-
പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തെ ധാരാളം ചിത്രങ്ങള്‍ എന്റെ കൈവശമുണ്ട്. പ്രത്യേകിച്ചും പേപ്പാറമുതല്‍ തെന്‍മല വരെയുള്ളവ. പിന്നെ വയനാടന്‍ ചിത്രങ്ങളും. പശ്ചിമഘട്ടത്തിന്റെ കര്‍ണാടകന്‍ കാടുകള്‍ കാണുക, ചിത്രങ്ങളെടുക്കുക എന്നതൊരു മോഹമായി കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
അപ്പോഴാണ് യാത്രാഭ്രാന്തനായ നബീല്‍ വിളിക്കുന്നത്. നമുക്ക് കുദ്രേമുഖിലൊന്നു പോയാലോ. അവന്‍ ഹിമാലയത്തിലൂടെ ബൈക്കോടിച്ച് വന്നിട്ട് അധികം നാളായില്ല. ഞാന്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല. എല്ലാ പ്ലാനിങ്ങും അവനെ ഏല്‍പ്പിച്ച് ക്യാമറയുമായി ഒപ്പം കൂടി.

ഉച്ചയ്ക്ക് ഒരുമണിക്കാണ് പാലോടു നിന്നും യാത്ര തിരിക്കുന്നത്. രണ്ടരയ്ക്ക് തിരുവനന്തപുരത്തെത്തി. ഉദ്ദേശിച്ച ട്രെയിന്‍ പോയിരുന്നു. പിന്നെയൊരു പാസഞ്ചര്‍ ട്രെയിനില്‍ കൊച്ചുവേളിയെത്തി. മറ്റൊരു ട്രെയിന്‍ പിടിച്ച് 8.30ഓടെ ആലുവയെത്തി. ആലുവയില്‍ നിന്നും മംഗലാപുരത്തേക്കുള്ള ബസ് അവന്‍ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.
രാത്രി പുറപ്പെട്ട ബസ്സില്‍ ഉറങ്ങിയും ഉണര്‍ന്നും രാവിലെ 6.30ന് മംഗലാപുരത്തെത്തി. അവിടെ നിന്നും കുദ്രേമുഖിലേക്ക് നേരിട്ടൊരു ബസ് 10.20 നാണ്. 1.30 ന് കാര്‍ക്കളയിലെത്തി. ഇടയിലൊരു വലിയ നഗരമാണ് കാര്‍ക്കള. കാര്‍ക്കള കഴിഞ്ഞതും, തണുത്ത കാറ്റ് വീശാന്‍ തുടങ്ങി. കുദ്രേമുഖ് വന്യജീവി സങ്കേതത്തിന്റെ പരിധിയിലേക്ക് കടന്നു കഴിഞ്ഞു എന്നര്‍ഥം. പുല്‍മേടുകള്‍ കാണാന്‍ തുടങ്ങി. തട്ടുതട്ടായി ചാടുന്ന ഹനുമാന്‍ഗുണ്ഡി വെള്ളച്ചാട്ടവും മനോഹരമായൊരു കാഴചയായിരുന്നു.

രണ്ട് മണിയോടെ കുദ്രേമുഖിലെത്തി. ഇരുമ്പയിര്‍ ഫാക്ടറിയുടെ പ്രതാപസ്മരണകളുമായി ഒരു നഗരം. അടുത്ത ലക്ഷ്യം കലസയായിരുന്നു. അവിടെ ബാല്‍ഗാലില്‍ നിന്നാണ് ട്രെക്കിങ് തുടങ്ങുന്നത്. മുല്ലോടി ഹോംസ്‌റ്റേയില്‍ മുറിയും ട്രെക്കിങ് പാക്കേജും മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. ജീപ്പിന് 600 രൂപയായിരുന്നു. 3.30 മുല്ലോടിയിലെത്തി. രാജപ്പാജി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഹോംമെയ്ഡ് കാപ്പി കിട്ടി. ഞാന്‍ ക്യാമറ പുറത്തെടുത്തു തൊട്ടടുത്തുള്ള വെള്ളച്ചാട്ടത്തില്‍ പോയി കുറേ പടമെടുത്തു. ഒരു കുളിയും പാസാക്കി. 6.30 ന് തിരിച്ചെത്തി. പതിനഞ്ചംഗസംഘം അവിടെയെത്തി. ഹൈദരബാദില്‍ നിന്നുള്ള സംഘം ടെന്റ് ഹൗസുകളില്‍ തമ്പടിച്ചു. വീണ്ടും ചുടുകാപ്പി വന്നു. ക്യാമ്പ് ഫയറിന്റെ നാളങ്ങള്‍ ഉയരാന്‍ തുടങ്ങി.

കുഞ്ഞുതണുപ്പും തീചൂടും രുചികരമായ ഭക്ഷണവും. ഒമ്പതുമണിയോടെ ഞങ്ങള്‍ കിടക്കയിലേക്ക് ചാഞ്ഞു. യാത്രാസംഘത്തിന്റെ ആഘോഷരാവ് നീണ്ടു. പിറ്റേന്ന് രാവിലെ 6.30 ആയപ്പോഴേക്കും ഗൈഡ് കേശവ് റെഡിയായി വന്നു. 6.45 ന് ഞങ്ങള്‍ പുറപ്പെട്ടു. സൂര്യനും ഞങ്ങള്‍ക്കൊപ്പമായിരുന്നു അന്നത്തെ യാത്ര തുടങ്ങിയത്.
ആദ്യത്തെ ഒരു കിലോമീറ്റര്‍ ചെങ്കുത്തും പാറക്കെട്ടുകള്‍ നിറഞ്ഞതുമായിരുന്നു. അതുകഴിഞ്ഞപ്പോള്‍ നേര്‍വഴിയായി. ചോലക്കാടുകളിലേക്ക് കടന്നു. വീണ്ടുമൊരു ചെങ്കുത്തന്‍ മല. ശ്വാസഗതി കൂടി. തണുപ്പിലും വിയര്‍ത്തൊഴുകാന്‍ തുടങ്ങി. വീണ്ടും നേര്‍വഴിയിലെത്തിയപ്പോള്‍ ഒരത്ഭുതം കാത്തു നില്‍പ്പുണ്ടായിരുന്നു. പ്രഭാതകിരണങ്ങള്‍ മഞ്ഞിന്‍പാളികളെ തുളച്ചിറങ്ങുന്ന സുന്ദരദൃശ്യം. നടന്നു നടന്നു പൂക്കള്‍ നിറഞ്ഞ താഴ്‌വരയിലെത്തി.

അഞ്ഞൂറടി ഉയരത്തിലേക്ക് വീണ്ടുമൊരു കയറ്റം. പച്ചപ്പുല്‍മേടുകള്‍ തുടങ്ങുകയായി. അതിനു നടുവിലായി ലോണ്‍ ട്രീ. പുല്‍മേട്ടില്‍ ഒറ്റപ്പെട്ട മരം, ആ മരത്തിനരികില്‍ ഒരു ടീ ബ്രേക്ക്. കീഴടക്കാനുള്ള വഴി ദൂരെയായി കാണാം. ഒരു കിലോമീറ്റര്‍ ചോലക്കാട് കഴിഞ്ഞു. ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടം മുന്നില്‍. ഏറ്റവും ഉയരെയുള്ള ചോലക്കാട്ടിലും മറക്കാനാവാത്ത ഒരു കാഴ്ചയുണ്ടായിരുന്നു. മരങ്ങളെല്ലാം പായലണിഞ്ഞിരിക്കുന്ന കാഴ്ച. ആ ചോലക്കാട്ടില്‍ നിന്നൊരു അരുവി. ശുദ്ധമായ വെള്ളം. അതും കുടിച്ച് കൊണ്ടുവന്ന ഉച്ചയൂണും കഴിച്ചു. അവിടെ അല്‍പ്പം വിശ്രമിച്ചു. സമയം 12.30 ആയി.
പിന്നെ ലോബോഹട്ടിലേക്ക് പോയി. ഇത്രയും ദൂരെ ആ കാലത്ത് മനോഹരമായൊരു സൗധം പണിയിപ്പിച്ച സായിപ്പിനെ മനസുകൊണ്ട് നമിച്ചു. ഇപ്പോഴത് ഇടിഞ്ഞ്‌പൊളിഞ്ഞ് ഭിത്തികള്‍ മാത്രമായി നില്‍ക്കുകയാണ്. ഏറ്റവും ഉയരം കയറി എല്ലാ കാഴ്ചകളും ക്യാമറയിലും മനസിലും നിറച്ച് തിരികെയിറങ്ങാന്‍ തുടങ്ങി. ജുറാസിക് കാലത്തെ പന്നല്‍ച്ചെടിയും അവിടെ നിന്നു പകര്‍ത്താനായി.

തിരിച്ചിറങ്ങുമ്പോള്‍ പെണ്‍കുട്ടികളടങ്ങുന്ന ഒരു യാത്രാസംഘത്തെ കണ്ടു. ഞങ്ങളുടെ അതേ ഹോംസ്‌റ്റേയില്‍ തങ്ങുന്നവര്‍. അവര്‍ മടുത്തിട്ട് മടങ്ങാന്‍ തുടങ്ങുകയായിരുന്നു. ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചു. ഇനി കുറച്ചേയുള്ളു. പോയില്ലെങ്കില്‍ നഷ്ടമാണ്. അവര്‍ യാത്ര തുടര്‍ന്നു. ഇറങ്ങാന്‍ കയറുന്നത്ര പ്രയാസമുണ്ടായിരുന്നില്ല. സൂര്യനും മടക്കയാത്ര തുടങ്ങി കഴിഞ്ഞിരുന്നു. സായാഹ്നസൂര്യകിരണങ്ങളില്‍ പുല്‍മേടുകള്‍ സ്വര്‍ണരാജിയണിയാന്‍ തുടങ്ങി. ക്യാമറകണ്ണുകള്‍ മിന്നിയടഞ്ഞുകൊണ്ടിരുന്നു. ഒരു കേഴമാനേയും കണ്ടു.
ബേസ് ക്യാംപിലേക്ക് ഒരു കിലോമീറ്റര്‍ ബാക്കിയിരിക്കെ ഇരുള്‍ വ്യാപിക്കാന്‍ തുടങ്ങി. ഹെഡ്‌ലൈറ്റ് ഓണ്‍ചെയ്തു. നടത്തം തുടര്‍ന്നു. എട്ടുമണിയോടെ മുറിയിലെത്തി. 15 കിലോമീറ്റര്‍ ട്രെക്കിങ് പൂര്‍ത്തിയാക്കി. രാത്രി വൈകിയപ്പോള്‍ ഞങ്ങളുടെ പിന്നാലെ വന്ന സംഘവും തിരിച്ചെത്തി. ബംഗളൂരു ഇന്‍ഫോസിസില്‍ നിന്നുള്ള സംഘവും ചേര്‍ന്നതോടെ അന്നത്തെ ക്യാംപ് ഫയറും ഉഷാറായി.

രാവിലെ ഏഴുമണിക്കെഴുന്നേറ്റു. മടക്കയാത്ര. മനസും ശരീരവും മടിപിടിച്ചിരുന്നു. ആ തണുപ്പില്‍ ഇത്തിരിനേരം കൂടെ ഉറങ്ങാന്‍ ഒരാഗ്രഹം. പത്തുമണിയോടെയാണ് തയ്യാറായത്. രാജപ്പാജി ബില്ലുമായി വന്നു. രണ്ടുപേര്‍ക്ക് രണ്ടു ദിവസത്തേക്ക് 4000 രൂപ. അതൊട്ടും കൂടുതലായി തോന്നിയില്ല.
സൂര്യവെളിച്ചത്തില്‍ തിളങ്ങുന്ന പച്ചമലകള്‍ പിന്നിട്ട് ജീപ്പ് യാത്ര തുടങ്ങി. 10.20ന് ബാല്‍ഗലില്‍ എത്തി. 10.45 ന് ഹനുമാന്‍ഗുണ്ഡി വെള്ളച്ചാട്ടത്തിലേക്ക് പോയി. 272 പടികള്‍ ഇറങ്ങണം വെള്ളച്ചാട്ടത്തിനരികിലെത്താന്‍. അവിടെ നിന്നും കാര്‍ക്കളയ്ക്കുള്ള ബസ് 12 30 ന് പോകും അതിനാല്‍ ചുമലിലെ വലിയ ഭാരമെല്ലാം മറന്ന് ഞങ്ങള്‍ ആഞ്ഞുപിടിച്ചു. കുറച്ചു ഫോട്ടോയുമെടുത്ത് പെട്ടെന്നു തിരിച്ചുപോന്നു.

1.30 ന് കാര്‍ക്കളയിലെത്തി. 3.45ന് മംഗലാപുരത്തും. രാത്രി എട്ടുമണിക്കായിരുന്നു ആലുവയ്ക്കുള്ള ബസ്. രാവിലെ ആറുമണിക്ക് അത് ആലുവയിലെത്തി. അവിടെ നിന്നും തിരുവനന്തപുരം മെയിലില്‍ വീട്ടിലേക്കും.
ചിത്രങ്ങള്‍ കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്തു നോക്കുമ്പോള്‍ മനസുകൊണ്ട് വീണ്ടും കുതിരമുഖത്തെത്തുന്നു. ക്യാമറയിലാക്കാത്ത കാഴ്ചകളും മനസില്‍ നിറയുന്നു.
Kudremukh is a mountain range, in Karnataka, It is also the name of a small hill station town situated near the mountain, The town of Kudremukh is primarily an iron ore mining town. It is noted for its scenic beauty. Owing to the dense forests, sighting wildlife can be challenging, though the area is rich in wildlife.
Location: Chikmagalur Dist., Karnataka
Contact: Deputy Conservator of Forests Kudremukh & 08258 - 731183.
Stay:Mullodi Homestay, 09481179008
Content Highlights: Kudremukh mountain range in Karnataka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..