കമ്രു കോട്ടയിലെ ഭൂതഗണങ്ങളുടെ നിലവറ
ബനാക് ജുതേച്ച് സമ്മാനിച്ച അരപ്പട്ടയും കമ്രുത്തൊപ്പിയും ധരിച്ചാണ് കരിങ്കല്‍ക്കെട്ടിന്റെ മധ്യേയുള്ള വാതില്‍ തുറന്നത്. ആദ്യമായാണ് ഇത്രയും രാജകീയമായൊരു കോട്ടക്കൊത്തളത്തില്‍ പ്രവേശിക്കുന്നത്. തടികള്‍കൊണ്ട് നിര്‍മിച്ച അഞ്ചു നിലകളുള്ള കമ്രു കോട്ട ആകാശത്തേക്ക് പണിതുയര്‍ത്തിയ ഗോപുരംപോലെ കാണപ്പെട്ടു.
നൂറ്റാണ്ടുകളുടെ പഴക്കം കോട്ടയെ ഇരുണ്ടനിറമാക്കിയിരിക്കുന്നു. ബാസ്പാ താഴ്‌വര ഒന്നാകെ ഭയഭക്തിയോടെ കാണുന്ന മുപ്പത്തിയാറുകോടി ദേവഗണങ്ങളെ കുടിയിരുത്തിയിരിക്കുന്നതും ഇതിലെ നിലകളിലൊന്നിലാണത്രേ. കോട്ടയുടെ മുറ്റത്ത് പഗോഡയുടെ മാതൃകയിലുള്ള മന്ദിറുകള്‍ കാണാം. ഗുവാഹാട്ടിയില്‍നിന്ന് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ എത്തിച്ച കാമാഖ്യാദേവിയുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. കോട്ടയുടെ പിന്നില്‍നിന്ന് അടുത്ത മലഞ്ചെരിവ് ആരംഭിക്കുകയാണ്. കടുംനീല ആകാശത്തിനു കീഴെ മഞ്ഞണിഞ്ഞ പര്‍വതമുനമ്പുകള്‍ വെയിലേറ്റ് സ്വര്‍ണവര്‍ണമാര്‍ന്നിരുന്നു. ചണ്ഡീഗഢില്‍നിന്ന് വൈകീട്ട് ഏഴിന് ഹിമാചലിലെ റെക്കങ് പിയോയിലേക്ക് പുറപ്പെടുന്ന ഒരേയൊരു ബസ് കണക്കാക്കിയായിരുന്നു ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടത്. നിര്‍ഭാഗ്യമെന്നുപറയട്ടെ, ട്രെയിന്‍ വൈകിയെത്തിയതിനാല്‍ ബസ് കിട്ടിയില്ല. അവിടെ എന്നെ കാത്തിരുന്ന സുഹൃത്ത് ഗുരുദേവിന് ഒറ്റയ്ക്ക് പുറപ്പെടേണ്ടിവന്നു. ഞാന്‍ ടാക്‌സിയില്‍ ഷിംലയിലേക്ക് പുറപ്പെട്ടു. അയഞ്ഞ നീളന്‍ കുര്‍ത്തയും കടുംനിറത്തിലുള്ള തലപ്പാവും ധരിച്ച സര്‍ദാറായിരുന്നു ടാക്‌സി ഡ്രൈവര്‍. ഷിംലയെത്തുന്നതിനുമുന്‍പേ എന്നെ ബസ്സിനടുത്തെത്തിച്ചിരിക്കുമെന്ന് സര്‍ദാര്‍ ഉറപ്പു നല്‍കി. എന്നാല്‍, മലമ്പാതയിലെ ഗതാഗതക്കുരുക്ക് കണ്ടപ്പോള്‍ തന്നെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. പക്ഷേ, ഓരോ കുരുക്കില്‍നിന്നും വിദഗ്ധമായി സര്‍ദാര്‍ പുറത്തുചാടി.
ഒടുക്കം ഷിംലയ്ക്കു മുന്‍പേയുള്ള ധരംപുരില്‍വെച്ച് കാര്‍ ബസ്സിനെ ഓവര്‍ടേക്ക് ചെയ്തു. ബസ്സില്‍ സൂചികുത്താനിടയില്ലാത്തവിധം തിരക്കായിരുന്നു. ഡ്രൈവറുടെ പിന്നിലായുള്ള സീറ്റായിരുന്നു റിസര്‍വു ചെയ്തിരുന്നത്. ഡ്രൈവര്‍ പരംജിത്തിനെയും കണ്ടക്ടറെയും കണ്ടു. റിസര്‍വു ചെയ്ത സീറ്റില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. ഇനിയെന്തു ചെയ്യും! പരംജിത്ത് പെണ്‍കുട്ടിയെ പരിചയപ്പെടുത്തി:
''എന്റെ മരുമകളാകാന്‍ പോകുന്ന പെണ്‍കുട്ടിയാണ്, ഒന്ന് അഡ്ജസ്റ്റുചെയ്ത് ഇരിക്കുന്നതില്‍ ബുദ്ധിമുട്ടില്ലല്ലോ...''
ദുഷ്‌കരമായ മലമടക്കുകളിലേക്ക് എന്തിനാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെന്ന് അല്പം ആശ്ചര്യത്തോടെ ആ പെണ്‍കുട്ടി ചോദിച്ചു. ചണ്ഡീഗഢിലെ ഏതോ കമ്പനിയില്‍ ജോലി ചെയ്യുകയാണവള്‍. കിന്നോറിലേക്കുള്ള യാത്രികരില്‍ ചിലര്‍ പരംജിത്തിനെ അഭിവാദ്യം ചെയ്യുകയും നാട്ടുവിശേഷങ്ങള്‍ പങ്കിടുകയും ചെയ്യുന്നുണ്ടായിരുന്നു. പര്‍വതവിജനതകളിലൂടെ നീളുന്ന ദീര്‍ഘയാത്രയില്‍ ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ സാരഥി ഒരു കപ്പിത്താനെ അനുസ്മരിപ്പിച്ചു. അപകടങ്ങള്‍ പതിയിരിക്കുന്ന മലഞ്ചെരിവുകളിലൂടെ ബസ് നീങ്ങിക്കൊണ്ടിരുന്നു. പുറത്ത് തണുപ്പ് കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.
പുലര്‍ച്ചയോടെ രാംപൂരിലെത്തി. ഇനിയങ്ങോട്ടുള്ള യാത്ര ഒരു മിനി ബസ്സിലാണ്. പരംജിത്തും പെണ്‍കുട്ടിയുമെല്ലാം യാത്ര പറഞ്ഞിറങ്ങി. രാംപൂരു മുതല്‍ വഴി ചെറുതായി വന്നു. കിഴുക്കാംതൂക്കായ മലനിരകളും അപകടം പതിയിരിക്കുന്ന കൊക്കകളും കാണപ്പെട്ടു. മലയടിവാരത്തിലൂടെ സത്ലജ് നദി ഒഴുകുന്നു. പുരാതന ഇന്തോ-ടിബറ്റന്‍ പാത നൂറ്റാണ്ടുകളിലൂടെ കടന്നുപോയത് ഈ നദിയെ പങ്കാളിയാക്കിയാണ്. എത്തിച്ചേരാന്‍ ബുദ്ധിമുട്ടേറിയതും അപകടം നിറഞ്ഞതുമായ പ്രദേശങ്ങളിലൊന്നാണ് കിന്നോര്‍ താഴ്വര. മലനിരകളില്‍ എപ്പോള്‍ വേണമെങ്കിലും മണ്ണിടിച്ചിലുണ്ടാകാം. മഞ്ഞു പുതഞ്ഞ മലകള്‍ക്കിടയിലൂടെയുള്ള യാത്രയില്‍ ചെമ്മരിയാട്ടിന്‍കൂട്ടങ്ങളുമായി ഇടയന്മാര്‍ കടന്നുപോകുന്നത് കാണാം. റെക്കങ് പിയോക്ക് എത്തുന്നതിനും പതിനഞ്ച് കിലോ മീറ്റര്‍ മുന്‍പാണ് കര്‍ച്ചാം. ഇവിടെ സത്ലജ് നദിക്ക് കുറുകേയാണ് കര്‍ച്ചാം വാങ്ഡു അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്. കര്‍ച്ചാമില്‍നിന്ന് വഴി രണ്ടായി തിരിയുന്നു. നേരേ പോയാല്‍ റെക്കങ് പിയോ സ്പിതി താഴ്വരയാണ്. സത്ലജിന് കുറുകേയുള്ള പാത സംഗ്ലാ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയായ ബാസ്പാ താഴ്വരയിലേക്ക് നീളുന്നു. സത്ലജിന് കുറുകേയുള്ള ഇരുമ്പുപാലത്തില്‍ സംഗ്ലയിലേക്കുള്ള ബസ് കാത്തുകിടപ്പുണ്ടായിരുന്നു. സംഗ്ലാ താഴ്വരയിലേക്കുള്ള ഏക ബസ്സായിരുന്നു അത്. ബസ്സില്‍ കിന്നോരി ഗാനങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങുന്നുണ്ടണ്ട്. യാത്രികര്‍ വലിയ പൂക്കള്‍ തുന്നിപ്പിടിപ്പിച്ച പച്ചനിറത്തിലുള്ള കിന്നോരി തൊപ്പി ധരിച്ചിട്ടുണ്ട്.
.jpg?$p=7621aed&&q=0.8)
അഗാധമായ ഗര്‍ത്തങ്ങള്‍ക്കരികിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു. ഭീതിജനകമായ യാത്രയായിരുന്നു അത്. പലയിടങ്ങളിലും റോഡിന് വീതി കുറഞ്ഞുവന്നു. താഴെ വലിയ ഗര്‍ത്തങ്ങള്‍, എതിരെ ഏതെങ്കിലും വാഹനം വരുമ്പോഴേ നെഞ്ചില്‍ ഭയത്തിന്റെ പെരുമ്പറ മുഴങ്ങും. സൈഡ് ഒതുക്കാന്‍ വീതികുറഞ്ഞ റോഡിലൂടെ ബസ് പുറകിലേക്ക് എടുക്കണം. പലപ്പോഴും കണ്ണുകള്‍ ഇറുക്കി അടയ്‌ക്കേണ്ടിവന്നു. എന്നാല്‍, ഇടയ്ക്കുള്ള കാഴ്ചകള്‍ മനംകുളിര്‍പ്പിക്കുന്നതായിരുന്നു. നീലാകാശത്തിനു താഴെയുള്ള മലഞ്ചെരിവുകളില്‍ സമൃദ്ധിയോടെ ദേവദാരു വൃക്ഷങ്ങള്‍. ഇരുപര്‍വതങ്ങള്‍ക്കും നടുവിലൂടെ ടര്‍ക്കോയിസ് പച്ചയില്‍ ബാപ്സാ നദി ഒഴുകുന്നു. വെള്ളാരംകല്ല് നിറഞ്ഞ വെള്ളമണല്‍ത്തട്ടുള്ള നദീതീരം. ഗിരിശൃംഗങ്ങളില്‍ മഞ്ഞിന്റെ കൂടാരം. വെയിലേല്‍ക്കുമ്പോള്‍ അവ സ്വര്‍ണനിറമാകുന്നു. ദൂരെ പര്‍വതശൃംഗങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങള്‍.
.jpg?$p=ef6eb26&&q=0.8)
സംഗ്ലയില്‍ ബസ്സിറങ്ങി, താഴ്വരകളെ മതിവരുവോളം കണ്ടു. പുതുതായി നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സംഗ്ലയുടെ പ്രൗഢിക്ക് ചേരുന്നതായിരുന്നില്ല. അവിടെനിന്ന് പൗരാണിക കമ്രു ഗ്രാമത്തിലേക്ക് പോകണം. കമ്രു കോട്ട, ഗ്രാമത്തിലെ കുന്നിന്റെ നെറുകയിലാണ് സ്ഥിതിചെയ്യുന്നത്. സംഗ്ലയില്‍നിന്ന് ഏതാനും കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കമ്രുവിലെത്താം. തകരപ്പാളികൊണ്ട് മേല്‍ക്കൂര തീര്‍ത്തിട്ടുള്ള സംഗ്ലയിലെ കൊച്ചു പോലീസ്സ്റ്റേഷനും ചെറിയ ബുദ്ധക്ഷേത്രവും കടന്നുചെല്ലുന്നത് ചില്ലകള്‍ നിറഞ്ഞ് കായ്ച്ചുനില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങളുടെ സമീപത്തേക്കാണ്. ഗുണത്താലും നിറത്താലും കിന്നോര്‍ ആപ്പിളുകള്‍ പ്രശസ്തമാണ്. പച്ചയിലും ചുവപ്പിലും കായ്ച്ചുകിടക്കുന്ന പല ഇനത്തിലുള്ള ആപ്പിളുകള്‍ ഇവിടെ സമൃദ്ധമാണ്. ഭക്ഷണം കഴിക്കാത്തതിനാല്‍ മധുരം കിനിഞ്ഞൊഴുകുന്ന ആപ്പിളുകള്‍ കഴിച്ച് വിശപ്പ് മാറ്റേണ്ടിവന്നു.
കമ്രു ഗ്രാമത്തിന്റെ പ്രവേശനകവാടത്തിലെത്തുമ്പോള്‍ കുത്തനെയുള്ള പടവുകള്‍ കാണാനാകും. ഇടതുഭാഗത്തായി കല്ലു പാകിയ മതിലുകളുള്ള വീടുകളുടെ നീണ്ടനിര. ഗ്രാമത്തിന്റെ ഒത്ത മുകളില്‍തന്നെ, കോട്ട കെട്ടിയ രാജാവിനെ നമിച്ചു. ആപ്പിള്‍ മരങ്ങള്‍ പാതയിലേക്ക് പടര്‍ന്നു കിടക്കുന്നത് കാണാം. വീടുകളില്‍ അധികവും പുരാതന ഹിമാചല്‍ കാത്കുനി മാതൃകയിലാണ്. പൂര്‍ണമായും മരത്തടിയില്‍ നിര്‍മിച്ചവ. കാത്കുനി ശൈലിയില്‍ പണി കഴിപ്പിച്ചിട്ടുള്ള വീടുകള്‍ക്കെല്ലാം നല്ല ഭംഗിയാണ്. അവയുടെ മുകളിലും മുറ്റത്തും മുറിച്ചെടുത്ത ആപ്പിള്‍ കഷണങ്ങള്‍ ഉണക്കാന്‍ വെച്ചിട്ടുണ്ട്.
.jpg?$p=4f96ebc&&q=0.8)
ബദ്രി വിശാല്‍ജിയെന്ന മന്ദിറിന്റെ കവാടത്തിലെത്തി. ദേവഗണങ്ങളുടെ നിരവധി രൂപങ്ങള്‍ കൊത്തിവെച്ചിട്ടുള്ള പിച്ചളവാതിലും കടന്ന് അകത്ത് പ്രവേശിച്ചു. മുത്തശ്ശിക്കഥകളിലെ നിഗൂഢതകള്‍ പതിയിരിക്കുന്ന മാന്ത്രികഗ്രാമത്തില്‍ പ്രവേശിച്ചപോലെ. കല്ലുകള്‍ പാകി നീണ്ടുകിടക്കുന്ന മുറ്റത്തിന്റെ ഇടതുവശത്ത് ഭംഗിയേറിയ ഒരു ബുദ്ധ ആശ്രമം പണികഴിപ്പിച്ചിട്ടുണ്ട്. വലതുവശത്ത് അഴകാര്‍ന്ന രൂപങ്ങള്‍ കൊത്തിയ ബദ്രി വിശാല്‍ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. നടുമുറ്റത്ത് പഗോഡയുടെ മാതൃകയില്‍ ഒരു കൊച്ചുമണ്ഡപം. ബൗദ്ധ-ഹൈന്ദവ വിശ്വാസങ്ങള്‍ ഇവിടെ ഇടകലര്‍ന്നു കിടക്കുന്നു. കിന്നോര്‍ താഴ്വര മുഴുവന്‍ അങ്ങനെയാണ്. വേര്‍തിരിക്കാനാവാത്തവിധം ടിബറ്റന്‍ ആചാരങ്ങള്‍ ജനജീവിതത്തോട് ഇഴുകിച്ചേര്‍ന്നുകിടക്കുന്നു. തടിയില്‍ നിര്‍മിച്ചിട്ടുള്ള വാസ്തുവിദ്യയുടെ മനോഹരരൂപങ്ങളാണ് ചുറ്റുമുള്ള കെട്ടിടങ്ങള്‍. വര്‍ണാഭമായ ബുദ്ധ പ്രാര്‍ഥനാപതാകകള്‍ അവയോട് ഉരുമ്മിനില്‍ക്കുന്നു. പലതായി പിന്നിയ മുടിക്കെട്ടും വിചിത്രമെന്ന് തോന്നിക്കുന്ന നീളന്‍ കുപ്പായവും വര്‍ണശകലങ്ങള്‍ തുന്നിയ തൊപ്പിയുമണിഞ്ഞ് വൃദ്ധസ്ത്രീകള്‍ മന്ദിറിന്റെ നടക്കല്ലിലിരുന്ന് പരസ്പരം മന്ത്രിക്കുന്നു. കടുത്ത നിറത്തിലുള്ള അരപ്പട്ടയും കഴുത്തില്‍ പല നിറങ്ങളിലുള്ള ജപമാലകളുമുണ്ട് അവരില്‍. വര്‍ണ ഉടുപ്പണിഞ്ഞ ഒരു കുട്ടി ലജ്ജാലുവായി മുത്തശ്ശിയുടെ കൈപിടിച്ചുനില്‍ക്കുന്നു. പടം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പൊടുന്നനെ അവര്‍ തിരിഞ്ഞുനടന്നു. അവരുടെ പെട്ടെന്നുള്ള പ്രതികരണത്തില്‍ വിളറിപ്പോയ ഞങ്ങള്‍ ക്ഷമ ചോദിച്ചു. മുത്തശ്ശി പുഞ്ചിരിച്ചു. ക്യാമറയ്ക്ക് മുന്നില്‍ നിറഞ്ഞ ചിരിയുമായി അവര്‍ നിന്നു.
.jpg?$p=95b7978&&q=0.8)
ഇടുങ്ങിയ കല്‍പ്പാതയിലൂടെ, കാത് കുനി വീടുകളുടെ തണലിലൂടെ, ചാഞ്ഞുകിടക്കുന്ന ആപ്പിള്‍ മരങ്ങളെ തഴുകി, മഞ്ഞുപുതഞ്ഞ പര്‍വതാഗ്രങ്ങള്‍ പിന്നിട്ട് അവസാനം കോട്ടയിലെത്തിച്ചേര്‍ന്നിരിക്കുന്നു. കരിങ്കല്ലിന്റെ മതില്‍ക്കെട്ടിന് നടുവിലായി തടിയില്‍ തീര്‍ത്ത പടിവാതില്‍. ദേവരൂപങ്ങളും വ്യാളികളും മുദ്രിതമാക്കിയാണ് കതകിന്റെ പാളികള്‍ നിര്‍മിച്ചിട്ടുള്ളത്. ഗ്രാമത്തിനും മുകളിലായി മലമുകളിലെ വിജനതയില്‍ ഒരു ഭൂതത്താന്‍ കോട്ട. ആരെയും കാണാതെ വന്നപ്പോള്‍ അല്പനേരം കാത്തിരുന്നു. പിന്നെ, വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. നന്നായി ബലം പ്രയോഗിച്ചപ്പോള്‍ വാതില്‍ തുറന്നു. കോട്ടയുടെ മുറ്റത്ത് അല്പം ദൂരെയായി രണ്ടു സ്ത്രീകള്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുന്നു. അവര്‍ അടുത്തേക്ക് വന്നു. കാര്യസ്ഥയുടെ പേര് പലവുരി പറഞ്ഞപ്പോഴാണ് മനസ്സിലായത്. ബനാക് ജുതേച്ച്. അവരുടെ സുഹൃത്തിന്റെ പേര് മുന്താരി. ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ജുതേച്ചിന് ഭയങ്കര സന്തോഷം. സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി അവര്‍ കേരളത്തില്‍ വന്നിട്ടുണ്ട്. കടല്‍ കണ്ടിട്ടും കണ്ടിട്ടും മതിയായില്ലായെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
.jpg?$p=9dc596a&&q=0.8)
ഹിമാചലിലെ പഴക്കംചെന്ന കോട്ടകളിലൊന്നാണിത്. കോട്ടത്തളത്തിലേക്ക് കാല്‍വെച്ചപ്പോള്‍ നൂറ്റാണ്ടുകളുടെ സംസ്‌കൃതി ചുറ്റും വന്നുനിറയുന്നതായി അനുഭവപ്പെട്ടു. നിഗൂഢരഹസ്യങ്ങളുറങ്ങുന്ന അഞ്ച് നിലയുള്ള കൊട്ടാരം. ബുഷര്‍ രാജവംശത്തിന്റെ ആദ്യകാലത്തെ തലസ്ഥാനമായിരുന്നു കമ്രു. ടിബറ്റിനോട് ചേര്‍ന്നുകിടക്കുന്ന കമ്രുവിലെ കോട്ടയിലിരുന്നാണ് വിശാലമായ ബുഷര്‍ രാജ്യം അവര്‍ ഭരിച്ചിരുന്നത്. പിന്നീട് രാംപൂരിലെ സരാഹനിലേക്ക് തലസ്ഥാനം മാറ്റി. കാമാഖ്യദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച ചെറിയൊരു ക്ഷേത്രം അവിടെയുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അസമിലെ ഗുവാഹാട്ടിയില്‍നിന്ന് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണ്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തി എഴുനൂറ് മീറ്ററോളം ഉയരത്തിലാണ് കമ്രു കോട്ട. ഇതും കാത്കുനി ശൈലിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. അഞ്ചുനിലകളും തടിയില്‍ നിര്‍മിച്ചതാണെന്ന കാര്യം അദ്ഭുതപ്പെടുത്തും. കാലപ്പഴക്കംകൊണ്ട് മുകളിലുള്ള നിലകളൊക്കെ അല്പം അപകടാവസ്ഥയിലാണ്. ഇപ്പോള്‍ കൊട്ടാരത്തില്‍ ആരും താമസമില്ല. ദേവഗണങ്ങളെ കുടിയിരുത്തിയ നിലവറ ഇതിനുള്ളിലാണ്. കമ്രു ഗ്രാമത്തെയും ബാസ്പാ താഴ്വരയെയും സംരക്ഷിക്കുന്നത് ഇവിടെ കുടിയിരുത്തിയിരിക്കുന്ന മുപ്പത്തിയാറുകോടി ദേവന്മാരും ദേവതമാരുമാണെന്നാണ് താഴ്വരയിലെ വിശ്വാസം. ബദ്രിനാഥ്ജിയാണ് കമ്രു ഗ്രാമത്തിന്റെ പരദേവത.
കോട്ട പിന്നിട്ടാല്‍ വിജനമായ കുന്നിന്‍പരപ്പാണ്. ദേവ-ദേവതമാരുടെ നിഗൂഢമായ ആവാസസ്ഥലമായ ഇവിടെക്ക് ഗ്രാമീണര്‍ പൂജയ്ക്കായി മാത്രമേ എത്താറുള്ളൂ. കമ്രു കോട്ടയുടെ മുറ്റത്തെ ആപ്പിള്‍മരത്തില്‍ നന്നേ ചുവന്നുതുടുത്ത ആപ്പിളുകള്‍ മരം നിറഞ്ഞുനില്‍ക്കുന്ന കാഴ്ച അമ്പരപ്പിക്കും.
.jpg?$p=ed6fd26&&q=0.8)
ആപ്പിള്‍ കഷണങ്ങള്‍ വെയിലത്ത് ഉണക്കാനിട്ട ഗ്രാമത്തിലെ കാഴ്ചയെക്കുറിച്ച് ബനാക് ജുതേച്ചിനോട് ചോദിച്ചു. നാടന്‍ വാറ്റുണ്ടാക്കാന്‍ വേണ്ടിയാണത്രെ ആപ്പിള്‍ ഉണങ്ങാനിട്ടിരിക്കുന്നത്! ഗ്രാമത്തിലെ എല്ലാ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പൂജയ്ക്കും നാടന്‍ വാറ്റ് നിര്‍ബന്ധമാണ്. കാലാകാലങ്ങളായി ഗ്രാമങ്ങളില്‍ ഇവയുണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഹിമാചല്‍ സര്‍ക്കാര്‍ അതിന് ഔദ്യോഗികമായി അനുവാദം നല്‍കിയിട്ടുണ്ട്.
കോട്ടയുടെ മുറ്റത്തു നിന്നാല്‍ കമ്രു ഗ്രാമം മലഞ്ചെരുവിലേക്ക് നീണ്ടുകിടക്കുന്ന കാഴ്ച കാണാം. ദൂരെ സംഗ്ലാ താഴ്വര വിഹരിക്കുന്നു. അതിനും താഴെയായി ബാസ്പാ നദി ഒഴുകുന്നു. ഏകാകിയായി കിടക്കുന്ന ഭൂതത്താന്‍കോട്ടയിലെ നിലകളില്‍ എവിടെനിന്നോ കുടിയിരുത്തിയ ദേവഗണങ്ങള്‍ ഞങ്ങളോട് മന്ത്രിക്കുന്നതായി തോന്നി. മഞ്ഞുപൊഴിയുന്ന നീണ്ട ശരത്കാലത്തിന്റെ താളലയങ്ങള്‍ നെഞ്ചേറ്റുന്ന ഈ ദേവഗണങ്ങള്‍ക്ക് എന്ത് നിഗൂഢതയായിരിക്കും മന്ത്രിക്കാനുണ്ടാകുക! ബനാക് ജുതേച്ചിനോടും മുന്താരിയോടും വിടപറഞ്ഞു... ദേവരൂപങ്ങള്‍ കാവല്‍ നില്‍ക്കുന്ന കോട്ടവാതില്‍ പിന്നിട്ട് പുറത്തേക്കിറങ്ങി. കല്‍പ്പടവുകളിറങ്ങുമ്പോള്‍ അകലെയായി ബുദ്ധരൂപങ്ങള്‍ തിളങ്ങുന്നത് കാണാമായിരുന്നു.
(ഡിസംബര്‍ ലക്കം മാതൃഭൂമി യാത്ര യില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Kamru Fort Sangla, baspa valley himachal pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..