ക്രോസ് റോഡ്സ് മാൽഡിവ്സ് | ഫോട്ടോ: സ്ക്രീൻഗ്രാബ്, മാതൃഭൂമി ന്യൂസ്
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ക്രോസ് റോഡ്സ് മാല്ഡിവ്സ്. മാലെ നഗരത്തിനോടുചേര്ന്നുള്ള ഫെറിയില്‍ നിന്നാണ് യാത്ര. ബോട്ട് നേരത്തെ ബുക്ക് ചെയ്തിരുന്നു. ചെറിയൊരു കാത്തിരിപ്പ്. പലദ്വീപുകളിലേക്ക് പോകാന്‍ ഊഴം കാത്തുകിടക്കുന്ന ബോട്ടുകളാണ് മുന്നില്‍. ഇടയ്ക്ക് ദൂരയാത്രകള് കഴിഞ്ഞ് ബോട്ടുകള്‍ വരുന്നത് കാണാം. ബോട്ടുകള്‍ക്ക് പേരിനൊപ്പം നമ്പറുകളുമുണ്ട്. ടൂര്‍ പാക്കേജിന്റെ ഭാഗമായതുകൊണ്ട് മറ്റുരാജ്യങ്ങളില്‍ നിന്നെത്തിയ സഞ്ചാരികളുമുണ്ട് നമുക്കൊപ്പം.

50 ഡോളറാണ് ടിക്കറ്റ് നിരക്ക്. സ്പീഡ് ബോട്ടായതിനാല്‍ യാത്രയ്ക്ക് വലിയ സമയദൈര്‍ഘ്യമില്ല. ഏറിയാല്‍ അരമണിക്കൂര്‍. ഓളപ്പരപ്പിലൂടെയുള്ള ബോട്ടിന്റെ കുതിപ്പിനൊപ്പം ദൂരെയുള്ള കുഞ്ഞ് ദ്വീപുകള്‍ കാഴ്ചയില്‍ തെളിഞ്ഞു. മാലദ്വീപിലെ സ്പീഡ് ബോട്ടുകളിലധികവും പുറംരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഉന്നതനിലവാരം പുലര്‍ത്തുന്നവയാണിവ. മാലദ്വീപിലും ബോട്ട് നിര്‍മാണം നടക്കുന്നുണ്ട്. ദുബായ് കേന്ദ്രീകരിച്ചുള്ള കമ്പനികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഒരുമണിക്കൂര്‍ കൊണ്ടെത്താവുന്ന ദ്വീപുകളിലേക്കെല്ലാം സ്പീഡ് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ദൂരം കൂടുതലാണെങ്കില്‍ സീ പ്ലെയിനാണ് ഉചിതം. ദ്വീപസമൂഹത്തിലേക്കുള്ള യാത്രയില്‍ ഇങ്ങനെയൊരു ബോട്ട് യാത്ര നടത്തണം. അതൊരു അനുഭവം തന്നെയാണ്. ദൂരെ കര തെളിഞ്ഞതോടെ ബോട്ടിന്റെ വേഗം കുറച്ചു.

ബോട്ട് കരയ്ക്കെത്തിയതോടെ സഞ്ചാരികളെ സ്വീകരിക്കാന്‍ ദ്വീപ് അധികൃതര്‍ മുന്നോട്ടുവന്നു. തുരുത്തിനേക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളടങ്ങിയ ബ്രൗഷര്‍ നല്‍കിയാണ് അവര്‍ സ്വീകരിച്ചത്. ഓണ്‍ലൈനായെടുത്ത ടിക്കറ്റും പാസുമെല്ലാം കാണിച്ചു. എപ്പോഴാണ് മടങ്ങുന്നതെന്ന വിവരം നേരത്തേ അറിയിച്ചിരിക്കണം. ബോട്ടിന്റെ സമയമനുസരിച്ച് മടക്കയാത്ര ക്രമീകരിക്കാം. ദ്വീപുകളെ കോര്‍ത്തിണക്കിയാണ് ഈ വിനോദസഞ്ചാരകേന്ദ്രം ഒരുക്കിയിരിക്കുന്നത്. വിസ്മയങ്ങളുടെ വാതായനങ്ങള്‍ ഇവിടെ തുറന്നിടുകയാണ്. മറീനയാണ് കവാടം. വിനോദസഞ്ചാരികള്‍ക്ക് എന്തും കിട്ടുന്ന കൊച്ചുസിറ്റിയെന്ന് വിശേഷിപ്പിക്കാം മറിനയെ. ദ്വീപിലേക്കുള്ള ബുക്കിങ് സംബന്ധമായ കാര്യങ്ങള്‍ക്കൊക്കെ ഇവിടെയാണ് സൗകര്യമുള്ളത്. ഈ നാടിനേക്കുറിച്ച് അറിയേണ്ടതെല്ലാം ഒരുക്കിയിരിക്കുന്നയിടമാണ് മാല്ഡിവ്സ് ഡിസ്കവറി സെന്റര്‍. പ്രകൃതിയുടെ പ്രത്യേകത, സംസ്കാരം, ജീവിതരീതി തുടങ്ങി മാലദ്വീപ് എന്താണെന്ന് പറഞ്ഞുതരികയാണ് ഡിസ്കവറി സെന്റര്‍.

പുറത്തുകടന്നാല്‍ വിവിധതരം കച്ചവടസ്ഥാപനങ്ങളുണ്ട്. എല്ലാം കൃത്യമായ ആസൂത്രണത്തോടെയും മനോഹരമായും രൂപകല്പന ചെയ്തിരിക്കുന്നു. നല്ല വൃത്തിയുള്ള വഴികളും ഒരുക്കിയിരിക്കുന്നു. ഒമ്പത് ചെറുദ്വീപുകളെ ചേര്‍ത്തുവെച്ചാണ് ഇന്നീ കാണുന്ന മനോഹരതീരം ഒരുക്കിയിരിക്കുന്നത്. ആവശ്യമുള്ളയിടങ്ങള്‍ നികത്തിയെടുത്ത് സ്ഥലങ്ങള്‍ തമ്മില്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ പാലങ്ങള്‍ വെച്ച് ബന്ധിപ്പിച്ചിരിക്കുകയാണ്. ഒരു കൃത്രിമദ്വീപെന്ന് വിശേഷിപ്പിക്കാം ഇതിനെ. ദ്വീപിലെ ഓരോ കെട്ടിടവും തമ്മില്‍ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. പദ്ധതി ആസൂത്രണത്തിന്റെ കാര്യത്തില്‍ അത്രയ്ക്ക് ശ്രദ്ധയാണ്. ഒന്നും കളയാനോ ചേര്‍ക്കാനോ ഇല്ല.

അടുത്ത ദ്വീപിലേക്കുള്ള പാലം മുന്നില്‍ക്കണ്ടു. ഒരു ചെറിയ ഒഴുക്ക് മാത്രമേയുള്ളൂ രണ്ട് ദ്വീപുകള്‍ക്കുമിടയില്‍. ശാന്തമായ കാറ്റും നീലക്കടലും ആസ്വദിച്ച് പാലം കടക്കാം. മറീനയുടെ പേരിനെ സൂചിപ്പിക്കാന്‍ ഒരു ബോട്ടിന്റെ മാതൃക സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കാഴ്ചയേയും കടലിലെ ഓളങ്ങളിലേക്കിറക്കിവെച്ചിരിക്കുന്നു.
(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയുടെ പൂർണരൂപം കാണാം)
Content Highlights: maldives trip, cross roads maldives, islands in maldives, mathrubhumi yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..