മുതുമല | Photo: AFP
മുതുമലയിലെ ആനക്കഥകള്‍ ഓസ്‌കാര്‍ വേദിയിലും വിസ്മയമായിരിക്കുകയാണ്. രഘുവും ബൊമ്മനും ബെള്ളിയമ്മയും മനുഷ്യരും കാട്ടാനകളും തമ്മിലുളള ഇണക്കത്തിന്റെയും അതിരില്ലാത്ത സ്‌നേഹത്തിന്റെയും കഥയാണ് ഓസ്‌കാര്‍ കീഴടക്കിയിരിക്കുന്നത്. ഇതുപോലെയുള്ള 113 വര്‍ഷങ്ങള്‍ പഴക്കമുള്ള ആനക്കഥകളുടെ നിറവിലാണ് തമിഴ്‌നാട്ടിലെ മുതുമല ആനസങ്കേതം.
നേരമിരിട്ടുന്നതിന് മുമ്പ് കൊമ്പുകുലുക്കിയും തലയാട്ടിയും മുതുമലയില്‍ ആനകള്‍ നിറഞ്ഞു. കുറുമ്പുകാട്ടി രഘുവിനെപോലുളള കുട്ടിയാനയും സ്‌നേഹം നിറച്ച് ബൊമ്മനെയും ബെള്ളിയമ്മയെ പോലുള്ള മനുഷ്യരുമെല്ലാം കഥകള്‍ കൈമാറുന്നിയിടം. മുതുമല ഇന്ന് കേവലം ഒരു ആന ക്യാമ്പ് മാത്രമല്ല. ഓസ്‌കാറിന്റെ നിറവിലാണ് ഈ ആന സങ്കേതവും വനപരിസരവും. വൈകുന്നേരമായതോടെ കൂട്ടത്തോടെ കാടിറങ്ങി ആനകളുടെ വരവ് കാണാം. ഒന്നാന്തരം റാഗിയും മുതിരയും ശര്‍ക്കരയുമെല്ലാം ചേര്‍ത്ത ഭക്ഷത്തിനായുള്ള വരവാണിത്. പാപ്പാന്‍മാരും കാവടികളുമെല്ലാം വരച്ച വരയില്‍ എല്ലാവരും നിര നിരയായി അനുസരണയോടെ നില്‍പ്പുറപ്പിച്ചു. എല്ലാവര്‍ക്കും സമയമുണ്ട്. ക്യാമ്പിലെ ജീവനക്കാര്‍ പേര് പോലും വിളിക്കണ്ട. ഒന്നാമത്തെ വരിയില്‍ ഒന്നാമനായി ചുളളിക്കൊമ്പന്‍ തുമ്പിക്കൈ ഉയര്‍ത്തി. എല്ലാവരും നല്ല ക്ഷമയുള്ളവരാണ്. കാട്ടിലെ തോന്നിയപോലെയുളള കുറുമ്പൊന്നും ഇവിടെയില്ല. എല്ലാവരും മുതുമലയില്‍ നിന്നും അച്ചടക്കം പഠിച്ചവരാണ്. കാട്ടിലെ വില്ലന്‍മാരയെല്ലാം നിലയ്ക്ക് നിര്‍ത്താന്‍ പാടുപെടുന്നതിന്റെ പാട് ഇവിടയെയുള്ളവര്‍ക്കേ അറിയൂ.

അളന്ന് തൂക്കിയ ഭീമന്‍ ഉരുളകള്‍ തോളിലേന്തി പാപ്പാന്‍മാരും സഹായികളും ആനകള്‍ക്കരികിലെത്തും. തുമ്പി ഉയര്‍ത്തി ഉരുളകള്‍ ഒരോന്നായി ഇവര്‍ വായിലേക്ക് വാങ്ങും. പിന്നെ ഓരോരുത്തരായി കാട്ടിലേക്ക് തന്നെ കയറും. അടുത്ത ദിവസം ഭക്ഷണത്തിനുള്ള നേരം വൈകീട്ട് നാലാകുന്നതോടെയാണ് പിന്നെ ഇവര്‍ ഇവിടെ മടങ്ങിയെത്തുക. ബെല്ലിയമ്മയെ പോലെ ഇവിടെ കുറെ കുടുംബങ്ങളുണ്ട്. തലമുറകളായി ആനകളുമായി ഇണങ്ങിയും പിണങ്ങിയും ഇവരെല്ലാം ജീവിതം പൂരിപ്പിക്കുന്നു. കുങ്കിയാനകളെന്ന് പേരിട്ടു വിളിക്കുന്ന ഈ ആനകളെല്ലാം പാതി കാട്ടാനകള്‍ തന്നെയാണ്. കാട്ടില്‍ മറ്റ് ആനകള്‍ക്കൊപ്പം തീറ്റതേടിയും കുത്തുകൂടിയും നടക്കുന്ന തനി തെമ്മാടികള്‍. ക്യാമ്പിലെത്തുമ്പോള്‍ മാത്രമാണ് ഇവര്‍ അച്ചടക്കമുള്ള നല്ല കുട്ടികള്‍. പ്രവചനാതീതമാണ് ഇവിടുത്തെ ആനകളുടെ സ്വഭാവം. മുതുമല ക്യാമ്പിലെത്തുന്ന സഞ്ചാരികളും ഇത് മനസ്സിലാക്കണം. തമിഴിലും ഇംഗ്ലീഷിലും വലിയ അക്ഷരത്തില്‍ ഈ സൂചനകളെല്ലാം സുരക്ഷയുടെ ഭാഗമായി ഇവിടെ എഴുതിവെച്ചിട്ടുണ്ട്. പ്രത്യേകം തീര്‍ത്ത ബാരിക്കേഡുകള്‍ക്ക് അരികില്‍ നിന്നും ഏറെ അകലത്തായി ആനകളെ കാണാം. അതിലപ്പുറം ഒരു കളിയും വേണ്ട. പാപ്പാന്‍മാരുടെ തോട്ടിക്ക് മുമ്പിലെ അനുസരണയുടെ കഥ മാത്രമല്ല. ചുഴറ്റിയെറിഞ്ഞ കഥകളും മുതുമലയ്ക്ക് പറയാനുണ്ട്. ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ആനക്യാമ്പാണ് മുതുമലയിലുള്ളത്. തെപ്പക്കാട് എന്ന പേരില്‍ തമിഴ് നാട്ടുകാര്‍ വിളിക്കുന്ന ഈ ആനക്യാമ്പാണ് ദ എലഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം നേടി ലോക ശ്രദ്ധനേടിയത്.
ഇംഗ്ലീഷുകാരുടെ ആനപന്തി

1910 ലാണ് ഇവിടെ ഇംഗ്ലീഷുകാര്‍ ഇങ്ങനെയൊരു ആനപന്തിക്ക് തുടക്കമിടുന്നത്. തെപ്പക്കാട് അന്നുമുതലേ ആന പരിപാലനത്തിനും പരിശീലനത്തിനുമെല്ലാം പേര് കേട്ട ഇടമായി മാറുകയായിരുന്നു. ഇംഗ്‌ളീഷുകാര്‍ കാട്ടില്‍ നിന്നും വന്‍മരങ്ങള്‍ കടത്താനാണ് ആനകളെ വാരിക്കുഴിയില്‍ വിഴ്ത്തി പിടിച്ചതും പരിശീലനം നല്‍കിയതും. ആനപിടുത്തത്തില്‍ നിപുണരായ ആദിവാസികളെ പാപ്പാന്‍മാരായി നിയമിക്കുകയും ചെയ്തു. അവരുടെ തലമുറകളാണ് ഇപ്പോഴും ഇവിടെ പാപ്പാന്‍മാരായുള്ളത്. 1972 ലാണ് ഈ ആനക്യാമ്പിനെ തമിഴ്‌നാട് സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ പരിപാലിച്ചു തുടങ്ങിയത്. മുന്‍ മുഖ്യമന്ത്രി ജയലളിതയടക്കമുള്ളവര്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ഈ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. 24 ആനകളാണ് ഇന്ന് ഈ പന്തിയിലുള്ളത്. 1963 ല്‍ പിടിച്ച ഇന്ന് 69 വയസ്സുള്ള ഭാമമുതല്‍ 20 മാസം പ്രായം മാത്രമുള്ള ശ്രീനിവാസ് വരെയുള്ളവരുടെ ആനകളുടെ നിരയാണ് തെപ്പക്കാടിന്റെ വിസ്മയം. കാട്ടില്‍ രാവിലെ 9 ന് മേയാന്‍ വിട്ട ഇവര്‍ വൈകീട്ട് 5 ന് പന്തിയിലേക്ക് കുതിച്ചെത്തും. കൃത്യം 5.30 നുള്ള ഭക്ഷണം ഇവിടെ പാകമാകുന്നതോടെ ആനകളെല്ലാം പന്തിയുടെ മുന്നില്‍ നിരന്ന് നില്‍ക്കുന്ന കാഴ്ചകാണാന്‍ സഞ്ചാരികളും തിരക്ക് കൂട്ടിയെത്തും. വലിയ ഉരുളകളാക്കി മുതിരയും റാഗിയും ശര്‍ക്കരയുമെല്ലാം ചേര്‍ത്ത് പാപ്പാന്‍മാര്‍ ആനവായിലേക്ക് എത്തിച്ചു നല്‍കും. ധാതുലവണ മിശ്രിതമായ ഈ ഉരുളകള്‍ ഓരോന്നും 20 കിലോയോളം വരും. രണ്ടും മൂന്നും ഉരുളയാകുന്നതുവരെ ആര്‍ത്തിയോടെ തുമ്പിക്കൈവീശി കുസൃതികാണിക്കുന്ന കൊമ്പന്‍മാരും സന്ദര്‍ശകര്‍ക്ക് ഹരമാണ്. ഏതെങ്കിലും ആന ഉരുള നിരസിച്ചാല്‍ അതുലക്ഷ്യമാക്കി കാട്ടുപന്നികളും മയിലുകളുമെല്ലാം ധാരാളമായെത്തുന്നതും ഇവിടുത്തെ കാഴ്ചയാണ്. 1889 മുതല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആനപിടുത്ത കേന്ദ്രമായി ഇത് അറിയപ്പെട്ടിരുന്നു. 600 ലധികം കാട്ടാനകളെ ഇവിടെ നിന്നും കുഴിയില്‍ വീഴ്ത്തി പ്രത്യേക പരിശീലനം നല്‍കി നാട്ടാനകളാക്കി മാറ്റിയിട്ടുണ്ട്.
സുഖ ജീവിതം മൃഷ്ടാന ഭോജനം
കുങ്കിയാനകളുടെ ഭക്ഷണം ചികിത്സ എന്നിവയ്‌ക്കൊന്നും ഒരു മുടക്കവുമില്ല. ഇതിനായി ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായാല്‍ നടപടി വൈകില്ല. 12 കിലോ റാഗി, 3 കിലോ മുതിര, നാല് കിലോ അരി, 150 ഗ്രാം ഉപ്പ്, 100 ഗ്രാം ശര്‍ക്കര, 100 ഗ്രാം മിനറല്‍ മിക്‌സചര്‍, 2 തേങ്ങ, രണ്ട് കരിമ്പിന്‍ തണ്ട് എന്നിവയടങ്ങിയതാണ് ആനകള്‍ക്കായി ഇവിടെ ദിവസവും തയ്യാറാക്കുന്ന ഭീമന്‍ ഭക്ഷ്യ ഉരുളകള്‍. ആനകളുടെ പ്രായത്തിന് അനുസരിച്ച് ഇതില്‍ ചെറിയ മാറ്റം വരാം. മദപ്പാട് സമയത്തും അല്ലാത്ത സമയങ്ങളിലും സുഖ ചികിത്സയും ഇവിടെയുണ്ട്. വര്‍ഷത്തിലും ഇവിടെ നടക്കുന്ന ആനയൂട്ടും പ്രസിദ്ധമാണ്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിമാരൊക്കെ ആനയൂട്ടിനായി ഈ സമയങ്ങളില്‍ ഇവിടെ എത്താറുണ്ടായിരുന്നു. വേനല്‍ കനക്കുമ്പോള്‍ ശരീരം തണുപ്പിക്കാനുള്ള ജലാശയങ്ങളും കാടിനുള്ളില്‍ ഇവര്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. ആനപിടുത്തത്തിന്റെ ചരിത്രം യുഗങ്ങളോളം പഴക്കമുള്ളതാണ്. ചരിത്രാതീത കാലം മുതല്‍ ആനകള്‍ മനുഷ്യനുമായി ഇണങ്ങിയതിന്റെ കഥകളുണ്ട്. 1977 ലെ നിയമം മൂലമാണ് ആനപിടുത്തം രാജ്യത്ത് നിരോധിക്കപ്പെടുന്നത്. കാട്ടില്‍ ഒറ്റപ്പെടുന്നതും നാട്ടിലിറങ്ങി നാടിന് ഭീഷണയാകുന്നവയുമാണ് ഇന്ന് ഇവിടുത്തെ അംഗങ്ങള്‍. ശല്യക്കാരായ കാട്ടാനകളെ തുരത്തലും മറ്റുമാണ് കുങ്കിയാനകളുടെ പ്രധാന ജോലികള്‍. ഏത് കാട്ടുകൊമ്പന്‍മാരും ഈ കുങ്കിയാനകള്‍ക്ക് മുമ്പില്‍ അടിയറവ് പറയും. മുതുമലയിലെ ആനകളുടെ പാഠശാല കര്‍ക്കശമാണ്. ചിട്ടകള്‍ പഠിക്കാതെയും പാലിക്കാതെയും ഒരാളും ഇവിടെ വാഴില്ല. പണിയില്ലാത്ത കാലം തിന്നും കുളിച്ചും സുഖമായി കഴിയാം. ദിവസവും സഞ്ചാരികളെയും കാണാം. ആകെ കൂടി സുഖജീവിതം.
മുതുമലയിലെ ആനസവാരി

കാടിന് ഒത്ത നടുവിലാണ് മുതുമല നാഷണല്‍ പര്‍ക്കെന്നു പറയാം. കര്‍ണ്ണാടകയിലെ ബന്ദിപ്പൂരിനും കേരളത്തിലെ വയനാടിനും ഏറ്റവും അടുത്ത സഥലം. ദക്ഷിണേന്ത്യയില്‍ ആനസവാരിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണിത്. ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇതിനായി മാത്രം ഇവിടെയെത്തുന്നത്. വലിയ താപ്പാനകളുടെ മുകളില്‍ കയറി കാടിലൂടെ ഒരു യാത്രയാകാം. പുറമെ നിന്നുള്ളവര്‍ മുതുമല എന്ന പേരിലറിയപ്പെടുമ്പോഴും തെപ്പക്കാടെന്നാണ് തമിഴ്ജനത ഈ സ്ഥലത്തെ വിശേഷിപ്പിക്കുക. 688 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇവിടെ വനം വ്യാപിച്ചുകിടക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട മോയാര്‍ നദിയും നീലിഗിരി മലനിരകളുമാണ് മുതുമലയ്ക്ക് അതിരിടുന്നത്. കൂനൂര്‍, ഊട്ടി, പൈക്കാറ കോടനാട് വ്യപോയിന്റ് എന്നിവയെല്ലാം കാണുന്നതിനൊപ്പം മുതമുല കൂടി യാത്രികര്‍ സന്ദര്‍ശിക്കുന്നു.
മുതുമലയില്‍ സീസണ്‍ പ്രമാണിച്ച് ഇടതടവില്ലാതെ കാടിനുള്ളിലേക്ക് സഫാരി ട്രിപ്പുകള്‍ നടത്തുന്നുണ്ട്. മുപ്പത് പേര്‍ക്ക് ഒരേസമയം യാത്രചെയ്യാന്‍ കഴിയുന്ന വാനുകളാണ് ഇവിടെ നിന്നും കാടിനുള്ളിലേക്ക് പോവുന്നത്. ഓരോ ബസ്സും പുറപ്പെട്ട് കഴിഞ്ഞ് അരമണിക്കൂര്‍ വ്യത്യാസത്തിനാണ് മറ്റൊരു വാഹനം പുറപ്പെടുക. വനത്തിനുള്ള കോര്‍ ഏരിയകള്‍ ഒഴിവാക്കി നിശ്ചിത സഞ്ചാരപാതകള്‍ പിന്നിട്ട് ഓരോ വാഹനവും തിരികെയെത്തും. സ്വകാര്യ വാഹനങ്ങളെ വനത്തിനുള്ളിലേക്ക് പഴയതുപോലെ ഇപ്പോള്‍ കടത്തിവിടുന്നില്ല. വൈകീട്ട് ആറുമണിവരെയാണ് കാടിനുള്ളില്‍ സഫാരിയുള്ളത്. ഇതിനായി ഒരാള്‍ക്ക് 340 രൂപയാണ് ഇപ്പോള്‍ മുതുമല വന്യജീവി സങ്കേതം ഈടാക്കുന്നത്. ഈയടുത്ത കാലത്താണ് സഫാരി ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തിയതെന്ന് ഇവിടുത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. എങ്കിലും വനത്തിനുള്ളിലേക്കുള്ള ട്രിപ്പുകള്‍ സഞ്ചാരികളെ ഒരിക്കലും നിരാശരാക്കില്ലെന്നാണ് ഇവരുടെ അഭിപ്രായം. കടുവയടക്കമുള്ള മൃഗങ്ങള്‍ ഭാഗ്യം പോലെ കണ്ണില്‍പ്പെടാം. ആന, കാട്ടുപോത്ത് എന്നിവയെല്ലാം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ടിക്കറ്റ് കൗണ്ടറിന് അരികിലായി സ്ഥാപിച്ചിരിക്കുന്ന വൈറ്റ് ബോര്‍ഡില്‍ വന്യമൃഗങ്ങളുടെ ലാസ്റ്റ് സീയിങ്ങ് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്തു വെച്ചിരിക്കുന്നത് കാണാം. ദിവസവും സമയവുമെല്ലാം എഴുതിയ കണക്കില്‍ സഞ്ചാരികളുടെ കണ്ണില്‍പ്പെട്ട കടുവകളുടെ എണ്ണവുമുണ്ട്. വനാന്തര്‍ഭാഗത്തുകൂടിയുള്ള യാത്രയില്‍ മൃഗങ്ങള്‍ കൂട്ടമായി മേയുന്ന കാഴ്ചകള്‍ അപൂര്‍വ്വമല്ല. മഴ പെയ്ത് കിളിര്‍ത്ത പുഴയോരങ്ങള്‍ മുതല്‍ കാട്ടുവഴികളെല്ലാം വന്യമൃഗങ്ങളുടെ മേച്ചില്‍പുറങ്ങളാണ്.
രാവിലെ 7 മുതല്‍ 8 വരെയും വൈകീട്ട് 4 മുതല്‍ 5 വരെയുമാണ് ഇവിടെ ആനസവാരിയുള്ളത്. 1500 രൂപയാണ് ഇതിന് ഈടാക്കുന്നത്. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ആനപ്പുറത്ത് പ്രത്യേകമായ തയ്യാറാക്കിയ ഇരിപ്പിടത്തില്‍ ഇരുന്ന് ചുറ്റിയടിക്കാനാവുക. മഴക്കാറുകളും മറ്റും ഉണ്ടെങ്കില്‍ ആനസാവാരി ഉണ്ടാകില്ല. ചരിത്ര പ്രസിദ്ധമായ ആനപന്തിയും ഇവിടെയുണ്ട്. രാവിലെ 8.30 മുതല്‍ 9 വരെയും വൈകീട്ട് 5.30 മുതല്‍ 6 വരെയുമാണ് ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളത്. ഒരാള്‍ക്ക് മുപ്പത് രൂപയാണ് പ്രവേശന ഫീസായി തമിഴ്‌നാട് വനം വകുപ്പ് ഈടാക്കുന്നത്.

പരിസ്ഥിതി സൗഹൃദവഴികള്‍
1940 ല്‍ മദ്രാസ് പ്രസിഡന്‍സിയാണ് 62 ചതുരശ്ര കിലോമീറ്റര്‍ വനമേഖല ദേശിയ പാര്‍ക്കായി പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ 108 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ദേശിയ ഉദ്യാനമായി പരിഗണിച്ചിട്ടുള്ളത്. എന്നും തണുപ്പു പുതയുന്ന ഊട്ടിയിലേക്കുള്ള വഴിമധ്യേയാണ് മുതുമലയുള്ളത്. ഗുഡല്ലൂരില്‍ നിന്നും അല്‍പ്പം മുന്നോട്ടുപോയാല്‍ ഇടതുഭാഗത്തായി മുതുമല വന്യജീവി സങ്കേതത്തിലേക്കുള്ള പ്രവേശനകാവാടം കാണാം. ട്രൈ ജംഗ്ഷന്‍ എന്നാണ് പൊതുവെ മുതുമല വന്യജീവി സങ്കേതം അറിയപ്പെടുക. മൂന്നു സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനത്തായുള്ള ഈ സങ്കേതത്തില്‍ സീസണായാല്‍ തമിഴ് മലയാളം കന്നഡ ടൂറിസ്റ്റകളുടെ പ്രവാഹമാണ്. വയനാട്ടില്‍ വനകേന്ദ്രീകൃതമായ ടൂറിസം തുടങ്ങുന്നതിന് പതിറ്റാണ്ടുകള്‍ മുമ്പേ ഈ കേന്ദ്രം ഉണര്‍ന്നുകഴിഞ്ഞിരുന്നു. 800 മുതല്‍ 2000 മില്ലിമീറ്റര്‍ വരെയാണ് ഇവിടെ വര്‍ഷപാതമുള്ളത്. അതുകൊണ്ടുതന്നെ പച്ചപ്പ് നിറഞ്ഞ കാടുകള്‍ മുതുമലയുടെ പ്രത്യേകതയാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം നല്ല തണുപ്പിന്റെ പിടിയിലമരുക. ശീതകാലത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുക. പശ്ചിമഘട്ടത്തിലെ ഇനിയും മരിക്കാത്ത മഴക്കാടുകളുടെ പച്ചപ്പുകള്‍ തന്നെ മതിയാവും സഞ്ചാരികളുടെ മനം കവരാന്‍. ചുരുങ്ങിയ ചെലവില്‍ ഇവിടെ വനംവകുപ്പിന്റെ അതിഥി മന്ദിരങ്ങളും സഞ്ചാരികള്‍ക്ക് ലഭ്യമാകും. ഓണ്‍ലൈനില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം.
Content Highlights: Mudumalai Tiger Reserve Theppakadu Elephant Camp travel elephant safari
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..