മുനീശ്വരൻകുന്ന് | ഫോട്ടോ: ബിജീഷ് സി.ബി
യാതൊരു പ്രതീക്ഷയുമില്ലാതെ എത്തിപ്പെടുന്ന ചിലയിടങ്ങള്‍ നമ്മെ വല്ലാതെ കീഴ്പ്പെടുത്തിക്കളയും. വരാനിരിക്കുന്ന കാലമത്രയും ഓര്‍ത്ത് വെയ്ക്കാന്‍ പാകത്തിന് കൂടെ ഇറങ്ങിപ്പോന്ന ഇടങ്ങള്‍. കേവലമൊരു ഫ്രെയിമിലേക്കോ എഴുത്തിലേക്കോ ഒതുങ്ങാത്ത ഇടങ്ങള്‍....അലങ്കാരവത്കരണത്തിന്റെ കൃത്രിമത്വങ്ങളില്ലാതെ പ്രകൃതി പച്ചപ്പണിയിച്ച അങ്ങനൊരിടമുണ്ടെനിക്ക് വയനാട്ടില്‍. കുന്നുകയറി, മേഘങ്ങളെ തൊട്ട്, കോടമഞ്ഞിലൂളിയിട്ട്, കാറ്റേറ്റ് തണുപ്പേറ്റ് പോകാനൊരിടം....വയനാടിന്റെ വാഗമണ്‍ എന്നറിയപ്പെടുന്ന മുനീശ്വരന്‍ കുന്ന്. എന്റെ വയനാടന്‍ പൊന്മുടി!
.jpg?$p=6a12f4a&w=610&q=0.8)
നട്ടുച്ചയ്ക്ക് മലകയറാന്‍ പോവാന്‍ തനിക്കെന്താടോ വട്ടാണോ എന്ന ചോദ്യത്തിന് പതിവ് പുച്ഛച്ചിരിയായിരുന്നു അവന്റെ മറുപടി. കാര്യം വയനാട്ടിലേക്കാണ് വിവാഹം കഴിഞ്ഞെത്തിയതെങ്കിലും ആ ജില്ലയിലെ നാലിലൊന്ന് സ്ഥലം പോലും ഞാന്‍ കണ്ടിരുന്നില്ല. കുന്നോ മലയോ മഴയോ വെയിലോ എന്തെങ്കിലുമായിക്കോട്ടെ യാത്രയല്ലേ...പോയേക്കാമെന്ന ഭാവത്തില്‍ ഞാനുമിരുന്നു. വയനാടിന് പുറത്തുള്ളൊരാള്‍ക്ക് ആ കാറ്റ് പോലും പ്രിയപ്പെട്ടതാണല്ലോ...
തലപ്പുഴയോടടുക്കും തോറും വെട്ടിയൊതുക്കി നിര്‍ത്തിയ തേയിലത്തോട്ടങ്ങളുടെ നീളം കൂടി വന്നു. എങ്ങോട്ട് നോക്കിയാലും പച്ചപ്പ് മാത്രം. ചാറ്റല്‍ മഴയ്ക്കിടയിലും ഇടയ്ക്ക് തലനീട്ടുന്ന വെയിലിലായിരുന്നു പ്രതീക്ഷ. മഴകൊണ്ട് മലകയറാനൊരു മടി. തലപ്പുഴയില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം ഓടിക്കാണണം, മുനീശ്വരന്‍ കോവിലെന്ന വലിയൊരു കവാടം. അതിനപ്പുറം നീണ്ടു കിടക്കുന്ന വീതികുറഞ്ഞ റോഡ്. കഷ്ടിച്ച് 200 മീറ്റര്‍കൂടി മുന്നോട്ട് പോയാല്‍ വലതുവശത്തായി വണ്ടികള്‍ നിര്‍ത്തുന്ന ഇടം. രണ്ടോ മൂന്നോ വണ്ടികള്‍, അത്രേയുള്ളൂ. സ്വകാര്യസ്ഥലമായതിനാല് 30 രൂപ പാര്‍ക്കിങ് ഫീസുണ്ട്. അരക്കിലോമീറ്ററോളം വരുന്ന കുത്തനെയുള്ള കയറ്റമാണ് ഇനി. റോഡൊക്കെ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. വണ്ടി വേണമെങ്കില്‍ മുകളില്‍ വരെ കൊണ്ട് പോകാം. പക്ഷേ കാഴ്ചകള്‍ കണ്ട് നടന്നു കയറാനാണ് രസം
.jpg?$p=d83648f&w=610&q=0.8)
സമുദ്രനിരപ്പില്‍ നിന്ന് 960 അടി ഉയരത്തിലാണ് മുനീശ്വരന്‍ കുന്ന് അഥവാ മുനീശ്വരന്മുടി. നട്ടുച്ചയ്ക്കും നല്ല കാറ്റും തണുപ്പും. ഇടയ്ക്ക് മലകയറ്റമൊന്ന് നിര്‍ത്തി താഴേക്ക് നോക്കണം.മനോഹരമെന്ന് പറഞ്ഞാല്‍ പോരാ...മഴമാറി നിന്നതുകൊണ്ട് ചെറുവെയിലില്‍ നോക്കെത്താദൂരത്തോളം വയനാടന്‍ മലനിരകള്‍ പച്ചയും നീലയും കലര്‍ന്നങ്ങനെ...ആഹാ! ബ്രഹ്മഗിരി മലനിരകളുടെ മനോഹാരിതമുഴുവന് ആ കുന്നിന് മുകളില്‍ നിന്ന് നോക്കിയാല്‍ കാണാം.
.jpg?$p=298ab5c&w=610&q=0.8)
കുന്ന് കയറിയെത്തിയാല്‍ വിശാലമായ പച്ചപ്പുല്‍മേട്. കുന്നിന് ചെരുവിലെ തേയിലത്തോട്ടങ്ങളും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വീടുകളും, പക്ഷി പാതാളവും, മാനന്തവാടി ടൗണും, മക്കിമലയുമെല്ലാം അവിടെ നിന്നാല്‍ കാണാം. അത്ര ഉയരത്തില്‍ നിന്ന് വയനാടിനെ നോക്കിക്കാണുന്നത് ആദ്യമായിട്ടാണ്. മലനിരകള്‍ക്കിടയിലൂടെ മേഘങ്ങള്‍ തെന്നി നീങ്ങുന്നു. ഇടയ്ക്കെപ്പൊഴോ പൊന്മുടിയില് നില്ക്കുന്ന പോലെ തോന്നി. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തില്‍ പെടുന്ന ഈ ഇക്കോടൂറിസ്റ്റ് കേന്ദ്രത്തിന്റെ ചിലയിടങ്ങള്‍ പൊന്മുടിയെ ഓര്‍മ്മിപ്പിക്കും.
.jpg?$p=aa62323&w=610&q=0.8)
കുന്ന് കയറി നേരെ എത്തുന്നിടത്ത് തന്നെയാണ് ടിക്കറ്റ് കൗണ്ടര്‍. മുതിര്‍ന്നവര്‍ക്ക് 45 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ചാര്‍ജ്. നേരത്തേ പറഞ്ഞപോലെ കൃത്രിമ ആഡംബരങ്ങളേതുമില്ല. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ പ്രകൃതിതന്നെ ധാരാളം. ആര്‍ഭാടങ്ങളില്ലാതെ നിര്‍മ്മിച്ച ചെറിയൊരു കെട്ടിടത്തിലാണ് ടിക്കറ്റ് കൗണ്ടര്‍. അതിനോട് ചേര്‍ന്ന് ശൗചാലയവും പ്ലാസ്റ്റിക്,ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സജ്ജീകരണവും. ഇടയ്ക്ക് ടൂറിസം വകുപ്പ് രാത്രികാല സ്റ്റേ നല്‍കിയിരുന്നെങ്കിലും 2018-ന് ശേഷം നിര്‍ത്തി.

ബ്രഹ്മഗിരി പര്‍വ്വതനിരയുടെ ഭാഗമാണ് മുനീശ്വരന്കുന്നും. കുന്നിന് മുകളിലായി ചെറിയൊരു ക്ഷേത്രമുണ്ട്. മൂനിശ്വരന് കോവിലെന്നാണ് പേര്. തേയിലത്തോട്ടത്തില്‍ ജോലിക്കായി പണ്ട് ബ്രിട്ടീഷുകാര്‍ ധാരാളം തമിഴരെ കൊണ്ടുവന്നിരുന്നു. അവരുടെ ആരാധനാലയമായിരുന്നു മുനീശ്വരന്‍കോവില്‍. ഇപ്പോഴും അവിടെ പൂജയും വഴിപാടുകളുമുണ്ട്. മുനീശ്വരന്‍ എന്നാല്‍ പരമശിവന്. ക്ഷേത്രത്തിന് സമീപത്തായുള്ള ആല്മരച്ചോട്ടില് പണ്ട് ശ്രീരാമന് സീതയെ വീണ്ടെടുക്കാന്‍ പോകും വഴി വിശ്രമിച്ചുവെന്നാണ് കഥ. ഭഗവതി ടീ എസ്റ്റേറ്റിന്റെ കൈവശമായിരുന്നു മുനീശ്വരന്‍ ക്ഷേത്രം ആദ്യം. പിന്നീട് ആസാം ബ്രൂക്ക് കമ്പനിയിയുടേയും പാരിസ്സണ്സിന്റേയും അധീനതയിലേക്കെത്തിയ ക്ഷേത്രം ഇപ്പോള്‍ നിക്ഷിപ്ത വനഭൂമിയിലാണ്. മഞ്ഞില്‍ പുതഞ്ഞ കുന്നിന്ചരിവിന് താഴെയായി ഒരു ഗുഹയുണ്ട്. രാവിലെ എട്ട് മുതല്‍ അഞ്ച് വരെയാണ് മുനീശ്വരന്കുന്നിലേക്കുള്ള പ്രവേശനം
.jpg?$p=2922c1a&w=610&q=0.8)
ഓരോ സമയത്തും ഓരോ കാഴ്ചകളാണ് മുനീശ്വരന്‍കുന്ന് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കോടമഞ്ഞില്‍ പുതഞ്ഞ പ്രഭാതങ്ങള്‍, തെളിമയുള്ള നീലാകാശവും താഴ്വാരക്കാഴ്ചകളും തണുത്തകാറ്റുമുള്ള പകല്‍ നേരങ്ങള്‍, ചെഞ്ചോപ്പണിഞ്ഞ സായന്തനങ്ങള്‍....മറക്കില്ല, മടുക്കില്ല. നടക്കാനാണിഷ്ടമെങ്കില് മലഞ്ചെരിവിലൂടെ ലക്ഷ്യമില്ലാതെയലയാം. മണ്ണില്‍ ചവിട്ടി ആകാശം തൊട്ട് കോടമഞ്ഞിനെ പുണര്‍ന്നങ്ങനെ.....
.jpg?$p=48405e6&w=610&q=0.8)
മുനീശ്വരന്കുന്നിലേക്കെത്താന്
കോഴിക്കോട്ടുനിന്നു താമരശ്ശേരി ചുരം വഴി കല്പറ്റ, പനമരം മാനന്തവാടി വഴി തലപ്പുഴയെത്താം. മാനന്തവാടിയില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരമാണ് തലപ്പുഴയിലേക്ക്. തലപ്പുഴയില്‍നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റര്‍ മതി മുനീശ്വരന്‍കുന്നിലേക്ക്. മൈസൂരില്‍നിന്ന് വരുന്നവര്‍ക്ക് എച്ച് ഡി കോട്ടേ, ബാവലി, മാനന്തവാടി വഴിയും തമിഴ്നാട്ടില്‍നിന്നു വരുമ്പോള്‍ ഗൂഡല്ലൂര്‍, ബത്തേരി വഴിയോ കല്പറ്റ വഴിയോ മാനന്തവാടി എത്താം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..