പള്ളത്താംകുളങ്ങര ബീച്ച് | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
നല്ല ഉഗ്രൻ ശാപ്പാടും ചെറിയൊരു ട്രിപ്പും... അത്തരമൊരു ആലോചന ഒടുവിൽ ചെന്നെത്തിയത് കൊച്ചിക്കാരുടെ വൈപ്പിൻകരയിൽ. പെട്ടെന്നെടുത്ത ആലോചനയായതുകൊണ്ടു തന്നെ അധികം ആർഭാടമൊന്നുമില്ലാതെ ഏറ്റവും അടുത്തുള്ള സ്ഥലം തിരഞ്ഞെടുത്തു. കുഴുപ്പിള്ളി ബീച്ചായിരുന്നു മനസ്സിലാദ്യമെങ്കിലും നട്ടുച്ചയ്ക്ക് ബീച്ചിൽ പോയി വെയിലുകൊള്ളുന്ന കാര്യമോർത്തപ്പോൾ പ്ലാൻ ചെറുതായിട്ടൊന്ന് മാറ്റിപ്പിടിച്ചു.
നമ്മുടെ മത്സ്യഫെഡിന്റെ ഞാറയ്ക്കൽ ഫിഷ് ഫാമിലേക്കാണ് പോയത്. അതു നന്നായെന്നു തോന്നിയത് അവിടെയെത്തിയപ്പോഴാണ്. ചെറിയ കായൽപോലെ പരന്നുകിടക്കുന്ന മീൻകെട്ടും അതിനു നടുക്കുള്ള ചെറിയ മുളങ്കുടിലുകളും... മുളങ്കുടിലിലേക്കു പോകാൻ കുട്ടവഞ്ചിയോ ബോട്ടോ തരാമെന്ന് മത്സ്യഫെഡിലെ കെയർടേക്കർമാരും. എങ്ങാനും വെള്ളത്തിൽ മുങ്ങിയാലോ എന്ന് ആലോചിച്ചു നിന്നപ്പോഴാണ്, കെട്ടിന്റെ ഒത്തനടുക്കായിട്ട് രണ്ടു ചേച്ചിമാർ കുട്ടവഞ്ചിയൊക്കെ തുഴഞ്ഞ് പാട്ടുംപാടി ഉറക്കെച്ചിരിച്ച് സംസാരിക്കുന്നതു കണ്ടത്... ആ ചിരിനിമിഷങ്ങൾ കരയിലിരുന്ന് ക്യാമറയിൽ പകർത്തിയൊരു ചേട്ടനും.
കരയിലിരുന്ന കോട്ടയംകാരൻ ബിജുച്ചേട്ടനോട് ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പിടികിട്ടിയത്. 30 വർഷം മുൻപ് മഹാരാജാസിൽ പഠിച്ചിറങ്ങിയ കൂട്ടുകാരികൾ കണ്ടുമുട്ടിയതിന്റെ ചിരിയായിരുന്നു അത്. അദ്ദേഹത്തിന്റെ ഭാര്യയും ഉറ്റ സുഹൃത്തുമാണ് വള്ളത്തിലുള്ളത്... 1986-89 ബി.എ. ഫിലോസഫി ബാച്ചിലെ ഷൈനിയും സോജിയും.
ചത്തീസ്ഗഢിൽനിന്നും ഖത്തറിൽനിന്നും അവധിക്കെത്തിയ രണ്ടാളും കോവിഡ് ടെസ്റ്റ് കഴിഞ്ഞയുടനെ നേരെ വെച്ചുപിടിച്ചത് ഞാറയ്ക്കൽ ഫാമിലേക്കാണ്. രാവിലെ മുതൽ കോളേജിലെ വിശേഷങ്ങൾ പറഞ്ഞ് ഫാമിലെ ബോട്ടിങ്ങും ‘പൂമീൻ ചാട്ട’വും മീൻപിടിത്തവുമൊക്കെയായി ഉഷാറായൊരു ട്രിപ്പ്.
“ബാക്കി കൂട്ടുകാരെക്കൂടി കണ്ടുപിടിച്ച് ഒരു റീയൂണിയൻ നടത്തണം, അതും ഇവിടെത്തന്നെ. പുറത്തുനിന്ന് ഇത്രയും രുചിയുള്ള ഊണ് കഴിഞ്ഞ 25 വർഷമായി കഴിച്ചിട്ടില്ല. അസൽ മീൻകറിയാണ് ഇവിടത്തേത്” -ഷൈനി പറഞ്ഞു.
ഫാമിന്റെ പ്രധാന ആകർഷണം വെള്ളത്തിന് നടുവിലെ പൂമീൻ ചാട്ടവും വഞ്ചിത്തുരുത്തുമാണ്. ഫാമിലൂടെ ബോട്ട് യാത്രയിലാണ് നമ്മെ മറികടന്നുള്ള മീനുകളുടെ ചാട്ടം. ബോട്ടിന്റെ സ്പീഡിന് അനുസരിച്ച് ആവേശത്തിൽ ചാടുന്ന മീനുകൾ. ചൂണ്ടയിടാനുള്ള സൗകര്യമുണ്ട്, നമ്മൾ പിടിച്ച മീൻ കറിവച്ചു തരും. പുതിയ രണ്ട് കൂട്ടുകാരോടും യാത്രപറഞ്ഞ് ഇറങ്ങിയപ്പോൾ സമയം ഏകദേശം മൂന്നു കഴിഞ്ഞു.

കാറ്റാടിത്തണലിൽ
കടൽക്കാറ്റിൽ ചെറുതായി തലയാട്ടി വരിതെറ്റിക്കാതെ നിൽക്കുന്ന കാറ്റാടിമരങ്ങളാണ് കുഴുപ്പിള്ളിയിലേക്ക് വരവേൽക്കുന്നത്. ‘കാറ്റാടിത്തീരം’ കഴിഞ്ഞാൽ പഞ്ചാരമണലിലൂടെ നടന്ന് തീരത്തേക്ക് ബീച്ചിന്റെ പ്രധാനഭാഗം മരങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്, കുറെയധികം ദൂരം നടക്കാനും കളിക്കാനുമാകും.
കാറ്റാടിയിലകൾക്കിടയിലൂടെ ഉദയാസ്തമയക്കാഴ്ചകളാണ് കുഴുപ്പിള്ളിയുടെ പ്രത്യേകത. ശാന്തമായ തിരയിൽ കളിച്ച് മടുത്താൽ കാറ്റാടിത്തണലിൽ വിശ്രമിക്കാം. അധികം തിരക്കില്ലാത്ത ബീച്ചായതിനാൽ കുടുംബസമേതം സമയം ചെലവഴിക്കാൻ പറ്റിയ ഇടം.
ചെറായി ബീച്ചിൽനിന്ന് നാലു കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. ഭക്ഷണത്തിനായി കുടുംബശ്രീയുടെ സ്റ്റാളും ബീച്ചിലുണ്ട്. വൈപ്പിൻ പള്ളത്താംകുളങ്ങര ക്ഷേത്രത്തിന് സമീപമായതിനാൽ ‘പള്ളത്താംകുളങ്ങര ബീച്ച്’ എന്നൊരു പേരുകൂടിയുണ്ട് ഇതിന്.
അങ്ങോട്ടേക്ക് മെയിൻ റോഡിലൂടെയാണ് പോയത്. കാറിന്റെ വിൻഡോയൊക്കെ തുറന്നിട്ട് കടൽക്കാറ്റേറ്റ് പോകാവുന്ന ബീച്ച് റോഡ് തൊട്ടടുത്തുണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയത് തിരിച്ചുള്ള യാത്രയിലാണ്. സമയമൊന്ന് അഡ്ജസ്റ്റ് ചെയ്തിറങ്ങിയാൽ ഇതേവഴിക്കുള്ള വൈപ്പിൻ ബീച്ചും ലൈറ്റ് ഹൗസുമെല്ലാം കാണാം. കൂടാതെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കയാക്കിങ്ങും വിൻഡ് സർഫിങ്ങും എല്ലാമുള്ള മുനമ്പം ബീച്ചിലും പോകാം.

ഓഫ് ടു ബീച്ച്
ഞാറയ്ക്കലിൽനിന്ന് കുഴുപ്പിള്ളി ബീച്ചിലേക്ക് പോകാമെന്നായിരുന്നു പ്ലാൻ. ശകലമൊന്ന് വഴിതെറ്റിയതുകൊണ്ട് എത്തിയത് ചെറായി ബീച്ചിലും. പറവൂർ-കൊടുങ്ങല്ലൂർ റോഡിലൂടെ അരമണിക്കൂർ യാത്ര. നേരേ കുഴുപ്പിള്ളിയിലേക്കാണെങ്കിൽ 20 മിനിറ്റ് മതി. മെയിൻ റോഡിൽനിന്ന് ബീച്ചിലേക്കുള്ള വഴിയിൽ വേലിയേറ്റത്തിന്റെ ചെറിയ കാഴ്ചകൾ. വീടിന്റെ മുറ്റത്തൊക്കെ വെള്ളം തളംകെട്ടി കിടക്കുന്നു. കായലിനും മീൻകെട്ടിനും ഇടയിലൂടെ മനോഹര യാത്ര. നാലുമണിയോടെ ബീച്ചിലെത്തി. ചെറിയകുട്ടികളുമായി എത്തിയ കുടുംബങ്ങളായിരുന്നു അധികവും... ചുരുക്കം ചില വിദേശികളും. രാത്രി ഏഴുമണിവരെ ബീച്ച് സജീവമാണ്. മാസ്കില്ലാതെ ബീച്ചിലേക്ക് വരാമെന്നോർത്താൽ നടക്കില്ലാട്ടോ. മാസ്കില്ലെങ്കിൽ ‘നോ എൻട്രി’. ഇടയ്ക്കുള്ള പോലീസ് ചെക്കപ്പിൽ പിഴ കൂടി കിട്ടും.
കുളിക്കുന്ന സമയത്തുമാത്രം വേണമെങ്കിൽ മാസ്ക് ഒഴിവാക്കാം. കുറച്ചുവർഷം മുൻപ് ചെറായി ബീച്ചിൽ ടൂറിസ്റ്റുകൾക്കായി നീന്തൽ പരിശീലനമുണ്ടായിരുന്നു. അതിന്റെ ബാക്കിപത്രമായി എയ്ഡ് പോസ്റ്റും പരിശീലന സാമഗ്രികളും കിടപ്പുണ്ട്. പദ്ധതി പരാജയപ്പെട്ടതോടെ ടൂറിസം വകുപ്പ് അതവസാനിപ്പിച്ചു.
ഹൈക്കോർട്ട് ജങ്ഷനിൽനിന്ന് ഒമ്പതു കിലോമീറ്റർ
സന്ദർശന സമയം രാവിലെ ഒമ്പതുമുതൽ രണ്ടുവരെ. വൈകുന്നേരം മൂന്നുമുതൽ 6.30 വരെ.
പ്രവേശന ഫീസ്
മുതിർന്നവർക്ക്-150 രൂപ, കുട്ടികൾക്ക് - 100 രൂപ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..