ഔദ്യോ​ഗിക ഭാഷ സംസ്കൃതം, സംസാരിക്കുന്നത് ലിപിയില്ലാത്ത ഭാഷ; ഇങ്ങനെയൊരു ​ഗ്രാമമുണ്ട് ഇന്ത്യയിൽ


എഴുത്ത്: വി.ആർ. ​ഗ്രീഷ്മ | ചിത്രങ്ങൾ മധുരാജ്

തും​ഗാനദിയുടെ ഇരുകരയിലുമായി രണ്ടു​ഗ്രാമങ്ങൾ. സംസ്കൃതമാണ് ഇവിടുത്തെ ഔദ്യോ​ഗിക ഭാഷ. പരമ്പരാ​ഗത വസ്ത്രങ്ങളണിഞ്ഞ് വേദോച്ചാരണങ്ങളുമായി അ​ഗ്രഹാരങ്ങളെ അനുസ്മരിപ്പിക്കുന്ന വീടുകളിൽ കഴിയുന്ന കുറേ ​ഗ്രാമീണർ. കോലമെഴുതിയ ഇവിടുത്തെ നിരത്തുകളിലൂടെ നടക്കുമ്പോൾ കാലം പിന്നോട്ടോടുന്നതുപോലെ തോന്നും.

പ്രഭാതവന്ദനം അർപ്പിക്കാൻ തയ്യാറെടുക്കുന്നവർ | ഫോട്ടോ: മധുരാജ് മാതൃഭൂമി

സംസ്കൃതത്തെക്കുറിച്ചുള്ള ഓർമകൾ ഒരു പഴയ റേഡിയോ പെട്ടിയിൽ തുടങ്ങുന്നു. ദിനവും മുടങ്ങാതെ ഒരു ഘനഗംഭീര ശബ്ദം അതിൽനിന്ന് പുറത്തേക്കൊഴുകി. "സമ്പ്രതി വാർത്താഃ ശ്രുയന്താം പ്രവാചകഃ ബലദേവാനന്ദ സാഗരഃ. ഒരക്ഷരം പോലും മനസ്സിലാവില്ലെങ്കിലും വീട്ടിലെല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു സംസ്കൃതത്തിലുള്ള ഈ റേഡിയോവാർത്ത. എന്നും കേൾക്കുന്നതിനാൽ ഞങ്ങൾ കുട്ടികൾക്ക് അത് കാണാപാഠമായിരുന്നു. കളിക്കുമ്പോൾ ചിലപ്പോഴെല്ലാം ഒരു പാട്ടു പോലെ ഞങ്ങൾ അത് പാടിനടന്നു. പിൽക്കാലത്ത് റേഡിയോ വീടിന്റെ ഒരു മൂലയിൽ പൊടിപിടിച്ചു കിടന്നു. വേദഭാഷയെക്കുറിച്ചുള്ള അറിവും ആ വാർത്താ പാരായണം കേൾക്കുന്നതിനപ്പുറത്തേക്ക് വളർന്നില്ല.

വർഷങ്ങൾക്കുശേഷം മത്തൂരുവിലെ തെരുവുകളിലൂടെ നടക്കുമ്പോഴാണ് ആകാശവാണിയിലൂടെ അന്നു കേട്ട സംസ്കൃതവാർത്ത വീണ്ടും ഓർത്തത്. ഇന്ത്യയിൽ സംസ്കൃതം ഔദ്യോഗികഭാഷയായി നിലനിൽക്കുന്ന അപൂർവം ഗ്രാമങ്ങളിൽ രണ്ടെണ്ണം കർണാടകയിലെ ഷിമോഗയ്ക്ക് അടുത്താണ്. മത്സരവും ഹൊസഹള്ളിയും തുംഗാനദിയുടെ ഇരുകരയിലുമായുള്ള ഈ ഗ്രാമങ്ങളിൽ വേദഭാഷ വേരറ്റുപോകാതെ നിൽക്കുന്നു.

പുലർച്ചെയാണ് മത്തൂരുവിൽ എത്തിയത്. നനഞ്ഞ കോലങ്ങൾ അണിഞ്ഞ തെരുവ് വിജനമായിരുന്നു. ഓടുമേഞ്ഞ വീടുകൾ, പഴക്കം ചെന്ന മരത്തൂണുകൾ അവയെ ചുമലിലേറ്റുന്നു. രണ്ടായി തുറക്കുന്ന മുൻവാതിലിലൂടെ നോക്കിയാൽ ഒരേ നിരയായുള്ള വാതിലുകൾക്കപ്പുറം വീടിന്റെ മറുപുറം കാണാം. വീടുകൾക്ക് അതിരോ മതിലോ ഇല്ല. ആദ്യ കാഴ്ചയിൽ പാലക്കാട്ടെ കൽപ്പാത്തിയോടാണ് മത്തൂരുവിന് സാദൃശ്യം.

Mattur

“എങ്ങോട്ടാണ് പോകേണ്ടത്? '' വഴിയിലൂടെ നടന്നുവന്ന ഒരു ചെറുപ്പക്കാരൻ ചോദിച്ചു. പുറമെനിന്ന് വന്നവരാണെന്ന് മനസ്സിലാക്കിയതു കൊണ്ടാകണം ഇംഗ്ലീഷിലാണ് അയാൾ സംസാരിച്ചത്. വെള്ളമുണ്ടും ഉത്തരീയവുമാണ് വേഷം, നെറ്റി മറയ്ക്കുന്ന ഭസ്മക്കുറി. കൈയിലെ തളികയിൽ പഴങ്ങളും പൂജാദ്രവ്യങ്ങളും ഉണ്ട്. മറുകൈയിൽ ഒരോട്ടുമൊന്തയിൽ വെള്ളവും. എന്താണ് മറുപടി പറയേണ്ടതെന്ന് ഒരു നിമിഷം സംശയിച്ചു. “പ്രത്യേകിച്ച് ആരെയും കാണാനായല്ല വന്നത്. ഈ ഗ്രാമത്തെക്കുറിച്ച് കേട്ടറിഞ്ഞു വന്ന സഞ്ചാരികളാണ്.'' മറുപടി അയാളെ സന്തോഷിപ്പിച്ചു എന്നു തോന്നുന്നു. ഈ ഗ്രാമത്തെക്കുറിച്ച് പറഞ്ഞു തരാൻ പറ്റിയ ആൾ വെങ്കിടേഷ് അവധാനിയാണെന്നും അദ്ദേഹത്തിന്റെ വീട് ഗ്രാമത്തിന്റെ മറ്റൊരു ഭാഗത്താണെന്നും അയാൾ പറഞ്ഞു.

“നിങ്ങളെ ഞാൻ എന്റെ വാഹനത്തിൽ അവിടെ കൊണ്ടുവിടാം.'' അയാൾ ക്ഷണിച്ചു. “ഞങ്ങൾക്ക് ഈ ഗ്രാമം നടന്നു കാണണമെന്നാണ് ആഗ്രഹം.'' ഇതു കേട്ടപ്പോൾ ചിരിച്ചുകൊണ്ട് അയാൾ വഴി പറഞ്ഞുതന്നു. വഴിതെറ്റുന്നില്ലെന്ന് ഉറപ്പിക്കാനായി ഞങ്ങൾ നടന്നകലുന്നതും നോക്കി തെല്ലിട അവിടെ തന്നെ നിന്നു. വെങ്കിടേഷ് അവധാനിയുടെ വീട്ടിലേക്ക് നടക്കുമ്പോൾ വഴിയിൽ ആ ചെറുപ്പക്കാരനെ പോലെ പലരെയും കണ്ടുമുട്ടി. ചെറിയ ആൺകുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ. വേഷഭൂഷാദികളിൽ അവർ ഒരു പോലെയായിരുന്നു.

ഗൗരീശങ്കരമന്ദിറിനടുത്തു വെച്ചാണ് അന്നപൂർണയെ കണ്ടത്. ഐശ്വര്യം നിറഞ്ഞ മുഖം. വെള്ളിനിറമായ മുടിയിഴകൾ. കൈയിലൊരു രുദ്രാക്ഷമാലയുണ്ട്. മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ക്ഷേത്രത്തെ വലംവെക്കുകയാണ് അവർ. അടുത്തെത്തിയപ്പോൾ ഒരു പുഞ്ചിരി സമ്മാനിച്ചു. “തവ നാമ?'' അവർ ചോദിച്ചു. പേരു പറഞ്ഞപ്പോൾ അവർ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു. അതിനുള്ള ഉത്തരം നൽകാൻ അറിയാത്തതുകൊണ്ട് നിസ്സഹായയായി ചിരിച്ചു. അവർക്ക് കന്നഡയോ മറ്റേതെങ്കിലും ഭാഷയോ അറിയില്ലെന്നു തോന്നി.

ഗ്രാമത്തിലെ പ്രധാന ക്ഷേത്രമാണിത്. നാലു പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിനു പിന്നിലെ കൽപ്പടവുകൾ അവസാനിക്കുന്നത് തുംഗ നദിയിലാണ്. ഒരു വലിയ ആൽമരം നദിയിലേക്ക് തലചായ്ച്ചു നിൽക്കുന്നു. ആൽമരത്തിന്റെ ഇരുഭാഗത്തുമായി രണ്ടു കുളിക്കടവുകളുണ്ട്. രണ്ടു കൽത്തറകളും കൽത്തറയിലിരുന്ന് പ്രഭാതവന്ദനം അർപ്പിക്കുന്നവരും പുഴയിൽ മുങ്ങിക്കുളിക്കുന്നവരും നീന്തിത്തുടിക്കുന്ന കുട്ടികളും അവിടെയുണ്ടായിരുന്നു.

വെങ്കിടേഷ് അവധാനിയുടെ വീട്ടിലെത്തുമ്പോൾ കുട്ടിക്കണ്ണട വെച്ച് കുടുമ നീട്ടി വളർത്തിയ ഒരു ചെറുപ്പക്കാരൻ അകത്തുനിന്ന് ഇറങ്ങിവന്നു. അയാളും ഇംഗ്ലീഷിലാണ് സംസാരിച്ചത്. വെങ്കിടേഷ് അവധാനിയെ കാണണമെന്നു പറഞ്ഞപ്പോൾ അകത്തേക്കു ക്ഷണിച്ചു. ഇരിക്കാൻ നിലത്തു പായ വിരിച്ചു തന്നു. ധരിച്ചുവെച്ചതുപോലെ ഇത് വെങ്കിടേഷ് അവധാനിയുടെ വീടുമാത്രമല്ല. ഒരു പാഠശാല കൂടിയാണ്. ഗുരുകുല വിദ്യാഭ്യാസകാലത്തെന്നപോലെ ഇവിടെ ശിഷ്യർ ഗുരുവിനൊപ്പം താമസിച്ചു വേദപഠനം നടത്തുന്നു. വെങ്കിടേഷ് അവധാനിയും അദ്ദേഹത്തിന്റെ സഹോദരൻ കേശവ് അവധാനിയുമാണ് ഗുരുക്കൻമാർ

അഞ്ചുവർഷമാണ് പഠനത്തിന്റെ കാലാവധി. രാവിലെ പത്തു മുതൽ ഉച്ചവരെ ഇവർ ഗുരുവിന്റെ സാന്നിധ്യത്തിൽ വേദങ്ങൾ ഉരുവിട്ടു പഠിക്കുന്നു. ഉച്ചഭക്ഷണശേഷം ഒരു മുതിർന്ന ശിഷ്യന്റെ നേതൃത്വത്തിൽ വേദോച്ചാരണം തുടരുന്നു. എട്ടുപേരാണ് നിലവിൽ ഇവിടെ പഠിക്കുന്നത്. ശിഷ്യരെ പോലെ തന്നെ കുടുമ നീട്ടിവളർത്തിയ ഗൗരവക്കാരനായിരുന്നു വെങ്കിടേഷ് അവധാനി. തമിഴ്നാട്ടിലെ ചെങ്കോട്ട (Sengottai) യിൽ നിന്ന് 500 വർഷങ്ങൾക്കു മുൻപ് തുംഗയുടെ തീരത്തേക്ക് കുടിയേറിയ ബ്രാഹ്മണരാണ് തങ്ങളുടെ പൂർവികരെന്ന് അദ്ദേഹം പറഞ്ഞു. സംസ്കൃതമാണ് ഗ്രാമത്തിലെ ഔദ്യോഗികഭാഷയെങ്കിലും ആളുകൾ സംസാരഭാഷയായി കൂടുതലും ‘സങ്കേതി'യാണ് ഉപയോഗിക്കുന്നത്. സംസ്കൃതത്തിനൊപ്പം തമിഴും കന്നഡയും ചേർന്ന ഒരു സങ്കരഭാഷയാണിത്. ഇതിന് ലിപിയില്ല. സംസ്കൃതം പരിപോഷിപ്പിക്കാൻ വേണ്ടത്ര ശ്രമങ്ങൾ നടക്കുന്നില്ലെന്ന് വെങ്കിടേഷ് അവധാനി പറഞ്ഞ ഓലകളിൽ എഴുതിയ പഴയ സംസ്കൃതം കമ്പ്യൂട്ടറിന്റെ സഹായത്തോടെ പുതിയകാലത്തെ ലിപികളിൽ മാറ്റിയെഴുതി പാഠപുസ്തകങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. പാഠശാലയിലെ ശിഷ്യരെല്ലാം കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ പ്രാവീണ്യമുള്ളവരാണ്. മിക്കവർക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം. വേദം പഠിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ എടുക്കുന്നതിനോട് പക്ഷേ, വെങ്കിടേഷ് അവധാനിക്ക് താത്പര്യമില്ല.

പാഠശാലയിൽ നിന്ന് അല്പം മാറി മറ്റൊരിടത്ത് അദ്ദേഹത്തിന്റെ സഹോദരൻ കേശവ് അവധാനി ചെറിയ കുട്ടികളെ വേദം പഠിപ്പിക്കുന്നുണ്ട്. സ്കൂൾ സമയത്തിന് മുൻപ് കുറച്ചു സമയം വേദം പഠിക്കാനെത്തുന്നവരാണ് അത്. പാഠശാലയ്ക്കു പുറമേ സരസ്വതി വിദ്യാലയം എന്നൊരു സർക്കാർ വി ദ്യാലയവും മാത്തൂരിലുണ്ട്. അവിടെ രണ്ടാം ഭാഷയായി സംസ്കൃതമാണ് പഠിപ്പിക്കുന്നത്. സരസ്വതി വിദ്യാലയത്തിലെ പ്രധാന അധ്യാപകനായ ഗിരീഷിനെ വഴിയിൽ വെച്ചു കണ്ടു. അദ്ദേഹം അദ്ദേഹം സ്കൂളിലേക്ക് ക്ഷണിച്ചു. ഗ്രാമത്തിലെ വിദ്യാർഥികൾ മാത്രം പുറത്തു നിന്നുള്ള കുട്ടികളും അവിടെ സംസ്കൃതം പഠിക്കാൻ എത്തുന്നുണ്ട്. മരച്ചുവട്ടിലാണ് ഇന്നത്തെ ക്ലാസ്. രണ്ട് അധ്യാപികമാർ അവിടെയുണ്ട്. കുട്ടികൾ സംസ്കൃതത്തിൽ കീർത്തനങ്ങൾ പൊല്ലി. അധ്യാപികയുടെ സംസ്കൃതത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകി. ചക്കപ്പഴം കൊണ്ടുണ്ടാക്കിയ ഒരു ജ്യൂസും തന്നാണ് അവർ ഞങ്ങളെ യാത്രയാക്കിയത്.

Mattur 3
ശ്രീധർ ശർമയും കൂട്ടരും വേദപാഠശാലയിൽ | ഫോട്ടോ: മധുരാജ് \ മാതൃഭൂമി

തുംഗയുടെ കുറുകെ ഒരു തടയണയുണ്ട്. അതിലൂടെ നടന്ന് അക്കരെയെത്തിയാൽ ഹൊസഹള്ളിയായി. പുഴയിൽ കുട്ടികൾ കളിക്കുന്നു. ഫോട്ടോ എടുത്തപ്പോൾ അവർ പല പോസുകളിൽ പുഴയിലേക്കു ചാടി. മറ്റേതോ ഗ്രാമത്തിൽനിന്ന് വന്ന കുട്ടികളാണ് ഇവർ. മത്തൂരുവിന്റെ മറ്റൊരു മുഖമായിരുന്നു ഹൊസഹള്ളി. കുറേ കുട്ടികൾ അവിടുത്തെ തെരുവിൽ ക്രിക്കറ്റ് കളിക്കുന്നു. മത്തൂരുവിലേതു പോലെ പരമ്പരാഗത വസ്ത്രം അണി ഞ്ഞ കുട്ടികളും കൂട്ടത്തിലുണ്ട്. വെയിൽ മൂത്തപ്പോൾ കുട്ടികൾ കളി ക്ഷേത്രത്തിനുള്ളിലേക്ക് മാറ്റി. പ്രതിഷ്ഠയ്ക്ക് അഭിമുഖമായുള്ള ഹാളിൽ അവർ കളിതുടരുകയാണ്. പ്രതിഷ്ഠയും പിന്നിട്ട് പന്ത് അപ്പുറം പോയാൽ സിക്സർ. വെയിലത്ത് കളിക്കാൻ ഇതിലും നല്ല സ്ഥലം വേറെയില്ലെന്ന് വിശ്വജിത്തും അപ്രമേയയും പറഞ്ഞു.

ഞങ്ങൾക്ക് വേദം പഠിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ വേണമായിരുന്നു. സരസ്വതി വിദ്യാലയത്തിലെ സംസ്കൃതം ക്ലാസിൽ വെച്ചു പരിചയപ്പെട്ട അനന്ത് അവധാനിയാണ് അതിനൊരു അവസരം ഒരുക്കി തന്നത്. ഉച്ചതിരിഞ്ഞും പാഠശാലയിൽ വേദപഠനം ഉണ്ടാകുമെന്നും ആ സമയം ചിത്രങ്ങൾ പകർത്താമെന്നും അവൻ പറഞ്ഞു. അവൻ ഞങ്ങളെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയി. വെങ്കിടേഷ് അവധാനി അവിടെയില്ല. ശിഷ്യനായ ശ്രീധർ ശർമയുടെ നേതൃത്വത്തിലാണ് ഇപ്പോൾ പഠനം. ചിത്രങ്ങൾ എടുക്കുന്നതിൽ അവർ എതിർപ്പൊന്നും പറഞ്ഞില്ല. മുണ്ടും മേൽമുണ്ടും അടങ്ങുന്ന ഈ വസ്ത്രധാരണത്തെ പഞ്ച എന്നാണ് ഇവർ വിളിക്കുന്നത്. ലളിതമായ ജീവിതരീതിയോ തുടർച്ചയായ പഠനമോ ഒന്നും ഇവരെ മുഷിപ്പിക്കുന്നില്ല. വേദത്തെക്കുറിച്ച് അറിയാനും പഠിക്കാനും അത്രയേറെ ആഗ്രഹം ഉള്ളതിലാണ് പാഠശാലയിൽ ചേർന്നതെന്ന് ശ്രീധർ ശർമ പറഞ്ഞു. മടങ്ങാൻ നേരം മാതൃഭൂമി പ്രസിദ്ധീകരിച്ച വി. പനോളിയുടെ പ്രസ്ഥാന തയത്തിന്റെ മുഴുവൻ ഭാഗങ്ങളും വാങ്ങാൻ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. പാഠശാലയിലെല്ലാവരും ക്യാമറയുടെ എൽ.ഇ.ഡി. സ്ക്രീനിൽ നോക്കി അവരുടെ ചിത്രങ്ങൾ കണ്ടു. ഇറങ്ങാൻ നേരം ശ്രീധർ അദ്ദേഹത്തിന്റെ ഇ-മെയിൽ വിലാസം കുറിച്ചു തന്നു. ചിത്രങ്ങൾ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടു.

ഉച്ചതിരിഞ്ഞ് മത്തൂരുവിലെ തെരുവുകളിലൂടെ വെറുതെ നടന്നു. പഴയ ഭവനങ്ങളും അധികവും. ഒരേ മാതൃകയിലുള്ള ഈ വീടുകളിൽ ചിലതിന്റെ പുനർനിർമാണ ജോലികൾ നടക്കുകയാണ്. ഒരു വീടിനു മുന്നിൽ കൂട്ടം കൂടി നിന്ന സ്ത്രീകൾ അരികിലേക്ക് മാറി നടക്കാൻ ആംഗ്യം കാണിച്ചു. ഒരു കൂട്ടം പശുക്കൾ അതുവഴി കടന്നു പോയി. ഒതുങ്ങിനിൽക്കുന്നതിനിടെ അതിലൊന്നിന്റെ കൊമ്പ് ദേഹത്തു തട്ടി. മനുഷ്യരെ പോലെ തന്നെ പശുക്കളും ഇവിടെ സർവസ്വതന്ത്രരാണ്. പുലർച്ചെ മുതൽ സന്ധ്യമയങ്ങുംവരെ അവ തെരുവുകളിലൂടെ അലഞ്ഞുനടക്കുന്നു. വീടുകൾക്കു മുന്നിൽ ചെന്ന് ഭക്ഷണം കഴിക്കുന്നു.

Mattur 4

വഴിയിലൊരിടത്തുവെച്ച് കൽപ്പാത്തിയിൽ നിന്ന് ഇവിടേക്ക് കുടിയേറിപ്പാർത്ത അനന്ദ സ്വാമിയെ പരിചയപ്പെട്ടു. വന്നിട്ട് എട്ടു വർഷം കഴിഞ്ഞെങ്കിലും അദ്ദേഹം മലയാളം മറന്നിട്ടില്ല. മത്തൂരുവിൽ ഇനിയെന്താണ് കാണാനുള്ളത്? ഞങ്ങൾ ചോദിച്ചു. സായാഹ്നത്തിൽ തുംഗാതീരത്ത് നടക്കുന്ന സന്ധ്യാവന്ദനം എന്നായിരുന്നു മറുപടി.

സൂര്യൻ പടിഞ്ഞാറെത്തിയപ്പോൾ ഗ്രാമത്തിലുള്ളവർ ഒറ്റയ്ക്കും കൂട്ടമായും തുംഗയുടെ തീരത്തേക്ക് വന്നുകൊണ്ടിരുന്നു. പുഴയിലിറങ്ങി ദേഹശുദ്ധി വരുത്തി അവർ കൽത്തറയിലിരുന്ന് സന്ധ്യാവന്ദനം അർപ്പിച്ചു. പുലർച്ചെ കണ്ട ഉന്മേഷവതിയായ തുംഗ അല്ല ഇത്. അസ്തമയസൂര്യന്റെ നിറങ്ങളേറ്റു വാങ്ങി, നിശ്ശബ്ദമായ മറ്റേതോ നദി. അകലെ താഴുന്ന സൂര്യനെ നോക്കി ഈ ആൽത്തറയിൽ ഇരിക്കുമ്പോൾ മനസ്സും ആ നദി പോലെ നിശ്ശബ്ദമാണ്. സുഖമോ ദുഃഖമോ ഇല്ല, സന്തോഷമോ സങ്കടമോ ഇല്ല, ആകുലതകളില്ല, ശാന്തം.

തിരികെ പോകാനൊരുങ്ങുമ്പോഴാണ് വെങ്കിടേശ്വർ ഞങ്ങളെ ചായ കഴിക്കാൻ ക്ഷണിച്ചത്. നിരസിച്ചിട്ടും അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി. മത്തൂരുവിലെ മറ്റു വീടുകൾ പോലെ പഴയമട്ടിലുള്ള ഒന്നാണ് ഇതും. അദ്ദേഹവും ഭാര്യയും മാത്രമാണ് ഇവിടെ താമസം. നിലത്ത് പായയിൽ ഇരിക്കുമ്പോൾ അദ്ദേഹം ചുമരിൽ തൂക്കിയ ചിത്രങ്ങൾ കാണിച്ചു തന്നു. മകനും ഭാര്യയുമാണ്. രണ്ടു പേരും ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. ​ഗൗരീശങ്കരമന്ദിറിലെ രഥോത്സവത്തിന് ഇരുവരും വരും- അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു, “ഈ നാടു വിട്ടുപോയ അവർക്ക് ഈ ആചാരങ്ങളിലൊക്കെ വിശ്വാസമുണ്ടോ?''

"മകനും മരുമകളും ഈ നാട്ടിലെത്തിയാൽ ഇവിടുത്തുകാരാണ്. അവൻ ഇതേ വസ്ത്രം ധരിക്കും. സന്ധ്യാവന്ദനം ചെയ്യും. ക്ഷേത്രത്തിൽ പോകും; വേദഗ്രന്ഥങ്ങൾ വായിക്കും. വെങ്കിടേശ്വർ പറഞ്ഞു. ഗൗരീശങ്കര മന്ദിർവരെ അദ്ദേഹം ഞങ്ങളോടൊപ്പം വന്നു. ഇനി നേരെ നടന്നാൽ ഷിമോഗയിലേക്ക് പോകുന്ന പ്രധാനപാതയിലെത്താം.

Mattur 5

പുലർച്ചെ ഒഴിഞ്ഞുകിടന്ന വരാന്തകൾ ഇപ്പോൾ ബഹളമയമാണ്. കുട്ടികൾ നിരത്തിലൂടെ ഓടിക്കളിക്കുന്നു. ഈ ഗ്രാമങ്ങൾക്ക് രണ്ടു മുഖമുണ്ട്. പഴമയുടെ മേലങ്കിയണിയുമ്പോൾ തന്നെ അവ ഉള്ളിൽ പുതുമയെ മുറുകെപ്പിടിക്കുന്നു. രാവിലെ വഴി പറഞ്ഞു തന്ന ചെറുപ്പക്കാരനും ശ്രീധർ ശർമയും വിശ്വജിത്തും അപ്രമേയയും വെങ്കിടേശ്വറിന്റെ മകനും ഇതിന്റെ ചില പ്രതീകങ്ങൾ മാത്രം. ആചാരങ്ങളുടെ പേരിൽ ഇവരാരും കർക്കശ മായൊരു ജീവിതരീതി പിന്തുടരുന്നില്ല. ഇഷ്ടങ്ങളെ ഉപേക്ഷിക്കുന്നില്ല. അവരുടെതായൊരു ലോകത്ത് ജീവിക്കുമ്പോൾ തന്നെ പുറംലോകത്ത് നടക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നു. അംഗീകരിക്കുന്നു; അറിവുകൾ സമ്പാദിക്കുന്നു. തെളിച്ച ദീപങ്ങളുമായി ഒരാൾക്കൂട്ടം തെരുവിലൂടെ നടന്നു നീങ്ങി. രഘുപതി രാഘവ രാജാറാം പതിത പാവന സീതാറാം' - അവർ പാടി. 'ശുഭം അസ്തു - ആൾക്കൂട്ടത്തിൽ നിന്ന് ആരോ ഞങ്ങളോടു പറഞ്ഞു. നന്ദി. നിങ്ങൾക്കും നന്മ ഭവിക്കട്ടെ!

(മാതൃഭൂമി യാത്രയിൽ 2016 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Mattur, Hosahalli, Sanskrit Speaking Village in India, Mathrubhumi Yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented