ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രം | ഫോട്ടോ: മാതൃഭൂമി
എപ്പോഴും ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമമായിരുന്നു പെരുമാൾ തേവൻപട്ടി. വല്ലപ്പോഴും ഉയരുന്ന കുറച്ച് ആട്ടിടയന്മാരുടെ ശബ്ദങ്ങൾ മാത്രമാണ് ഗ്രാമത്തിന്റെ നിശ്ശബ്ദത ഭേദിക്കുക. പ്രത്യേകിച്ച് ഒരു വിശേഷവും ഇല്ലാത്ത, പുറംനാട്ടുകാർക്ക് ഒരു താത്പര്യവും ജനിപ്പിക്കാത്ത ഒരു ഗ്രാമം. ഇന്ത്യ വിമോചിതയാകുമ്പോഴും തേവൻപട്ടി ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ സുഷുപ്തിയിലാണ്ടുകിടന്നു. ചെരിപ്പുപോലും ധരിക്കാത്ത ആട്ടിടയന്മാരുടെ ഗ്രാമത്തിൽ പട്ടാളബൂട്ടുകളുടെ നിരയൊത്ത ചവിട്ടടിശബ്ദം ഉയരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
1952. ടി. പെരുമാൾ. തേവൻപട്ടിയിൽനിന്ന് ആദ്യമായി ഒരാൾ പട്ടാളത്തിലേക്കു പുറപ്പെട്ടു. ആടുവളർത്തൽമാത്രം പ്രധാന വരുമാനമാർഗമായ തേവൻപട്ടിയുടെ ആദ്യ സൂപ്പർഹീറോയും പിന്നീട് വഴികാട്ടിയുമായി മാറിയ പെരുമാളാണ് കൃഷിപോലും ചെയ്യാനാവാത്ത ഗ്രാമത്തിലെ വരണ്ടമണ്ണിൽ രാജ്യസ്നേഹത്തിന്റെ വിത്തുപാകുന്നത്. 1952-ൽ സൈന്യത്തിൽ ചേർന്ന പെരുമാൾ പത്തുവർഷംകൊണ്ട് മേജർ ആയി. ഒഴിവുകിട്ടുമ്പോഴെല്ലാം നാട്ടിലെത്തുന്ന മേജർ ആദ്യം ഗ്രാമവാസികൾക്ക് അദ്ഭുതക്കാഴ്ചയായിരുന്നു. പതിയെപ്പതിയെ ആ ഗ്രാമം പെരുമാളുടെ കാൽപ്പാടിനു പിന്നാലെ നടന്നുതുടങ്ങി. തുടക്കത്തിൽ അതെളുപ്പമായിരുന്നില്ല. വിദ്യാഭ്യാസസൗകര്യം പോലുമില്ലാത്ത ഗ്രാമത്തിലെ യുവാക്കളെ പട്ടാളത്തിൽ ചേരാൻ മേജർ നിർബന്ധിച്ചു. അവധിക്ക് നാട്ടിൽ വന്നാൽ ക്ലാസുകളും ക്യാമ്പുകളും നടത്തി യുവാക്കളെയും കുട്ടികളെയും ആർമിയിലേക്ക് ആകർഷിച്ചു. സൈനികനായി തുടങ്ങി മേജർ ആയി വിരമിച്ച പെരുമാൾക്കുപിറകെ പിന്നീട് ഗ്രാമത്തിൽനിന്ന് ഇന്ത്യൻ സൈന്യത്തിലേക്ക് ചുവടുവെച്ചെത്തിയത് നൂറുകണക്കിനു ദേശസ്നേഹികളാണ്. പട്ടാള അഭിനിവേശം സഫലമായി 70 വർഷം പിന്നിടുമ്പോൾ ഈ ഗ്രാമത്തിൽ പട്ടാളക്കാരില്ലാത്ത ഒരു വീടുപോലുമില്ല. അതുകൊണ്ടുതന്നെ പെരുമാളാണ് ഗ്രാമത്തിന്റെ ദൈവം. തേവൻപട്ടിയിലെ കമ്യൂണിറ്റി ഹാളിൽ ദൈവങ്ങൾക്കൊപ്പം പെരുമാളും ആരാധിക്കപ്പെടുന്നു. 22 വർഷംമുമ്പ് മരിച്ചെങ്കിലും അദ്ദേഹത്തിന്റെ വീട് ഇപ്പോഴും അതേപടി നിലനിർത്തിയിട്ടുണ്ട്.

മേജർ പെരുമാളിന്റെ മകനും പിതാവിന്റെ പാത പിന്തുടർന്നു. മേജർ പി. തിരുമാൾ കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയിലാണ് കൂടുതൽ കാലവും സേവനമനുഷ്ഠിച്ചിരുന്നത്. കശ്മീരിലെ തീവ്രവാദികൾക്കെതിരായ ഓപ്പറേഷൻ രക്ഷക്, കാർഗിൽ ഏറ്റുമുട്ടലായ ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം തുടങ്ങിയ പ്രധാന സൈനിക നടപടികളിലെല്ലാം മേജർ പി. തിരുമാൾ മുന്നണിപ്പോരാളിയായിരുന്നു. പിതാവിന്റെ ഓർമകൾ തന്നെയാണ് തിരുമാളിന്റെയും പ്രചോദനം. വിരമിച്ചശേഷം കോയമ്പത്തൂരിലാണ് താമസിക്കുന്നതെങ്കിലും പെരുമാൾ തേവൻപട്ടിയിലെ യുവാക്കൾക്ക് ആർമിയിൽ ചേരാനുള്ള പരിശീലനത്തിന് എല്ലാവിധ സഹായവുമായി മേജർ തിരുമാൾ കൂടെയുണ്ട്.

അംഗബലംകൊണ്ട് പഞ്ചാബിന് സമാനമായതിനാൽ പട്ടാളക്കാർക്കിടയിൽ ‘കുട്ടിപ്പഞ്ചാബ്’ എന്ന ഓമനപ്പേരുമുണ്ട് പെരുമാൾ തേവൻപട്ടിക്ക്. (പഞ്ചാബിൽ നിന്നാണല്ലോ ഏറ്റവും അധികം പേർ ഇന്ത്യൻ സൈന്യത്തിലെത്തുന്നത്) അഞ്ഞൂറിലധികം പേരാണ് പെരുമാൾ തേവൻപട്ടിയിൽനിന്ന് സൈന്യത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നത്. അത്രയധികം വിരമിച്ച സൈനികരെയും ഈ കൊച്ചുഗ്രാമത്തിൽ കാണാം. ഇന്ത്യ സ്വതന്ത്രമായതിനുശേഷം നടന്ന മിക്കവാറും എല്ലാ സൈനികനടപടികളിലും ഒരു തേവൻപട്ടിക്കാരനെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. ഏറ്റവുമൊടുവിൽ നടന്ന പുൽവാമ ഓപ്പറേഷനിലും ഗ്രാമത്തിൽനിന്നുള്ളവർ തോക്കേന്തി. ഗ്രാമത്തിൽ എവിടെ നോക്കിയാലും ഒരു സൈനികനെ കാണാം. ഒന്നുകിൽ വിരമിച്ചവർ, അല്ലെങ്കിൽ അവധിക്ക് നാട്ടിൽ വന്നവർ.

തേവൻപട്ടിയിലൂടെ നടക്കുമ്പോൾ ഇരുവശത്തും കൊയ്യാറായി നിൽക്കുന്ന വയലുകൾക്കിടയിലുള്ള വഴിയിലൂടെ ഒരുകൂട്ടം യുവാക്കൾ പരിശീലനം നടത്തുകയായിരുന്നു. എല്ലാവരും ആർമി റിക്രൂട്ട്മെന്റിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്. കോവിഡ് കാരണം കഴിഞ്ഞവർഷം റിക്രൂട്ട്മെന്റ് നടന്നില്ല. ഇത്തവണ റിക്രൂട്ട്മെന്റ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരിശീലനം. ഗ്രാമത്തിലെ മാരിയമ്മൻ കോവിലിനു മുന്നിലുള്ള മൈതാനത്തും യുവാക്കൾ പരിശീലനം നടത്തുന്നുണ്ട്. പട്ടാളക്യാമ്പിലെ പരിശീലനംപോലെ വലിയ പുളിമരത്തിൽ കെട്ടിയ വടവും മറ്റു സാമഗ്രികളും വ്യായാമ മുറകൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഉയരമുള്ള വാട്ടർ ടാങ്കിന്റെ ഗോവണിപോലും യുവാക്കൾ പരിശീലനത്തിന് ഉപയോഗിക്കുന്നു. എല്ലാവർക്കും ഒരേയൊരു ലക്ഷ്യം മാത്രം. തങ്ങളുടെ മുൻഗാമികളെപ്പോലെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാവുക. നാടിന്റെ കാവലാളാവുക. ഇതു പറയുമ്പോൾ അവരുടെ കണ്ണുകളിൽ പൊൻതിളക്കമുണ്ട്. ബി.ടെക്. ബിരുദധാരിയായ അലക്സ് പാണ്ഢ്യനും ചെന്നൈയിലെ സോഫ്റ്റ്വേർ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മണിവർണനും റിക്രൂട്ട്മെന്റിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഇവരുടെ എല്ലാവരുടെയും കുടുംബത്തിൽനിന്ന് കുറഞ്ഞത് ഒരാളെങ്കിലും സൈന്യത്തിലുണ്ട്.

‘‘എന്റെ മുത്തച്ഛനും അച്ഛനും ചേട്ടനും ആർമിക്കാരാണ്. ഞാനും ആ വഴിതേടുന്നു. അവരുടെയൊക്കെ ജീവിതം കണ്ടാണ് ഞാനും വളർന്നത്. ഇത്രയും അഭിമാനമുള്ള ജോലി വേറെ ഇല്ല.’’ -അലക്സ് പാണ്ഡ്യൻ പറഞ്ഞു. പുൽവാമ ഓപ്പറേഷനിൽ പങ്കെടുത്ത കൃപാകർ അവധികഴിഞ്ഞു മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. മുനീശ്വരിയുമായി പ്രണയവിവാഹമായിരുന്നു കൃപാകറിന്റേത്. ഡോക്ടർമാരും എൻജിനിയർമാരും ഉണ്ടെങ്കിലും ഇവിടത്തെ യുവതികൾക്കു വിവാഹം കഴിക്കാനിഷ്ടം പട്ടാളക്കാരെയാണ്. വനിതകൾക്ക് സൈന്യത്തിൽ ചേരാൻ അനുവാദം കിട്ടിയതും പെരുമാൾ തേവൻപട്ടിയിലെ സ്ത്രീകൾക്ക് പ്രതീക്ഷ നൽകുന്നു. തങ്ങളുടെ അച്ഛനെയും സഹോദരനെയും പോലെ അവരും ആർമിയിൽ ജോലിനേടാനുള്ള ഒരുക്കത്തിലാണ്. വൈകാതെ പെരുമാൾ തേവൻപട്ടിയിലെ സ്ത്രീകൾ തോക്കേന്തി അതിർത്തിയിൽ കാവലാളാകും.

കറുപ്പുകോർ ആണ് ഗ്രാമത്തിലെ സീനിയർ സൈനികൻ. 99 വയസ്സ്. മകൻ ഗോവിന്ദരാജ് കേണലായി വിരമിച്ച് ഇപ്പോൾ അച്ഛനൊപ്പം. ഗോവിന്ദരാജിന്റെ മൂന്നുമക്കളും സൈന്യത്തിലാണ്. കറുപ്പുകോർ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗോവിന്ദരാജ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തയാളാണ്. രണ്ടുതലമുറയുടെ പട്ടാളക്കഥകൾക്ക് അതിർത്തിയിലൊഴുകുന്ന നദിയുടെ വേഗമുണ്ട്.

ഗ്രാമത്തിൽ കൂൾബാർ നടത്തുന്ന മദന പാണ്ഡ്യനുമുണ്ട് പറയാൻ പട്ടാളക്കഥകൾ. സൈന്യത്തിൽ ക്യാപ്റ്റൻ ആയിരുന്നു. മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിലായിരുന്നു സേവനം. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് ഇന്ത്യൻ ടാങ്കുകൾക്ക് പോകാൻ വഴിയൊരുക്കിയ വീരകഥകൾ മദനപാണ്ഡ്യൻ ഓർത്തെടുത്തു.

ഗ്രാമത്തിന്റെ കുലദൈവമായ മാരിയമ്മൻ കോവിലിനും സൈന്യത്തോടു ചേർന്നുപറയാൻ ഒരു കഥയുണ്ട്. അവധിക്കു വരുമ്പോഴും തിരികെ പോകുമ്പോഴും സൈനികരെല്ലാം മാരിയമ്മയ്ക്ക് വഴിപാട് കഴിക്കും. ഇത്രയധികംപേർ പട്ടാളത്തിൽ ഉണ്ടെങ്കിലും അവരുടെയെല്ലാം ജീവൻ കാക്കുന്നത് മാരിയമ്മനാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഗ്രാമത്തിലെ ഒരു സൈനികൻപോലും ഇതുവരെ ഒരു ഓപ്പറേഷനിലും ജീവൻ വെടിഞ്ഞില്ലെന്നത് അവർ അഭിമാനത്തോടെ ഏറ്റുചൊല്ലും. പൊങ്കൽകാലത്ത് മാരിയമ്മൻകോവിലിൽ ഉത്സവം നടക്കുമ്പോൾ രാജ്യമെമ്പാടുമുള്ള പട്ടാളക്കാർ കോവിലിൽ എത്തി വഴിപാടുകൾ നടത്തുന്ന പതിവുമുണ്ട്.

രാജ്യത്തെ കാക്കുന്ന പെരുമ ഉണ്ടെങ്കിലും വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ് പെരുമാൾതേവൻപട്ടി. കുടിവെള്ളമില്ലായ്മയും ജലലഭ്യതയില്ലാത്തതിനാൽ തകർന്ന കൃഷിയുമൊക്കെയാണ് നാട്ടുകാരെ വിഷമിപ്പിക്കുന്നത്. രാജ്യം കാക്കുന്നവരുടെ കുടുംബങ്ങൾക്കായി കുറഞ്ഞത് ഒരു നല്ലസ്കൂളും ആശുപത്രിയും നാട്ടുകാർ ആശിക്കുന്നു.
Content Highlights: perumalthevanpatti village, tamilnadu military officers village, unpopular indian villages
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..