പൊന്നാനി ഹാർബർ - ചമ്രവട്ടം പാലം
നിളയുടെ അരികുപറ്റി കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്നൊരു പാത. ഭാരതപ്പുഴ അറബിക്കടലില്‍ അലിയുന്ന അഴിമുഖത്തുനിന്നുവരുന്ന തണുത്ത കാറ്റ്. ഉച്ചവെയിലിന്റെ കാഠിന്യത്തെപോലും നേര്‍പ്പിക്കും ഈ കാറ്റ്... പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് സൂര്യന്‍ ചേക്കേറിത്തുടങ്ങുമ്പോള്‍ ഈ പാതയിലേക്ക് ആളുകളുടെ ഒഴുക്കാണ്... അഴിമുഖത്തെയും നിളയിലെയും കാഴ്ചകള്‍ കണ്ട് സായാഹ്നസൗന്ദര്യം ആസ്വദിച്ച് ഓളപ്പരപ്പിലൂടെ ബോട്ടിലേറി ഒരു യാത്ര നടത്താം ഇവിടെയെത്തിയാല്‍...
പൊന്നാനിയിലെ കര്‍മ റോഡിലെത്തിയാലാണ് ഇതെല്ലാം ആസ്വദിക്കാനാവുക. നരിപ്പറമ്പ്-പൊന്നാനി ദേശീയപാതയിലെ ചമ്രവട്ടം കടവില്‍നിന്ന് തുടങ്ങി പൊന്നാനി മത്സ്യബന്ധന തുറമുഖം വരെ നീളുന്ന അഞ്ചരക്കിലോമീറ്ററോളം വരുന്ന പാതയാണിത്. ഭാരതപ്പുഴയോട് ചേര്‍ന്നാണ് പാത കടന്നുപോകുന്നത്. അഴിമുഖത്തിനടുത്തായി കനോലി കനാലിന് കുറുകെ നിര്‍മിച്ച പാലം കാഴ്ചകളുടെ സൗന്ദര്യത്തിന് ശോഭ കൂട്ടുന്നതാണ്.
എന്നാല്‍ ഉദ്ഘാടനച്ചടങ്ങ് കഴിയാത്തതിനാല്‍ പാലത്തിലേക്കിപ്പോള്‍ പ്രവേശനമില്ല. സദാസമയവും ഇളങ്കാറ്റ് തഴുകിത്തലോടുന്നതിനാല്‍ എപ്പോഴും പാതയോരത്തുനിന്ന് നിളയുടെ ഭംഗിയാസ്വദിക്കാം. തണുത്ത കാറ്റും സ്വര്‍ണവര്‍ണമുള്ള പോക്കുവയിലിന്റെ തലോടലും ഓളപ്പരപ്പിലൂടെയുള്ള ബോട്ടുസവാരിയും കര്‍മ റോഡിനെ ആസ്വാദ്യകരമാക്കുന്നു. പൊന്നാനി പലഹാരങ്ങളുടെ തനതുരുചി വൈഭവങ്ങളും ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്.
ഉല്ലസിക്കാം, ബോട്ടിലേറി...
നിളയുടെയും അറബിക്കടലിന്റെയും സൗന്ദര്യമാസ്വദിക്കാന്‍ കഴിയുന്ന ബോട്ടുയാത്രയാണ് കര്‍മ റോഡിലെ ഹൈലൈറ്റ്. രണ്ട് സ്പീഡ് ബോട്ടുകള്‍ ഉള്‍പ്പെടെ 16-ഓളം ബോട്ടുകള്‍ ഇവിടെ സവാരി നടത്തുന്നുണ്ട്. ഈസ്റ്റര്‍, വിഷു, പെരുന്നാള്‍ പ്രമാണിച്ച് പ്രത്യേക ഓഫറുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. മുക്കാല്‍മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് ഒരാള്‍ക്ക് 100 രൂപയാണ് ഈടാക്കുന്നത്. വൈകീട്ട് മൂന്നുമുതല്‍ ഏഴുവരെയാണ് ഈ സവാരി.
ഇഫ്താര്‍ പാര്‍ട്ടികള്‍ക്കും പിറന്നാള്‍ ആഘോഷങ്ങള്‍ക്കുമെല്ലാം മണിക്കൂറുകള്‍ കണക്കാക്കി ബോട്ടുസവാരി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഗ്രൂപ്പുകളായെത്തുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പാക്കേജും നിലവിലുണ്ട്. 30 പേര്‍ക്ക് കയറാവുന്ന ബോട്ടിന് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് വാടക കണക്കാക്കുന്നത് 2500 രൂപയാണ്. ഭക്ഷണമുള്‍പ്പെടെ നാല് മണിക്കൂര്‍ നേരത്തേയ്ക്ക് ഒരാള്‍ക്ക് 400 രൂപ നിരക്കിലുള്ള പാക്കേജും ലഭ്യമാണ്. പടിഞ്ഞാറേക്കരയില്‍നിന്ന് ബോട്ട് സര്‍വീസ് പുറപ്പെടുന്നുണ്ട്.
Content Highlights: ponnani karma road bharathappuzha arabian sea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..