താഴ്‌വാരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം; സ്വപ്‌നതുല്യമായ കാഴ്ചകളുള്ള ഇന്ത്യൻ ഡെസ്റ്റിനേഷനുകൾ


4 min read
Read later
Print
Share

നുബ്ര താഴ്‌വര | ഫോട്ടോ ഷാനവാസ് എം.എ

ര്‍വതങ്ങളും വനങ്ങളും മരുഭൂമികളുമെല്ലാം പോലെ അതിമനോഹരമായ താഴ്‌വരകളാലും സമ്പന്നമാണ് നമ്മുടെ രാജ്യം. ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി ഏകാന്തമായ യാത്രാനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് ഈ താഴ്‌വരകളോളം മികച്ച ഡെസ്റ്റിനേഷനുകളുണ്ടാകില്ല. പകരംവെക്കാനില്ലാത്ത യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇന്ത്യയിലെ അതിമനോഹരമായ താഴ്‌വരകളില്‍ ചിലത് പരിചയപ്പെടാം.

പാര്‍വതി താഴ്‌വര

ട്രെക്കിങ് പ്രേമികള്‍ക്ക് ഏറെ പരിചയപ്പെടുത്തലൊന്നും വേണ്ടാത്ത സ്ഥലമാണ് ഹിമാചല്‍ പ്രദേശിലെ പാര്‍വതി താഴ്‌വര. മനംമയക്കുന്ന കാഴ്ചകളുടെയും അതിശയിപ്പിക്കുന്ന സൂര്യാസ്തമയങ്ങളുടെയും നാടാണിത്. പാര്‍വതി നദി ഹിമാലയത്തിലൂടെ ചുറ്റിസഞ്ചരിച്ച് പാര്‍വതി വാലി എന്നറിയപ്പെടുന്ന മനോഹരമായ ഒരു താഴ്‌വരയെ സൃഷ്ടിച്ചിരിക്കുകയാണിവിടെ. പാര്‍വതി നദിയുടെ തീരത്ത് കൂടി ഹിമാലയന്‍ ഭംഗി ആസ്വദിച്ചുള്ള യാത്ര അവസാനിക്കുന്നത് കസോളില്‍ ആണ്. യുവാക്കളും ഹിപ്പികളും ധാരാളമായി എത്തുന്നതിനാല്‍ ഇന്ത്യയുടെ ആംസ്റ്റര്‍ഡാം എന്നും ഈ താഴ്‌വര അറിയപ്പെടുന്നു. മനോഹരമായ ഗ്രാമങ്ങളാണ് പാര്‍വതി വാലിയുടെ പ്രധാന ആകര്‍ഷണം. പുല്‍ക, തല്‍ഗ, കല്‍ഗ ഗ്രാമങ്ങളുടെ ഭംഗി ആവോളം ആസ്വദിക്കാം. മണികിരണ്‍, രുദ്രനാഗ് വെള്ളച്ചാട്ടം, ഖീര്‍ഗംഗ, തുണ്ഠഭുജ് എന്നിവയും കാണാം. വേനല്‍ക്കാലമാണ് എപ്പോഴും ഇവിടെയെത്താന്‍ ഏറ്റവും നല്ല സമയം. ഏപ്രില്‍, മേയ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഇവിടം സന്ദര്‍ശിക്കാം. ഈ സമയത്തെ കാലാവസ്ഥ നല്ലതാണ്. വിചിത്രമായ ഹിപ്പി കഫേകളാണ് മറ്റൊരു ആകര്‍ഷണീയത. അതിമനോഹരമായ സംഗീതവും രുചികരമായ ഭക്ഷണവും ലഹരികളുമെല്ലാം നല്‍കി ഇവ യാത്രികരെ ആനന്ദിപ്പിക്കും. പച്ചപ്പ് നിറഞ്ഞ വനങ്ങളും തിളങ്ങുന്ന അരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാം ട്രെക്കിങിന് ഏറ്റവും മികച്ച ഇടങ്ങളിലൊന്നായി പാര്‍വതി താഴ്‌വരയെ മാറ്റുന്നു. ഏറെ അപകടങ്ങള്‍ പതിയിരിക്കുന്ന സ്ഥലം കൂടിയാണിത്. അപകടകരമായ സാഹചര്യങ്ങളില്‍ നിരവധി ട്രെക്കര്‍മാരെ ഇവിടെ കാണാതെയായിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ ഭുന്തറിലേക്കും അവിടെ നിന്ന് വാലിയിലേക്കും റോഡ് മാര്‍ഗം വരുന്നതാണ് പാര്‍വതി താഴ്വരയിലെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം.

നുബ്ര താഴ്‌വര

നുബ്ര താഴ്‌വര | ഫോട്ടോ കാജിന്‍ കെ

പേരുകേട്ടാല്‍ വിദേശത്തുള്ള സ്ഥലമായി തോന്നാമെങ്കിലും ലഡാക്കിലെ ഏറെ സവിശേഷതകളുള്ള താഴ്‌വരയാണ് നുബ്ര. ദിസ്‌കിത് മൊണാസ്ട്രിയും ഹുണ്ടാര്‍ മണല്‍കൂനകളും ടുര്‍ടുക് ഗ്രാമവും ചൂടുനീരുറവകളുമെല്ലാമുള്ള ലഡാക്കിലെ അതിമനോഹരമായ പ്രദേശം. വ്യത്യസ്തമായ ഭൂപ്രകൃതിയും ജീവജാലങ്ങളുമെല്ലാമുള്ള ഈ താഴ്‌വരയുടെ ഭംഗി കണ്ടറിയുകതന്നെ വേണം. ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് നുബ്ര താഴ്‌വര. ഖര്‍ദുങ് ലാ എന്ന ചുരത്തിലൂടെയാണ് നുബ്രയിലെത്തുക. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിന്‍ ഈ താഴ്‌വരയുടെ വടക്ക് ഭാഗത്താണ്. ഹിമാലയന്‍ മലനിരകളിലൂടെ ഷ്യോക് നദിയും നുബ്ര നദിയും ഒഴുകി രൂപപ്പെട്ട മലയിടുക്കാണ് നുബ്ര താഴ്‌വര. വേനല്‍ക്കാലത്ത് ഇവിടം പൂക്കളുടെ താഴ്‌വരയായി മാറും. ദിസ്‌കിത് ആണ് നുബ്രയിലെ പ്രധാന പട്ടണം. ദിസ്‌കിത് മൊണാസ്ട്രിയിലെ 32 മീറ്റര്‍ ഉയരമുള്ള ബുദ്ധ ശില്‍പം പ്രധാന കാഴ്ചകളിലൊന്നാണ്. ഏത് സീസണിലും വരാമെങ്കിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളുമാണ് ഏറ്റവും അനുയോജ്യമായ സമയം. താഴ്‌വര പൂര്‍ണമായി ആസ്വധിക്കാന്‍ രണ്ട് ദിവസമെങ്കിലും വേണം. താഴ്‌വരയിലേക്ക് പ്രവേശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമാണ്. ഇത് ലേയിലെ ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും.

വാലി ഓഫ് ഫ്‌ളവേഴ്‌സ്

ഉത്തരാഖണ്ഡ് ഹിമാലയത്തിലെ ദേശീയ ഉദ്യാനമായ വാലി ഓഫ് ഫ്‌ളവേഴ്‌സ് പുല്‍മേടുകളാലും ആകര്‍ഷകവും വൈവിധ്യമാര്‍ന്നതുമായ സസ്യജന്തുജാലങ്ങളാലും പ്രശസ്തവുമാണ്. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ചമോലി ജില്ലയിലാണ് വാലി ഓഫ് ഫ്‌ളവേഴ്‌സ്. പതിനായിരത്തിലധികം സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടം സന്ദര്‍ശിക്കുന്നത്. യുനെസ്‌കോ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടതാണ് 10,000 അടി ഉയരത്തിലുള്ള താഴ്വര. 87.5 ചതുരശ്ര അടിയാണ് വിസ്തൃതി. 500 ഇനം പൂക്കളാണ് ജൂണ്‍ ഒക്ടോബര്‍ മാസങ്ങളില്‍ ഇവിടെ പൂവിടുന്നത്. ഇതില്‍ 12 തരം പൂക്കള്‍ ഈ മാസങ്ങളില്‍ സദാ പൂവിട്ടുകൊണ്ടിരിക്കും. ഒക്ടോബര്‍ 31വരെ താഴ്വര സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. പൂക്കള്‍ക്കൊപ്പം ഹിമാലയന്‍സൗന്ദര്യവും ആസ്വദിക്കാമെന്നതാണ് താഴ്വരയെ പ്രിയങ്കരമാക്കുന്നത്. 1931 ല്‍ പര്‍വ്വതാരോഹകരായ ആറംഗ സംഘം ഇവിടെത്തുകയും അവര്‍ ഇതിനു വാലി ഓഫ് ഫ്ളവേഴ്സ് എന്ന് പേരിടുകയും ചെയ്തു. പിന്നീട് കൂട്ടത്തില്‍ ഉണ്ടായിരുന്ന സ്മിത്ത് എന്ന സഞ്ചാരി വാലിയെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും ഈ മാന്ത്രിക ലോകത്തെ പുറംലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. ശൈത്യകാലത്ത് മഞ്ഞു മൂടിക്കിടക്കുന്ന ഈ താഴ്വര ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ കടും വര്‍ണത്തില്‍ ചാലിച്ച പൂക്കളുടെ പുതപ്പണിഞ്ഞു അതിസുന്ദരിയായി മാറുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ഹിമാലയത്തിലെ ഗഢ്വാള്‍ മലനിരകളിലെ സാസ്‌കാര്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന ഈ താഴ്‌വരയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 1982 ല്‍ 'റിപ്പബ്ലിക്ക് പാര്‍ക്ക്' എന്ന് നാമകരണം ചെയ്തു. അങ്ങനെ ഇതൊരു ദേശീയ ഉദ്യാനമാക്കി മാറ്റി. 2005 ല്‍ 'നന്ദാദേവി ആന്‍ഡ് വാലി ഓഫ് ഫ്‌ളവേഴ്‌സ് നാഷണല്‍ പാര്‍ക്ക്' എന്നു പുനര്‍നാമകരണം ചെയ്തു. ഇതുള്‍പ്പെടുന്ന നന്ദാദേവി ജൈവവൈവിധ്യ മണ്ഡലം യുനെസ്‌കോയുടെ വേള്‍ഡ് നെറ്റ് വര്‍ക്ക് ഓഫ് ബയോസ്ഫിയര്‍ റിസെറ്വ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

അരകു താഴ്‌വര

ഫോട്ടോ: വിനയന്‍ കെ.ആര്‍

ആന്ധ്രാപ്രദേശിലെ ഒരാദിവാസി മലയോര നഗരമായ അരകു താഴ്‌വരയ്ക്ക് 'ആന്ധ്രയിലെ ഊട്ടി' എന്നൊരു വിശേഷണം കൂടിയുണ്ട്. ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളും ആദിവാസികളാണ്. ഇവിടത്തെ ക്യാമ്പിങ്ങും ടെന്റ് ഹൗസുകളും നൈറ്റ് ലൈഫും ഏറെ പ്രസിദ്ധമാണ്. ചുരങ്ങളും കാപ്പിത്തോട്ടങ്ങളും താഴ്‌വാരങ്ങളുമൊക്കെയായി മനംനിറക്കുന്ന കാഴ്ചകളാണ് അരകുവിലുള്ളത്. കാപ്പി മ്യൂസിയവും ട്രൈബല്‍ മ്യൂസിയവും പദ്മാപുരം ബൊട്ടാണിക്കല്‍ ഗാര്‍ഡനും ശ്രദ്ധേയമാണ്. ആന്ധ്രയുടെ പതിവ് ചൂടില്‍ നിന്നും മാറി തണുപ്പുള്ള പ്രദേശമായതുകൊണ്ട് ആന്ധ്രയുടെ ഊട്ടി എന്നും അരകു വാലി അറിയപ്പെടുന്നുണ്ട്. കാടിനു നടുവിലെ ചാപാറൈ വെള്ളച്ചാട്ടവും മനോഹരമാണ്. അരകുവിന്റെ സൗന്ദര്യം ഒറ്റയടിക്കു കാണമങ്കില്‍ പോകാന്‍ പറ്റിയ ഇടമാണ് ഗലികൊണ്ട വ്യൂ പോയന്റ്.

സ്പിതി വാലി

സ്പിതി എന്ന വാക്കിന് 'ഇടയ്ക്കുള്ള ഇടം' എന്നാണ് അര്‍ഥം. ഇന്ത്യക്കും ടിബറ്റിനുമിടയിലെ ഈ മനാഹരമായ താഴ്‌വര പ്രകൃതിഭംഗിയാല്‍ അനുഗ്രഹിക്കപ്പെട്ട ഇടമാണ്. ഏകാന്തത തേടുന്നവര്‍ക്കും സാഹസികര്‍ക്കും സ്പിതി ഒരു സ്വര്‍ഗമാണ്. ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൊന്നായ ഇവിടം മലയിടുക്കളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. 18,300 അടി വരെ ഉയരത്തില്‍ കടന്നുപോകുന്ന ഏറ്റവും വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ ട്രെക്കിംഗുകളില്‍ ഒന്നാണ് സ്പിതിയിലേക്കുള്ളത്. മനോഹരമായ മലയിടുക്കുകളും അവയ്ക്കിടയിലൂടെയുള്ള ചെറു അരുവികളും ടാറി ടാത്ത ചെറിയ ഇടവഴികളും താണ്ടിയുള്ള ട്രെക്കിങ്ങിനൊടുവില്‍ എത്തിച്ചേരുക സ്വപ്‌നതുല്യമായ ഈ താഴ്‌വരയിലേക്കായിരിക്കും.പുരാതനമായ ബുദ്ധ വിഹാരങ്ങളും വിസ്മയിപ്പിക്കുന്ന ഗ്രാമഭംഗിയുമാണ് സ്പിതിയുടെ മറ്റ് പ്രത്യേകതകള്‍. സാഹസികര്‍ക്കായി റിവര്‍ റാഫ്റ്റിങ്, ട്രെക്കിങ്, പാരാഗ്ലൈഡിങ്, ക്യാമ്പിങ് തുടങ്ങിയ സാധ്യതകളുമുണ്ട്. അതിമനോഹരമായ ലാന്‍ഡ്‌സ്‌കേപ്പുകള്‍ ക്യാമ്പിങ് അനുഭവം സ്വപ്‌നതുല്യമാക്കും. സ്പിതി മുതല്‍ ലഡാക്ക് വരെയുള്ള ട്രെക്കിങ്ങിന് അനുയോജ്യമായ സമയം ജൂണ്‍ പകുതി മുതല്‍ ഒക്ടോബര്‍ വരെയാണ്.

Content Highlights: mountain valleys in India travel destinations

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tobacco

5 min

പുകയില അടര്‍ത്തുമ്പോള്‍ കയ്പ്പുള്ള നീര് വരും;സഹിക്കാനാകില്ല, ആഴ്ചകളോളം ആ കയ്പ്പ് കയ്യിലുണ്ടാകും

Sep 5, 2023


Chekadi
Premium

7 min

ഈ കാടു കടന്നാൽ യഥാർഥ വയൽനാടിന്റെ ചേലായി, വയലുകളുടെ സുഗന്ധമായി

Aug 10, 2023


kannadi bungalow

1 min

ബ്രിട്ടീഷ് വ്യവസായി 1886ല്‍ പണിത രമ്യഹര്‍മ്യം; പരപ്പാര്‍ഡാമില്‍ മുങ്ങിപ്പോയ കണ്ണാടി ബംഗ്ലാവ്

Jun 14, 2023


Most Commented