ഒരു പ്രത്യേകദിവസം അസാധാരണമായി സൂര്യരശ്മികൾ നേരിട്ട് പ്രതിഷ്ഠയിൽ പതിക്കും; ഇന്ത്യയിലാണീ ക്ഷേത്രം


By എഴുത്തും ചിത്രങ്ങളും: വത്സല മോഹൻ

8 min read
Read later
Print
Share

കട്ടാർമൽ സൂര്യക്ഷേത്രം സമുദ്രനിരപ്പിൽ നിന്ന് 7000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിശയിപ്പിക്കുന്ന നിർമാണ മാതൃകയാണ് ക്ഷേത്രത്തിനുള്ളത്.

കട്ടാർമൽ സമുച്ചയത്തിലെ പ്രധാന ക്ഷേത്രമായ വൃദ്ധാദിത്യാ ക്ഷേത്രം | ഫോട്ടോ: മാതൃഭൂമി

ദേവഭൂമിയായ ഉത്തരാഖണ്ഡിന്റെ കുമയൂൺ മേഖലയിലെ കട്ടാർമൽ സൂര്യക്ഷേത്രത്തിലേക്കാണ് യാത്ര. ഇന്ത്യയിലെ പുരാതന സൂര്യക്ഷേത്രങ്ങളിൽ ഒന്ന്, ഇന്ത്യയിലെ അറിയപ്പെടുന്ന പ്രധാന സൂര്യക്ഷേത്രമെന്ന ഖ്യാതി കൊണാർക്ക് ക്ഷേത്രത്തിനാണ്. സമുദ്രനിരപ്പിൽ അലയാഴിയുടെ തൊട്ടടുത്താണ് കൊണാർക്കിലെ സൂര്യക്ഷേത്രം. എന്നാൽ കട്ടാർമൽ സൂര്യക്ഷേത്രം സമുദനിരപ്പിൽനിന്ന് ഏഴായിരം അടി ഉയരത്തിൽ ഹിമാലയത്തിലെ ഗിരിശൃംഗത്തിലാണ് സ്ഥിതിചെയ്യുന്നത്. കുമയൂൺ മേഖലയിലെ, കട്ടാർമൽ, ബാഗേശ്വർ, ജാഗേശ്വർ തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളെല്ലാം ഇന്ന് ആർക്കിയോളജി വകുപ്പിന്റെ കീഴിലാണ്. ഉത്തരാഖണ്ഡിലെ അൽമോറ നഗരത്തിൽനിന്ന് 16 കിലോമീറ്റർ ദൂരെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അൽമോറ നഗരത്തിലെ ഹോട്ടലിൽനിന്ന് ബസ് പുറത്തേക്കെടുത്ത്, നഗരാതിർത്തി കടക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. നഗരം വികസിക്കുന്നതോടൊപ്പം വാഹനങ്ങളും പെരുകുന്നു. ഹിമാലയൻ നഗരങ്ങളുടെ തനിമ തീർത്തും നഷ്ടമാവുകയാണ്. ഇടതിങ്ങിയ വനങ്ങളിൽ കൂടുതൽ കാണുന്നത് ദേവദാരു വൃക്ഷങ്ങളാണ്. ഈ മേഖലയിലെ ഗ്രാമങ്ങളധികവും പൈൻമരങ്ങളും ദേവദാരുവും നിറഞ്ഞ വനങ്ങൾക്ക് നടുവിലാണ്. ഗ്രാമവാസികളായ കുമാവോണികൾ ആവാസവ്യവസ്ഥയ്ക്കും കാടിനും കോട്ടം തട്ടാതെ, കാടിനെ നശിപ്പിക്കാതെ പ്രകൃതിയോടിണങ്ങി ജീവിച്ചു. മുൻതലമുറയിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു സംസ്കാരം ഉത്തരാഖണ്ഡിലാകമാനം പടരുകയാണ്. ചെറിയ ഗ്രാമങ്ങളിൽ വന്ന മാറ്റം പെട്ടെന്ന് ശ്രദ്ധയിൽപ്പെടും.

അൽമോറ നഗരം പിന്നിട്ടപ്പോൾ യാത്ര കൂടുതൽ മോശമായി. പല സ്ഥലത്തും പഴയ റോഡുകൾ പൊളിച്ചുമാറ്റി പുതിയത് പണിയുകയാണ്. കയറ്റവും ഇറക്കവുമായി മുന്നോട്ട് നീങ്ങുമ്പോൾ, റോഡിന് സമാന്തരമായി കോശി നദി നമ്മൾക്കൊപ്പമുണ്ട്. ഇത് ശോഷിച്ച് കോശിയെ ഇതു വരെ കണ്ടിട്ടില്ല. താഴ്വാരങ്ങൾക്ക് അതിരിട്ടുകൊണ്ട് രൗദ്രയായി ജലാരവത്തോടെ ഒഴുകിയിരുന്ന കോശി നദി പലപ്പോഴും കരകവിഞ്ഞൊഴുകി നാശം വിതയ്ക്കാറുണ്ട്. ഇപ്പോൾ ചില സ്ഥലങ്ങളിൽ ഉണങ്ങിയ നീർച്ചാലുകൾപോലെ ഒഴുകുന്ന കോശി നദിയുടെ രൂപം ദയനീയമാണ്.

റോഡിന്റെ ഇരുവശവും വിജനമാണ്. ഹെയർപിൻ വളവുകൾ കയറിയിറങ്ങി ഓരോ താഴ്വാരവും പിന്നിട്ട് കോശി ഗ്രാമത്തിലെത്തി. പഴയ പാലത്തിന് പുറമേ മറ്റൊന്നുകൂടി കോശി നദിക്ക് മുകളിൽ പണിയുന്നുണ്ട്. പണ്ട് കോശി ഗ്രാമത്തിൽനിന്ന് കാൽനടയായിട്ടാണ് തീർഥാടകർ കട്ടാർ മൽ സൂര്യക്ഷേത്രത്തിലേക്ക് പോയിരുന്നത്.

Himalaya
ഹിമാലയത്തിന്റെ വിദൂരദൃശ്യം

കോശിനദിയിലെ പാലം കടന്നാൽ കട്ടാർമൽ ഗ്രാമമായി. വാഹനസൗകര്യമില്ലാത്ത കാലത്ത് ഗ്രാമത്തിൽനിന്ന് നദികടന്ന് വലതുകരയിലുള്ള സൂര്യക്ഷേത്രത്തിലേക്ക് കാൽനടയായിട്ടാണ് തീർ ഥാടകർ പോയിരുന്നത്. മുന്നോട്ട് നീങ്ങുമ്പോൾ അൽമോറ കൗസാ നി ഹൈവേയിൽ കട്ടാർമൽ സൂര്യ ക്ഷേത്രത്തിലേക്കുള്ള ബോർഡ് കണ്ടു. ചെറിയ വാഹനങ്ങൾക്ക് മാത്രം പോകാൻ കഴിയുന്ന റോഡിന്റെ നവീകരണം നടക്കുകയാണ്. പർവത ചെരുവിലൂടെ മുകളിലേക്ക് കയറിപ്പോകുന്ന വഴിയിലൂടെ മൂന്ന് കിലോമീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം. ബസിൽനിന്നിറങ്ങിയപ്പോൾ മഴ ചാറ്റാൻ തുടങ്ങി. ക്ഷേത്രത്തിലേക്കുള്ള വഴി വിജനമാണ്. കാൽനടയാത്രകൊണ്ടുമാത്രമേ ഹിമാലയൻ പ്രകൃതിയുടെ തനതായ വേഷപ്പകർച്ചകൾ നേരിട്ടറിയാൻ കഴിയൂ എന്ന് അനുഭവങ്ങളിലൂടെ അറിയാം. നടക്കാവുന്ന വഴിയാണെങ്കിലും സമയക്കുറവും മഴക്കോളും കാരണം സഹയാ ത്രികരിൽ ഒരാളും നടക്കാൻ തയ്യാറായില്ല. ഭൂരിപക്ഷത്തിന്റെ അഭിപ്രായവും മാനിച്ച് നടത്തം ഉപേക്ഷിക്കേണ്ടിവന്നു.

ഹൈവേയിൽ ബസിൽ നിന്നിറങ്ങിയവരെ ചെറിയവാഹനത്തിൽ മുകളിലെത്തിക്കണം. മിക്ക പ്രധാന സന്ദർശനസ്ഥലങ്ങളിലും മറ്റ് മേഖലകളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് വിലക്കുണ്ട്. വന്ന വാഹനത്തിൽനിന്നിറങ്ങി സന്ദർശകർ പ്രാദേശികമായി ഓടുന്ന വാഹനത്തിൽ സഞ്ചരിക്കണം. ജീപ്പ് കിട്ടാൻ പതിനഞ്ച് മിനിറ്റ് കാത്തിരിക്കേണ്ടി വന്നു. ഒൻപതു പേരെ വീതം മുകളിലെത്തിക്കാമെന്ന വ്യവസ്ഥയിൽ ജീപ്പ് സവാരിക്ക് തയ്യാറായി.

മഴ കൂടിയാൽ ക്ഷേത്രദർശനം മുടങ്ങുമോ എന്ന ആശങ്കയിൽ, മുന്നിലെ ബസിലുള്ളവർ ജീപ്പിൽ തള്ളിക്കയറാൻ തിടുക്കം കൂട്ടുന്നു. രണ്ട് ബാച്ചുകൾ കഴിഞ്ഞപ്പോൾ ആദ്യം പോയവർ തിരിച്ചുവരാൻ തുടങ്ങി. ക്ഷേത്രസന്ദർശനം കഴിഞ്ഞവർ തിരിച്ചുവരുന്നതും അതേ ജീപ്പിലാണ്. ജീപ്പ് ഇറങ്ങി വീണ്ടും അരമണിക്കൂറോളം ചെറിയ ഊടുവഴിയിലൂടെ നടക്കണമെന്ന് പറഞ്ഞ് ചിലരൊക്കെ ക്ഷേത്രത്തിൽ പോകാതെ തിരിച്ചുവന്നു. ഓരോ ട്രിപ്പുകളായി സഹയാത്രികർ പോകുകയും വരുകയും ചെയ്യുന്നു. മണിക്കൂറുകൾ കൊഴിയുകയാണ്. മഴയുടെ ശക്തി കൂടാൻ തുടങ്ങി. കൈയിൽ കുടയില്ല. ബസിലിരിക്കുമ്പോൾ മനസ്സിലൊരാശങ്ക, സന്ദർശനം മുടങ്ങുമോ? അവസാന ബാച്ചിൽ കയറാൻ ആറുപേരെയുള്ളൂ. അപ്രതീക്ഷിതമായ മഴ, ക്യാമറകൾ നനയാതെ സൂക്ഷിക്കണം. ജീപ്പ് മണ്ണും കല്ലും നിറഞ്ഞ വീതികുറഞ്ഞ വഴിയിലൂടെ മുകളിലേക്ക് കയറാൻ തുടങ്ങി.

മഴയിൽ മുന്നോട്ട് നീങ്ങാൻ ജീപ്പ് ഡ്രൈവർ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ജീപ്പ് വഴി അവസാനിച്ചപ്പോൾ ഗ്രാമത്തിലെ ചെറിയൊരു സ്കൂളിന് മുന്നിൽ ജീപ്പ് നിർത്തി. പെട്ടെന്ന് മഴയുടെ ശക്തികുറഞ്ഞു. ദൂരെ പർവതമുകളിൽ മഴമേഘങ്ങൾക്കിടയിൽ ഉയർന്നു നിൽക്കുന്ന ക്ഷേത്രദൃശ്യം വ്യക്തമല്ല. ഏകദേശം അരകിലോമീറ്റർ നടന്നാലെ ക്ഷേത്രത്തിലെത്തുകയുള്ളൂ. വാഹനങ്ങൾ നിർത്തുന്ന സ്ഥലത്ത് ക്ഷേത്രത്തെക്കുറിച്ചുള്ള ചെറിയൊരു വിവരണം എഴുതി വെച്ച കൽമണ്ഡപം. കരിങ്കൽ ശിലാലിഖിതത്തിന് ചുറ്റിലും ഒരു ഫ്രെയിം പോലെ മരത്തിൽ മനോഹരമായി കൊത്തുപണികൾ ചെയ്തിരിക്കുന്നു. അതിന് അധികം പഴക്കമില്ല. മഴയിൽ കുതിർന്ന മൺവഴിയിലൂടെ മുകളിലേക്ക് കയറാൻ തുടങ്ങി. കുത്തനെയുള്ള കയറ്റങ്ങളിൽ ചില സ്ഥലങ്ങളിൽ വഴുക്കലുണ്ട്. സ്ഥിരമായുള്ള നടപ്പാതയായതുകൊണ്ട് നടക്കാൻ ഒട്ടും പ്രയാസമില്ല.

ഊടുവഴിയുടെ ഇരുവശത്തും ഗ്രാമത്തുടിപ്പുകൾ. ചെറിയ വീടുകൾ. കൃഷിയും കാലികളുമില്ലാത്ത ഒരു ഗ്രാമം ഉത്തരാഖണ്ഡിൽ കാണാൻ കഴിയില്ല. അവരുടെ ജീവിതത്തിൽ കൃഷിയും കാലികളും ഒഴിച്ചുനിർത്താൻ പറ്റാത്തവിധം പ്രധാനപ്പെട്ടതാണ്. ഉത്തരാഖണ്ഡിൽ കൂടുതൽ പണിയെടുക്കുന്നതും സ്ത്രീകളാണ്. മഴയെ വകവെക്കാതെ അവർ ജോലിചെയ്യുന്നു. വലിയ മരത്തിനുമുകളിൽ കയറി കൊമ്പുകളിൽ വൈക്കോൽ സൂക്ഷിച്ചുവെക്കുന്നതും മരങ്ങളുടെ കൊമ്പുകൾ വെട്ടുന്നതുമൊക്കെ സ്ത്രീകളാണ്. കുശലം പറഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷമായി. കൂടുതൽ സമയം കളയാതെ വേഗത്തിൽ ക്ഷേത്രത്തിലേക്ക് നടന്നു. ക്ഷേത്രം കൂടുതൽ വ്യക്തമായി കാണാൻ തുടങ്ങി. ക്യാമറകൾക്ക് വിലക്കില്ലാത്തതുകൊണ്ട് എല്ലാ തയ്യാറെടുപ്പോടും കൂടിയാണ് മുന്നോട്ടുനീങ്ങുന്നതെങ്കിലും മഴ നേരിയതോതിൽ ശല്യം ചെയ്യുന്നുണ്ട്.

ഒരു ചെറിയ വളവുകഴിഞ്ഞ് എത്തിയത് കട്ടാർമൽ ക്ഷേത്രത്തിനുമുന്നിലാണ്. പെട്ടെന്ന് അദ്ഭുതമാണ് തോന്നിയത്. ഹിമാലയത്തിലെ ഗിരിശൃംഗത്തിൽ ഇത്തരമൊരു ക്ഷേത്രസമുച്ചയം ഒട്ടും പ്രതീക്ഷിച്ചതല്ല. മനോഹരമായ വാസ്തുശില്പചാതുരിയോടെ പണിതിരിക്കുന്ന ഈ സൂര്യക്ഷേ ഒരു അദ്ഭുതപൈതൃകം തന്നെ. മറ്റ് സന്ദർശകരെയൊന്നും അവിടെ കണ്ടില്ല. ആർക്കിയോളജിവകുപ്പിന്റെ കീഴിലായതു കൊണ്ട് ക്ഷേത്രം നന്നായി സംരക്ഷിക്കുന്നുണ്ട്. സന്ദർശകരെ ആകർഷിക്കാനായി നവീനനിർമിതികളും സൗകര്യങ്ങളും അവിടെയില്ല എന്നത് വലിയൊരാശ്വാസമായി തോന്നി.

ബൂഡാദിത്യ, വൃദ്ധാദിത്യ എന്നീ പേരുകളിലും കട്ടാർമലിലെ സൂര്യക്ഷേത്രം അറിയപ്പെടുന്നു. കൂടുതൽ പ്രചാരത്തിലുള്ള നാമം വൃദ്ധാദിത്യ ക്ഷേത്രമെന്നാണ്. ഇന്നത്തെ ഉത്തരാഖണ്ഡിലെ എല്ലാ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്ന കുമാരചലം എന്ന രാജ്യത്തിന്റെ അധിപന്മാരായിരുന്നു കമ്പ്യൂരി രാജാക്കന്മാർ. ഉത്തരാഖണ്ഡിലുടനീളം ഇന്ന് കാണുന്ന പല ക്ഷേത്രങ്ങളും പണികഴിപ്പിച്ചത് അവരാണ്. കമ്പ്യൂരി രാജവംശത്തിലെ കട്ടർമല്ല എന്ന രാജാവാണ് ഈ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്. സൂര്യവംശപരമ്പരയിൽ പെട്ട കമ്പ്യൂരിരാജാക്കന്മാർ സൂര്യാരാധകരായിരുന്നു. കമ്പ്യൂരിരാജാക്കന്മാ രുടെ പ്രത്യേകമായ വാസ്തുശി നിർമാണരീതിയിലാണ് ഈ ക്ഷേത്രവും നിർമിച്ചിരിക്കുന്നത്. കുമയൂൺ മേഖലയ്ക്കുപുറമേ ഗവാൾമേഖലയിലും കമ്പ്യൂരിരാജാക്കന്മാർ പണികഴിപ്പിച്ച പ്രധാന ക്ഷേത്രങ്ങൾ കണ്ടിട്ടുണ്ട്.

ഒൻപതാം നൂറ്റാണ്ടിലാണ് കട്ടാർമൽ ഗ്രാമത്തിലെ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. കരിങ്കൽ ശിലകളിൽ പടുത്തുയർത്തിയ ക്ഷേത്രസമുച്ചയത്തിൽ പ്രധാന ക്ഷേത്രമായ വൃദ്ധാദിത്യക്ഷേത്രം ഗാംഭീര്യത്തോടെ ആകാശം മുട്ടുന്നതുപോലെ തലയുയർത്തി നിൽക്കുന്നു. ആധുനിക സൗകര്യ ങ്ങളൊന്നുമില്ലാത്തകാലത്ത് പർവതമുകളിലേക്ക് ഇത്ര വലിയ ശിലകൾ എത്തിച്ച് ഒരു വലിയ ക്ഷേത്രസമുച്ചയം പടുത്തുയർത്തിയതിന്റെ പിന്നിലുള്ള, അത്യധ്വാനികളായ ഉത്സാഹശാലികളായ മനുഷ്യരുടെ പ്രയത്നം ഊഹിക്കാൻ പോലും പ്രയാസമാണ്. ഈ നിർമിതിക്ക് പകരം വെക്കാ നായി മറ്റൊന്നില്ല. മനോഹരമായ കൊത്തുപണികൾ നിറഞ്ഞതാണ് ഇതിലെ ഓരോ ശിലയും.

Kattarmal Temples
കട്ടാർമൽ സമുച്ചയത്തിലെ ഉപക്ഷേത്രങ്ങൾ

പ്രധാന ക്ഷേത്രമായ വൃദ്ധാദിത്യ ക്ഷേത്രത്തിന് ചുറ്റിലുമായി അതേരൂപത്തിൽ പടുത്തുയർത്തിയ ചെറിയ 45 ക്ഷേത്രങ്ങൾ ഉൾക്കൊണ്ടതാണ് കട്ടാർമൽ സൂര്യക്ഷേത്ര സമുച്ചയം. തൂണുകളിലും വാതിലുകളിലും ചുമരുകളിലും നിറയെ കമ്പ്യൂരി ശൈലിയിലുള്ള കൊത്തുപണികളാണ്. കല്ലിലും ലോഹങ്ങളിലുമായി കൊത്തിയെടുത്ത ചെറിയ ശില്പങ്ങൾ വേർതിരിച്ചറിയാത്തവിധം കൂടിക്കലർന്നാണ് കൊത്തിവെച്ചിരിക്കുന്നത്. ലോഹമോ കല്ലോ എന്ന് തിരിച്ചറിയാത്തവിധം മിനുസപ്പെടുത്തി പണിതിരിക്കുന്ന അവയെല്ലാം ഒന്നിനൊന്ന് മനോഹരവുമാണ്. ഓരോ കൊത്തുപണിയും കമ്പ്യൂരി രാജാക്കന്മാരുടെ നിർമാണചാതുരി വിളിച്ചറിയിക്കുന്നതാണ്. വലിയ കരിങ്കൽ ശിലകൾ ഇരുമ്പുചങ്ങലകൾ കൊണ്ട് അതിവിശിഷ്ടമായ രീതിയിൽ ബന്ധിച്ചിരിക്കുന്നത് കാണുമ്പോൾ ഓരോ നിർമിതിയിലും അവർ എത്ര ശ്രദ്ധാലുക്കളായിരുന്നു എന്ന് മനസ്സിലാവും. അൽ മോറയ്ക്കു പുറമേ ബാഗേശ്വറിലും ജാഗേശ്വറിലുമൊക്കെ ഈ രാജാക്കന്മാരുടെ നിർമാണവൈഭവത്തിന്റെ ഉത്കൃഷ്ടനിർമിതികൾ നമുക്ക് കാണാം. അവയെല്ലാം താഴ്വരകളിലാണ്. എന്നാൽ കട്ടാർമലിലെ ഈ ക്ഷേത്രസമുച്ചയം സമുദ്രനിരപ്പിൽനിന്ന് 7000 അടിക്ക് മുകളിൽ ഹിമാലയശൈലാഗ്രത്തിലാണ് നിർമിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയും അതാണ്.

Kattarmal Temple 3
സ്ഥിരമായ ഒരു പൂജാരി ഈ ക്ഷേത്രത്തിലില്ല. ക്ഷേത്രത്തിന്റെ കെയർടേക്കറും താത്കാലിക പൂജാരിയുമായയാൾ ഞങ്ങൾക്കു വേണ്ടി ശ്രീകോവിൽ തുറന്നു തന്നു. ഒരു ഗൈഡിനെപ്പോലെ അദ്ദേഹം ക്ഷേത്രത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ വിവരിച്ചു തന്നു. വൃദ്ധാദിത്യ ക്ഷേത്രത്തിന് പ്രധാനമായും രണ്ട് പ്രത്യേകതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാമത്തെത് ഏറ്റവുമുയരത്തിൽ പർവതമുകളിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏക സൂര്യക്ഷേത്രമെന്ന ഖ്യാതി. രണ്ടാമത്തെത് ഒരു പ്രത്യേകദിവസം അസാധാരണമായി സൂര്യരശ്മികൾ നേരിട്ട് വൃത്താകൃതിയിൽ സൂര്യപ്രതിഷ്ഠ യിൽ പതിക്കുന്നു എന്ന പ്രത്യേകത. അനന്യസാധാരണമായ ഒരു അദ്ഭുതക്കാഴ്ചയാണ് അതെന്ന്

അദ്ദേഹം പറഞ്ഞു. അത്യാകർഷകമായ, നിറയെ കൊത്തുപണികളുള്ള, പ്രധാന പ്രതിഷ്ഠയായ സൂര്യവിഗ്രഹത്തി ന്റെ മൂക്കിന് ചെറിയ കേടുപാടു കൾ സംഭവിച്ചിരിക്കുന്നു. വിഗ്രഹ ത്തിലെ കൊത്തുപണികളെല്ലാം വ്യക്തമായി കാണാം. ശ്രീകോവി ലിൽ വൃദ്ധാദിത്യപ്രതിഷ്ഠയ്ക്കു പുറമേ ശിവപാർവതി, ലക്ഷ്മിനാ രായണൻ, അരുണൻ, നരസിംഹം, കുബേരൻ, മഹിഷാസുരമർദ്ദിനി തുടങ്ങിയ ഉപപ്രതിഷ്ഠകളുമുണ്ട്. ഗിരിശൃംഗത്തിൽ സ്ഥിതിചെയുന്നതുകൊണ്ട് ക്ഷേത്രത്തിനുചു റ്റിലും വിപുലമായ ക്ഷേത്രമുറ്റമോ തുറസ്സായ സ്ഥലമോ കൂടുതലില്ല. അതുകൊണ്ടുതന്നെ ക്ഷേത്രം വലുതാണെങ്കിലും കൊണാർ ക്ക് സൂര്യക്ഷേത്രം പോലെ ഒരു ഭീമാകാരരൂപം കട്ടർമാൽ ക്ഷേത ത്തിനില്ല.

ക്ഷേത്രവുമായി താരതമ്യം ചെയ്യുമ്പോൾ ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം ക്ഷേത്രത്തിന് ഒട്ടും യോജിച്ചതല്ല. അത് പുതുതായി നിർമിച്ച കവാടമാണെന്ന് പൂജാരി പറഞ്ഞു. ക്ഷേത്രമുറ്റത്തുള്ള ചെറിയ ക്ഷേത്രങ്ങളിലെ ഒരു ക്ഷേത്രത്തിൽനിന്ന് പത്താം നൂറ്റാണ്ടിൽ നിർമിച്ച ഒരു വിഗ്രഹം മോഷണം പോയി. അതിനുശേഷമാണ് ക്ഷേത്രം ആർക്കിയോളജിവകുപ്പ് ഏറ്റെടുത്തത്. മരത്തിലുണ്ടാക്കിയ, മനോഹരമായ കൊത്തുപണികളുള്ള പഴയ പ്രവേശനവാതിലും അനുബന്ധങ്ങളും സംരക്ഷിക്കുന്നതിനായി ആർക്കിയോളജിവകുപ്പ് കൊണ്ടുപോയി. അത് ഇന്ന് ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴക്കോട്ട് അഭിമുഖമായാണ് ക്ഷേത്രം നിൽക്കുന്നത്.

കൃത്യമായ പൂജകളില്ലെങ്കിലും പുരാതനമായ വൃദ്ധാദിത്യ പ്രതിഷ്ഠയെ ആരാധിക്കാനായി ചില പ്രത്യേക ദിവസങ്ങളിൽ ഇപ്പോഴും വിശ്വാസികൾ എത്താറുണ്ട്. കൊല്ലത്തിലൊരിക്കൽ മാത്രം സൂര്യരശ്മി നേരിട്ട് വിഗ്രഹത്തിൽ പതിക്കുന്ന ദിവസം, ആ അപൂർവ ദർശനത്തിനായി നാനാഭാഗ ങ്ങളിൽനിന്നും വിശ്വാസികൾ എത്താറുണ്ട്. ഈ അദ്ഭുതപ്രതിഭാസം സംഭവിക്കുന്നത് മാഘ മാസത്തിലെ ശുക്ല, സപ്തമി ദിവസമാണ്. പ്രധാന ക്ഷേത്രത്തിനെതിരായി നിൽക്കുന്ന ചെറിയ ക്ഷേത്രത്തിന്റെ മുകളിൽ ചുമരിൽ ചതുരാകൃതിയിൽ ഒരു ദ്വാരമുണ്ട്. ഈ ദ്വാരത്തിൽക്കൂടി സൂര്യന്റെ ആദ്യകിരണം നേരേ വൃത്താകൃതിയിൽ പ്രധാന ക്ഷേത്രത്തിലെ സൂര്യപ്രതിഷ്ഠയിൽ പതിക്കും. അദമ്യമായ മാതൃകയിൽ സൂര്യ ഘടികാരംപോലെ ഒരു മൈക്രോ സെക്കൻഡ്പോലും തെറ്റാതെ നൂറ്റാണ്ടുകളായി തുടരുന്ന അദ്ഭുതപ്രകിയയാണിത്. ആ സമയത്ത് സൂര്യനെ പ്രാർഥിച്ചാൽ ഫലസിദ്ധി ഉറപ്പാണെന്നാണ് വിശ്വാസം. പീഠമാതൃകയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ചതുരാകൃതിയിലുള്ള ഗർഭഗൃഹം, അടിത്തറയിൽനിന്ന് ഉയർന്നുപൊങ്ങി പരന്ന മേൽക്കൂരയോടെയാണ് ക്ഷേത്രനിർമിതി. തെക്കേ ഇന്ത്യയിലെ പല്ലവരാജാക്കന്മാരുടെ നിർമാണരീതിയിലുള്ള വാസ്തു വിദ്യയും കമ്പ്യൂരി രാജാക്കന്മാർ സ്വീകരിച്ചിരുന്നതായി പരാമർശിക്കുന്നുണ്ട്. ആദിബദിരി ക്ഷേത്രത്തിനോട് സാദൃശ്യം തോന്നുന്ന ചില നിർമിതികൾ കട്ടാർമലിലും കാണാം.

170 അടിയോളം നീളത്തിലും 100 അടിയോളം വീതിയിലും ഉയർന്നും താഴ്ന്നും ക്രമമല്ലാത്ത പ്രതലത്തോടെ വ്യാപിച്ചുകിടക്കുന്നു ക്ഷേത്രം. ചുറ്റുമുള്ള 45 ക്ഷേത്രങ്ങളിൽ 12 എണ്ണം മാത്രമേ ക്ഷേത്രമാണെന്ന് തോന്നുകയുള്ളൂ. ഈ ചെറുക്ഷേത്രങ്ങളിലെ കനംകുറഞ്ഞ കല്ലുകൾ പിരിച്ചെ ടുത്തതുപോലെ പ്രത്യേകമായ അലങ്കാരങ്ങളോടെ പണിത ക്ഷേത്രശിഖരങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്. ഒഡിഷയിലെ ലിംഗരാജ ക്ഷേത്രത്തിലും കൊണാർക്കിലെ സൂര്യക്ഷേത്രത്തിലും ഇതിന്റെ വലിയ രൂപങ്ങൾ കണ്ടത് ഓർമയിൽ തെളിഞ്ഞു. ക്ഷേത്രമുറ്റത്തുനിന്ന് നോക്കിയാൽ ദൂരേ കാണുന്ന ഹിമാലയ താഴ്വരകൾക്കിടയിലുള്ള അൽമോറയുടെ പൂർണദൃശ്യം സുന്ദരമാണ്. മഴ കാരണം സുന്ദരമായ പല കാഴ്ചകൾക്കും മങ്ങലേറ്റു.

YATHRA TRAVEL INFO

Katarmal Surya temple

Katarmal Surya temple, constructed by the Katyuri Kings in the 9th century CE. Katarmalla, a Katyuri king constructed this temple, which has 44 smaller temples around the main deity of Surya, which called as Burhadita or Vraddhaditya. Other deities like Shiva Parvathi, Lakshmi-Narayana etc. are also established in this temple complex. The carved wooden doors and panels were transported to the National Museum, Delhi, after an idol from the 10th century was stolen. Timings: 9 AM to 6 PM

How to Reach

By Air: The nearest air terminal is the Pantnagar Airport. It is 126 km far away from the city of Almora. By Train: Nearest railroad station to Almora is at Kathgodam. It is around 95. km away By Road: You can avail buses to the city of Almora which is only an hour's drive away from Kathgodam. You can also hire a cab from the city to the village of Katarmal.

Yathra Cover
യാത്ര വാങ്ങാം

Sights around

  1. Kasar Devi Temple
  2. Goddess Nanda Devi Temple
  3. OLal Bazaar
  4. Gobind Vallabh Pant Museum
  5. Binsar
  6. Bright End Corner
Best season : The peak season in Almora is from March to November and the place welcomes tourists with such charm and cheer Stay: There are plenty of stay options are available in Almora town.

മാതൃഭൂമി യാത്രയിൽ 2018 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: katarmal surya temple, vraddhaditya temple, himalaya travel, temple in uttarakhand

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
plain para

1 min

അന്ന് ഹെലികോപ്റ്ററുകള്‍ ഇറങ്ങിയ സ്ഥലം; കല്ലേലിയിലെ പ്ലെയിന്‍പാറ കാണാം

May 28, 2023


numbra

4 min

താഴ്‌വാരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം; സ്വപ്‌നതുല്യമായ കാഴ്ചകളുള്ള ഇന്ത്യൻ ഡെസ്റ്റിനേഷനുകൾ

May 27, 2023


kuruva island
Premium

5 min

400 മുളകള്‍ ചേര്‍ത്തുകെട്ടിയ ചങ്ങാടം; നിര്‍മ്മാണവും തുഴയലും ആദിവാസികള്‍- വിസ്മയങ്ങളുടെ കുറുവ ദ്വീപ്

May 27, 2023

Most Commented