ഖീർഗംഗ
സഞ്ചാരികളുടെ പറുദീസയായ ഹിമാചലില്‍ അധികമാരും എത്തിപ്പെടാത്ത ഒരിടമുണ്ട്. മലനിരകളും താഴ്‌വാരങ്ങളും മഞ്ഞില്‍ പുതഞ്ഞു കിടക്കുമ്പോള്‍ ചൂടുനീരുറവയുമായി വിസ്മയിപ്പിക്കുന്ന ഖീര്‍ഗംഗ. ഹിമാചലിന്റെ മടിത്തട്ടിലെ അത്ഭുതനാട്. പാര്‍വ്വതി നദിയുടെ കുന്നുകള്‍ക്കു മുകളിലുള്ള സ്വര്‍ഗസമാനമായ ഖീര്‍ഗംഗയിലേക്കുള്ള യാത്രയാണിത്.
ചുവപ്പും മഞ്ഞയും ഇലകള്‍ പൊതിഞ്ഞ മരം മണ്ണിലേക്ക് ചരിഞ്ഞു കിടക്കുന്നു. പൊഴിഞ്ഞ് വീണ നക്ഷത്ര ഇലകളില്‍ ചവിട്ടി അരികിലെ പാറയില്‍ കയറി ഞാനതിന്റെ ഒരു ചില്ല ഒടിച്ചെടുത്തു. ചെമ്പകപ്പൂ പോലെ ചിരിച്ചു നില്‍ക്കുന്ന ശേഷിക്കുന്ന ഇലകള്‍കൂടി പറിച്ചു മാറ്റി ഒരു ഊന്നുവടിയുണ്ടാക്കി. ആകാശത്തോളം ഉയരമുള്ള മലയും, കാടും പുഴയും കടന്ന് പാര്‍വതി മലയുടെ മുകളിലെത്താന്‍ താങ്ങായൊരു ഊന്നുവടിവേണം.
ചെത്തിയും തുമ്പയും ചെമ്പരത്തിയും പൂത്ത നാട്ടുവഴിപോലെ പലനിറപ്പൂക്കള്‍ക്കിടയിലൂടെ, സുന്ദരമായ കാട്ടുവഴിയിലൂടെ നടന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടിനെ കോട പൊതിഞ്ഞു. താഴെ പാറകള്‍ക്കിടയിലൂടെ പാര്‍വതി നദി ഒഴുകുന്നു, ദൂരെ കാണുന്ന മഞ്ഞുമലകള്‍ ഉരുകി ഒഴുകുന്നതാണീ പുഴ. മലമുകളിലെ ക്യാംമ്പിലെത്താന്‍ മണിക്കൂറുകള്‍ കാട്ടിലൂടെ നടക്കണം. തണുപ്പ് കാലത്ത് പകല്‍ കുറവും രാത്രി കൂടുതലുമാണ്. രാത്രി കാട്ടിലൂടെയുള്ള നടത്തം അപകടമാണ്. അതുകൊണ്ട് ഇരുട്ട് വീഴും മുമ്പ് ക്യാമ്പിലെത്തണം.
മഞ്ഞ് മലകള്‍ കണ്ടുണര്‍ന്ന ജെറിയിലെ ഹോട്ടലിന് മുന്നില്‍ നിന്നും ബസ് കയറി മണികിരണെത്തി. മലനിരകളുടെ തണലില്‍ ചേര്‍ന്ന് നില്‍ക്കുന്ന ഗുരുദ്വാര കാണാം. സിഖ് വിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ് ഈ ഗുരുദ്വാര. മണികിരണ്‍ മുതല്‍ ബാര്‍ശേനി വരെയുള്ള ചെറിയ ദൂരം മറ്റൊരു ബസ്സില്‍. കല്‍ഗ, പുള്‍ഗ, തുല്‍ഗ, തോഷ് ഗ്രാമങ്ങളിലേക്കും ഖീര്‍ഗംഗയിലേക്കും പോകാനുള്ള യാത്രക്കാരെക്കൊണ്ട് ബസ് നിറഞ്ഞു. അരികില്‍ പാര്‍വതി നദി ഒഴുകുന്നു. പുഴകടന്നാല്‍ മണ്ണ് നിറയെ മരങ്ങളാണ്. ഓരോ മരത്തിനു മുകളിലും അടുത്ത മരം. ആകാശം വരെ ഉയര്‍ന്നു നില്‍ക്കുന്ന ദേവദാരു മരങ്ങള്‍ മലകളെ ഒളിപ്പിക്കുന്നു. തളിരിലകള്‍ക്കുമപ്പുറം മഞ്ഞുപാളികള്‍ നിറഞ്ഞ മറ്റൊരു മല, അതിനുമപ്പുറം തെളിഞ്ഞ നീലാകാശത്തില്‍ ഉദിച്ചുയരുന്നു സൂര്യന്‍.
നീളത്തില്‍ വെട്ടിയുണ്ടാക്കിയ ചെറിയൊരു കവല. ബസ് തിരിക്കാനായി ഒരുവശത്തെ മല കുറച്ചധികം കയറ്റി വെട്ടിയിട്ടുണ്ട്. ചെറിയൊരു ചായക്കട റോഡിന്റെ ഒരുവശത്തെ താഴ്ചയില്‍ മരത്തൂണില്‍ കയറ്റിക്കെട്ടി വെച്ചിരിക്കുന്നു. ബസിറങ്ങി ചായപ്പീടികയില്‍ കയറി. പുറകിലെ ജനാലയിലൂടെ ദൂരെ ബാര്‍ശേനി ഡാമിന്റെ ഷട്ടറുകള്‍ കാണാം. ചായ കുടിച്ച ശേഷം ഭാരമുള്ള ബാഗ് പീടികയില്‍ സൂക്ഷിക്കാന്‍ കൊടുത്തിട്ട് ബര്‍ശേനിയില്‍ നിന്നും ഖീര്‍ഗംഗയിലേക്ക് നടന്നു. ഡാം കടന്ന് മല കയറി, പാറകളിലും കൂറ്റന്‍ മരങ്ങളുടെ വേരുകളിലും പിടിച്ച് മുകളിലേക്ക്. മലകയറാന്‍ താങ്ങായി മറ്റെല്ലാവരും മരവടിയൂന്നുന്നുണ്ട്. ബാര്‍ശേനിയില്‍ നിന്നും ഊന്നുവടി കിട്ടുമെന്നെനിക്കറിയില്ലായിരുന്നു. കാട്ടിലെ നക്ഷത്ര ഇലകള്‍ക്കിടയില്‍ നിന്നും പറിച്ചെടുത്ത ഊന്നുവടിയുമായി നടത്തം തുടര്‍ന്നു.
.jpg?$p=e1384ec&f=1x1&w=284&q=0.8)
.jpg?$p=f991ee1&f=1x1&w=284&q=0.8)
.jpg?$p=4d26022&q=0.8&f=16x10&w=284)
.jpg?$p=ba25c2a&q=0.8&f=16x10&w=284)
.jpg?$p=7072bef&q=0.8&f=16x10&w=284)
+7
കാട്ടുവഴിക്ക് കുറുകെ കടപുഴകി വീണുപോയ പാഴ്മരത്തിലെ ചില്ലകളിലൂടെ കയറി മറുവശത്തേക്ക് ചാടി. പതിറ്റാണ്ടുകള്‍ തണല്‍ നല്‍ക്കിയ വന്‍മരങ്ങള്‍ കാടുനിറയെ വീണുകിടപ്പുണ്ട്. ഇലകള്‍ പൂത്ത മരങ്ങള്‍ക്കിടയിലൂടെ കാട്ടുചോലകള്‍ കടന്ന് കാടിന്റെ ജീവനോട് ചേര്‍ന്ന് നടന്നു. കൂറ്റന്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തിന് നല്ല തണുപ്പ്. കുപ്പിയില്‍ തണുത്ത വെള്ളമെടുത്ത് കുടിച്ചു. പാലമായി ഇട്ടിരിക്കുന്ന മരത്തിലൂടെ ചോല മുറിച്ചുകടന്നു. പാലത്തിലൂടെ നടക്കുമ്പോള്‍ താഴേക്ക് വീണുപോകുമോയെന്നു തോന്നി. മലകള്‍ ഇറങ്ങിയും കയറിയും മണിക്കൂറുകള്‍ നടന്നു. മുന്നില്‍ കാട് നിറയെ ചെമ്മരിയാടുകള്‍. പുരുഷന്മാര്‍ അവയുടെ അകിട്ടില്‍ നിന്നും പാല് മണ്ണിലേക്ക് ചുരത്തുന്നു. അരികില്‍ കാലിമേയ്ക്കുന്ന സ്ത്രീകളും കുട്ടികളും തീ കാഞ്ഞിരിപ്പുണ്ട്. കുട്ടികളുടെ കണ്ണുകള്‍ പാല് ചീറ്റുന്ന അകിട്ടിലേക്കാണ്. ചെമ്മരിയാടിനെ പോറ്റുന്നത് പാലിനല്ല, പഞ്ഞി പോലെ പൊതിഞ്ഞു നില്‍ക്കുന്ന അവയുടെ രോമങ്ങള്‍ക്കാണ്. പച്ചക്കറിയും പലചരക്കും പൊതിഞ്ഞ കെട്ട് ചുമലിലേറ്റി മലകയറുന്ന മനുഷ്യന്‍. അയാളുടെ കാലുകള്‍ യന്ത്രം പോലെ വേഗത്തില്‍ ചലിക്കുന്നു. മലമുകളില്‍ തമ്പടിച്ച സഞ്ചാരികള്‍ക്കുവേണ്ട സാധനങ്ങളാണതില്‍. ദിവസം എത്ര തവണ ഈ മല അയാള്‍ കയറുന്നുണ്ടാകും. പഹാടികള്‍ അങ്ങനെയാണ്, ഉശിരന്മാര്‍. വഴിയരികില്‍ കൂറ്റന്‍ ദേവദാരു മരങ്ങള്‍ക്കിടയില്‍ പ്ലാസിറ്റിക് ഷീറ്റ് വലിച്ചു കെട്ടിയ ചെറിയ പീടിക കാണാം. പാര്‍വതി നദിയിലേക്ക് ഒഴുകിയിറങ്ങുന്ന അരുവിയുടെ അരികിലെ കടയില്‍ കയറിയിരുന്നു. മാനം തൊട്ട് നില്‍ക്കുന്ന കൂറ്റന്‍ മരങ്ങളില്‍ നിന്നും പൊഴിയുന്ന ചുവന്ന ഇലകള്‍ പക്ഷികളെപോലെ കാടുനിറയെ പറന്നു കളിക്കുന്നു. കാട് ഇരുണ്ട് തുടങ്ങി, തണുപ്പ് പടര്‍ന്ന കാടിനെ നോക്കി ചൂട് ചായ കുടിച്ചു. ചായക്ക് നല്ല മധുരം.
മരവിപ്പിക്കുന്ന ശീതക്കാറ്റ് പ്ലാസ്റ്റിക്ക് ഷീറ്റിന്റെ വിടവിലൂടെ അകത്തേക്ക് കടന്നു. ചൂടുകിട്ടാന്‍ കത്തിച്ച ഫണല്‍ അണഞ്ഞു. തെളിഞ്ഞു നിന്ന ബാറ്ററി ലൈറ്റ് കുറച്ചു മുന്‍പ് ശിവന്‍ വന്നു അണച്ചു പോയിരുന്നു. മണ്ണില്‍ വിരിച്ച കിടക്കകള്‍ക്കിടയിലൂടെ തണുപ്പ് ശരീരത്തിലേക്ക് കയറുന്നു. മൂന്നില്‍ കൂടുതല്‍ കമ്പിളികള്‍ സുഹൃത്ത് നിഷാല്‍ പുതച്ചിട്ടുണ്ട്. എന്നിട്ടും തണുപ്പ് വിട്ടുമാറുന്നില്ല. മരത്തൂണുകള്‍ നാട്ടി അതില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ വശങ്ങളും മേല്‍ക്കൂരയും കെട്ടിയാണ് താമസിയ്ക്കാനുള്ള ഇടം. മല കയറി ക്യാമ്പിലെത്തിയത് ഇരുട്ട് വീണതോടെയാണ്. മലനിറയെ പ്ലാസ്റ്റിക്ക് മാടങ്ങള്‍ ചിതറി കിടക്കുന്നു. ബാറ്ററിയില്‍ തെളിയുന്ന പലനിറ വെളിച്ചങ്ങള്‍, മത്തുപിടിപ്പിക്കുന്ന സംഗീതം, കത്തിയമര്‍ന്നുയരുന്ന മരകഷ്ണങ്ങള്‍ക്ക് ചുറ്റും താളം ചവിട്ടുന്ന മനുഷ്യര്‍. എല്ലാ മാടങ്ങളിലെയും രാത്രി കാഴ്ച ഒന്നുതന്നെ.
മഞ്ഞ് ഉരുകി ഒലിച്ചിറങ്ങുന്ന വെള്ളം ചെറിയ പൈപ്പിലൂടെ മലഞ്ചരുവില്‍ കെട്ടിമച്ചുണ്ടാക്കിയ ശുചിമുറിയിലെത്തും. അതിന് പുറകിലെ അഴുക്ക് വെള്ളമൊഴുകുന്ന ചാല് ഐസായിരിക്കുന്നു. ശുചിമുറിക്കരികിലെ പാറയില്‍ രാവിലത്തെ കൊടും തണുപ്പില്‍ മരവിച്ചിരുന്ന ഞങ്ങള്‍ക്ക് ശിവന്‍ ചായകൊണ്ടു തന്നു. ചെറിയ കുട്ടിയാണവന്‍. ടെന്റിലെ കാര്യങ്ങള്‍ നോക്കുന്നത് അവനും അമ്മയും അച്ഛനും ചേട്ടനുമടങ്ങുന്ന കൊച്ചു കുടുംബമാണ്. തണുപ്പ് കാലം ഖീര്‍ഗംഗ മഞ്ഞില്‍ പുതഞ്ഞു കിടക്കും. മഞ്ഞ് അലിഞ്ഞൊഴുകിയാല്‍ അവര്‍ ഈ മലകയറും. സഞ്ചാരികള്‍ക്കായി പുതിയ മാടങ്ങള്‍ കെട്ടും. ബാര്‍ശേനി കവലയില്‍ നിന്നും മാഗിയും ഗോതമ്പും പച്ചക്കറിയും ചുമന്നു മലകയറ്റും. പാചകത്തിനായുള്ള വെള്ളവും തീയിടാനുള്ള വിറകും കാട് കൊടുക്കും. യാത്രക്കാര്‍ക്കായി, തെളിഞ്ഞ വെയിലിനായി അവര്‍ കാത്തിരിക്കും.
ചൂടുവെള്ളം നിറഞ്ഞ കുളത്തിലേക്ക് നിഷാല്‍ ചാടി പിന്നാലെ ഞാനും. തണുത്തുറഞ്ഞ മലയില്‍ നിന്നാണ് തിളച്ചവെള്ളമൊഴുകുന്നത്. യാത്രക്കാര്‍ കുളക്കോഴികളെ പോലെ കുളത്തില്‍ മുങ്ങാംകുഴിയിട്ടു. സ്ത്രീകള്‍ക്കുള്ള കുളം പ്രത്യേകം കെട്ടിമറച്ചിട്ടുണ്ട്. കുളത്തില്‍ ഇറങ്ങിനിന്നാല്‍ ചുറ്റും മഞ്ഞ് മലകള്‍ വളയും. ഈ ചൂട് നനവിനു വേണ്ടിയാണു യാത്രക്കാര്‍ ഈ മല കയറുന്നത്. കുളത്തിനരികില്‍ ശിവക്ഷേത്രമാണ്. ഹിമാചല്‍ പ്രദേശിലെ ചെറിയ തീര്‍ത്ഥാടന ക്ഷേത്രം കൂടിയാണിത്. മഞ്ഞ് കട്ടപോലെ തണുത്ത സിമന്റ് പടികളൂടെ ചെരിപ്പിടാതെ കയറി ക്ഷേത്രത്തിനു ചുറ്റും നടന്നു. അരികിലെ പറയിലിരുന്ന് മലകളും മഞ്ഞും കാടും മനുഷ്യരെയും കണ്ടു. ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാടങ്ങളുടെ പുറകിലെ അടുക്കളകളില്‍ തീ പുകഞ്ഞു തുടങ്ങി. ശിവനും അമ്മയും മാഗിയും ആലു പറാത്തയും ഒരുക്കുന്നു. കവലയില്‍ നിന്നും ചരക്കുകള്‍ വാങ്ങാനുള്ള കാലി കുട്ടയുമായി അവന്റെ അച്ഛനുമിറങ്ങി. കവലയിലേക്ക് കാലി കുട്ടകളുമായിയിറങ്ങിയ പഹാടികള്‍ക്കൊപ്പം, സുന്ദരമായ ഓര്‍മ്മകളോടെ മലയിറങ്ങി.
Content Highlights: kheerganga trek Kasol Himachal Pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..