മോറെയിലെ കാഴ്ചകൾ
പ്രധാനമായും, ഇന്ത്യയുടെ അയല്‍രാജ്യമായ മ്യാന്‍മറി (ബര്‍മ) ലേക്കുള്ള വഴിയന്വേഷിച്ചായിരുന്നു ഞങ്ങളുടെ ഇത്തവണത്തെ യാത്ര. ഇന്ത്യയിലെ നാല് വടക്കുകിഴക്കന്‍ (North-East) സംസ്ഥാനങ്ങള്‍, മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം. അതിലൊന്നായ മണിപുരിലെ മോറെ (MOREH) ലക്ഷ്യമാക്കിയായിരുന്നു യാത്ര. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നും 210 കിലോമീറ്റെര്‍ അകലെയുള്ള ഒരു ഉള്‍നാടന്‍ ഗ്രാമമാണ് മോറെ. മോറെയില്‍ എത്തിപ്പെടാന്‍ കടമ്പകള്‍ ഏറെയുണ്ട്. ആസാമില്‍ നിന്നും മണിപ്പുരിലേക്ക് കടക്കാന്‍ ILP (Inner Line Permit) എടുക്കേണ്ടതുണ്ട്. മോറെയില്‍ എത്തുന്നതിനുമുന്‍പ്, നിരവധി സ്ഥലത്ത് ആര്‍മിയുടെ ചെക്ക് പോസ്റ്റുകള്‍. അവിടെയെല്ലാം വാഹനങ്ങള്‍ നിറുത്തി, യാത്രക്കാരുടെ ബാഗേജുകള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കുന്നു. AFSPA (ARMS FORCES SPECIAL POWERS ACT) നിലവിലുള്ള സംസ്ഥാനമാണ് മണിപ്പുരെന്നോര്‍ക്കുക. ഈറോം ശര്‍മിളയുടെ നാട്. ഒളിമ്പിയന്‍ മേരികോമിന്റെയും.
വൈകിട്ട് അഞ്ചുമണിയോടെയാണ് മോറെയില്‍ എത്തുന്നത്. മോറെയില്‍ താമസിക്കാന്‍ ഒരു നല്ല ഹോട്ടലോ, ഭക്ഷണശാലയോ ലഭ്യമല്ല. കുറെ നേരത്തെ അന്വേഷണത്തിന് ശേഷം, ചെറിയൊരു ലോഡ്ജില്‍ ഒരു റൂം ലഭിച്ചു. കൊതുകുകള്‍ ധാരാളം. പവര്‍ കട്ട് സുലഭമയിട്ടുണ്ട്. ഒരു ചെറിയ ചായക്കടയില്‍ നിന്നും ഉണക്ക റൊട്ടിയും, ദാലും (പരിപ്പ് കറി) ലഭിച്ചു. വിശപ്പുള്ളതിനാല്‍ സ്വാദിഷ്ടമായി തോന്നി. ഏഴു മണിയായപ്പോഴേക്കും കടകള്‍ അടച്ചുതുടങ്ങി. അഞ്ചര മണിയോടെ മോറെയില്‍ ഇരുട്ട് പരക്കുന്നു. കുറ്റം പറയരുതല്ലോ കാലത്ത് അഞ്ചരയോടെ സൂര്യനുദിച്ചിരിക്കുന്നു. നല്ല പ്രകാശം. മോറെയിലെ തെരുവുകള്‍ സജീവം. കാലത്ത് തന്നെ കുളിച്ചു തയ്യാറായി പുറത്തിറങ്ങി. നൂറു മീറ്റര്‍ അകലെ ഇന്‍ഡോ മ്യാന്‍മര്‍ ബോര്‍ഡര്‍. പടുകൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ബി.എസ്.എഫ് ജവാന്മാരുടെയും മ്യാന്‍മര്‍ പോലീസിന്റെയും സുശക്തമായ കാവല്‍. വളരെ ദൂരെ നിന്ന് വരികയാണെന്നും, അല്‍പസമയത്തെക്ക് കടത്തിവിടണമെന്നും അപേക്ഷിച്ചു നോക്കി. തോക്കുധാരികള്‍ മര്യാദക്കാരായിരുന്നതുകൊണ്ട് വെടിവെച്ചില്ല. അവരുടെ നിസ്സഹായാവസ്ഥ അറിയിച്ചു. അതിര്‍ത്തി മാത്രം കണ്ടു തിരിച്ചുപോകാന്‍ തീരുമാനിച്ചു.
മടങ്ങാന്‍ നേരത്ത്, ഞങ്ങളോട് ദയ തോന്നിയ, മംഗോളിയന്‍ മുഖമുള്ള തടിച്ച ഒരു തെരുവ് കച്ചവടക്കാരി, കൈമാടി വിളിച്ചു ശബ്ദം താഴ്ത്തിപ്പറഞ്ഞു. അര കിലോമീറ്റര്‍ നടന്നാല്‍ മറ്റൊരു ഗേറ്റ് ഉണ്ട്. അവിടെ കുറെ നിങ്ങളുടെ നാട്ടുകാര്‍ ഉണ്ട്. അവരെ സമീപിച്ചു നോക്കൂ. ഞങ്ങള്‍ അങ്ങോട്ട് നടന്നു. ഒരു ചെറിയ ഹോട്ടലില്‍ ദോശയും, ഇഡലിയും, വടയും മറ്റും. ഒരു തമിഴന്‍ നടത്തുന്ന ഹോട്ടല്‍. പൊരിഞ്ഞ കച്ചവടം. മണിപ്പുരികളും, ആസ്സാമികളും, തമിഴന്മാരുമെല്ലാം ദോശയും, ഇഡലിയുമെല്ലാം ആര്‍ത്തിയോടെ അകത്താക്കുന്നു. കേരളം വിട്ടിട്ട് മൂന്നു നാല് ദിവസമായി. ഞങ്ങളും ദോശയും, ഇഡലിയുമൊക്കെ ഓര്‍ഡര്‍ ചെയ്തു കാത്തിരുന്നു. ഇതിനിടയില്‍ അടുത്തിരുന്ന ഒരു തമിഴനോട് കാര്യങ്ങള്‍ തിരക്കി. ഒരു പ്രശ്‌നവുമില്ല, നിസ്സാരം. ധാരാളം ആളുകള്‍ അതിര്‍ത്തി കടന്ന് മിയാന്‍മറിലേക്കും, അവിടെ നിന്ന് ഇങ്ങോട്ടും വന്നും പോയുമിരിക്കുന്നു. ഞങ്ങള്‍ പച്ചക്കറി വാങ്ങാന്‍ കൂടി അതിര്‍ത്തി കടക്കുന്നു എന്നായിരുന്നു മറുപടി. ആശ്വാസമായി.

തമിഴന്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ ഞങ്ങള്‍ വീണ്ടും അതിര്‍ത്തിയിലെത്തി. ഇവിടെ മതിലുകളോ, ബാരിക്കേടുകളോ, ജവാന്മാരോ ഇല്ല. അല്ലെങ്കിലും അതിര്‍ത്തികള്‍ കേവലം സങ്കല്പ്പങ്ങളാണല്ലോ. മനുഷ്യ നിര്‍മ്മിതമായ അതിര്‍ത്തികള്‍ ഓരോ രാഷ്ട്രത്തിനും ഒരു ബാധ്യതയായി നിലകൊള്ളുന്നു. മാനവ പുരോഗതിക്കുപയോഗിക്കേണ്ട, ലക്ഷക്കണക്കിന് കോടി രൂപ, അതിര്‍ത്തി സംരക്ഷണത്തിനായി ഓരോ രാഷ്ട്രവും വിനിയോഗിക്കുന്നു.
.jpeg?$p=7022666&&q=0.8)
താമു ബസാര്‍ ആയിരുന്നു അടുത്ത ലക്ഷ്യം. പച്ചക്കറികളും, മീനും, തുണിത്തരങ്ങളുമെല്ലാം ഇവിടെ ലഭ്യമാണ്. ബഹുഭൂരിഭാഗം കടകളും സ്ത്രീകളുടെ നിയന്ത്രണത്തിലാണ്. വളരെ സൗമ്യവും സഭ്യവുമായി പെരുമാറുന്ന മംഗോളിയന്‍ മുഖമുള്ള സുന്ദരികള്‍. പഴവര്‍ഗങ്ങളും മറ്റും ഏറെക്കുറെ നമ്മുടെ മാര്‍ക്കറ്റിലെ വിലതന്നെ. മാര്‍ക്കറ്റ് സന്ദര്‍ശനത്തിനു ശേഷം റിക്ഷാക്കാരന്‍ ഞങ്ങളെ അതിര്‍ത്തി കടത്തി ഇന്ത്യയില്‍ തന്നെ കൊണ്ടുവന്നു വിട്ടു. കാലത്ത് പത്തുമണിയോടെ റൂം ചെക്ക് ഔട്ട് ചെയ്തു വീണ്ടും ഒരു ഷെയറിംഗ് ടാക്‌സിയില്‍ ഇംഫാലിലേക്ക്. മോറെ അതിര്‍ത്തിയില്‍ ഇപ്പോള്‍ ചെക്കിംഗ് കൂടുതല്‍ കര്‍ശനം. പട്ടാളക്കാരുടെ ക്ലീയറന്‍സിന് വേണ്ടി വണ്ടികളുടെ നീണ്ട ക്യു. പിറകില്‍ ഞങ്ങളുടെ ടാക്‌സിയും നിലയുറപ്പിച്ചു. എന്ത് കൊണ്ടാണ് ഇത്ര കര്‍ശനമായ ചെക്കിംഗ്? ഇന്ത്യക്ക് പുറമേ ചൈനയും, ബംഗ്ലാദേശും, തായ്‌ലാന്‍ഡും, ലാവോസും ബര്‍മയുടെ അതിര്‍ത്തികള്‍ പങ്കിടുന്നു. ഇവിടെനിന്നെല്ലാം മയക്കുമരുന്നുകളും, മറ്റു വിദേശനിര്‍മ്മിത വസ്തുക്കളും അനധികൃതമായി മോറെയിലെത്തുന്നുണ്ടത്രെ. ഉദാഹരണത്തിന്, മോറെയിലെ കടകളിലെല്ലാം വിദേശ സിഗരറ്റുകള്‍ സുലഭമായി വളരെ വില കുറച്ചു ലഭിക്കും. മോറെയില്‍ ലഭിക്കുന്ന ബ്രെഡ് അടക്കമുള്ള മിക്ക നിത്യോപയോഗ സാധനങ്ങളും മ്യാന്‍മറില്‍ നിന്ന് കടത്തുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍, തായ്‌ലാന്‍ഡ്, ലാവോസ്, ബംഗ്ലാദേശ്, ബര്‍മ എന്നിവിടങ്ങളില്‍ നിന്ന് കള്ളക്കടത്തിനുള്ള ട്രാന്‍സിറ്റ് പോയിന്റ് ആണ് മോറെ. അതുകൊണ്ട് തന്നെയാകണം, മോറെ അതിര്‍ത്തിയില്‍ ഇത്രയധികം കര്‍ശനമായ ചെക്കിംഗ്.

ഇംഫാല്‍ എന്ന മലയോര നഗരം
മണിപുരിന്റെ തലസ്ഥാനമായ ഇംഫാല്‍, മനോഹരമായ കുന്നുകളാലും, മലകളാലും ചുറ്റപ്പെട്ട്കിടക്കുന്ന, ഒരു താഴ്വാര നഗരമാണ്. രാത്രി എട്ടുമണിയോടെ നഗരം ഉറങ്ങാന്‍ തുടങ്ങുന്നു. കടകമ്പോളങ്ങള്‍ അടയുന്നു. എന്നാല്‍ കാലത്ത് അഞ്ചരയോടെ പ്രകാശം പരക്കുകയും, നഗരം സജീവമാകുകയും ചെയ്യുന്നു. നേരത്തെ ഉണരുന്നതും നേരത്തെ ഉറങ്ങുന്നതും, വടക്ക് കിഴക്കന്‍ നഗരങ്ങളില്‍ പൊതുവേ കണ്ടു വരുന്ന ഒരു പ്രതിഭാസമാണെന്ന് തോന്നുന്നു. അഞ്ചു ജില്ലകളൊഴികെ, മണിപ്പൂര്‍ ഒരു മദ്യ നിരോധിത സംസ്ഥാനമാണ്. സംസ്ഥാന സര്‍ക്കാര്‍ അസ്വസ്ഥ മേഖല (Disturbed Area) ആയി പ്രഖ്യാപിച്ച മണിപുരില്‍ AFSPA എന്ന കരി നിയമം(?) നിലവിലുണ്ട്. എങ്കിലും ഇവിടത്തെ ജനങ്ങള്‍ പൊതുവേ ശാന്തരും, സമാധാന പ്രിയരുമായി കാണപ്പെടുന്നു.

പിറ്റേ ദിവസം ഞങ്ങള്‍ ഇംഫാലില്‍ നിന്നും ഒരു ബസ്സില്‍ ഗോഹാട്ടിയിലേക്ക് യാത്ര തിരിച്ചു. റോഡിന്റെ ഇരു വശങ്ങളിലുമുള്ള ഭൂദൃശ്യങ്ങള്‍ (ലാന്‍ഡ്‌സ്‌കേപ്പ്) ഏറെ ഹൃദ്യമാണ്. കുന്നിന്‍ ചെരുവുകളില്‍ അട്ടിയിട്ടപോലെ ചെറിയ ചെറിയ വീടുകള്‍ കാണാം. നാഗാലാണ്ട് അതിര്‍ത്തിയില്‍ വീണ്ടും ചെക്കിംഗ്. നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമ കടന്നുവേണം പോകാന്‍. ഇംഫാലിനും ദിമാപൂരിനുമിടയില്‍ കണ്ട ഒരു വലിയ ബോര്‍ഡ് ഞങ്ങളെ ആകര്‍ഷിച്ചു. 'മാവോ ഗേറ്റ്'. മാവോ എന്നത് നാഗന്മാരുടെ വളരെ ശക്തമായ ഒരു ട്രൈബ് ആണത്രേ. മാവോ സേതുങ്ങുമായി എന്തെങ്കിലും ബന്ധം കാണുമെന്നാണ് ആദ്യം കരുതിയത്.
ഗോഹാട്ടി, ബ്രഹ്മപുത്ര, കമാഖ്യ
പിറ്റേ ദിവസം പുലര്‍ച്ചെ 3 മണിക്ക് ബസ് ഗോഹാട്ടിയിലെത്തി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരുന്ന റൂമിലെത്തി. 10 മണിവരെ ഉറങ്ങി. ആദ്യ ലക്ഷ്യം ബ്രഹ്മപുത്ര നദി തന്നെ. ഇന്ത്യയിലെ ഏറ്റവും വീതി കൂടിയ ആണ്‍ നദി, പുണ്യ നദി. ഗംഗയും. യമുനയും, കാവേരിയുമെല്ലാം സ്ത്രീ നാമധാരികളാണല്ലോ. ചിലയിടത്തെല്ലാം ബ്രഹ്മപുത്രക്ക് 10 കിലോമീറ്ററിലധികം വീതിയുണ്ടത്രേ. മുമ്പൊരിക്കല്‍ ബ്രഹ്മപുത്ര കാണാന്‍ വന്നിട്ടുണ്ട്. ഒരു മഴക്കാലത്ത്. ബ്രഹ്മപുത്ര രൗദ്ര ഭാവത്തോടെ, കലങ്ങി മറിഞ്ഞോഴുകുന്നത് കണ്ടതോര്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ബ്രഹ്മപുത്ര ശാന്തമായൊഴുകുന്നു. ബ്രഹ്മപുത്രയിലെ തുരുത്തുകള്‍ പ്രസിദ്ധമാണ്. ഏറ്റവുമടുത്തുള്ള ഒരു തുരുത്തിലേക്ക് ഞങ്ങള്‍ ടിക്കെറ്റ് എടുത്തു ഫെറിയില്‍ കയറി. 500 പേര്‍ക്കിരിക്കാവുന്ന കൂറ്റന്‍ ഫെറി. അവിടെ ഒരു ക്ഷേത്രമുണ്ട്. ഉമാനാഥ ക്ഷേത്രം. കൂടെയുള്ളവര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരുന്നതുവരെ ഞങ്ങള്‍ ഫെറിയുടെ മേല്‍ത്തട്ടിലിരുന്നു ബ്രഹ്മപുത്രയെ ആസ്വദിച്ചു.

ഗോഹാട്ടിയില്‍, കാമരൂപിയിലെ കമാഖ്യാ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ലിംഗപ്രതിഷ്ഠ (ശിവലിംഗം) നമ്മുടെ രാജ്യത്ത്, സര്‍വ സാധാരണം. എന്നാല്‍ കമാഖ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ യോനിയാണ്. പാര്‍വതിയുടെ യോനി. ഇന്ത്യയില്‍ മറ്റേതെങ്കിലും ക്ഷേത്രത്തില്‍ യോനി പ്രതിഷ്ഠ ഉള്ളതായിട്ടറിവില്ല. നീലാച്ചാല്‍ എന്ന മലയുടെ മുകളില്‍ ഏകദേശം 800 അടി മുകളിലാണ് കമാഖ്യാ ക്ഷേത്രം. ഇവിടത്തെ ആചാരങ്ങളും അവയ്ക്ക് പിറകിലുള്ള ഐതിഹ്യങ്ങളും(കേട്ട് കേള്‍വികള്‍) വിചിത്രമാണ്. വിസ്താരഭയത്താല്‍ അതിലേക്കു കടക്കുന്നില്ല. ഇവിടെ ഇപ്പോഴും മൃഗബലി നടക്കുന്നുണ്ട്. പൂണൂല്‍ ധാരികളായ, പാണ്ടകള്‍ എന്നറിയപ്പെടുന്ന, ബ്രാഹ്മണരാണ് മൃഗബലിക്ക് നേതൃത്വം കൊടുക്കുന്നതെന്നത് കൗതുകകരമാണ്. ബലിയര്‍പ്പിക്കാനായുള്ള ആടുകളെയും, കാളകളെയും, പോത്തുകളെയും ക്ഷേത്രാങ്കണത്തില്‍ കെട്ടിയിട്ടിരിക്കുന്നത് കാണാം.

ഗോഹാട്ടിയില്‍ നിന്നും 100 കിലോമീറ്റര്‍ ടാക്‌സിയിലോ ബസ്സിലോ സഞ്ചരിച്ചാല്‍, മേഘാലയയുടെ സംസ്ഥാനമായ ഷില്ലോങ്ങിലെത്താം. ഗോഹാട്ടിയില്‍ നിന്നും ഷില്ലോങ് വരെ മലമുകളിലെക്കുള്ള കയറ്റമാണ്. മുന്നാറിലെക്കോ, ഊട്ടിയിലെക്കോ യാത്ര ചെയ്യുന്നതുപോലെ ചിലപ്പോഴെങ്കിലും തോന്നി. ഇരുവശവുമുള്ള കാഴ്ചകള്‍ പ്രകൃതി രമണീയം. കുന്നുകളും, ഇട തൂര്‍ന്ന വനങ്ങളും നമ്മെ കേരളത്തെ ഓര്‍മ്മപ്പെടുത്തും. മറ്റു വടക്കു കിഴക്കന്‍ നഗരങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഷില്ലോങ് വൈകി ഉണരുന്ന നഗരമാണ്. വൈകുന്നേരങ്ങളില്‍ നഗരമുണരുന്നു. ഇന്ത്യയുടെ ഫാഷന്‍ സിറ്റി എന്നും അറിയപ്പെടുന്നു. അതിവേഗത്തില്‍ ഷില്ലോംങ് ഒരു എജുക്കെഷന്‍ ഹബ് ആയി മാറിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഫാഷന്‍ ഇസ്റ്റിറ്റിയൂട്ടുകളും കൂണുകള്‍ പോലെ ഷില്ലോങില്‍ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരമുള്ള യുവാക്കളുടെ നഗരം. പോലീസ് മാര്‍ക്കറ്റ്, ബാര മാര്‍ക്കറ്റ് തുടങ്ങിയ തിരക്കേറിയ മാര്‍ക്കറ്റുകള്‍ ഇവിടെ അര്‍ദ്ധ രാത്രിവരെ സജീവം. ഇവിടത്തെ എലിഫന്റ് ഫാള്‍ പോലെയുള്ള വെള്ളച്ചാട്ടങ്ങളും, ചെറിയ തടാകങ്ങളും, ഷില്ലോംഗിനെ ആകര്‍ഷകമാക്കുന്നു.
ചിറാപുഞ്ചി
ലോകത്തിലെ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശമായാണ് അടുത്ത കാലം വരെ ചിറാപുഞ്ചി അറിയപ്പെട്ടിരുന്നത്. ചിറാപുഞ്ചിയിലേക്ക് ഷില്ലോംങില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രയുണ്ട് പ്രകൃതി സ്‌നേഹികള്‍ക്ക് പ്രിയപ്പെട്ട പ്രദേശമാണ് ചിറാപുഞ്ചി. ഞങ്ങള്‍ ചെല്ലുമ്പോഴും ചാറ്റല്‍ മഴയുണ്ട്. പ്രകൃതിദത്തമായ നിരവധി ഗുഹകള്‍(Natuaral Caves) ചിറാപുഞ്ചിയിലെ ഒരു ആകര്‍ഷണമാണ്. നിരവധി ചെറിയ ചെറിയ അരുവികളും, വെള്ളച്ചാട്ടങ്ങളും ഈ ഗുഹകള്‍ക്ക് സമീപം കാണാം.
Content Highlights: northeast travel Indo Myanmar border at Moreh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..