-
തരിയോട് പഞ്ചായത്ത് പത്താം വാര്‍ഡ് കുറ്റിയാംവയല്‍ കൊട്ടാരത്തില്‍ വീട്ടില്‍ വാസു മകന്‍ ബാലകൃഷ്ണനാണ് ഈ യാത്ര നയിക്കുന്നത്. അല്ലെങ്കിലും ഈ യാത്ര നയിക്കേണ്ടത് അയാള്‍തന്നെയാണ്. കാരണം ഈ മലഞ്ചെരിവുകള്‍ക്കിടയിലെ നീലജലാശയത്തില്‍ അയാളുടെ കുട്ടിക്കാലവും ഓര്‍മകളും മുങ്ങിക്കിടപ്പുണ്ട്. ആ ഓര്‍മകള്‍ക്കൊപ്പം കൂടിയാണീ സഞ്ചാരം. അയാള്‍ മാത്രമല്ല അതുപോലെ ഒരുപാടുപേരുടെ ഓര്‍മകള്‍ ഈ ഓളങ്ങള്‍ക്കിടയില്‍ മുങ്ങിക്കിടപ്പുണ്ട്.
36 കിലോമീറ്റര്‍ കാട്ടിലൂടെ അങ്ങോട്ട്... തിരിച്ച് ബോട്ടിലൂടിങ്ങോട്ട്. യാത്രയുടെ മറ്റൊരു ഹരം അതായിരുന്നു. ഇത്തരമൊരു യാത്രയെപ്പറ്റി അനീസ് പറഞ്ഞപ്പോള്‍ അതിനിങ്ങനെയൊരു മാനംകൂടി ഉണ്ടെന്നറിയില്ലായിരുന്നു. തുടക്കത്തില്‍തന്നെ എന്റെ വീട് ഇതിനകത്തായിരുന്നു എന്ന് ബാലകൃഷ്ണന്‍ പറഞ്ഞപ്പോഴാണ് ഏത് മനുഷ്യനിര്‍മിത ജലാശയത്തിലും കുറെ കാടും ജീവിതങ്ങളും മുങ്ങിക്കിടപ്പുണ്ടല്ലോ എന്നോര്‍ത്തുപോയത്.
ബാണാസുരസാഗരത്തിന്റെ തെക്കന്‍കരയിലെ കാട്ടുപാതയിലേക്ക് പ്രവേശിക്കുമ്പോള്‍ ഫിറോസ് പറഞ്ഞു.

ഇനിയങ്ങോട്ട്''റബ്ബറൈസ്ഡ്' റോഡാണ്' പിടിച്ചിരുന്നോ! ശരിയാ കരിങ്കല്‍ചീളുകളും ടാറും പിണങ്ങി പിരിഞ്ഞിട്ട് നാളേറെയായിരിക്കുന്നു. അല്ലെങ്കില്‍ പണിത കാലത്തിനിപ്പുറം ഈ റോഡ് നന്നാക്കിയിട്ടേയില്ല. വല്ലപ്പോഴും പോവുന്ന എസ്റ്റേറ്റ് വണ്ടികളും കെഎസ്ഇബിയുടെ വാഹനങ്ങളും മാത്രമാണിപ്പോള്‍ ഈ വഴിയേ പോവാനുള്ളത്. അതുകൊണ്ട് റോഡ് മൂടി കാട് വളരാനും തുടങ്ങിയിരിക്കുന്നു. അരിപ്പൂവിന്റെ കാടാണ്. ജീപ്പിനടിച്ച് അരിപ്പൂക്കള്‍ ജീപ്പിനകത്ത് കുമിയാന്‍ തുടങ്ങി. അരിപ്പൂവിന്റെ ഗൃഹാതുരസുഗന്ധം നിറയവെ ബാലകൃഷ്ണന്റെ ഓര്‍മകള്‍ ഓണക്കാലത്തെ പൂക്കളങ്ങളിലെത്തി. പൂ അന്നൊരു പ്രശ്നമേയായിരുന്നില്ല. ഇന്ന് വയനാടും മൈസൂര്‍പൂക്കള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്കന്ന് തൊടിയിലേക്കൊന്നിറങ്ങിയാല്‍ മതി കൂട നിറയെ പൂക്കളായിരുന്നു.
ഞങ്ങള്‍ക്ക് വഴികാട്ടാനാണോ കാടിന് മുന്നറിയിപ്പ് നല്‍കാനാണോ എന്നറിയില്ല, ഒരു വാലുകുലുക്കിപ്പക്ഷി മുന്നേ പോകുന്നുണ്ടായിരുന്നു. തറനിരപ്പില്‍നിന്ന് രണ്ടടി മീതെ പറന്ന് കൃത്യമായ ഇടവേളയോടെ അത് ഞങ്ങളുടെ വാഹനത്തിനു മുന്നില്‍ പറക്കുന്നു. ആനക്കൂട്ടം കടന്നുപോയതിന്റെ അടയാളങ്ങളും കാണാം. പഴയതും പുതിയതുമായ പിണ്ടങ്ങള്‍ ധാരാളം. വളവുതിരിവുകള്‍ പിന്നിടുമ്പോഴും ബാണാസുരസാഗരം കൂടെ തന്നെയുണ്ട്. സാഗരത്തെ ജലസമൃദ്ധമാക്കാനായി കുതിച്ചൊഴുകുന്ന നീരരുവികളും. ഇത്തിരിപ്പോന്ന റോഡിലെ മുടിപ്പിന്‍വളവുകളായി. കഷ്ടപ്പെട്ട് വളച്ചെടുക്കുമ്പോ ഒരു ചിന്നംവിളി.

എല്ലാവരും കാതോര്‍ത്തു. വളവില്‍ തിരിവില്‍ അവനുണ്ടാവുമോ. ജീപ്പിനകത്തൊരാന ഭയം. പക്ഷേ, ഡ്രൈവര്‍ മാത്രം ചിരിക്കുന്നു. ജീപ്പിന്റെ ക്ലച്ചൊന്ന് കരഞ്ഞതാണ് ചിന്നംവിളിയായി തോന്നിയത്. അത് അയാള്‍ക്കു മാത്രമല്ലേ അറിയൂ. മൂന്നു മുടിപ്പിന്‍വളവുകള്‍ പിന്നിട്ട് മറ്റൊരു താഴ്വരയിലേക്കിറങ്ങിയതും ജലാശയത്തിന്റെ വിശാലമായ കാഴ്ച മുന്നിലെത്തി. നീലജലാശയം, പച്ചക്കുന്നുകള്‍, ചക്രവാളത്തില്‍ പടര്‍ന്നു പടര്‍ന്നു കിടക്കുന്ന മലനിരകളുടെ നിമ്‌നോന്നതങ്ങള്‍.
ഇവിടെയാണ് കക്കയത്തേക്ക് വെള്ളം കൊണ്ടുപോകാനുള്ള ടണലിന്റെ മുഖം.
വെള്ളത്തിനടിയില്‍ നിന്നു തുടങ്ങുന്ന ഗുഹ അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ കക്കയം ജലസംഭരണിയിലെത്തുന്നു. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം അടി ഉയരത്തില്‍ 1400 ഹെക്ടര്‍ വ്യാപിച്ചുകിടക്കുന്ന ഡാമിന്റെ സംഭരണശേഷി 7.5 ടിഎംസിയാണ്. അഞ്ച് കിലോമീറ്റര്‍ നീളമുള്ള ടണല്‍ വഴി 210 ക്യുബിക് മീറ്റര്‍ വെള്ളം കക്കയത്തെത്തിക്കുന്നു. വെള്ളമില്ലാത്ത സമയത്ത് ഈ ടണലിനുള്ളില്‍ എത്തിയാല്‍ നിറയെ മീനായിരിക്കും. പണ്ട് ഞങ്ങള്‍ ഇറങ്ങി പിടിച്ചിട്ടുണ്ട് - ബാലകൃഷ്ണന്‍ പറഞ്ഞു.
61.44 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശമുള്ള ഈ പദ്ധതി 625 മീറ്റര്‍ നീളവും 38.5 മീറ്റര്‍ ഉയരവുമുള്ള എര്‍ത്ത് ഡാമും 50.38 മീറ്റര്‍ കോണ്‍ക്രീറ്റ് സ്പില്‍വേ ഡാമും മൂന്നു മീറ്റര്‍ മുതല്‍ 20 മീറ്റര്‍വരെയുളള്ള ആറു ചെറു ഡാമുകളും അടങ്ങിയതാണ്. അവിടെ വെള്ളം തുറന്നുവിടാനും അടയ്ക്കാനുമായി വൈദ്യുതി വകുപ്പിന്റെ ഒരു ജീവനക്കാരനുണ്ട്. ഈ കാനനമധ്യേ ഒറ്റയ്ക്കിങ്ങനെ കഴിയുന്ന ജനാര്‍ദനന്‍ ചേട്ടന് ഞങ്ങള്‍ അഞ്ചാറാളുകളെ ഒന്നിച്ചു കണ്ടപ്പോ സന്തോഷം. അതുവരെ അക്കരെ കുന്നിലെ ചോലവനത്തിനരികില്‍ കൊമ്പുകുലുക്കി വിളയാടുന്ന ഒറ്റയാനെയും കണ്ടിരിക്കുകയായിരുന്നു കക്ഷി.
''ഇതാ വെയിലു മൂത്തപ്പോഴാണവന്‍ കാട്ടിനകത്തേക്ക് പോയത്. മൈസൂര്‍ കാട്ടില്‍ നിന്നും നിരവില്‍പ്പുഴ വഴി വന്നതാണവന്‍.'' ടണലിന്റെ പ്രവര്‍ത്തനരീതി വിവരിച്ചുതന്ന ജനാര്‍ദനന്‍ ചേട്ടന് യാത്രപറഞ്ഞ് അവിടെ പേരും നാളുമെല്ലാം രേഖപ്പെടുത്തി ഞങ്ങള്‍ മുന്നോട്ട്.

ഡാമിന്റെ പടിഞ്ഞാറെ അറ്റത്തെ ലോക്കും കടന്ന് വണ്ടി സുദര്‍ശന്‍ പ്ലാന്റേഷന്‍ വക ഏലപ്പുരയിലെത്തി. പണ്ട് ഏലം ഉണക്കാനായി ഉണ്ടാക്കിയ ഈ കെട്ടിടത്തിലാണ് ഇന്നത്തെ അന്തിയുറക്കം.കൊണ്ടുവന്ന അരിയും കപ്പയും എല്ലാവരും ചേര്‍ന്ന് പാചകം ചെയ്തു. ചിക്കന്‍ മുളക് പുരട്ടി വെച്ചു. അച്ചാറും തൈരും കൂട്ടി ചോറും തിന്ന് മുളകുടച്ചതും കൂട്ടി കപ്പയും തട്ടി ജലാശയത്തിലേക്ക് കൊട്ടവഞ്ചിയുമായി പോയി. അവിടെ മീന്‍പിടിക്കാന്‍ ചൂണ്ടയുണ്ടായിരുന്നു. ചൂണ്ടയിലൊരെണ്ണം പോലും കുരുങ്ങിയില്ലെങ്കിലും ചൂണ്ടയിടുന്നതിന്റെ ഹരംകൊണ്ട് തൃപ്തരായി.
പിന്നെ കരിങ്ങണ്ണിയിലേക്ക് നടന്നു. പോകുംവഴി ചെക്ക് ഡാമിനു മുകളില്‍ ഒരു കാട്ടുപോത്തിനെ ചെന്നായ്ക്കള്‍ കൊന്നിട്ടിരിക്കുന്നു. അവശേഷിക്കുന്ന മാംസം ഭക്ഷിക്കാന്‍ കാക്കകള്‍ കൂട്ടംകൂടിയിരിപ്പുണ്ട്. ''ഞങ്ങളുടെ വീട്ടിലും അന്ന് കുറെ പോത്തുകളും പശുക്കളും എല്ലാം ഉണ്ടായിരുന്നു. അവയെ മേയ്ക്കാന്‍ ഇവിടെയുള്ള കുന്നിന്‍പുറങ്ങളിലെല്ലാം ഞങ്ങള്‍ വരാറുണ്ടായിരുന്നു. ആ കുന്നുകളെല്ലാം ഇന്ന് കുഞ്ഞുകുഞ്ഞു ദ്വീപുകളാണ്.
കരിങ്ങണ്ണി പഴയ എസ്റ്റേറ്റാണ്. പണ്ടിവിടെ വരെ റോഡുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വീസുണ്ടായിരുന്നു. ആ റോഡും വഴിയോരഗ്രാമങ്ങളും കുഞ്ഞുടൗണുകളും എല്ലാം ഈ വെള്ളത്തിനടിയിലാണിന്ന്. കുമ്പളവയല്‍, ബൈബിള്‍ലാന്റ്, കരിങ്ങണ്ണിയുമെല്ലാമാണ് ഇങ്ങനെ ഈ ജലാശയത്തിനടിയിലായത്. കടമാന്‍ചിറ എന്ന പുഴയാണ് ഇവിടെ ഒഴുകിക്കൊണ്ടിരുന്നത്.
കബനിയുടെ ഒരു പ്രമുഖ പോഷകനദിയായിരുന്നു ഇത്. നദി തടഞ്ഞ് ഡാമൊരുക്കി കക്കയം വൈദ്യുതിപദ്ധതിക്ക് കൂടുതല്‍ വെള്ളമെത്തിക്കാനുള്ള ഈ ബുദ്ധി സായ്പിന്റെ തലയിലുദിച്ചതാണ്. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറം 1982-ല്‍ ആണ് പണി തുടങ്ങിയത്. ഇരുപത് കൊല്ലം കൊണ്ടാണ് പണി തീര്‍ന്നത്. 2002-ല്‍ ഡാം തുടങ്ങുകയും ചെയ്തു.''
മീന്‍പിടിത്തം കഴിഞ്ഞ് സുദര്‍ശന്റെ ഏലപ്പുരയില്‍ അന്തിയുറങ്ങി. ഇവിടെ മൊബൈലിന് റേഞ്ചില്ലാത്തതാണ് ഒരു ഗുണം. പക്ഷേ, അവിടെ താമസിക്കുന്ന ജോളി ഒരു മൊബൈല്‍ റേഞ്ച് കഷ്ടപ്പെട്ട് കണ്ടുപിടിച്ചിട്ടുണ്ട്. അവിടെ ഒരു സോപ്പ് പെട്ടി മുറിച്ച് കെട്ടിവെച്ചിരിക്കുകയാണ്. അതില്‍ ഇട്ടുവെച്ചിരിക്കുകയാണ് മൊബൈല്‍. റിങ് കേള്‍ക്കുമ്പോള്‍ അങ്ങോട്ട് ഓടിച്ചെന്ന് മൊബൈല്‍ ചെവിയിലേക്ക് കൊണ്ടുവരാതെ ചെവി മൊബൈലിലേക്ക് കൊണ്ടുവന്നാല്‍ രക്ഷപ്പെട്ടു. സംസാരിക്കാം. ഒരു ദിവസം മൊബൈലില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഞങ്ങള്‍ നഗരവാസികള്‍.

പിറ്റേദിവസം രാവിലെത്തന്നെ ഞങ്ങളെ കൂട്ടാന്‍ ബോട്ടെത്തി. മടക്കം ബോട്ടിലാണ്. മടങ്ങുന്നതിനു മുമ്പ് കരിങ്ങണ്ണിവരെ ഒരു ബോട്ടുസവാരി നടത്തി. പ്രഭാതസൂര്യകിരണം തട്ടി കോടമഞ്ഞിന് ധവളലാവണ്യം കൂടിയിരിക്കുന്നു. നല്ല കാറ്റുണ്ടായിരുന്നതുകൊണ്ടാവാം ഓളങ്ങള്‍ ശക്തിയാര്‍ജിച്ചിരിക്കുന്നു. ഒഴുക്ക് നഷ്ടപ്പെട്ട പുഴ അടിയില്‍ കിടന്ന് വട്ടംകറങ്ങുന്നുണ്ട്. ബോട്ടിലിരുന്ന ബാലകൃഷ്ണന്‍ ഒരു കുന്ന് കാട്ടിത്തന്നു. അതിനൊരു കഥ പറയാനുമുണ്ട്. സായിപ്പിന്റെ കുന്ന് എന്നാണത് അറിയപ്പെടുന്നത്. പണ്ടു പണ്ട് ഈ കുന്നില്‍ സ്വര്‍ണമുണ്ടെന്നു കണ്ടെത്തി. അത് കുഴിച്ചെടുക്കാന്‍ ഖനനം തുടങ്ങി. ലണ്ടനില്‍ നിന്നെത്തിയ ഒരു മദാമ്മയായിരുന്നു അതിനു പിന്നില്‍.
ഖനനം ചെയ്ത മണ്ണ് തലശ്ശേരി തുറമുഖം വഴി ലണ്ടനിലേക്ക് കയറ്റി അയച്ചായിരുന്നു പ്രോസസിങ്. കപ്പല്‍ക്കൂലിയും ചെലവും കഴിഞ്ഞ് വരുമ്പോ സംഗതി നഷ്ടമായി. സാമ്പത്തിക ബാധ്യത വന്ന മദാമ്മ ജീവനൊടുക്കി. സ്വന്തം പട്ടിയെ വെടിവെച്ചു കൊന്ന് സ്വയം വെടിയുതിര്‍ക്കുകയായിരുന്നത്രെ. ആ കുന്നില്‍ ഇപ്പോഴും സ്വര്‍ണഖനനം നടന്ന ഗുഹകള്‍ കാണാം. രാത്രികളില്‍ വെടിയൊച്ചകളും മുഴങ്ങാറുണ്ട്. പണ്ട് വേട്ടക്കാരുടെ വെടിയൊച്ചകള്‍ മദാമ്മയുടെ തോക്കില്‍ നിന്നുയരുന്നതായി സങ്കല്‍പ്പിച്ച് ഭയത്തിന്റെ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടാറുണ്ടായിരുന്ന ബാല്യകാല സ്മരണകളും ഈ നാട്ടുകാര്‍ക്കുണ്ട്.
തിരിച്ചുവന്ന് പഴംകഞ്ഞിയും തലേദിവസത്തെ ചിക്കനും കഴിച്ച് വീണ്ടും ബോട്ടില്‍ കയറി. വെയിലും കാറ്റും കുളിരും കൂടെയുണ്ട്. മുന്നോട്ടു വരുമ്പോഴാണ് നീര്‍കാക്കകളുടെ ഈറ്റില്ലങ്ങള്‍ കണ്ടത്. വെള്ളത്തിനടിയിലായി പോയി ഉണങ്ങിയ മരങ്ങളുടെ ചില്ലകളിലാണ് നീര്‍കാക്കകളുടെ കൂട്. കുഞ്ഞുങ്ങളെ കൂട്ടിലിരുത്തി തീറ്റതേടിപ്പോവുന്ന അമ്മക്കിളികള്‍.
മുങ്ങാംകുഴിയിട്ട് മീനുമായി പറന്ന് കൂട്ടിലേക്ക് മടങ്ങിവരുന്ന അമ്മക്കിളികള്‍. പണ്ടിവിടെ കിളികളുടെ പറുദീസയായിരുന്നിരിക്കണം. കാരണം ഈ വെള്ളത്തിനടിയില്‍ ഒരു കാട് മുങ്ങിമരിച്ചിട്ടുണ്ട്. വഴിക്ക് ഒരു കുന്നിന്‍മുകളില്‍ ഒറ്റപ്പെട്ടൊരു മരവും കുറേ മഞ്ഞപ്പൂക്കളും. അവിടെ ബോട്ടടുപ്പിച്ചു ഞങ്ങളിറങ്ങി ഫോട്ടോയെടുത്തു.

വീണ്ടും യാത്ര തുടങ്ങി. മണ്ണണയുടെ അറ്റത്തെത്താറായി. ''അതാ അവിടെയായിരുന്നു എന്റെ വീട്.'' ബാലകൃഷ്ണന്‍ ഒരു ഓളപ്പരപ്പ് ചൂണ്ടിക്കാണിച്ചു. ''എന്റെ വീട് ഇതാ ഈ കരയിലായിരുന്നു. ഇപ്പോഴും അതവിടെ ഇടിഞ്ഞു പൊളിഞ്ഞു കിടപ്പുണ്ട്. ''കുഞ്ഞുമോന്‍ ചേട്ടന്‍ പറഞ്ഞു.
ബോട്ട് കരയ്ക്കടുത്തു. അവിടെ പുതിയ റിസോര്‍ട്ടിന്റെ പണി തകൃതിയായി നടക്കുന്നു. വയനാടിന്റെ മാറുന്ന മുഖം. ബാലകൃഷ്ണനും അതിലൊരാളാണ്. വിനോദസഞ്ചാര വ്യവസായത്തിനെത്തുന്ന പുതിയ ആള്‍ക്കാരെ സഹായിക്കാനും റിസോര്‍ട്ട് പണിക്കുമെല്ലാം അയാളും കൂടുന്നു. എല്ലാം പടുത്തുയര്‍ത്തുന്നത് അയാളുടെയും അയാളെപ്പോലുള്ള ആയിരങ്ങളുടെയും ഓര്‍മകള്‍ക്കു മുകളിലാണ്... കാലം മാറുമ്പോള്‍ കഥകളും മാറണമല്ലോ..
2016 ഏപ്രിൽ ലക്കം യാത്രാമാസികയിൽ പ്രസിദ്ധീകരിച്ചത്
Content Highlights: karinkannimala near banasurasagar dam Wayanad Mathrubhumi yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..