
അകലാപ്പുഴ | ഫോട്ടോ: എൻ.എം പ്രദീപ്, മാതൃഭൂമി
കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിമാറിയ അകലാപ്പുഴയിലൂടെയുള്ള ശിക്കാരബോട്ടുകളിലുള്ള യാത്ര സഞ്ചാരികള്‍ക്ക് ഹൃദ്യമാകുന്നു. പത്തുപേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടുകള്മുതല് അറുപതുപേര്‍ക്ക് യാത്രചെയ്യാവുന്ന വലിയ ശിക്കാരബോട്ടുകള്വരെ അകലാപ്പുഴയില്‍ സജ്ജമായിരിക്കുകയാണ്.
പുഴസൗന്ദര്യം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ യാത്ര ശിക്കാരബോട്ടില് തന്നെയാവണം. നാലുവശവും തുറന്നിട്ടുള്ളതും, പനയോലകൊണ്ടുള്ള മേലാപ്പുമാണ് ശിക്കാരബോട്ടിന്റെ പ്രത്യേകത. ശിക്കാരബോട്ടില് ചാരിക്കിടന്നും ഇരുന്നും പുഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയും. പ്രഭാതത്തിലും സായാഹ്നങ്ങളിലുമാണ് ജല യാത്രയ്ക്ക് ഏറെ നല്ലത്.

60 പേര്‍ക്ക് സഞ്ചരിക്കാവുന്ന ശിക്കാരബോട്ടില് ചെറുമീറ്റിങ്ങുകള്, ജന്മദിനാഘോഷങ്ങള്, വിവാഹവാര്‍ഷികം, വിവാഹനിശ്ചയം, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവയെല്ലാം നടത്താം. ഇതുകൂടാതെ കരയില്‍ കുട്ടികളുടെ പാര്‍ക്ക്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഓപ്പണ്‍സ്റ്റേജ്, റെസ്റ്റോറന്റ്, ടോയ്ലെറ്റ് സൗകര്യങ്ങള്‍ എന്നിവയുമുണ്ടെന്ന് ലെയ്ക് വ്യു പാലസ് ശിക്കാരബോട്ട് സര്‍വീസ് സംഘാടകരായ സി. മൊയ്തീന്, സി.എം. ജ്യോതിഷ് എന്നിവര്‍ പറഞ്ഞു.
ശാന്തമായതും വൃത്തിയും വെടിപ്പുമുള്ള ജലാശയമാണ് അകലാപ്പുഴ. കുട്ടനാടിന്റെ അതേ ഗ്രാമഭംഗിയാണ് ഇവിടെയും. അകലാപ്പുഴയും പുഴയ്ക്ക് മധ്യത്തിലെ തുരുത്തും വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. പുറക്കാട് കിടഞ്ഞിക്കുന്നിന്റെ താഴ്വാരത്ത് പ്രകൃതി അനുഗ്രഹിച്ചുനല്‍കിയ വിസ്തൃതമായ കായല്‍പരപ്പാണ് അകലാപ്പുഴ. നാഴികകളോളം നീളത്തില്‍ ഒരേ ആഴവും പരപ്പും തീരങ്ങളിലൂടനീളം കേരവൃക്ഷങ്ങളും വിവിധതരം കണ്ടല്‍ച്ചെടികളും ഇവിടെ ഇടതൂര്‍ന്ന് വളര്‍ന്ന് നില്ക്കുന്നു.
കൈത്തോടുകളും തുരുത്തും നാട്ടുമീനുകളും കൊതുമ്പുവള്ളങ്ങളും മത്സ്യക്കൃഷിയും അകലാപ്പുഴ കോള്‍നിലം പാടശേഖരവും എത്രകണ്ടാലും മതിവരില്ല. പുഴയോരത്തെ മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ചുള്ള ജലയാത്ര നടത്താന്‍ വിദേശടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുകയാണ്. രണ്ടുപേര്‍ക്കും അഞ്ചുപേര്‍ക്കും യാത്രചെയ്യാന്‍ പറ്റുന്ന പെഡല്‍ബോട്ടുകള്‍, വാട്ടര്‍സൈക്കിള്‍, റോയിങ് ബോട്ട് എന്നിവയും അകലാപ്പുഴയിലെ ആകര്‍ഷകങ്ങളാണ്.

ദേശീയപാതയില്‍നിന്ന് കൊയിലാണ്ടി കൊല്ലം ആനക്കുളത്തുനിന്ന് എട്ടു കി.മീറ്റര്‍ സഞ്ചരിച്ചാല്‍ ബോട്ടിങ് സ്പോട്ടിലെത്താം. അതേപോലെ പയ്യോളിയില്‍നിന്ന് ആറു കി.മീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയെത്തും. തിക്കോടി പഞ്ചായത്ത് ബസാറില്‍നിന്ന് പുറക്കാട് മുചുകുന്ന് റോഡിലൂടെ നേരെവന്നാല്‍ ഇവിടെയെത്താം. ആയിരക്കണക്കിന് ദേശാടനപക്ഷികള്‍ ഇവിടെ തമ്പടിക്കുന്നുണ്ട്. വൈകുന്നേരമാവുമ്പോഴേക്കും ദേശാടനപക്ഷികള്‍ കൂടണയാനെത്തുന്ന കാഴ്ച രസകരമാണ്.
ശാന്തമായ ഈ കായല്‍പ്പരപ്പിലെ പുലര്‍കാല കാഴ്ച മനോഹരമാണ്. പരമ്പരാഗത രീതിയില്‍ മത്സ്യം പിടിക്കുന്ന ധാരാളം മത്സ്യത്തൊഴിലാളികള്‍ ഇവിടെയുണ്ട്. ഏറ്റവും രുചികരമായ കരമീനാണ് ഇവിടത്തെ പ്രത്യേകത. കുട്ടനാടന്രുചിയാണ് ഇവിടത്തെ കരിമീനിന്. കായല്‍ ടൂറിസത്തിന് അകലാപ്പുഴയില്‍ വലിയ സാധ്യതയാണുള്ളത്.
വളരെ മനോഹരമായ, വശ്യസൗന്ദര്യമുള്ള കയല്‍ പരപ്പാണിവിടം. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ജലയാത്ര നടത്തുന്നതോടൊപ്പം പിഷാരികാവ് ക്ഷേത്രം, പാറപ്പള്ളി കടപ്പുറം, തിക്കോടി ഡ്രൈവിങ് ബീച്ച്, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കുഞ്ഞാലി മരക്കാര്‍ ഭവനം, തിക്കോടി ലൈറ്റ് ഹൗസ്, എന്നിവയും കണ്ടുമടങ്ങാം. പത്രസമ്മേളനത്തില്‍ കെ.പി. ഷര്‍ഷാദും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..