മസിനഗുഡി, തണുപ്പിന്റെ ഒരു പുതപ്പ്; ഗോപാല്‍സാമി ബേട്ടയില്‍ കാറ്റില്‍ ഒഴുകുന്ന കോട


അനൂപ് ദാസ്

ഇടതുവശത്തുള്ള ഒരു ചെറിയ മരം കാറ്റിനോട് പൊരുതി ജയിക്കാനാകാതെ ഉലഞ്ഞു കൊണ്ടേയിരിക്കുന്നു. മങ്ങലോടെ ക്ഷേത്രം കാണാം, നാല് മരങ്ങള്‍ കാണാം, ആഹ്ലാദത്താല്‍ മതിമറക്കുന്ന എല്ലാ ജാതിമതങ്ങളിലും പെട്ട കുറച്ച് മനുഷ്യരെകാണാം, ഇതിനപ്പുറത്ത് ഈ കുന്നിന്‍ മുകളില്‍ മറ്റൊന്നും ദൃശ്യമല്ല.

ചിത്രങ്ങൾ: അജ്മൽ എം.കെ മാണിക്കോത്ത്

മ്മുടെ കാഴ്ചയുടെ അറ്റത്തും, അവിടെയെത്തുമ്പോള്‍ പിന്നേയുമപ്പുറത്തേക്കും നീണ്ടു കിടക്കുന്ന സുന്ദരപാതയാണ് മസിനഗുഡി. കാടും കടുവയും അരുവിയും കൃഷിയിടങ്ങളും സ്‌നേഹമുള്ള മനുഷ്യരുമുള്ളിടം. മഴക്കാലത്തും മഞ്ഞുകാലത്തും മസിനഗുഡി കൂടുതല്‍ സുന്ദരമാകും. കുള്ളന്‍ മരങ്ങള്‍ക്കിടയില്‍ വിശാലമായ പുല്‍മേട്, അവിടെ മാന്‍കൂട്ടങ്ങള്‍. ഇടയ്ക്ക് കാട്ടുപോത്തും കരടിയും മയിലും. കാട് അതിന്റെ തീവ്രതയില്‍ വിഹരിക്കുന്ന വഴി.

പടിഞ്ഞാറത്തറയില്‍ അഭിയുടെ വീട്ടില്‍ നിന്ന് ഇത്തവണേയും യാത്ര തുടങ്ങുന്നു. നാല് മണിയ്ക്ക് അലാറം അടിഞ്ഞപ്പോള്‍ പുറത്ത് മഴയില്ല. അമ്മ കട്ടന്‍ ചായ കൊണ്ടു വന്നു. ഞങ്ങളത് വാങ്ങിക്കുടിച്ച് വണ്ടികയറി. മറ്റ് വാഹനങ്ങളൊന്നുമില്ലാത്ത വഴിയിലൂടെ സുല്‍ത്താന്‍ ബത്തേരിയിലേയ്ക്ക്. നൂല്‍പ്പുഴ പഞ്ചായത്ത് അതിര്‍ത്തി ഗ്രാമമാണ്. ഗ്രാമത്തിലെ കാട്ടിനിടയിലൂടെ തമിഴ്‌നാട്ടിലേക്ക് പോകുന്നു. ഇവിടെ കര്‍ണാടകയും തമിഴ്‌നാടുമായി കേരളം അതിര്‍ത്തി പങ്കിടുന്ന ഗ്രാമമുണ്ട്, ചെട്ടിയാലത്തൂര്‍.

മുമ്പ് രണ്ട് തവണയായി ആ ഗ്രാമത്തില്‍ അന്തിയുറങ്ങിയ ദിവസങ്ങളോര്‍ത്തു. രാത്രി, കാട്ടിലൂടെ കാട്ടുപോത്തുകളേയും ആനക്കൂട്ടത്തേയും കണ്ട് ഗ്രാമത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് പുലര്‍ച്ചെ കോടയില്‍ ആ ഇടത്തെ അനുഭവിച്ചത്, വയലില്‍ എന്തോ വിരിച്ചിട്ട പോലെ മാന്‍കൂട്ടം വിശ്രമിച്ചത് കണ്ട, ഗ്രാമത്തിലേയ്ക്ക് മനുഷ്യരുടെ വരവും ഇപ്പോഴത്തെ തിരിച്ചിറക്കവും വിവരിച്ച് കേട്ട ദിവസങ്ങള്‍. മുന്നൂറോളം കുടുംബമുണ്ടായിരുന്ന ഗ്രാമത്തില്‍ ഇപ്പോള്‍ നൂറില്‍ താഴെയേ ഉള്ളു. ആനയും കാട്ടു പന്നിയും കരടിയും പോത്തുമെല്ലാം ഗ്രാമത്തിലേക്കിറങ്ങുന്നു. കാട് നാട്ടിലേക്കും വളരുന്നു. സര്‍ക്കാര്‍ നല്‍കിയ പണം വാങ്ങി കുറേപ്പേര്‍ വേറെ നാടുതേടിപ്പോയി. ബാക്കിയുള്ളവര്‍ നാടുവിടാന്‍ മാനസികമായി തയ്യാറെടുക്കുന്നു. ചിലര്‍ ഈ ജന്‍മത്തില്‍ ഇവിടെത്തന്നെ എന്ന് ആണയിടുന്നു.

പാട്ടവയല്‍ കടന്നതോടെ അതിര്‍ത്തി പിന്നിട്ടു. തമിഴ് ബോര്‍ഡുകള്‍ കാണാം. മലയാളവും തമിഴും കന്നടയും പറയുന്ന ജനങ്ങള്‍. മൂന്ന് സംസ്‌കാരവും ഇടകലര്‍ന്ന പ്രദേശം. ചിലപ്പോള്‍ മൂന്ന് സംസ്‌കാരവും ചേര്‍ന്ന് ഇവിടെ പുതിയൊരു ഭാഷ, ജീവിത സംസ്‌കാരം രൂപപ്പെട്ടു കാണണം. ഗൂഡല്ലൂരെത്തും മുന്‍പ് ഇടത്തോട്ട് തിരിച്ച് മലകയറി, ഇറക്കം തിരഞ്ഞ് എളുപ്പവഴിയില്‍ യാത്ര. കനത്ത കാടാണ് ഇരുവശത്തും. മാനും മയിലുമുണ്ട്. ആനയെക്കണ്ടു. അരുവിയും.

മുതുമല ദേശീയോദ്യാനത്തിന്റെ ഭാഗമായ വഴികളിലൂടെയാണ് യാത്രയത്രയും. തെപ്പക്കാട് ആന സംരക്ഷണ കേന്ദ്രമുണ്ട്. പാപ്പാന്‍മ്മാര്‍ ആനയേയും കൊണ്ട് റോഡിലൂടെ പോകുന്നത് കാണാം. തെപ്പക്കാട് നിന്ന് അധികം മുന്നോട്ട് പോകും മുമ്പ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഒരു റസ്റ്ററന്റുണ്ട്. രാവിലെ നല്ല ഇഡ്ഡലിയും സാമ്പാറും കിട്ടും. ഇനി മസിനഗുഡിയ്ക്ക് ഇവിടെ നിന്ന് അധികം ദൂരമില്ല. കൊടും കാട്ടിലൂടെ യാത്ര തുടര്‍ന്നു.

ഇത്രയധികം മാനുകള്‍ നമ്മുടെ കാട്ടിലുണ്ടോ എന്ന് സംശയം തോന്നി. നൂറിലധികം മാനുകളുള്ള കൂട്ടം, ഒന്നോ രണ്ടോ ഇടത്തല്ല. വഴി നീളെ ഈ കാഴ്ച കണ്ടു. ചിലയിടത്ത് അവ ചടഞ്ഞിരുന്ന് പുല്ലിന്റെ തണുപ്പറിയുന്നു. മറ്റൊരിടത്ത് തീറ്റ തിരയുന്നു. ഒരിടത്ത് അവ ഞങ്ങളെ നോക്കി, ക്യാമറക്കണ്ണ് കണ്ടപ്പോള്‍ ഓടിപ്പോയി. മാന്‍കൂട്ടത്തിനപ്പുറം മയിലുകള്‍. മലയണ്ണാന് വല്ലാത്തൊരു ഭംഗിയാണ്. പക്ഷേ, അവരെ അധിക നേരം കാണാന്‍ കിട്ടില്ല.

കേരളത്തിന്റേതിന് സമാനമായ കാടാണ് ഇത്രയും നേരം കണ്ടത്. വലിയ ഉയരത്തിലുള്ള മരങ്ങള്‍, അതിനിടയില്‍ ഇടതൂര്‍ന്ന് വള്ളിച്ചെടികള്‍. ആ കാഴ്ച മാറുന്നു. പുതിയ ഇലകളാല്‍ സമ്പന്നമായ കുള്ളന്‍ മരങ്ങള്‍ വഴിയ്ക്ക് ഇരുവശവും ഞെളിഞ്ഞ് നില്‍ക്കുന്നു. അനേകം ഏക്കറുകള്‍ ആ പച്ചപ്പരപ്പാണ്. അതിനപ്പുറം കാണുന്ന മല മുന്നിലെ വഴിയെ വലംവെച്ച് എങ്ങോട്ടോ പടര്‍ന്നൊഴുകുന്നു. മല മുകളില്‍ നിന്ന് താഴേക്കിറങ്ങിയ കോട കാഴ്ചകളില്‍ തണുപ്പിന്റെ ഒരു പുതപ്പ് തന്നു. നമ്മള്‍ മസിനഗുഡിയിലെത്തി.

ടാറിട്ട ചെറിയ റോഡ്. മുന്നില്‍ കിലോമീറ്ററുകളോളം ദൂരം റോഡ് കാണാം. ഇരുവശത്തും കുള്ളന്‍ മരങ്ങളുടെ പച്ച, ഇടയില്‍ പുല്‍മേട് പോലെ വഴികള്‍. ആ വഴികളില്‍ മാനിനെക്കാണാം, ഇടയ്‌ക്കൊക്കെ കടുവയേയും. വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ട് മേഘങ്ങളുടെ താഴ്വാരത്ത് കൂടി പതിയെ മുന്നോട്ട് പോയി. തെളിഞ്ഞ ആകാശം, കോട ഇടയ്ക്കിടെ വന്ന് പോയി. കാട് കണ്ടുള്ള യാത്ര കയറിച്ചെല്ലുന്നത് കല്ലട്ടിച്ചുരത്തിലേയ്ക്കാണ്. 36 മുടിപ്പിന്‍ വളവുകളുള്ള സുന്ദരമായ കല്ലട്ടി. അപകടം പിടിച്ചൊരു ചുരമെന്ന് പല തവണ ഈ ചുരത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. മസിനഗുഡിയില്‍ ഹോം സ്റ്റേ നടത്തിപ്പുകാരനായ സുഹൃത്ത് ബാലു കുറച്ച് മുന്‍പ് മുന്നറിയിപ്പ് തന്നിരുന്നു, ഇന്നലെ ഒരു ട്രാവലർ ചുരത്തില്‍ മറിഞ്ഞെന്ന്. കനത്ത മഴയാണ് ചുരത്തില്‍ ഇപ്പഴത്തെ വില്ലന്‍. ചുരത്തിലെ മൂന്നാല് വളവുകള്‍ കഴിഞ്ഞാല്‍ വണ്ടിയൊതുക്കാന്‍ ഇടമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതോ നല്ലവരായ ഭരണാധികാരികള്‍ കെട്ടിവെച്ച ഒരു വ്യൂപോയിന്റ്. പാറപ്പുറത്തെ ഈ വ്യൂ പോയന്റില്‍ നിന്ന് കാടും അരുവിയും വെള്ളച്ചാട്ടവും ഒരു വീടും വിശാലമായ കുന്നില്‍ ചരിവും അനുഭവിക്കാം. കുന്നിന്‍ ചരിവിലെ മരങ്ങള്‍ക്കെല്ലാം പച്ചയിലകളാണ്. പക്ഷേ, ഓരോ മരത്തിനും ഓരോ പച്ച നിറം.

അപകട സാധ്യതയുണ്ടെങ്കിലും കല്ലട്ടി കയറാനായിരുന്നു ആലോചന. ചുരം കയറിയെത്തുന്നത് ഊട്ടിയുടെ തണുപ്പിലേയ്ക്കാണ്. പക്ഷേ, റോഡരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരന്‍ വിലക്കി. അപകടം കാരണം ചുരം അടച്ചതാണ് എന്ന് ആ യുവാവ് ഞങ്ങളോട് പറഞ്ഞു. യാത്രാ പരിപാടി പുതുക്കുകയല്ലാതെ തരമില്ല. അങ്ങനെയാണ് ബന്ദിപ്പൂര്‍ കാടിനെ അറിഞ്ഞ് ഗുണ്ടല്‍പ്പേട്ടയിലേക്ക് പോകാനുള്ള തീരുമാനമെടുത്തത്. ചുരത്തിലെ മറ്റൊരു വളവിലേയ്ക്ക് കയറ്റി വണ്ടി തിരിച്ചു. വനംവകുപ്പിലെ ആ യുവാവ് വഴി പറഞ്ഞുതന്നു. നമ്മള് നേരത്തേ ഇഡ്ഡലിയും സാമ്പാറും കഴിച്ചില്ലേ? അതിനടുത്ത് നിന്ന് വലത്തോട്ട് തിരിച്ച് നേരേ പോയാ മതി.

ബന്ദിപ്പൂര്‍ കാടുകളില്‍ ഒരുപാട് മൃഗങ്ങളെ കാണാന്‍ പറ്റും. ആനകളുടെ വിഹാര കേന്ദ്രമാണ് റോഡരികിലെ പലയിടങ്ങളും. അധികം മുന്നോട്ടു പോകുന്നതിന് മുന്‍പ് തന്നെ വിജനമായ ഒരിടത്ത് ഒരു കാറുകാരന്‍ താല്‍പര്യത്തോടെ എന്തോ നോക്കുന്നത് കണ്ടു. കരടി, കരടി റോഡ് കടന്ന് താഴേയ്ക്കിറങ്ങി പൊന്തക്കാടിനടുത്തേയ്ക്ക് നടന്നു പോകുന്നു. ജീവിതത്തിലാദ്യമായാണ് കരടിയെ കാണുന്നത്. പക്ഷേ, ആ കാറിലുണ്ടായിരുന്നവരുടെ അമിതാവേശം കാരണം കരടിക്കാഴ്ച അധിക നേരം കിട്ടിയില്ല. കുറ്റിച്ചെടികളുടെ അപ്പുറത്തെ കാട്ടിനുള്ളിലേയ്ക്ക് അത് ക്ഷണത്തില്‍ മറഞ്ഞു.

കാട് കടന്നു, ഇനി ഗുണ്ടല്‍പ്പേട്ടിലെ കൃഷിയിടങ്ങള്‍. പൂവും കായും വിളഞ്ഞ് നില്‍ക്കുന്ന പാടം. എന്ത് രസമാണ് സൂര്യകാന്തിപ്പൂക്കള്‍. കാഴ്ചയുടെ അറ്റത്തിനപ്പുറവും പൂത്ത് നില്‍ക്കുന്നു വസന്തം. കയ്യിലൊരു പഴകിയ വടിയും പിടിച്ച് നില്‍ക്കുന്ന, പ്രായമുള്ള ഒരാളാണ് ഞങ്ങള്‍ കാഴ്ച കാണാനിറങ്ങിയ പൂന്തോട്ടത്തിന്റെ കാവല്‍. അകത്ത് കയറാന്‍ അന്‍പത് രൂപ കൊടുത്തു. പൂക്കളെ അനുഭവിച്ചു, സൂര്യകാന്തിയും ചെണ്ടുമല്ലിയും പൂത്ത പാടങ്ങള്‍ കര്‍ഷകര്‍ക്ക് ഓണക്കാലം സമ്മാനിക്കുമായിരിക്കും.

ഗോപാല്‍സാമി ബേട്ടയിലേക്കുള്ള യാത്ര ഇവിടെ നിന്ന് ആരംഭിക്കുന്നു. പാടങ്ങള്‍ക്കിടയിലൂടെ വണ്ടി പാഞ്ഞു. ദൂരെ കുന്ന് കാണാം, ഇറങ്ങിയും കയറിയും പോകുന്ന റോഡ് അഞ്ച് കിലോമീറ്ററിലധികം ദൂരം ഒറ്റ കാഴ്ചയില്‍ ഒപ്പിയെടുക്കാം. എന്തൊരു സുന്ദര കാഴ്ചയാണ്. പിന്നേയും മുന്നോട്ട് പോകണം ഗോപാല്‍സാമി ബേട്ടയിലേക്ക്. പതിന്നാലാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഒരു ക്ഷേത്രം മാത്രമാണ് ആ കുന്നിന്‍ മുകളിലുള്ളത്. പ്രകൃതി വശ്യമായ ഒരു സൗന്ദര്യം ആ കുന്നില്‍ മുകളില്‍ കരുതിവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലകയറി എത്തുന്നവരെല്ലാം വിശ്വാസികളല്ല.

സ്വകാര്യ വാഹനങ്ങള്‍ താഴ്വാരത്തെ ഗ്രൗണ്ടില്‍ ഒതുക്കി വയ്ക്കണം. എന്നിട്ട് കര്‍ണാടക സര്‍ക്കാരിന്റെ ബസ്സില്‍ കയറണം. ഈ ദിവസം ഇതാദ്യമായി മഴ ചാറിത്തുടങ്ങി. ഒരു കുടയും ആറാളും. കുറച്ചാള് മഴകൊണ്ട്, കുറച്ചാള് മഴകൊള്ളാതെ ബസ്സില്‍ കയറി. പതിയെപ്പതിയെ മല കീഴടക്കി ബസ്സ് കയറിക്കൊണ്ടിരുന്നു. മഴച്ചാറ്റലില്‍ ഒരാന പുല്‍മേടിനിടയില്‍ തീറ്റ തേടുന്നു. കഴിഞ്ഞ തവണ വന്നപ്പോഴും ഇതേ സ്ഥലത്ത് ആനയെ കണ്ടിരുന്നു. ബസ്സ് പിന്നേയും മുകളിലേയ്ക്ക്, കോട മുകളില്‍ നിന്ന് താഴേയ്ക്ക് ഒലിച്ചിറങ്ങും പോലെ.

കയറുന്നതിനൊപ്പം കോട കൂടിക്കൂടി വരികയാണ്. അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്ന് വിടും പോലെ ഒരു ഭയങ്കര ശബ്ദം ചെവിയില്‍ വന്നിടിച്ചു. ബസ്സ്, ക്ഷേത്രത്തിനടുത്തെ കുറച്ചെങ്കിലും വിശാലമായ മൈതാനിയില്‍ എത്തിയിട്ടുണ്ട്. കോടയില്‍ കാഴ്ച മങ്ങി, ചാറ്റല്‍ മഴ തുടരുന്നുണ്ട്. കാറ്റ് അതിശക്തമായി ഗോപാല്‍സാമി ബേട്ടയിലൂടെ ഒഴുകുന്നു.

ക്ഷേത്രവഴിയിലെ വലിയ മരത്തിന്റെ ഇലകളില്‍ തട്ടി കാറ്റ് പിന്നേയും കുതിക്കുന്ന ശബ്ദമാണ് നേരത്തേ ചെവിയില്‍ വന്ന് പതിച്ചത്. ക്ഷേത്രത്തെയാകെ മഞ്ഞ് മൂടി. ഇടതുവശത്തുള്ള ഒരു ചെറിയ മരം കാറ്റിനോട് പൊരുതി ജയിക്കാനാകാതെ ഉലഞ്ഞു കൊണ്ടേയിരിക്കുന്നു. മങ്ങലോടെ ക്ഷേത്രം കാണാം, നാല് മരങ്ങള്‍ കാണാം, ആഹ്ലാദത്താല്‍ മതിമറക്കുന്ന എല്ലാ ജാതിമതങ്ങളിലും പെട്ട കുറച്ച് മനുഷ്യരെകാണാം, ഇതിനപ്പുറത്ത് ഈ കുന്നിന്‍ മുകളില്‍ മറ്റൊന്നും ദൃശ്യമല്ല. ആളുകള്‍ മറ്റേതോ ലോകത്തിലെന്നപോലെ ആസ്വദിക്കുന്നു. ഈ കാഴ്ചയും അനുഭൂതിയും ജീവിതത്തില്‍ ആദ്യമാണ്. അത് വിവരിക്കാന്‍ എന്റെ വാക്കുകള്‍ക്ക് ശേഷിയില്ല.

താഴേയ്ക്ക് ബസ്സുകള്‍ പൊയ്‌ക്കോണ്ടിരിക്കുന്നു. പക്ഷേ ഞങ്ങള്‍ക്ക് മടങ്ങാന്‍ തോന്നിയില്ല. ഇനി രണ്ട് ബസ് മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോള്‍ ക്ഷേത്ര മുറ്റത്ത് നിന്ന് പതിയെ ഇറങ്ങി. മഴ കൂടി, കോട കുറഞ്ഞില്ല.പക്ഷേ താഴ്വാരത്ത് ഇപ്പോഴും വെയിലാണ്.
മടക്കയാത്ര. ഈ കാഴ്ചകള്‍ക്ക്, അനുഭവത്തിന് നന്ദി.

Content Highlights: mannargudi gopalaswamy betta travel tourist destinations tamil nadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented