-
ഇന്ത്യയിലെ മണ്സൂണെന്നാല് ഒരിക്കലും മഴ മാത്രമല്ല. മണ്‍സൂണ്‍ ആഘോഷമാക്കുന്നതിനായി നിരവധി ഉത്സവങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. മണ്‍സൂണ്‍ കാലത്ത് മാത്രം സജീവമാകുന്ന എത്രയോ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ നമുക്കുണ്ട്. ഇത്രയും പറഞ്ഞത് മഴക്കാലത്ത് മാത്രം കാണാനാവുന്ന ഒരു ദൃശ്യത്തേക്കുറിച്ചുള്ള ആമുഖമായാണ്. ഗുജറാത്തിലെ മൊധേര സൂര്യക്ഷേത്രത്തിലാണ് അപൂര്‍വമായ ആ കാഴ്ച കാണാനാവുക.

മൊധേര ക്ഷേത്രത്തിന്റെ പടവുകളിലൂടെ വെള്ളം ചിന്നിച്ചിതറിയൊഴുകുന്ന കാഴ്ച ആരുടേയും മനംമയക്കും. ക്ഷേത്രത്തെ തഴുകുന്ന ഒരു കൊച്ചു വെള്ളച്ചാട്ടമായി ഈ ദൃശ്യം കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടും. ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്റര്‍ പേജില്‍ ഈ ദൃശ്യം പങ്കുവെച്ചിരുന്നു.
ഒരു ജലസംഭരണിയിലേക്കാണ് ഈ ക്ഷേത്രപ്പടവുകള്‍ നീളുന്നത്. മഴക്കാലത്ത് ഈ പടികള്‍ മഴവെള്ളത്തില്‍ നിറഞ്ഞു കവിയുന്നു. വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് കുണ്ട എന്നറിയപ്പെടുന്ന ഇവിടം. പടികളില്‍ നിന്ന് വെള്ളത്തിലേക്ക് ചാടാന്‍ നിരവധി കുട്ടികളും ഇവിടെയെത്താറുണ്ട്.
പുഷ്പാവതി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമാണ് ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള സൂര്യക്ഷേത്രം. ബി.സി 1026-27 കാലഘട്ടത്തില്‍ ചൗലൂക്യ രാജവംശത്തിലെ ഭീമ ഒന്നാമന്റെ ഭരണകാലത്ത് സൂര്യദേവനായ 'സൂര്യ'യുടെ സ്മരണയ്ക്കായാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇത് നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. പ്രാര്‍ത്ഥനകളും മറ്റും ഇവിടെ നടക്കാറില്ല.

മറു-ഗുജാര ശൈലിയിലാണ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ. മൂന്ന് ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ശ്രീകോവില്‍ ഗുദമണ്ഡപ എന്നും അസംബ്ലി ഹാള്‍ സഭമണ്ഡപ എന്നും ജലസംഭരണി കുണ്ട എന്നും അറിയപ്പെടുന്നു. ഇവ മൂന്നും ഗുജറാത്തിന്റെ സുവര്‍ണകാലത്തെ സൂചിപ്പിക്കുന്ന മനോഹരമായ കൊത്തുപണികളാല്‍ സമ്പന്നമാണ്.
Content Highlights: Narendra Modi, Modhera’s Sun Temple, Temples in India, Archaeological Survey of India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..