മാലദ്വീപ് | ഫോട്ടോ: മാതൃഭൂമി ന്യൂസ്
ഒരു യാത്രികന് വിനോദങ്ങളുടെ വലിയലോകം സമ്മാനിക്കാന്‍ സദാ തയ്യാറാണ് മാലിദ്വീപ്. വിനോദസഞ്ചാര മേഖല കൊണ്ട് ജീവിക്കുന്ന ഒരു നാടാണിത്. ഹണിമൂണ്‍ ട്രിപ്പുകള്‍ക്കും വലിയ താരങ്ങളുടെ അവധിക്കാലങ്ങള്‍ക്കും പേരുകേട്ടയിടം. കാഴ്ചകളുടെ പൊലിമ കുറച്ചുനേരത്തേക്ക് മാറ്റി വെയ്ക്കാം. തുരുത്തിന്റെ ദൂരക്കാഴ്ചകള്ക്കപ്പുറം അവരുടെ ജീവിതത്തിന്റെ തൊട്ടടുത്തേക്ക് നമുക്ക് പോകാം. പ്രദേശവാസികളുടെ ജീവിതം തേടി നമ്മള് വീണ്ടും നഗരവഴികളിലേക്ക് തിരിയുകയാണ്.
നേരത്തെ നമ്മള് പരിചയപ്പെട്ട ചൈന- മാലദ്വീപ് ഫ്രണ്ട്ഷിപ്പ് പാലത്തിലൂടെയാണ് യാത്ര. ചെറിയ ദ്വീപായതിനാല്‍ നഗരത്തേക്കുറിച്ചൊക്കെ പറയുമ്പോള്‍ ഒരു കൊച്ചു പ്രദേശമായി കണ്ടാല്‍ മതി. ചെറുയാത്രയ്ക്ക് ശേഷം നമ്മളെത്തിയിരിക്കുന്നത് മാലെ ബസാറിനോടുചേര്ന്നുള്ള ബോട്ടുജെട്ടിയിലേക്കാണ്. നഗരത്തിലെ കച്ചവടകേന്ദ്രമാണ് ബോട്ടുജെട്ടിയടങ്ങുന്ന ഈ മേഖല. ഈ നാടിന്റെ ജീവിതക്രമം നിശ്ചയിക്കുന്നത് തന്നെ ബോട്ടുകളാണെന്ന് പറയാം. കുടിവെള്ളം പോലും ബോട്ടുകളിലെത്തിക്കുന്നു. മിനറല്‍ വാട്ടര്‍ കുപ്പികളധികവും റിസോര്‍ട്ടുകളിലേക്കും മറ്റുമാണ് കൊണ്ടുപോവുന്നത്. ചെറുതും വലുതുമായ ബോട്ടുകള്‍ നിരന്നിരിക്കുന്നു. ഇനിയും വരാനിരിക്കുന്നു. ചെറിയ ബാച്ചുകളായി അവ യാത്ര പുറപ്പെടും. നമ്മള് കരയില്‍ ബസ് യാത്രകള്‍ ക്രമീകരിക്കുന്നതുപോലെ വിവിധ ദ്വീപുകളിലേക്ക് സ്ഥിരമായി പോകുന്ന ബോട്ടുകളുണ്ട്. കൃത്യമായ സമയക്രമവും പാലിക്കുന്നുണ്ട്. ആവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ അത് ബോട്ടുവഴിയെത്തും. എല്ലാത്തിനും ഏജന്റുമാരുണ്ട്. ബോട്ടുയാത്രയുടെ പ്രതിഫലം കൂടി വിലയില്‍ പ്രതിഫലിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ബോട്ടുജെട്ടിയുടെ തൊട്ടപ്പുറത്തായി വലിയ ചരക്കുകപ്പലുകള്‍ കാണാം. സാധനങ്ങള്‍ ഇറക്കുമതിചെയ്യുന്ന കപ്പലുകളാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി ഭക്ഷണമടക്കമുള്ള സാധനങ്ങള്‍ ദ്വീപിലേക്കെത്തുന്നു. കപ്പലുകളിലെത്തുന്ന സാധനങ്ങളാണ് ബോട്ടുകളിലേക്കെത്തുന്നത്. നമ്മുടെ കേരളത്തെ അനുസ്മരിപ്പിക്കുംവിധം ധാരാളം തെങ്ങുകളുണ്ട് ദ്വീപില്‍. ഈ നാടിന്റെ ദേശീയവൃക്ഷമാണ് തെങ്ങ്. നമ്മളെപ്പോലെ തന്നെ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും സ്ഥാനവുമുണ്ട്. തെങ്ങുപോലെ വാഴക്കൃഷിയുമുണ്ട്. ഫുവാമുള ദ്വീപിലാണ് ഏറ്റവും കൂടുതല്‍ വാഴക്കൃഷിയുള്ളത്. ടൂറിസത്തിന് പ്രാധാന്യമേറിയതോടെ തദ്ദേശിയമായി ലഭിക്കുന്ന വാഴപ്പഴം പോരാതെവന്നു. അങ്ങനെ ഇറക്കുമതി ചെയ്യുന്ന പഴങ്ങളുടെ കൂട്ടത്തില്‍ വാഴപ്പഴവും സ്ഥാനംപിടിച്ചു. എന്നാലും വിപണിയില്‍ നാടന്‍ പഴത്തിന് നല്ല ഡിമാന്റാണ്.

മത്സ്യബന്ധനത്തിനായുപയോഗിക്കുന്ന ബോട്ടുകള്‍ തൊട്ടപ്പുറത്തുതന്നെയുണ്ട്. തുരുത്തുകളിലെ ജീവിതത്തിന്റെ ആഴം പറയാന്‍ ഇത്രമേല്‍ യോജിച്ചയിടം വേറെയുണ്ടാവില്ല. മത്സ്യബന്ധനമൊക്കെ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ബോട്ടുകള്‍. കടലില്‍ മറ്റുബോട്ടുകള്‍ വലയെറിയുന്നുണ്ടാവണം. ചെറുസംഘങ്ങളായാണ് തൊഴിലാളികളുടെ കടലില്‍പോക്ക്. വിനോദസഞ്ചാരമേഖല രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായതോടെ മത്സ്യബന്ധനമേഖല രണ്ടാം സ്ഥാനത്തേക്ക് മാറിയെങ്കിലും ഇന്നും സാധാരണക്കാരന്റെ തൊഴില്‍മേഖല മത്സ്യബന്ധനം തന്നെയാണ്. ഒരുകാലത്ത് മത്സ്യബന്ധനം മാത്രമായിരുന്നു ദ്വീപുകാരുടെ തൊഴില്‍. കരയിലെ ജീവിതം മുഴുവന്‍ കടലിന്റെ ആഴങ്ങളില്‍ നിന്ന് പിടിച്ചെടുത്തതാണവര്. ഒരു തൊഴിലെന്ന് ഇതിനെ പറയാനാവില്ല. അതവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്നും മാലദ്വീപില്‍ നിന്ന് വന്‍തോതില്‍ മീന്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് പരിശോധിക്കുമ്പോള്‍ ഏതാണ്ട് മുക്കാല്‍ ഭാഗവും മത്സ്യബന്ധനത്തില്നിന്നാണ് വരുന്നത്. വലിയ സ്വകാര്യകമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടിവിടെ.

2000-ലേറെ സ്പീഷീസ് മത്സ്യങ്ങളുടെ താവളമാണീ മേഖല. മത്സ്യസമ്പത്തിന്റെ കാര്യത്തില്‍ കടലമ്മ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട് ഈ തീരത്തെ. ചെറുബോട്ടുകളില്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ പ്രാദേശിക മാര്‍ക്കറ്റിലേക്കാണ് കൊണ്ടുപോവുക. റെഡി ടു കുക്ക് രൂപത്തിലാണ് ഭക്ഷണശാലകള്‍ മത്സ്യമെടുക്കാറ്. ബോട്ടില്‍ നിന്ന് കണ്ണെടുത്ത് വെറുതേ താഴേക്ക് നോക്കിയപ്പോള്‍ നീന്തിക്കളിക്കുന്ന തിരണ്ടികളെ കണ്ടു. ഇത്തരം മത്സ്യങ്ങളെ പിടിക്കുന്നതിന് മാലദ്വീപില്‍ വിലക്കുണ്ട്. ബോട്ടുജെട്ടിയുടെ എതിരെ ഒരു മത്സ്യമാര്ക്കറ്റുണ്ട്. പ്രദേശവാസികളായവര്‍ മത്സ്യം വാങ്ങുന്നത് ഇവിടെനിന്നാണ്. ബോട്ടുകളിലെത്തിക്കുന്ന മീന്‍ തരംതിരിച്ച് നേരെ ഇവിടേക്ക് കൊണ്ടുവരും. ട്യൂണ അഥവാ ചൂരയാണ് ഇവിടെ ഏറ്റവും സുലഭമായി ലഭിക്കുന്ന മത്സ്യം. ട്യൂണയാണ് ദ്വീപുകാരുടെ ഇഷ്ടമത്സ്യമെന്നും പറയാം. ബാരാഗുഡ അഥവാ ഷീലാവ്, മഹിമഹി എന്ന പേരിലറിയപ്പെടുന്ന ഡോള്‍ഫിന്‍ ഫിഷ് തുടങ്ങി ഒരുപാട് മത്സ്യങ്ങള്‍ ദ്വീപില്‍ ലഭ്യമാണ്. രാവിലെയും വൈകിട്ടുമാണ് മാര്‍ക്കറ്റ് സജീവമാകുന്നത്. വിനോദസഞ്ചാരമേഖല വളര്‍ന്നതോടെയാണ് ദ്വീപില്‍ മത്സ്യത്തിന്റെ വിലയും ഉയര്‍ന്നത്.

ഒട്ടേറ ജലപക്ഷികളുടെ സങ്കേതംകൂടിയാണിവിടം. ഒട്ടേറെ ദേശാടനക്കിളികള്‍ ഇവിടെ കാഴ്ചയാകാറുണ്ട്. ഫ്ളെമിംഗോ വിഭാഗത്തില്‍പ്പെട്ട പക്ഷികള്‍, ഗ്രേ ഹെറോണ്‍ തുടങ്ങി ജലപക്ഷികളാല് സമ്പന്നമാണ് മാലദ്വീപ്.

ഈ തീരത്തേക്കെത്തുന്നവര് ജലഗതാഗതത്തെ അടുത്തറിഞ്ഞേ മടങ്ങൂ. ഒരു ചെറിയ തുരുത്തില് ഇത്രയേറെ ബോട്ടുകളെ മാതൃഭൂമി യാത്ര മുമ്പൊരിക്കലും കണ്ടിട്ടില്ല. മത്സ്യബന്ധനബോട്ടുകള്ക്കൊപ്പം യാത്രാബോട്ടുകളും ജലപാതയില്‍ തെളിയുന്നുണ്ട്. മാലപോലെ കടലില്‍ നിറയുന്ന ദ്വീപസമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്നത് ഈ ബോട്ടുകളാണ്. വലിയ കപ്പലുകള്‍ ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്. ചരക്കുകപ്പലുകള്‍ ഇവിടെ ഒരു സാധാരണ കാഴ്ചയാണ്. ചൂരയാണ് ദ്വീപില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന മത്സ്യം. നല്ല വലിപ്പമുള്ള മീനുകളെയാണ് തിരഞ്ഞെടുക്കുന്നത്. മാലദ്വീപില്‍ നിന്നുള്ള യെല്ലോഫിയന് ട്യൂണയ്ക്ക് ലോകമാര്‍ക്കറ്റില്‍ ആവശ്യക്കാരേറെയാണ്. കോവിഡ് കാലത്തും ദ്വീപിലെ മത്സ്യബന്ധനമേഖല അതിജീവിച്ചത് ട്യൂണയ്ക്കുള്ള ഡിമാന്റ് വെച്ചുതന്നെ. നിരവധി കമ്പനികള്‍ മത്സ്യ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശവാസികള്‍ക്ക് തൊഴിലവസരവും ഉണ്ടാക്കിനല്‍കുന്നുണ്ട് മത്സ്യക്കയറ്റുമതി മേഖല. മലയാളികളടക്കമുള്ളവര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.

ട്യൂണയ്ക്കുവേണ്ടി മാത്രമായി ഒരുമാര്‍ക്കറ്റ് തന്നെയുണ്ടിവിടെ. തീരത്തോടുചേര്ന്നുതന്നെയാണിത് പ്രവര്‍ത്തിക്കുന്നത്. റിസോര്‍ട്ടുകളിലേക്കും ഭക്ഷണശാലകളിലേക്കും ഇവിടെനിന്ന് മത്സ്യം കൊണ്ടുപോവുന്നു. വെട്ടി വൃത്തിയാക്കിയാണ് കൊടുക്കുക. മാലദ്വീപിലെ ട്യൂണ കറി വിദേശസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ കറിയിലും ഫ്രൈയിലും ഒതുങ്ങിനില്ക്കുന്നില്ല ട്യൂണ വിഭവങ്ങള്‍. കട്ലെറ്റുവരെ ഉണ്ടാക്കുന്നുണ്ട് ട്യൂണകൊണ്ട്.

ഹുളുമാലെ ദ്വീപാണ് അടുത്ത കാഴ്ച. ഒരു കൃത്രിമ ദ്വീപെന്ന് വിളിക്കാമിതിനെ. ദ്വീപിന്റെ പ്രധാനഭാഗങ്ങളെല്ലാം നികത്തിയെടുക്കുകയായിരുന്നു. വീണ്ടെടുത്ത ഒരു ദ്വീപില്‍ സര്വസൗകര്യങ്ങളുമൊരുക്കിയിരിക്കുന്നു. താമസസൗകര്യങ്ങളും മറ്റും ഏറ്റവും കൂടുതലുള്ളത് ഇവിടെയാണ്. ബഡ്ജറ്റ് ഹോട്ടലുകളും ലഭ്യമാണിവിടെ. റിസോര്‍ട്ടുകളില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഹുളുമാലെയാണ് സഞ്ചാരികള്‍ക്ക് എന്തുകൊണ്ടും നല്ലത്. സീപ്ലെയിനുകള് സഞ്ചാരികളേയും കൊണ്ട് പാറിപ്പറക്കുന്നത് കാണാം. ഹുല്‍ഹുലെ ദ്വീപുമായി റോഡുമാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. വലിപ്പത്തിന്റെ കാര്യത്തില്‍ ഹുളുമാലേയ്ക്ക് മാലദ്വീപില്‍ നാലാം സ്ഥാനമാണുള്ളത്. ദ്വീപസമൂഹത്തില്‍ ഏറ്റവും വേഗത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഇവിടെയാണെന്ന് പറയാം. സര്‍ക്കാര്‍ ആ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നത്. ഹുല്‍ഹുലെ, മാലദ്വീപുകളോട് അടുത്തുകിടക്കുന്നതും ഹുളുമാലെക്ക് വലിയ സാധ്യതകളാണ് നല്‍കുന്നത്.

പഞ്ചാരമണല്ത്തീരവും തെളിഞ്ഞ കടലുമാണ് ഹുളുമാലെ ബീച്ചിന്റെ പ്രത്യേകത. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. പ്രദേശവാസികള്‍ വൈകുന്നേരങ്ങള്‍ ചിലവിടാന്‍ കുടുംബസമേതം ഇവിടേക്കെത്തും. വിശാലമായ ബീച്ച് വളരെ വൃത്തിയായിത്തന്നെ സൂക്ഷിച്ചിട്ടുണ്ട്. ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന നിലയില്‍ അത്തരം കാര്യങ്ങളെല്ലാം പ്രത്യേകശ്രദ്ധവെയ്ക്കുന്നു. വാട്ടര്‍ സ്പോര്‍ട്സിന്റെ കേന്ദ്രം കൂടിയാണ് ബീച്ച്. സര്‍ഫിങ്, വാട്ടര്‍ സ്കൂട്ടര്‍, കയാക്കിങ്.. അങ്ങനെ വിനോദങ്ങളുടെ ഓളങ്ങള്‍ തീര്‍ക്കുകയാണ് ഈ തീരം. പാര്‍ക്കുകളിലെല്ലാം കാണാറുള്ളതുപോലെ കുട്ടികള്‍ക്ക് ഉല്ലസിക്കാനായി ചില പരീക്ഷണങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്. എയര്‍ ബലൂണുകളും മറ്റും ഉപയോഗിച്ച് വെള്ളത്തില്‍ കൗതുകലോകം തീര്ത്തിരിക്കുകയാണിവിടെ.

ദ്വീപില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ഉന്നതനിലവാരമുള്ള റോഡുകളും ഫഌറ്റുകളുമെല്ലാം വഴിയോരങ്ങളില്‍ നിറയുന്നു. തലസ്ഥാനമായ മാലെയില്പ്പോലും കാണാത്ത വികസനക്കുതിപ്പിന്റെ കാഴ്ചകളാണിവിടെ. ദ്വീപസമൂഹത്തിന്റെ നാളെ എന്ന് വിശേഷിപ്പിക്കാം ഈ കാഴ്ചകളെ. 1997-ലാണ് ദ്വീപിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. സര്‍ക്കാര്‍ സംവിധാനത്തിനൊപ്പം എല്ലാ പിന്തുണയുമായി ബെല്‍ജിയം ആസ്ഥാനമായുള്ള കമ്പനിയുമുണ്ടായിരുന്നു. 2002-ല്‍ വികസനപദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 2015-ല്‍ രണ്ടാംഘട്ടവും. 2019-ലെ കണക്കനുസരിച്ച് 50,000 പേരെ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി താമസിപ്പിക്കാന്‍ കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചതന്നെയാണ് ഇന്ന് കാണുന്ന ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളും.
(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)
Content Highlights: land of tuna fish, maldives travel, mathrubhumi yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..