളും, കീച്ചെയ്‌നുകളും, തൂക്കു വിളക്കുകളും കണ്ണാടിരൂപങ്ങളുമെല്ലാം മാടിവിളിച്ചു. സ്ഥിതി ഷോപ്പിങ്ങിനനുകൂലമല്ലായിരുന്നുവെങ്കിലും കണ്ടാസ്വദിക്കുന്നതില്‍, തൊട്ടുതലോടുന്നതിലൊന്നും ഞങ്ങള്‍ യാതൊരു പിശുക്കും കാണിച്ചില്ല. ഷോപ്പിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് നല്ലയിടമാണ് ജയ്പുര്‍. ന്യായവിലയില്‍ ആകര്‍ഷകമായ രീതിയില്‍ വസ്ത്രങ്ങളും, ആഭരണങ്ങളുമെല്ലാം വാങ്ങാന്‍ സാധിക്കുന്ന മാര്‍ക്കറ്റുകള്‍.

3

അടുത്ത ലക്ഷ്യം ഹവാമഹലായിരുന്നു. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹല്‍ എന്ന പേരിനര്‍ത്ഥം. ചെറിയ ജാലകങ്ങളോടു കൂടിയ കൂടുകള്‍ ചേര്‍ത്തു വച്ച് അഞ്ച് നിലകളിലായുള്ള ഈ മാളിക 1799 -ല്‍ മഹാരാജാ സവായ് പ്രതാപ് സിങ് ആണ് കഴിപ്പിച്ചത്. കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് പുറം ലോകം വീക്ഷിക്കാനായി പണിതീര്‍ത്തതാണ്. വിസ്മയിപ്പിച്ച നിര്‍മ്മാണതീതിതന്നെ. പക്ഷെ അതിലിരുന്നു ജീവിതം തീര്‍ത്ത സ്ത്രീകളുടെ അസ്വാതന്ത്യം ഓര്‍ത്തതോടെ ആദ്യം തോന്നിയ അത്ഭുതം ചെറിയൊരു നിരാശയായി മാറിയിരുന്നു.

ഉച്ചഭക്ഷണത്തിന് ജയ്പുര്‍ സ്‌പെഷ്യല്‍ ബിരിയാണി തന്നെയാക്കി. വിലയധികമില്ല, പക്ഷെ അളവ് വളരെ കൂടുതലായിരുന്നു. കാഴ്ചയില്‍ ബിരിയാണിതന്നെ പക്ഷെ മണത്തിലും രുചിയിലും അധികം പരിചയമില്ലാത്ത മസാലകളാണ്. ഏതായാലും നന്നായി ബോധിച്ചു. പിന്നീടുള്ളയാത്രയില്‍ പലതരം പാനീയങ്ങളാണ് കരുത്തു പകര്‍ന്നത്.

1

അംബര്‍ കോട്ട, നഹര്‍ഗഡ് കോട്ട, ശീഷ് മഹല്‍, ഗണേഷ് പോള്‍, ജല്‍ മഹല്‍ എന്നിങ്ങനെ നിരവധി ആകര്‍ഷണ കേന്ദ്രങ്ങളെല്ലാം സമയപരിമിതി മൂലം ഒരോട്ട പ്രദക്ഷിണത്തിലൊതുക്കി. സനേഹമുള്ള ഒരു റിക്ഷാക്കാരന്‍ ദാദയും കൂട്ടിനുണ്ടായിരുന്നതില്‍ ചുരുങ്ങിയ സമയത്തില്‍ മികച്ച സഞ്ചാരം തന്നെ സാധ്യമായെന്നു പറയാം. ബജറ്റ് നിയന്ത്രിക്കാന്‍ ഓലാ ഓട്ടോകളും, സൈക്കിള്‍ റിക്ഷകളും ഇവിടെ കിട്ടുമെന്നത് വലിയ സഹായമാണ്. വല്ലാതെ തളര്‍ന്നതോടെ വിശ്രമിക്കാന്‍ നഗരത്തിലെ പാര്‍ക്ക് തന്നെ അഭയകേന്ദ്രമായി. പിന്നെ സുര്യനസ്തമിക്കാറായതോടെ വീണ്ടും എഴുന്നേറ്റ് നടന്ന് ചാദിച്ചും പറഞ്ഞും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജയ്പൂര്‍ ഓഫീസില്‍ എത്തി.. സഖാക്കളോടൊപ്പം ചൂടന്‍ചര്‍ച്ച, ചായകുടി, കേരളത്തില്‍ നിന്നും ഉത്തരേന്ത്യകാണാനിറങ്ങിയ രണ്ടു പെണ്‍കുട്ടികളെ കണ്ട സന്തോഷവും അഭിമാനവും സഖാക്കള്‍ മറച്ചുവച്ചില്ല. അതോടൊപ്പം സ്വന്തം നാട്ടിലെ പെണ്‍കുട്ടികളെയോര്‍ത്തുള്ള ആശങ്കകളും.

8
ശ്രുതിയോടൊപ്പം ലേഖിക

അവരോട് യാത്രപറഞ്ഞിറങ്ങി രാത്രിയില്‍ തെരുവുവിളക്കുകളുടെ സഹായത്തോടെ നഗരസൗന്ദര്യം ആസ്വദിച്ച് നടന്നു. ഒടുവില്‍ ഗൂഗിള്‍ മാപ്പ് ചതിച്ചതോടെ ഒരു റിക്ഷാക്കാരനെ ആശ്രയിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക്. അടുത്ത സ്ഥലവും സമയവും തീരുമാനിച്ചിരുന്നില്ല, പെട്ടന്നുള്ള ആലോചനയില്‍ ഒന്നു കാര്യമായി വിശ്രമിക്കാന്‍ തീരുമാനിച്ചു. അടുത്തുള്ള ലോഡ്ജില്‍ ഒരു മുറിയൊപ്പിച്ചു, ബാഗുമെടുത്ത് നടന്നു. റൂമിലെത്തി വിസ്തരിച്ചൊരു കുളി, ഉറങ്ങാന്‍ കിടന്നപ്പോ ശ്രുതിയോട് ചോദിച്ചു നാളെ എങ്ങനാ പരിപാടി? രാവിലെ എഴുനേല്‍ക്കുമ്പോള്‍ എങ്ങോട്ടു പോകാന്‍ തോന്നുന്നുവോ അങ്ങോട്ട് .............

Content Highlights: Rajasthan travelogue, lady travellers from Kerala, Jaipur travel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented