ക്വവായിൽ പണി പൂർത്തീകരിക്കുന്ന ക്ഷേത്രം
ടൂറിസ്റ്റുകള്‍ അമേരിക്കയിലെ ഹവായില്‍ പോകുന്നത് പലവിധത്തില്‍ അവരുടെ വെക്കേഷന് സമയങ്ങള്‍ അവിടെ ചിലവിടാനാകും എന്നതുകൊണ്ടാണ്. ഹാവായിലെ പ്രധാന വരുമാനം തന്നെ ടൂറിസവുമായി ബന്ധപ്പെട്ടിട്ടാണ്. നീലാകാശം, അതിലും നീലനിറത്തില്‍ നീണ്ടുപരന്നു കിടക്കുന്ന കടല്‍, പൊതുവേ പ്രശാന്തമായ കാലാവസ്ഥയും ചുറ്റുപാടുകളും. എന്നുവേണ്ട യാത്രക്കാര്‍ക്കൊരു പറുദീസതന്നെയാണ് ഹാവായ് ദ്വീപുകള്‍. അതില്‍ പ്രധാനപ്പെട്ട ദ്വീപുകള്‍ ഹവായ്, മാവി, ഒവാഹു, ക്വവായ്, എന്നിവയാണ്.
നീലക്കടലും നീലാകാശവും നിറഞ്ഞ ക്വവായ്
കാനഡയിലെ വാന്‍കൂവറില്‍ താമസിക്കുന്ന ഞങ്ങള്‍ ഇത്തവണ കുടുംബമായി വെക്കേഷന് പോയത് ഹാവായ് ദ്വീപുകളിലെ താരതമ്യേന ചെറിയൊരു ദ്വീപായ ക്വവായ് ദ്വീപിലേയ്ക്കാണ്. പ്രകൃതിഭംഗിയില്‍ ഏറെ പ്രത്യേകതകള്‍ ഉള്ള ഒരിടമാണ് ക്വവായ്. ''ഉദ്യാനദ്വീപ്'' എന്ന് പേരുകേട്ട ഇവിടെ കേരളമെന്നു തോന്നിക്കുന്ന ഭൂപ്രകൃതിയും പഞ്ചാരമണല്‍ ബീച്ചുകളും പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും ഉണ്ട്. സമുദ്രത്തില്‍ ബോട്ടുയാത്രനടത്താനും സ്നോര്‍ക്ക്ലിംഗ് ചെയ്യാനുമുള്ള സൌകര്യങ്ങളും വിശാലമായ റിസോര്‍ട്ടുകളും എല്ലായിടത്തും കാണാം. ഗ്രാന്‍ഡ് കാനിയന്റെ അത്രയും വലുപ്പമില്ലെങ്കിലും കടലും മലകളും ചേര്‍ന്നൊരു വലിയ പര്‍വ്വതനിരയും ഇവിടെ നമ്മെ ആകര്‍ഷിക്കുന്നു. വൈമിയകാന്യന് മലമടക്കുകള്ക്കുള്ളില്ക്കൂടിയുള്ള ഹെലികോപ്ടര്‍ യാത്ര സാഹസികരെ അത്യധികം ത്രസിപ്പിക്കുന്ന ഒന്നാണ്.

ക്വവായ് - കേരളം പോലെ ഹരിതസുന്ദരം
ക്വവായില്‍ നമ്മുടെ നാടന്‍ കോഴികളെ നിറയെ കാണാം. കടച്ചക്ക, നേന്ത്രവാഴപ്പഴം, പപ്പായ, തേങ്ങ, മാങ്ങ എന്നുവേണ്ട കേരളത്തിലെ മിക്കവാറും പഴങ്ങളും പച്ചക്കറികളും ധാരാളമായി അവിടെക്കിട്ടും. എങ്കിലും ഇവയ്ക്കൊക്കെ ടൂറിസ്റ്റുകള്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ നല്ല വിലയാണ്. അവിടെ താമസിക്കുന്നവരില്‍ പകുതിയിലെറെപ്പേര്‍ ടുറിസ്റ്റുകളാണ്. ദ്വീപില്‍ നിന്നുകാണുന്ന സൂര്യോദയവും അസ്തമയവും കണ്ടുതന്നെ അനുഭവിക്കേണ്ട ദൃശ്യവിരുന്നാണ്. അമേരിക്കന്‍ സെനറ്റില്‍ ഭഗവദ്ഗീതയില്‍ തൊട്ടു സത്യവാചകം ചൊല്ലി സ്ഥാനമേറ്റ ഡെമോക്രാറ്റിക് സെനറ്റര്‍ തുളസി ഗബ്ബാര്‍ഡ് ഹാവായില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ക്വവായ്-കാപാ-കടവുള്‍ ടെമ്പിള്‍
ക്വവായിലുള്ള കടവുള്‍ ടെമ്പിളും ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന സന്മാര്‍ഗ്ഗഇരൈവന്‍ കോവിലും സന്ദര്‍ശിച്ചത് കാനഡയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് തികച്ചും പുതുമയുള്ള ഒരനുഭവമായിരുന്നു. പ്രത്യേകിച്ചും അവിടെയുള്ള പരിപാവനമായി പരിരക്ഷിച്ചുവരുന്ന ഒരു രുദ്രാക്ഷവനം കാണേണ്ടതു തന്നെയാണ്. ക്വവായ്-കാപാ-കടവുള്‍ ടെമ്പിളും സന്മാര്ഗ്ഗ ഇരൈവന്‍ കോവിലും അതിനോട് ചേര്‍ന്ന ആശ്രമവും എല്ലാം തമിഴ്ശൈലിയില്‍ മുന്നൂറ്റി അറുപത്തിമൂന്ന് ഏക്കര്‍ വലുപ്പമുള്ള ഒരു ശിവക്ഷേത്രസങ്കേതമാണ്. ശൈവസിദ്ധാന്ത ചര്‍ച്ച്, ഹിമാലയന്‍ അക്കാദമി എന്നെല്ലാം ഈ പ്രസ്ഥാനം അറിയപ്പെടുന്നു.
'ഓം' ക്ഷേത്രക്കുളം
ശ്രീലങ്കന്‍ ശൈവഗുരുവായ പഴനിസ്വാമിയുടെ ശിഷ്യന് സദ്ഗുരു ശിവായസുബ്രഹ്മണ്യസ്വാമികളാണ് ഇവിടെ അന്‍പതുകളില്‍ ഒരു ക്ഷേത്രവും സന്യാസിമഠവും സ്ഥാപിച്ചത്. കൈലാസപരമ്പരയിലെ നന്ദിനാഥ സമ്പ്രദായമാണ് അവര്‍ പിന്തുടരുന്നത്. 2001ല്‍ അന്തരിച്ച ശിവായസുബ്രഹ്മണ്യസ്വാമികള്‍ വെള്ളക്കാരിലെ ആദ്യത്തെ ശൈവസന്യാസിയാണെന്നു തോന്നുന്നു. ഇവിടുത്തെ ആശ്രമത്തിലുള്ളവരില്‍ ഒന്നോ രണ്ടോ ആള്ക്കാര് ഒഴികെ എല്ലാവരും അമേരിക്കയില്‍ നിന്നോ യൂറോപ്പില്‍ നിന്നോ ഉള്ള വെള്ളക്കാരാണ്. ആശ്രമത്തിലെ ഇപ്പോഴത്തെ ആചാര്യന് സദ്ഗുരു ബോധിനാഥവേലന്‍സ്വാമിയാണ്. യാതൊരു തിരക്കുമില്ലാതെ കുറച്ചു സന്യാസിമാര്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആ ക്ഷേത്രാങ്കണത്തില്‍ ധ്യാനത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനു മുന്നില്‍ വലിയൊരു ആല്‍മരക്കൂട്ടവും അവിടെ ഒരു ദേവപ്രതിമയും ഉള്ളത് ഭക്തര്‍ക്ക് ധ്യാനിക്കാനുള്ള ഇടമാണ്.

ഏറ്റവും ആധുനികമായ രീതിയില്‍ ഗ്രാഫിക് ആര്‍ട്ടും പുബ്ലിക്കേഷനും ചെയ്യാനുള്ള 'അഡോബി സ്പോന്‍സെര്‍ഡ്' സ്റ്റുഡിയോവും ആ ആശ്രമത്തില്‍ ഉണ്ട്. അവിടെ നിന്നാണ് ഗ്രാഫിക്സിലും കളര്‍ പ്രിന്റിംഗിലും മറ്റും ഉന്നതനിലവാരം പുലര്‍ത്തുന്നതില്‍ പ്രസിദ്ധമായ ''ഹിന്ദൂയിസം ടുഡേ'' മാസിക പ്രസിദ്ധീകരിക്കുന്നത്. ഹിമാലയന്‍ അക്കാദമി എന്നാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്.
363 ഏക്കര്‍ ഉദ്യാനത്തിനുള്ളില്‍ പുതിയൊരു ക്ഷേത്രം
മലകളും വെള്ളച്ചാട്ടങ്ങളും ഫലവൃക്ഷങ്ങളും നിറഞ്ഞ 363 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള വനത്തിനുള്ളിലായി എണ്‍പത്കോടി രൂപ ചിലവില്‍ വലിയൊരു ക്ഷേത്രസമുച്ചയത്തിന്റെ പണികള്‍ അവിടെ പുരോഗമിക്കുന്നു. സന്മാര്ഗ്ഗ ഇരൈവന്‍ കോവില്‍, പുതിയ ക്ഷേത്രം. അപൂര്‍വ്വമായ ഒരു ക്ഷേത്രനിര്‍മ്മിതി. 1990-ല്‍ പണി തുടങ്ങിയയെങ്കിലും മുഴുവന്‍ കരിങ്കല്ലില്‍ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ ക്ഷേത്രത്തിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. വാസ്തുവിദ്യയിലും ആധുനിക എൻജിനീയറിങ് രീതിയിലും ഈ ക്ഷേത്രത്തിന് അനേകം പ്രത്യേകതകള്‍ ഉണ്ട്.
ആയിരം കൊല്ലം നിലനില്ക്കാനായി പ്രത്യേകം ഡിസൈന്‍ ചെയ്ത 'ക്രാക്ക് ഫ്രീ' കോണ്‍ക്രീറ്റ് ഫൗണ്ടേഷന് പണിതിരിക്കുന്നത് നാലടി കനമുള്ള ഒറ്റ സ്ലാബായാണ്. മുപ്പതിനായിരം ക്യുബിക് അടി കോണ്‍ക്രീറ്റാണ് ഇതിനുവേണ്ടി ഡോ. കുമാര്മേത്ത ഡിസൈന്‍ ചെയ്ത് ഉപയോഗിച്ചത്. ഇതിന്റെ പണിയെപ്പറ്റി കാലിഫോര്‍ണിയ ബെര്‍ക്കിലി യൂണിഴ്സിറ്റിയിലെ പ്രൊഫസറായ അദ്ദേഹം പറഞ്ഞത്,

''പരമശിവന് നീലകണ്ഠനായത് പാലാഴി കടഞ്ഞപ്പോള്‍ ഉണ്ടായ വിഷം കഴിച്ചാണല്ലോ. അതുപോലെ ഈ കോണ്‍ക്രീറ്റില്‍ വലിയതോതില്‍ തെര്‍മല്‍ പവര്‍പ്ലാന്റുകളില്‍ നിന്നുള്ള വേസ്റ്റ് ആയ ഫ്ലൈആഷ് കലര്‍ത്തിയിട്ടുണ്ട് അങ്ങിനെയാണ് ഇത് ആയിരം കൊല്ലമെങ്കിലും നില്ക്കാന് പര്യാപ്തമായ ഒരു ഫൗണ്ടേഷന് ആയത്!'' എന്തും സംഹരിച്ചു സ്വീകരിക്കുന്ന ആധുനിക കാലത്തെ പരമശിവന് തന്നെയാണ് കോണ്ക്രീറ്റെന്ന് ബെര്‍ക്കിലിയിലെ എമിരറ്റസ് പ്രൊഫസറായ ഡോ. മേത്ത ഉറപ്പിച്ചു പറയുന്നു. ആറ്റമിക് പവര്‍പ്ലാന്റുകളില്‍ നിന്നുള്ള വേസ്റ്റും സമുദ്രത്തിനടിയില്‍ നിക്ഷേപിക്കുന്നത് കോണ്‍ക്രീറ്റില്‍ പൊതിഞ്ഞാണല്ലോ.

മൂന്നടിയില്‍ അധികം ഉയരവും ആറുമുഖങ്ങളുമുള്ള ഒരു സ്ഫടികലിംഗമാണ് അവിടെ സ്ഥാപിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ഭാരതത്തില്‍ നിന്നും അനേകം സ്ഥപതിമാരെയും കല്‍പ്പണിക്കാരെയും ക്വവായില്‍ കൊണ്ടുവന്നിരുന്നു. മാത്രമല്ല ബാംഗളൂരിനടുത്ത് വലിയൊരു ക്യാമ്പിലാണ് ക്വവായിലെയ്ക്ക് കൊണ്ടുപോകാനുള്ള കല്‍പ്പണികള്‍ മിക്കവാറും പരമ്പരാഗതമായ രീതിയില്‍ തീര്‍ത്തിട്ടുള്ളത്. അടുത്ത് ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ കോവിലിന്റെ പണി പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ.
രുദ്രാക്ഷവനം
ക്വവായ് ക്ഷേത്രത്തില്‍ നിന്നും ഏകദേശം ഒരു മൈല്‍ അകലെയാണ് രുദ്രാക്ഷവനം. സാധകര്‍ അവിടെയിരുന്നും ധ്യാനത്തില്‍ ഏര്‍പ്പെടുന്നു. അതിനായി അവിടെയൊരു വിനായകപ്രതിഷ്ഠയും ഉണ്ട്. ശൈവസിദ്ധാന്ത ചര്‍ച്ച്, രുദ്രാക്ഷവൃക്ഷങ്ങള്‍ വളര്‍ന്നു പന്തലിച്ച ഈ ദിവ്യവനം വച്ചുപിടിപിച്ചത് എഴുപതുകളിലാണ്.

രുദ്രാക്ഷത്തിന്റെ വൈദികമായ പ്രാധാന്യം നന്നായറിയാവുന്ന ശൈവസിദ്ധാന്തക്കാരായ യോഗികളാണ് ദിവസവും ഈ വനത്തെ പരിപാലിച്ചു വരുന്നത്. വേരുകള്‍ക്കിടയിലും മറ്റുമായി ഇലകള്‍ക്കിടയ്ക്ക് രുദ്രാക്ഷങ്ങള്‍ ധാരാളം കിടക്കുന്നുണ്ടായിരുന്നു. ആശ്രമത്തിന്റെ സ്റ്റോറില്‍ പലവിധത്തിലുള്ള രുദ്രാക്ഷമാലകളും ലോക്കറ്റുകളും വില്ക്കാന് വെച്ചിട്ടുമുണ്ടായിരുന്നു. ഏതായാലും ക്വവായ് യാത്ര രുദ്രാക്ഷത്തെപ്പറ്റി കുറച്ചുകൂടി പഠിക്കാന്‍ പ്രോത്സാഹനമായിത്തീര്‍ന്നു.
എന്തുകൊണ്ട് രുദ്രാക്ഷം?
രുദ്രാക്ഷമാണികള്‍ മാലകോര്‍ത്ത് ദേഹത്തണിയുന്നത് ഐശ്വര്യദായകമാണെന്ന് ശ്രുതികളും സ്മൃതികളും ആവര്‍ത്തിച്ചു പറയുന്നുണ്ട്. പരമശിവന്റെ കണ്ണുനീരില്‍ നിന്നാണത്രേ രുദ്രാക്ഷം ഉണ്ടായത്. ശിവജ്ഞാനോപാധിയാണ് രുദ്രാക്ഷധാരണം എന്നാണു ശൈവര്‍ വിശ്വസിക്കുന്നത്. രുദ്രാക്ഷവൃക്ഷത്താല്‍ തട്ടിയ കാറ്റ് പോലും പവിത്രമാണ്.

അതേറ്റ പുല്‍ക്കൊടി പോലും പുണ്യലോകം പ്രാപിക്കുമെന്നും രുദ്രാക്ഷം ധരിച്ചു കൊണ്ട് ഒരുവന് ചെയ്യുന്ന പാപങ്ങള്‍ പോലും ഇല്ലാതാകും എന്ന് ജാബാലശ്രുതിയില്‍ പറയുന്നു. മൃഗങ്ങള്‍പോലും രുദ്രാക്ഷം ധരിച്ചാല്‍ രുദ്രനാവുമത്രേ! പിന്നെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ? രുദ്രാക്ഷം ഇത്രമേല്‍ മഹത്താണെന്നുള്ളതുകൊണ്ട് അതില്‍ ശ്രദ്ധയില്ലാത്തവര്‍ക്കും ജന്മജന്മാന്തരങ്ങള്‍ കൊണ്ട് മഹാദേവപ്രസാദത്താല്‍ രുദ്രാക്ഷധാരണത്തോട് സഹജമായി താല്‍പ്പര്യം ഉണ്ടായിത്തീരുമത്രേ!
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Kauai travelogue, Hawaii travelogue, rudraksham in Hawaii
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..