കന്യാർകയം വെള്ളച്ചാട്ടം | ഫോട്ടോ: മാതൃഭൂമി
പാറക്കൂട്ടങ്ങളിൽ തട്ടി വെള്ളം ചിന്നിച്ചിതറി നൂറടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹരകാഴ്ചയാണ് കന്യാർകയം വെള്ളച്ചാട്ടത്തിന്. എന്നാൽ ഈ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ അധികമെത്താറില്ല. എണ്ണപ്പനത്തോട്ടത്തിനകത്തുള്ള വെള്ളച്ചാട്ടത്തെക്കുറിച്ച് അധികമാർക്കും അറിവില്ലെന്നതുതന്നെ കാരണം. ഇതിനുള്ള ശ്രമവും അധികൃതരിൽനിന്നുണ്ടാകുന്നില്ല.
ഇട്ടിവ പഞ്ചായത്തിൽ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ എസ്റ്റേറ്റിലാണ് കന്യാർകയം വെള്ളച്ചാട്ടം. ഇത്തിക്കരയാറിന്റെ ഉത്ഭവസ്ഥാനത്തിന് സമീപത്താണിത്.
എണ്ണപ്പനത്തോട്ടത്തിന് നടുവിൽ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളടങ്ങിയ മനോഹരകാഴ്ചയാണുള്ളത്. പാറകളിൽനിന്ന് പാറകളിലേക്ക് കയറാൻ കഴിയുന്നതും കുളിക്കാൻ കൂടുതൽ സൗകര്യങ്ങളുള്ളതുമാണ് കന്യാർകയത്തെ ഇഷ്ടകേന്ദ്രമാകുന്നത്.
ഭക്ഷണം പാകംചെയ്ത് കഴിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. വിശാലമായ എണ്ണപ്പനത്തോട്ടത്തിലൂടെയുള്ള യാത്രയും ജലപാതവും കോർത്തിണക്കി ഫാം ടൂറിസം പദ്ധതിക്ക് നേരത്തേ ഓയിൽപാം അധികൃതർ പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പായില്ല. ഇവിടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മദ്യപസംഘങ്ങൾ ഇവിടം താവളമാക്കിയതും സഞ്ചാരികളെ പിന്നോട്ടടിക്കുന്നു.
കടയ്ക്കൽ-അയിരക്കുഴി-അഞ്ചൽ റൂട്ടിൽ തുടയന്നൂർ വഴിയും ചിതറ-കൊച്ചാലുംമൂട് വഴിയും എണ്ണപ്പനത്തോട്ടത്തിലൂടെ കന്യാർകയത്തിലെത്താം. മെച്ചപ്പെട്ട യാത്രാസൗകര്യവും ലുക്ക്ഔട്ട് പോയിന്റ്, വിശ്രമസങ്കേതം, ഇരിപ്പിടങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുമൊരുക്കി വെള്ളച്ചാട്ടത്തെ കൂടുതൽ ആസ്വാദ്യകരമാക്കാം.
സമീപ വിനോദസഞ്ചാരകേന്ദ്രങ്ങളായ ജടായുപ്പാറ, മറ്റിടാംപാറ, കുടുക്കത്തുപാറ, കോട്ടുക്കൽ ഗുഹാക്ഷേത്രം, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവയുമായി കൂട്ടിയിണക്കി ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.
Content Highlights: kanyarkayam waterfalls, local destinations in kollam, kerala tourism, unknown kerala destinations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..