മൂകാമ്പിക സന്നിധിയിൽ നിന്നുള്ള കുടജാദ്രി കാഴ്ച
ഞാന്‍ ഭക്തനല്ല, ഒന്നുമല്ല. വിശേഷിച്ചൊരു 'വ്യവസ്ഥാപിത വിശ്വാസി'അല്ലെങ്കിലും കഴിഞ്ഞവര്‍ഷം ഒടുവില്‍ കോവിഡ് പടര്‍ന്നിറങ്ങുന്ന, നവരാത്രി പൂജവെപ്പ് തിരക്കുകളൊന്നുമില്ലാത്ത നാളുകളിലൊന്നില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോകാന്‍ പ്രേരിപ്പിച്ചതെന്താണ്? പലരും പറഞ്ഞുകേട്ടതുപോലെ ദേവി വിളിക്കുന്ന സമയമായതിനാലോ... തെറ്റുകുറ്റങ്ങളെ പൊറുത്ത് നല്ല മനുഷ്യനാവാന്‍ ശക്തി തരൂ എന്ന, ഏത് മതഗ്രന്ഥവും ചൊല്ലുന്ന പ്രാര്‍ഥനയാലോ.. വിഘ്നങ്ങളെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. പകര്‍ച്ചവ്യാധിയുടെ നിയന്ത്രണങ്ങള്‍, ആചാര-ആഘോഷങ്ങളൊന്നുമില്ലാത്ത ക്ഷേത്രകാലം, ബൈക്കപകടത്തില്‍പ്പെട്ട് മൂന്നുമാസം കിടപ്പിലായവന്റെ ഒറ്റയ്ക്കുള്ള സഞ്ചാരം. 'ലക്കും ദീനുക്കും വലിയ ദീന്‍''(നിനക്ക് നിന്റെമതം, എനിക്ക് എന്റെ മതം) എന്ന ഖുര്‍ആന്‍ വചനം സാഹോദര്യത്തിന്റെ ധൈര്യം പകര്‍ന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'ഞാന്‍ ശൂദ്രനാണ്' എന്ന വാക്കുകള്‍ക്ക് അഡിഗയുടെ 'അതിവിടെ പ്രസക്തമല്ല' എന്ന മറുവചനവും ഓര്‍മയില്‍ കൂട്ടായി. എല്ലാ പിറന്നാള്‍ ദിനത്തിലും യേശുദാസ് ഇവിടെ പാടാനെത്തുന്നതും യാത്രാ ഒരുക്കങ്ങള്‍ക്ക് ആരോഹണമിട്ടു. കുടുംബം, ജോലി, ഇഷ്ടനേരമ്പോക്കുകള്‍ എന്നിവകളില്‍നിന്ന് മാറി ഞാനിതാ, ഒന്നുമോര്‍ത്ത് ധൃതിപ്പെടുകയോ വ്യാകുലപ്പെടുകയോ ചെയ്യേണ്ടതില്ലാത്തൊരിടത്തേക്ക്... എന്നെ ആട്ടുകയോ അനുഗ്രഹിക്കുകയോ ചെയ്യാം. യാത്രകള്‍ക്ക് പറ്റിയതല്ല, പക്ഷേ, ഇതാണ് സമയം, അമ്മ വിളിച്ചിരിക്കുന്നു. എല്ലാം അമ്മ നേരത്തേ നിശ്ചയിച്ചതാണല്ലോ.
24 മണിക്കൂര്‍ മുന്‍പ് കോവിഡ്ബാധ'പരിശോധിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടി. ഒരു പുലര്‍കാല ഉണര്‍വില്‍ കോഴിക്കോട്ടുനിന്ന് രാവിലെ 6.10-ന് തിരുവനന്തപുരം മംഗലാപുരം തീവണ്ടിയില്‍ കാല്‍വെച്ചു. തീവണ്ടിയില്‍ അക്ഷരാര്‍ഥത്തില്‍ ഒറ്റയ്ക്ക്, ഒരു ബോഗിയില്‍. സ്വയം സംവദിക്കാന്‍, ആത്മപരിശോധന നടത്താന്‍ ഒറ്റയ്ക്കുള്ള യാത്രതന്നെ നല്ലത്. ജനലഴികളിലൂടെ തണുത്ത കാറ്റു വന്ന് ചെവിയില്‍ പറഞ്ഞു, ഖലീല്‍ ജിബ്രാന്റെ കാവ്യശകലം; 'ആരോടും പറയാതെ യാത്രചെയ്യുക/ആരോടും പറയാതെ നല്ലൊരു പ്രണയകാലം അസ്വദിക്കുക...'അതെ, ഒരര്‍ഥത്തില്‍ എല്ലാക്കാലവും പ്രണയകാലമല്ലേ...
മുല്ലപ്പൂമണം പരക്കുമെന്ന് പറഞ്ഞുകേട്ട ലോകമാന്യതിലക് എക്സ്പ്രസ്സില്‍ ഇരിക്കവേ ഇതുതന്നെയാണോര്‍ത്തത്. 11.10-ന് മംഗളൂരു എത്തിയ തീവണ്ടിയില്‍നിന്ന് ചാടിയിറങ്ങി പിടിച്ചതാണീ കണക്ഷന്‍ തീവണ്ടി. 12.40-ന് പുറപ്പെടും. മത്സ്യഗന്ധി എന്നും പേരുള്ള വണ്ടിയില്‍ ഇപ്പോള്‍ മീന്‍മണമില്ല, മുല്ലപ്പൂമണവുമില്ല. മനുഷ്യരുടെ ഗന്ധം മാത്രം.

മൂകാംബിക റോഡ് സ്റ്റേഷനെന്നും പേരുള്ള ബൈന്ദൂരില്‍ 3.30-ന് വണ്ടിയെത്തെി. ശൂന്യമായ സ്റ്റേഷനില്‍ ഏതാനും ഓട്ടോകള്‍ മാത്രം. ഒന്നില്‍ക്കയറി (വണ്ടിക്കൂലി കോഴിക്കോട്ടുനിന്ന് ഇവിടെ വരെയെത്താന്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍. വേറെ വഴിയില്ല, വണ്ടിയില്ല). 28 കിലോമീറ്റര്‍ ദൂരമുണ്ട് കൊല്ലൂരേക്ക്. ഇപ്പോഴധികം മലയാളികള്‍ വരുന്നില്ലെന്നും ഓട്ടം കുറവാണെന്നും മലയാളം കലര്‍ന്ന ഭാഷയില്‍ ഡ്രൈവര്‍. ഒക്കെ മാറിവരും എന്ന വിശ്വാസവും ഇടയ്ക്കിടെ... ഓടിയോടി ഓട്ടോ 4.30-ന് മൂകാംബിക സന്നിധിയിലെത്തിനിന്നു. ചുറ്റും ലോഡ്ജുകള്‍, ഏതാനും ഭക്ഷണ ശാലകള്‍, പിന്നെ അലയുന്ന പശുക്കള്‍. നേരത്തേ പറഞ്ഞുറപ്പിച്ച ലോഡ്ജില്‍ക്കയറി ക്ഷീണംമാറ്റി 5.15-ന് ക്ഷേത്രപ്രവേശനം. പ്രവേശനകവാടത്തില്‍ 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് കണ്ടില്ല. കോവിഡ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചു, ജാതി ചോദിച്ചില്ല. വലതുകാല്‍വെച്ച് ദേവീ സമക്ഷത്തേക്ക്. ഉയര്‍ന്നുനില്‍ക്കുന്ന ദീപസ്തംഭവും കൊടിമരവും, അടഞ്ഞ നട. എങ്കിലും 'അമ്മേ നമസ്‌കാരം''ഉള്ളിലുണര്‍ന്നു. ദര്‍ശനത്തിനുള്ള വരി ചെറുതായിരുന്നു. പ്രദോഷപൂജയ്ക്കായി നട തുറന്നു. കുപ്പായമഴിച്ച് (ആണുങ്ങള്‍ക്കായുള്ള ഈ ആചാരം ഇവിടെയുമുണ്ട്!) നാലമ്പലത്തില്‍ക്കയറി. ശ്രീകോവിലില്‍ നാല് കൈകളുമായി ദേവിയുടെ പഞ്ചലോഹ വിഗ്രഹം. സൂക്ഷിച്ചുനോക്കിക്കോളൂ. നിങ്ങള്‍ പൂര്‍ണമായും നിശ്ശബ്ദമായേക്കാം. തൊഴാം, തൊഴാതിരിക്കാം...അര്‍ച്ചകന് ദക്ഷിണ കൊടുക്കാം, കൊടുക്കാതിരിക്കാം...പ്രസാദം തരും, വാങ്ങാം, വാങ്ങാതിരിക്കാം... ഒന്നും നിര്‍ബന്ധിക്കപ്പെടാതെ, തികച്ചും ശാന്തമായി പുറത്തിറങ്ങി.

ദീപസ്തംഭത്തിനടുത്തുള്ള ദശദേവതാസ്ഥാനത്തുനിന്ന് മൊബൈല്‍ ഫോണ്‍ക്യാമറയില്‍ ദേവിയുടെ നേരേയുള്ള ഫോട്ടോയെടുത്തപ്പോള്‍, സുരക്ഷാ ജീവനക്കാരനെത്തി മലയാളത്തില്‍ പറഞ്ഞു; ''നേരേ ദേവിയുടെ ചിത്രമെടുക്കരുത്. ദേ, ഈ വശങ്ങളില്‍ നിന്നെടുത്തോ...'''ശബരിമല നട തുറക്കുമ്പോള്‍ മാധ്യമങ്ങളില്‍ വരാറുള്ള ചിത്രങ്ങളിലൊന്നും നേരേ പൊന്നമ്പലനാഥനിരിക്കുന്നത് കാണാറില്ലല്ലോ എന്ന സംശയത്തിനും അറുതിയായി.
ചുറ്റുമുള്ള ദേവകളെ കണ്ടുവണങ്ങാം. നേരേ തെക്കുകിഴക്ക് സുബ്രഹ്മണ്യന്‍, പിന്നെയിതാ സരസ്വതി. തീര്‍ച്ചയായും ആ മണ്ഡപപ്പടിയില്‍ നിങ്ങളൊന്നിരിക്കും. എന്തൊക്കെ വാക്കുകള്‍, വരികള്‍, വചനങ്ങള്‍ ഉള്ളിലൂടെ പ്രദക്ഷിണം ചെയ്തില്ല!
'സത്തേ ചിത്തേയാനന്ദം ബഹു ചിത്രമഹമ്മതി
കൊണ്ടേ, കൊണ്ടേ
മര്‍ത്ത്യതരോഗം ദാരിദ്ര്യം ജര, കത്തുംനാടും നാടകവും കൃതി
മുത്തേ നീ മൊഴികരുള്‍
മൊഴിപ്പൊരുളും
അമ്മേ മൂകാംബികേ...'
എന്ന വരികളോര്‍ക്കവെത്തന്നെ, 'ഇഖ്റഅ് ബിസ്മി റബ്ബിക്കല്ലദീ ഹലക്ക്' (വായിക്കുക, നിന്നെ സൃഷ്ടിച്ചവന്റെ നാമത്തില്‍) എന്ന, ഖുര്‍ ആനില്‍ ആദ്യം അവതരിച്ച ആയത്തും (സൂക്തം) ഉള്ളിലുണര്‍ന്നു. വാക്കുകളുടെയും വായനയുടെയും എഴുത്തിന്റെയും അലൗകികഭംഗി മനസ്സിലും നാവിലും എഴുതുന്നതോര്‍ത്ത് അദ്ഭുതം കൂറി. എത്രനേരമവിടെയിരുന്നെന്നറിഞ്ഞില്ല. എഴുന്നേല്‍പ്പിക്കാന്‍ ആരുമെത്തിയില്ല. 'അന്വേഷിച്ചലയുക, വിജ്ഞാനം നിനക്ക് വെളിപ്പെടും' എന്ന ബൈബിള്‍ വചനംകൂടി വന്നുതൊട്ടപ്പോള്‍ നിവര്‍ന്നു.
.jpg?$p=c206e17&&q=0.8)
ഗണപതി, ഹനുമാന്‍, വെങ്കട്ടരമണന്‍ തുടങ്ങിയ ദേവകളെ ചുറ്റിക്കണ്ട്, വടക്കുകിഴക്ക് വീരഭദ്രസ്വാമികളുടെ കണ്ണുകളുടെ രൗദ്രവുമേറ്റുവാങ്ങി, തൊട്ടടുത്ത കല്‍ക്കെട്ടില്‍ വിശ്രമിക്കവേ,''ഡും'' ചെണ്ടയുടെ ശബ്ദം. ഇടയ്ക്കിടെ കുഴല്‍വിളിയും... നോക്കിയപ്പോള്‍, അടുത്തിരിക്കുന്നയാള്‍ പറയുന്നു: ''അനുഗ്രഹമാണ്, അമ്മയുടെ. വൈകിയായാലും അതെത്തും''.''സന്ധ്യാവിളക്കുകള്‍ തെളിയിക്കുകയായി. ദീപസ്തംഭത്തില്‍ ഉയരത്തിലേക്ക് കയറിക്കയറി പരിപാലകര്‍ തിരികളില്‍ തീ കൊളുത്തവേ, തെളിയുന്ന അങ്കണം. ഒപ്പം മിന്നുന്ന മൊബൈല്‍ ക്യാമറകള്‍. സമയം 7.30, വീണ്ടും നട തുറക്കുന്നു; സലാം മംഗളാരതി. പടയോട്ടക്കാലത്ത് ടിപ്പു സുല്‍ത്താന്‍ കൊല്ലൂരിലെത്തിയ നേരത്താണ് ദേവിയുടെ പ്രദോഷപൂജ. ടിപ്പുവിന്റെ സംഘം ദേവിയുടെ ചൈതന്യം കണ്ട് സലാം പറയുകയും സ്വര്‍ണവും പണവും കാണിക്കയായി സമര്‍പ്പിക്കുകയും ചെയ്തുവത്രേ. പിന്നീടിത് സലാം പൂജയെന്ന് അറിയപ്പെട്ടു. 8.15-ഓടെ ദേവീവിഗ്രഹം തലയിലേറ്റി പുറത്തേക്കുവരുന്ന പൂജാരി. ഉയരുന്ന മന്ത്രണങ്ങള്‍. വണങ്ങുന്നവരുടെ തിരക്ക്. അത്താഴപൂജയ്ക്കുശേഷമുള്ള ശീവേലി എഴുന്നള്ളത്താണ്. വിഗ്രഹം സ്വര്‍ണപ്പല്ലക്കിലിരുത്തി മൂന്നുതവണ പ്രദക്ഷിണം. ഒപ്പം ചുറ്റിനമിക്കാന്‍ വെമ്പുന്നവര്‍. വിളക്കുപ്രകാശത്തില്‍ തിളങ്ങുന്ന രഥം, അതിനെക്കാളേറെ ഭക്തിയില്‍ തിളങ്ങുന്ന മനുഷ്യമുഖങ്ങള്‍... സമയം ഒന്‍പതുമണി കഴിഞ്ഞു. നടയടയ്ക്കാന്‍പോകുംമുന്‍പ് സര്‍വരോഗസംഹാരിയായ'കഷായം സേവിക്കാം. പലവിധ ഔഷധക്കൂട്ടുകള്‍ ചേര്‍ന്ന കഷായം കൈകളില്‍ വാങ്ങി വലിച്ചുകുടിക്കാം. അല്ലെങ്കില്‍, പുറത്തുനിന്ന് ഗ്ലാസ് വാങ്ങി സംഭരിക്കാം. ഇതാ നടയടച്ചു.
കുടജാദ്രിക്കുളിര്
''സൗപര്‍ണികാമൃത വീചികള്‍ പാടും, നിന്റെ സഹസ്രനാമങ്ങള്‍, പ്രാര്‍ഥനാതീര്‍ഥമാടും...'''എന്ന സിനിമാഗാനമോര്‍ത്ത് പിറ്റേന്ന് അതിരാവിലെ ഏതാനും കിലോമീറ്ററകലെയുള്ള സൗപര്‍ണികാനദിയിലേക്ക്. നേര്‍ത്ത ജലപ്രവാഹത്തില്‍ എത്രനേരം വേണമെങ്കിലും കിടക്കാം, മുങ്ങിനിവരാം. പുലര്‍കാലക്കുളിരില്‍ അതൊരു അധികനവോന്മേഷം. കൂടുതല്‍ ഉള്ളിലേക്കിറങ്ങിയില്ല. ചെറുചുഴികളുണ്ട്. കല്ലുകളിലെ വഴുക്കലില്‍ വീണാല്‍ ഒഴുക്കില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് പറഞ്ഞുതരാന്‍ ആ സമയം അവിടെയാരുമുണ്ടായിരുന്നില്ല. കുടജാദ്രിമല കയറി, ശങ്കരപീഠം ദര്‍ശിച്ച്, സര്‍വജ്ഞനാവണമെന്ന് ആ ഉണര്‍വില്‍ ഓര്‍ത്തു. പക്ഷേ, നാളുകള്‍ക്കുമുന്‍പ് ബൈക്കില്‍നിന്ന് വീണ് മൂന്നുമാസം കിടപ്പിലായ എനിക്കത് പറ്റുമോ? ജീപ്പുകാരോടന്വേഷിച്ചു. ഇവിടെനിന്ന് നാല്പതോളം കിലോമീറ്റര്‍ ദൂരമുണ്ട് മലമുകളിലേക്ക്. എന്തായാലും കുറെ നടക്കേണ്ടിവരും. ജീപ്പ് പോകുന്നുണ്ട്. കാത്തുനിന്നു. ഒരു കുടുംബമെത്തി. രാവിലെ 7.30-ഓടെ യാത്ര തുടങ്ങി. കുടുംബം എന്റെ പേര് ചോദിച്ചു. അടുത്തതവണ കുടുംബത്തെ കൊണ്ടുവരണമെന്ന് പറഞ്ഞു. മുപ്പതുകിലോമീറ്റര്‍ സാധാരണ റോഡുയാത്രചെയ്ത് കച്ചിഹോളെ ചെക്ക്‌പോസ്റ്റിലെത്തി. ഇനി പത്തുകിലോമീറ്റര്‍ യാത്ര കഠിനമാണെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്ന് യാത്രയില്‍ മനസ്സിലായി. നീളമുള്ള കുണ്ടും കുഴിയും വളവും തിരിവും കയറ്റവും ഇറക്കവുമുള്ള ചെങ്കല്‍റോഡ്. വണ്ടിയിലിരുന്ന് ആലോലമാടിത്തെറിക്കുന്ന യാത്രികര്‍. കൈയെത്തുന്ന കമ്പിയില്‍ മുറുകുന്ന പിടിത്തങ്ങള്‍. എത്രയോ ദുര്‍ഘടങ്ങള്‍ താണ്ടി മുകളിലെത്തിയ ശങ്കരാചാര്യരെ ഓര്‍ത്തു. ശങ്കരാചാര്യര്‍ ദേവിയെ നേരിട്ട് കണ്ടുവെന്ന് പറയുന്ന കുടജാദ്രി മൂലസ്ഥാനത്തെത്തിയപ്പോള്‍ സമയം ഒന്‍പത്. ഇവിടെ ക്ഷേത്രമുണ്ട്. കയറി നമിക്കാം, നമിക്കാതിരിക്കാം. ഇനിയങ്ങോട്ട് റോഡില്ല. നടന്നുകയറേണ്ട ഉയരങ്ങള്‍. ഒന്നരക്കിലോമീറ്റര്‍ ദൂരമുണ്ട് ശങ്കരപീഠത്തിലേക്ക്. രണ്ടുമണിക്കൂറിനുള്ളില്‍ തിരികെ ഇവിടെയെത്തണമെന്ന് ജീപ്പുകാരനും. ചെങ്കല്‍ വിണ്ടുകീറിയ ചെറുകയറ്റങ്ങള്‍, ഉരുളന്‍കല്ലുകള്‍, ചെറുകാടുകള്‍. കയറ്റത്തിന്റെ വശങ്ങളില്‍ കാറ്റുണ്ട്, കൊക്കയും. മനസ്സാന്നിധ്യം കൃത്യമല്ലെങ്കില്‍, അവ നിങ്ങളെ വീഴ്ത്തിയെടുക്കാം. അപ്പോളറിയാതെ മനസ്സും ശരീരവും ദൃഢമാവും. എപ്പോള്‍ വേണമെങ്കിലും വീണുതീരാവുന്ന ജീവന്‍ എന്നോര്‍ക്കവേ, നാം കൂടുതല്‍ വിനീതരാവും. 'ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്' എന്ന ക്രിസ്തുവചനം ഓര്‍ക്കുക. ദൈവം കൂടെയുള്ളവന് ഭയപ്പെടാനെന്തുണ്ട്!

ഇടയ്ക്കുള്ള നേര്‍സ്ഥലികളില്‍ കാറ്റുവന്ന് പുണരുന്നതറിയും. ചേര്‍ത്തുപിടിച്ച് നീയൊന്നുമല്ല എന്ന് നിശ്ശബ്ദം ശാസിക്കുന്ന അദൃശ്യമായ സാന്നിധ്യം'(എം.ടി. വാസുദേവന്‍ നായര്‍) അനുഭവിക്കും. മൊബൈല്‍ ഫോണ്‍ തുറന്നു. റേഞ്ചില്ല, സംസാരിക്കാനാവില്ല. ഫോട്ടോയെടുക്കാം. എടുത്തു. നമ്മുടെ ചിന്ത ഇപ്പോഴും താഴെയാണ്. മുകളിലിതാ, ശങ്കരപീഠം. കരിങ്കല്ലില്‍ത്തീര്‍ത്ത ചെറിയൊരു മണ്ഡപം. ശങ്കരാചാര്യരുടെ ശിലാവിഗ്രഹം പ്രതിഷ്ഠ, ശ്രീചക്രവും. പിന്നെ അനുഗ്രഹിക്കുന്ന കാറ്റും. അത് പറയുന്നു;
'അത് നീതന്നെയാകുന്നു'.''
കയറിയെത്തിയ ഏതാനും ചെറുപ്പക്കാര്‍ക്കുവേണ്ടിയും എനിക്ക് സ്വന്തമായി അഭിരമിക്കാനും ഫോട്ടോയെടുത്തു. ഇനി തിരിച്ചിറങ്ങണം. ജീപ്പ് പുറപ്പെടാനായി. കയറ്റംപോലെ ബുദ്ധിമുട്ടില്ലെന്ന് തോന്നുമെങ്കിലും ഇറക്കത്തിലാണ് വഴുതിവീഴാന്‍ കൂടുതല്‍ സാധ്യതയുള്ളത്. അമ്മയോട് നന്ദിപറഞ്ഞ് കൊല്ലൂര്‍ വിടാം. ഇനിയെങ്ങോട്ട്! വേണമെങ്കില്‍ പുറപ്പെട്ടിടത്തേക്ക്. പക്ഷേ, ഒരാള്‍കൂടി എന്നെ വിളിച്ചു.
ശിവനേ...! അറുപതുകിലോമീറ്റര്‍ ദൂരേയ്ക്കുള്ള പ്രാര്‍ഥനയാണിത്. ആലങ്കാരികഭംഗിയില്ലാത്ത ജടാമകുടധാരിയിലേക്ക്. ബൈന്ദൂര്‍, ഭട്കല്‍വഴി മുരുഡേശ്വരത്തെത്തി ശിവനെ കണ്ടു. ഉയര്‍ന്ന ശിരസ്സ്, പാതിയടഞ്ഞ കണ്ണുകള്‍, പദ്മാസനസ്ഥന്‍... കടല്‍നീലിമയുടെ പശ്ചാത്തലത്തില്‍ ശിവക്ഷേത്രസമുച്ചയം. ചുറ്റും ആനന്ദത്തിന്റെ തിരയിളക്കങ്ങള്‍, ബീച്ച്, ചിത്രമെടുക്കാന്‍ ഇരുപത് നിലയുള്ള രാജഗോപുരം. കൊല്ലൂരിലെ ആത്മീയാനുഭവത്തില്‍നിന്ന് നുരയിടുന്ന ഭൗതികാഘോഷങ്ങളിലേക്ക്. അമ്മയുടെ മുന്‍പില്‍ പറ്റാത്തത് ഇവിടെയാവാം. ശിവന്‍ ക്ഷമിക്കും, അമ്മ പൊറുക്കും.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: mookambika temple kollur travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..