പ്രകൃതിഭംഗി വേണ്ടുവോളം ആസ്വദിക്കാം, തലസ്ഥാനത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാവാന്‍ മഠവൂര്‍പ്പാറ


ആര്‍.എല്‍.മുകുന്ദന്‍

ഏറ്റെടുക്കുന്ന ഭൂമിയില്‍ രണ്ടു പാറക്കുളങ്ങള്‍ ഉണ്ട്. വലിയ പാറമടയിലെ ജലാശയത്തില്‍ ബോട്ടിങ് സൗകര്യം, മറ്റൊരു ചെറിയ ജലാശയത്തില്‍ കുട്ടവഞ്ചി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര സജ്ജീകരണങ്ങള്‍, ട്രക്കിങ് എന്നിവയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങള്‍.

മഠവൂർപ്പാറ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാകാന്‍ കാട്ടായിക്കോണത്തെ മഠവൂര്‍പ്പാറ ഒരുങ്ങുന്നു. മഠവൂര്‍പ്പാറ ടൂറിസത്തിന്റെയും ഗുഹാക്ഷേത്രത്തിന്റെയും മൂന്നാംഘട്ട വികസനപ്രവര്‍ത്തനത്തിനു ഭൂമി ഏറ്റെടുക്കാനുള്ള തുകയായ 3.75 കോടി കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് റവന്യൂ വകുപ്പിനു കൈമാറി. നേരത്തേ തുടങ്ങിയ ഏഴു കോടിയുടെ വികസനത്തിനു പുറമേയുള്ള വികസനപ്രവര്‍ത്തനത്തിനാണ് ഭൂമി ഏറ്റെടുക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് നിലവില്‍ ഏഴു കോടിയുടെ വികസനപ്രവര്‍ത്തനം നടക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ഓപ്പണ്‍ സ്റ്റേജ്, ഗംഗാതീര്‍ത്ഥം വരെയുള്ള കല്‍പ്പടവ്, കഫ്റ്റീരിയ എന്നിവ നിര്‍മിച്ചു. തുടര്‍ന്നുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മഠവൂര്‍പ്പാറയുടെയ്ക്കു ചേര്‍ന്നുള്ള അഞ്ചേക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ടൂറിസംവകുപ്പ് നിര്‍ദേശിച്ച സ്ഥലങ്ങളില്‍ നേരത്തേ സര്‍വേ നടത്തിയിരുന്നു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുത്ത് വികസനപ്രവര്‍ത്തങ്ങള്‍ നടത്തുന്നത്.

ഏറ്റെടുക്കുന്ന ഭൂമിയില്‍ രണ്ടു പാറക്കുളങ്ങള്‍ ഉണ്ട്. വലിയ പാറമടയിലെ ജലാശയത്തില്‍ ബോട്ടിങ് സൗകര്യം, മറ്റൊരു ചെറിയ ജലാശയത്തില്‍ കുട്ടവഞ്ചി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര സജ്ജീകരണങ്ങള്‍, ട്രക്കിങ് എന്നിവയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങള്‍. കൂടാതെ ക്ഷേത്രത്തിനു മുന്നില്‍ ഒരേക്കറോളം വരുന്ന ഭൂമിയില്‍ പൂന്തോട്ടം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, പാറയ്ക്കുള്ളില്‍ത്തന്നെ ഒരു സ്ഥലത്ത് നക്ഷത്രവനം, പാര്‍ക്കിങ് സൗകര്യം, ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഓപ്പണ്‍ സ്റ്റേജിലേക്കുള്ള റോഡ് തുടങ്ങിയവയാണ് ഒരുക്കുക. ഇതിനു മുന്നോടിയായിട്ടാണ് ഇതുവഴിയുള്ള റോഡ് ആറു കോടി രൂപ ചെലവിട്ട് ആധുനികരീതിയില്‍ ടാര്‍ചെയ്തു നവീകരിക്കുന്നത്. ഒരു ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി മഠവൂര്‍പ്പാറ ഗുഹാക്ഷേത്രപരിസരം മാറിയിട്ടുണ്ട്. പഴയകാല തൊഴിലുകളും ഓലമെടയില്‍, പപ്പടം ഉണ്ടാക്കല്‍, ഫാമുകള്‍, ആല, കരകൗശലവിദ്യകള്‍ എന്നിങ്ങനെയുള്ള ചെറുകിട വ്യവസായങ്ങളും വിദേശികള്‍ക്കു കാണാന്‍ കഴിയുന്ന രീതിയില്‍ യൂണിറ്റ് രൂപവത്കരിച്ചിട്ടുണ്ട്. ഹോംസ്റ്റേ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ഈ മേഖലയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Kadakampally Surendran
ജില്ലയിലെ ഏറ്റവും മികച്ച സഞ്ചാരകേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ മൂന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനത്തിനായി തുക കൈമാറിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മഠവൂര്‍പ്പാറ മാറും.

- കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം മന്ത്രി

D Rameshan
വലിയ വികസനം

മഠവൂര്‍പ്പാറ വലിയൊരു സഞ്ചാരകേന്ദ്രമായതോടെ വലിയ രീതിയിലാണ് നാടിന്റെ വികസനം ഉണ്ടായത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നാട്ടിലുള്ള ഒരുപാടു പേര്‍ക്ക് തൊഴില്‍സാധ്യതകളും അതിലൂടെ നാടിന്റെ വികസനവും സാധ്യമാകും.

- ഡി.രമേശന്‍, സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, സ്ഥലവാസി.

Archana J
മികച്ച വിനോദസഞ്ചാരകേന്ദ്രം

പോകുവാന്‍ ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണ് മഠവൂര്‍പ്പാറ. ഇവിടത്തെ വൈകുന്നേരമുള്ള കാറ്റും പാറയ്ക്കു മുകളില്‍നിന്നു കാണുന്ന അസ്തമയവും അതിമനോഹരമാണ്. ഇപ്പോള്‍ സഞ്ചാരികള്‍ക്ക് നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെതന്നെ മികച്ച വിനോദസഞ്ചാരകേന്ദ്രമായി മഠവൂര്‍പ്പാറ മാറും.

- അര്‍ച്ചന ജെ., സ്ഥലവാസി

പ്രാചീനതയുടെ ഗരിമ

സമുദ്രനിരപ്പില്‍നിന്ന് 300 അടി മുകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് മഠവൂര്‍പ്പാറയിലുള്ളത്. എ.ഡി. 850-ല്‍ ഗുഹാക്ഷേത്രം നിര്‍മിച്ചിരിക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. 22 ഏക്കറോളം വരുന്ന പ്രദേശത്തു പരന്നുകിടക്കുന്ന ഒരു കൂറ്റന്‍ പാറയുടെ മധ്യഭാഗത്തായാണ് ഗുഹാക്ഷേത്രമുള്ളത്. പാറ ചതുരാകൃതിയില്‍ തുരന്നുണ്ടാക്കിയതാണ് ഗുഹ.

താഴെനിന്ന് പാറയില്‍ത്തന്നെ കൊത്തിയുണ്ടാക്കിയ 41 പടവുകള്‍ കയറിയാല്‍ ക്ഷേത്രത്തിനു മുന്‍വശത്തെത്താം. മൂന്നടി വീതിയും അഞ്ചടി പൊക്കവുമുള്ളതാണ് ഗുഹാക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം. ഇതിനകത്ത് പാറയില്‍ത്തന്നെ കൊത്തിയുണ്ടാക്കിയ ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. ഇതിനു സമീപത്തായി ഇരു വശങ്ങളിലും പാറയില്‍ കൊത്തിവച്ച സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും വിഗ്രഹങ്ങളുമുണ്ട്. ഗുഹയില്‍ത്തന്നെ പ്രാചീനമായ ലിപികളും കൊത്തിവച്ചിട്ടുണ്ട്. പാറമുകളില്‍നിന്ന് ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലും അതെത്തിച്ചേരുന്ന ഗംഗാതീര്‍ത്ഥവും ആകര്‍ഷണീയമാണ്. അതിന്റെ മുകളിലായി രണ്ട് പടുകൂറ്റന്‍ പാറയുണ്ട്. ഇതിനെക്കുറിച്ചും നിരവധി ഐതിഹ്യങ്ങളാണുള്ളത്.

പ്രകൃതിഭംഗിയാണ് ഇവിടത്തെ പ്രധാന പ്രത്യേകത. പാറയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തുനിന്ന് പ്രകൃതിസൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാം. കിഴക്ക് സഹ്യപര്‍വതവും പടിഞ്ഞാറ് അറബിക്കടലും ജില്ലയുടെ നഗരപ്രദേശങ്ങളും ഇവിടെനിന്നു കാണാന്‍ കഴിയും. മനോഹരമായ അസ്തമയം കാണാന്‍ നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. നഗരത്തില്‍നിന്നു വരുമ്പോള്‍ ശ്രീകാര്യം-പോത്തന്‍കോട് റൂട്ടില്‍ ശാസ്തവട്ടം കഴിഞ്ഞ് അടുത്ത സ്റ്റോപ്പാണ് മഠവൂര്‍പ്പാറ.

കഴക്കൂട്ടം ഭാഗത്തുനിന്നു വരുമ്പോള്‍ കാട്ടായിക്കോണം ജങ്ഷനില്‍നിന്ന് ശ്രീകാര്യം റൂട്ടില്‍ ഒരു കിലോമീറ്റര്‍ കഴിഞ്ഞാണ് മഠവൂര്‍പ്പാറ സ്ഥിതിചെയ്യുന്നത്.

Content Highlights: Madavoorppara Tourism, Thiruvananthapuram Tourism, Responsible Tourism, Kerala Tourism

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented