യാത്രികരെ കാത്ത്| ഫോട്ടോ: എൻ.എം. പ്രദീപ് മാതൃഭൂമി യാത്ര
നഗരത്തിരക്കിലൂടെ പച്ചക്കുപ്പായമിട്ട് വന്ന സിറ്റി ബസ്സിൽ കയറി മാനാഞ്ചിറ വിടുമ്പോൾ ആദ്യമായി പെണ്ണ് കാണാൻ പോകുന്ന ചെക്കന്റെ മനസ്സായിരുന്നു. കന്നിയിലെ മഴയും ഇളംവെയിലും പാറിക്കളിക്കുന്ന നല്ല ഗുമ്മുള്ള പ്രഭാതം കൂടെയായപ്പോൾ ഉള്ളിൽ ആവേശം പുഴയായി ഒഴുകിത്തുടങ്ങി. എങ്ങുനിന്നോ മുഹമ്മദ് റഫിയും കിഷോർ കുമാറും ചേർന്ന് പ്രമഗീതങ്ങൾ മൂളുന്നു. നഗരദൃശ്യങ്ങൾ മായ്ച്ച് ഗ്രാമവീഥികളിലേക്ക് ബസ് വഴിതിരിഞ്ഞു. ഇടുങ്ങിയ റോഡിൽ, തെങ്ങിൻതലപ്പുകൾക്കിടയിലൂടെ ഞങ്ങൾ ഒളോപ്പാറയിലേക്ക് നീങ്ങി.
കുമരകത്ത്, അതോ കുട്ടനാട്ടിലോ. മുന്നിൽ പെട്ടെന്ന് വന്നുചേർന്ന കാഴ്ച കണ്ടപ്പോൾ അതിശയം തോന്നി. അതേ കുട്ടനാടൻ ഭൂപ്രകൃതി, ജലസമൃദ്ധിയിൽ നിറഞ്ഞുനില്ക്കുന്ന പുതിയൊരു ദേശം. ഇങ്ങനെയുണ്ടാവുമോ ഭൂപ്രദേശങ്ങൾക്ക് സാമ്യം എന്ന് ആലോചിച്ചുനിൽക്കുമ്പോഴേക്കും സമ്മതം ചോദിക്കാതെ കയറി വന്ന കുളിർക്കാറ്റ് ആ സംശയം മായ്ച്ചുകളഞ്ഞു. വന്നത് എന്നെക്കാണാനല്ലേ, എന്നോട് സംസാരിക്കൂ എന്ന മട്ടിൽ പുഴ വന്ന് തിടുക്കം കൂട്ടിയപ്പോൾ എല്ലാം മറന്ന് അവളെ നോക്കിനിന്നുപോയി.

ഓളങ്ങളില്ലാതെ, അടിയൊഴുക്കില്ലാതെ ശാന്തമായി ഒഴുകുന്നു ഈ അഴകുള്ള പുഴ, അകലാപ്പുഴ. പുഴയ്ക്ക് കാവൽപോലെ വലിയൊരു പാറക്കെട്ട്. പുഴയോരം ചുറ്റിവരിഞ്ഞ് നീളുന്ന കൈകൾപോലെ മെലിഞ്ഞ റോഡുകൾ. ഇരുവശത്തും നീലക്കുന്നുകൾ അതിരുകാക്കുന്ന ഒളോപ്പാറയെന്ന ഈ ദേശം സഞ്ചാരികളുടെ കണ്ണിൽ പതിഞ്ഞത് അടുത്ത കാലത്താണെന്ന് അറിഞ്ഞപ്പോൾ ശരിക്കും അദ്ഭുതം തോന്നിപ്പോയി.
കോഴിക്കോട് നഗരത്തിൽനിന്ന് വെറും പതിനാല് കിലോമീറ്റർ ദൂരത്താണ് ഒളോപ്പാറയെന്ന ഈ സുന്ദരിയുടെ വീട്. നാട്ടിൻപുറത്തിന്റെ നൻമയൂറുന്ന കാഴ്ചകൾ ആസ്വദിക്കാൻ പറ്റുന്നയിടം എന്ന നിലയിൽ ടൂറിസം ഭൂപടത്തിൽ അടുത്തിടെ ഇടംപിടിച്ച സ്ഥലം. ആമ്പലും പായലും നിറയുന്ന ചിറകൾ. ചെറിയ വെള്ളക്കെട്ടുകൾ, ചെന്തെങ്ങിൻ കരിക്ക് നീട്ടുന്ന കൊച്ചുതെങ്ങുകൾ. ഇടയ്ക്ക് പുഴയിലൂടെ ആടിപ്പാടി പോവുന്ന തോണികൾ. പുഴ കാണിക്കാൻ ഒരുങ്ങി നിൽക്കുന്ന ഹൗസ്ബോട്ടുകൾ, ചെറിയ അങ്ങാടികളും ചായക്കടകളും. ഏതൊക്കെയോ സിനിമകളിൽ കണ്ടു മറന്ന ദൃശ്യം വീണ്ടും തെളിമയോടെ മുന്നിലെത്തുന്നു.

ശാന്തമീ കര
വലിയ ടൂറിസം ഡെസ്റ്റിനേഷനുകളുടെ ആരവങ്ങൾ ഇല്ല. കാലുകുത്തുംമുന്നേ വന്ന് പിടിച്ചുകൊണ്ട് പോവാൻ ഗൈഡുകളോ ഹോട്ടലുകാരോ ഇല്ല. ഉള്ളത് പുഴയും അതിന്റെ ശാന്തമായ കരയും അവിടത്തെ നാട്ടുകാഴ്ചകളും മാത്രം. ഒളോപ്പാറ യുടെ ശാന്തിയാണ് അതിന്റെ സൗന്ദര്യം കൂട്ടുന്ന പ്രധാന ചേരുവകളിലൊന്ന്. അവനവനോട് സംസാരിക്കുന്നവർക്ക് ആനന്ദിക്കാൻ, ധ്യാനിക്കാൻ ഈ പുഴയോരംപോലെ യോജിച്ച മറ്റൊരിടം വേറെ യില്ലെന്ന് തോന്നിപ്പോയി. ചെറിയൊരു ധ്യാനത്തിൽ അമർന്നപ്പോഴാണ് ഒരാൾ പുറത്തുവന്ന് തട്ടി ഉണർത്തിയത്. നാട്ടുകാരനും ഒളോപ്പാറയുടെ വിനോദസഞ്ചാര ഭാവി സ്വപ്നം കാണുന്നയാളുമായ അവിനേഷാണ്.
“അകലാപ്പുഴയോട് ചുറ്റിപ്പറ്റി നാനൂറ് വീടുകളുടെ ഒരു വൃത്തം. അതാണീ നാട്. കരിക്കോട് മലയുടെ താഴ്വര. മലയുടെ താഴ് വരയും പുഴയുടെ അരികും. ഇങ്ങനെ ഒത്തുവരുന്ന സ്ഥലങ്ങൾ ഭൂമിമലയാളത്തിൽ അധികമില്ലല്ലോ''- നാടിന്റെ ഭംഗിയെ നന്നായി വരച്ചിട്ടു നാട്ടുകാരൻ. പണ്ട് ഒളോപ്പാറയിൽ പുഴയിലേക്ക് കാൽനീട്ടി ഇടയ്ക്കിടെ കാൽനനയ്ക്കുന്ന വലിയൊരു പാറയുണ്ടായിരുന്നു. റോഡ് വെട്ടാൻ വേണ്ടി പാറയുടെ കാൽവെട്ടി. തോണിവഴി മാത്രം വരുന്ന കരയിലേക്ക് ബസ്സുകൾ വന്നു. ഇപ്പോൾ പുഴയുടെ അരികിലുണ്ട് കാൽമുറിഞ്ഞപാറ. അതൊരു വലിയ ജലസംഭരണി കൂടെയാണ്. പാറയുടെ മുകളിൽ കേറി നോക്കിയപ്പോൾ പുഴയും കുളവും ഒറ്റ ഫ്രെയിമിൽ ഒതുങ്ങുന്ന മനോഹര ചിത്രമായി മാറി.

പുഴയുടെ തീരത്ത് കൂടെ വീതി കുറഞ്ഞ ടാർ റോഡുണ്ട്. നല്ല നീളത്തിലുള്ള റോഡിലൂടെ കൈയും വീശി നടക്കാം. നടന്നുനടന്ന് എത്തിയത് കാച്ചിറ ബണ്ടിലാണ്. ഒരു വശത്ത് ചിറയും മറുഭാഗത്ത് പുഴയും. നടുവിലെ റോഡിൽ സഞ്ചാരികൾക്കായുള്ള ഇരിപ്പിടങ്ങളുണ്ട്. ഇവിടെയിരുന്ന് അസ്തമയം കാണുന്നത് ജീവിതത്തിലെ മനോഹരമായ അനുഭവമാണെന്ന് പറഞ്ഞ് മോഹിപ്പിച്ച് സൂര്യദേവ്, സ്ഥലത്തെ പ്രധാന സഞ്ചാരിയാണ്. സൂര്യൻ വൈകുന്നേരം ഇവിടത്തെ പുഴയിൽ ചായം കലക്കുമത്രേ. വാച്ചിൽ നോക്കിയപ്പോൾ അസ്തമയത്തിന് ഒരുപാട് നേരം ബാക്കിയുണ്ട്.

ചേളന്നൂർ-കക്കോടി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ് ഒളോപ്പാറ. അകലാപ്പുഴയുടെ കിഴക്കൻ അതിരാണ് ഈ പ്രദേശം. കോഴിക്കോട് നഗരത്തിൽനിന്ന് ചെലപ്രം വഴിയാണ് നേരിട്ടുള്ള ബസ് റൂട്ട്. നഗരത്തിൽനിന്ന് മൂന്ന് ബസ്സുകൾ ഒളോപ്പാറയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ബാലുശ്ശേരി റൂട്ടിൽ എട്ടേ രണ്ടിൽ ബസ്സിറങ്ങി ഓട്ടോ വിളിച്ചാലും ഇവിടെയെത്താം. അധികം വൈകാതെ ഒളോപ്പാറ സഞ്ചാരികൾക്കിടയിലെ മോഹനദേശമായി മാറുമെന്ന് ഉറപ്പാണ്. അതിന് അനുയോജ്യമായ പല പദ്ധതികളും ടൂറിസംവകുപ്പിന്റെ പരിഗണ നയിലുണ്ട്. പുഴയുടെ അരികിലൂടെ നടപ്പാതയും ചിറയുടെ അരികിലൂടെ വിശാലമായ റോഡും കുട്ടികൾക്കുള്ള പാർക്കും പുഴയുടെ മുകളിലെ തൂ ക്കുപാലവുമെല്ലാം സ്വപ്നങ്ങളിൽനിന്ന് യാഥാർഥ്യത്തിന്റെ വഴികളിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഒളിത്താവളം, ഒളോപ്പാറ
പണ്ട് റോഡും മറ്റ് ഗതാഗത മാർഗങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഇത് ഒളിപ്പോരാളികളുടെ ഇഷ്ടയിടമായിരുന്നുവെന്നൊരു കഥയുണ്ട് നാട്ടുകാർക്കിടയിൽ. അന്ന് തോണിയിലേ ഈ കരയിൽ എത്തിപ്പെടാനുള്ള മാർഗമുണ്ടായിരുന്നുള്ളൂ. കമ്യൂണിസ്റ്റ് പാർട്ടിയുടെ പല നേതാക്കളും ഈ കരയിലെ വീടുകളിൽ വന്ന് ഒളിവിൽ താമസിച്ചിട്ടുണ്ടെന്നാണ് കരയിലെ പ്രായമായവർ ഓർമ ചികഞ്ഞ് പറഞ്ഞത്. ചകിരിപ്പണിയുടെ കേന്ദ്രമായിരുന്നു പണ്ടത്തെ ഒളോപ്പാറ. നാട്ടിൽ പലരുടെയും കൈത്തൊഴിൽ. ഇടയ്ക്ക് തൊഴിൽസമരം വന്നു. പതുക്കെ ചകിരിവ്യവസായം ഇല്ലാതായി. പല നാട്ടുകാരും ജോലിക്കായി നഗരത്തിലേക്ക് ചേക്കേറി. കാലം മാറുന്നതിന് അനുസരിച്ച് സൗകര്യങ്ങൾ കൂടി. റോഡ് പോലും ഇല്ലാതിരുന്ന പ്രദേശത്തിന്റെ മുഖച്ഛായ മാറി. നാട്ടിലേക്ക് സഞ്ചാരികൾ വന്നു.

പുഴയുടെ അരികേയുണ്ട് രണ്ട് കാവൽക്കാർ, പേരാറ്റിക്കുന്നും നരിച്ചാൽ കുന്നും. സഹോദരങ്ങളുടെ ഇടയിൽ, ഒളോപ്പാറയിലെ പുഴ പേടിയില്ലാതെ ഒഴുകുന്നു. കോരപ്പുഴയുമായുമായാണ് ഈ പുഴയ്ക്ക് രക്തബന്ധം. കിഴക്കേയറ്റത്ത് ചെലപ്രത്ത് അവസാനിക്കുന്നു. ഒളോപ്പാറയിലെ പുഴയ്ക്ക് അടിയൊഴുക്കില്ല. പുഴയുടെ പകുതി ദൂരം വരെ നടന്നാലും ഒന്നും പേടിക്കാനില്ലെന്ന് പറയുന്നു നാട്ടുകാരനായ വേണു. "ഈ പുഴയിലേക്ക് പുറത്തുനിന്ന് എവിടെനിന്നും വെള്ളം വരുന്നില്ല. പുഴയുടെ നടുക്ക് വരെ നടന്നുചെന്ന് മീൻപിടിക്കുന്നവരുണ്ട്. പനയുടെ മഞ്ഞക്കൂമ്പ് വെട്ടിക്കൊണ്ടുവന്ന് കയറിൽ നീളത്തിൽ കെട്ടും. അതിന് മുകളിൽ കല്ല് കെട്ടി വെള്ളത്തിൽ താഴ്ത്തും. രണ്ടുപേർ അതിങ്ങനെ വലിക്കുമ്പോൾ പിന്നാലെ പുഴയിൽ നടക്കുന്നവർ വെള്ളം കലങ്ങുമ്പോൾ ചളിയിൽ പൂളുന്ന കരിമീനിനെ തപ്പിയെടുക്കും. ഒരിക്കലും ഈ പുഴ അപകടത്തിൽപെടുത്തുമെന്ന പേടി വേണ്ട...' തന്നെ കണ്ട് വളർന്നൊരു മനുഷ്യന്റെ സാക്ഷ്യപത്രം കേട്ട് പുഴ മന്ദഹസിച്ചു.

റെയിൽവേ ഗുഡ്ഷെഡിൽനിന്ന് വിരമിച്ച വേണു ഇപ്പോൾ നാട്ടിലെ ടൂറിസം സാധ്യതകളിൽ ജീവിതം കണ്ടെത്താനുള്ള ശ്രമത്തിലാണ്. വേണുവും കുറെ നാട്ടുകാരും ചേർന്ന് ഒരു ബോട്ട് വാങ്ങിച്ചിട്ടുണ്ട്. കണ്ടലിന്റെ പച്ചപ്പും പുഴയുടെ അടിത്തട്ടും ഇളംകാറ്റുമൊക്കെ ഏറ്റൊരു പുഴയാത്ര സ്വപ്നം കാണാം. ഈ പുഴയിലാണ് പെരുമഴക്കാലം സിനിമ ഷൂട്ട് ചെയ്തത്. പഞ്ചാഗ്നിയും ഗാന്ധാരിയും ക്യാപ്റ്റനും ഉൾപ്പെടെ പത്ത് സിനിമകൾ ഒളോപ്പാറയുടെ ഗ്രാമീണഭംഗി പകർത്തിയെടുത്തിട്ടുണ്ട്.
ഉച്ചനേരത്തെ നടത്തം ശരിയായ പാതയിലാണെന്ന് മനസ്സിലായത് തീരത്തെ വനിതാ ഹോട്ടലിൽ തന്നെ ചെന്നെത്തിയപ്പോഴാണ്. ചങ്ങാതിമാരായ അഷ്ന രതീഷും ജിജി ഷെജുവും അഖിഷ ബജീഷ് ലാലും ചേർന്നാണ് ഈ സംരംഭത്തിന്റെ നടത്തിപ്പ്. ഒളോപ്പാറയിലേക്ക് വരുന്ന സഞ്ചാരികൾക്ക് മീൻ രുചി വിളമ്പാനുള്ള പരിശ്രമത്തിലാണ് ഈ സുഹൃത്തുക്കൾ."പുറത്തേക്ക് പോയി ജോലി ചെയ്ത് വരാനൊക്കെ വലിയ പാടാണ്. അപ്പോഴാണ് ഹോട്ടൽ തുടങ്ങാമെന്ന് വെച്ചത്. ഞങ്ങളുടെ ഭർത്താക്കൻമാരെല്ലാം മത്സ്യത്തൊഴിലാളികളാണ്. അവരുടെ പിന്തുണ കൂടെയായപ്പോൾ ഹോട്ടൽ തന്നെയാണ് ബൈസ്റ്റ് എന്ന് തോന്നി... 'അൻഷ രുചിയുടെ ചരിത്രം വിളമ്പി. കണവൻമാർ പുഴയിൽനിന്ന് വാരിയെടുത്ത് കൊണ്ടുവന്ന മീൻ മഞ്ഞളും മുളകും മുക്കി ചട്ടിയിലിട്ട് കറിയാക്കി തന്നു അവർ.

"എരുന്ത് ബോണ്ടയാണ് ഞങ്ങളുടെ സ്പെഷ്യൽ. ഈ പുഴയിൽ നല്ല എരുന്ത് കിട്ടും. സാധാരണ ബോണ്ടയിൽ ഇടുന്ന ഉരുളക്കിഴങ്ങിന് പകരം ഇതിൽ എരുന്താണ് ചേർക്കുന്നത്. 'ജിജി രുചിയുടെ കുടുക്ക പൊട്ടിച്ചു. രുചിനോക്കിയപ്പോൾ മനസ്സിലായി. വിവരണം പോലെ തന്നെ, കേമം ഈ ബോണ്ട.
പുറത്ത് അസ്തമയത്തിലേക്ക് അധികം നേരമില്ല. ഞങ്ങൾ കാച്ചിറ ബണ്ടിലേക്ക് നീങ്ങി. അല്പനേരത്തിനുള്ളിൽ ഇത്തിരി ധൃതിയിൽ പടിഞ്ഞാറൻമാനത്ത് സൂര്യൻ പ്രത്യക്ഷപ്പെട്ടു. കാർമേഘങ്ങൾക്കിടയിൽ ചുവന്ന ചായം കലക്കി വന്ന സൂര്യൻ ആ നിറം തൂകി പുഴയെയും ചുവപ്പിച്ചു. ഒടുവിൽ ആ കാമുകൻ പതുക്കെ പുഴയിലേക്ക് അലിഞ്ഞുചേരുന്നത് കണ്ടപ്പോൾ ഓർത്തുപോയത് ഒന്നുമാത്രം. ഈ പുഴയും ഈ സൂര്യനും തമ്മിലുള്ള പ്രണയത്തിന് എത്രയാണ്ട് പ്രായം കാണും?
ഒളോപ്പാറ ബോട്ട് സർവീസ്: 9847965801 (അവിനേഷ്) 9605200192 (വേണു)
രുചിക്കൂട്ട് വനിതാ ഹോട്ടൽ: 7034100009
Content Highlights: oloppara travel, kumarakom of kozhikode, village tourism, village walk, mathrubhumi yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..