ഫോട്ടോ: വിജേഷ് വള്ളിക്കുന്ന്
കടലുണ്ടി: വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വേകി കടലുണ്ടി പക്ഷിസങ്കേതത്തില്‍ നടപ്പാതയും ഓഷ്യാനസ് ചാലിയവും ഫ്ലോട്ടിങ് റസ്റ്റോറന്റും ഒരുങ്ങുന്നു. ദേശാടനപ്പക്ഷികളുടെ പറുദീസ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പ്രകൃതിയറിഞ്ഞുള്ള നടപ്പാതയ്ക്കായി 1.44 കോടി രൂപയും ചാലിയം പുളിമൂട് മോടികൂട്ടുന്ന ഓഷ്യാനസ് പദ്ധതിയുടെ വിപുലമായ രണ്ടാംഘട്ട വികസനത്തിന് 8,55,88,028 രൂപയും കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപം ഫ്ലോട്ടിങ് റെസ്റ്റോറന്റ് സ്ഥാപിക്കുന്നതിന് മൂന്നുകോടി 94 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
മുഖച്ഛായമാറ്റുന്ന ഓഷ്യാനസ്
അറബിക്കടലിന്റെ തീരത്തെ പറങ്കിപ്പടയുടെയും സാമൂതിരിപ്പടയുടെയും കുഞ്ഞാലി മരയ്ക്കാരുടെയും ചരിത്രത്തിന്റെ ഓളക്കുത്തുകള്തീര്ക്കുന്ന ചാലിയത്ത് പുളിമൂട് നവീകരണമാണ് ഓഷ്യാനസ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. നടപ്പാത, സോളാര്‍ പാനല്‍, വൈദ്യുതീകരണം, ശൗച്യാലയങ്ങള്‍, പ്രോജക്ട് ഓഫീസ്, ഫുഡ് ഷാക്കുകള്‍, വിശ്രമകേന്ദ്രങ്ങള്‍, വാച്ച് ടവര്‍ തുടങ്ങിയവയുടെ നിര്‍മാണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാംഘട്ട പ്രവൃത്തികള്‍ക്ക് നേരത്തേ 98,75,291 രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
പക്ഷിസങ്കേതത്തിലൂടെ പ്രകൃതിയറിഞ്ഞുള്ള നടപ്പാതയോടൊപ്പം ആര്‍ച്ച് പാലം, വ്യൂവിങ് ഡെക്ക്, റെയിലിങ് ആന്‍ഡ് ഫെന്‍സിങ്, ലഘുഭക്ഷണശാലകള്‍, ടോയ്ലറ്റ് ബ്ലോക്കുകള്‍, ഇരിപ്പിടം, അലങ്കാരവിളക്കുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

വിദേശമാതൃകയില്‍ ഫ്ലോട്ടിങ് റെസ്റ്റോറന്റ്
ഫ്ലോട്ടിങ് റസ്റ്റോറന്റ് വിദേശരാജ്യങ്ങളില്‍ ഏറെ ശ്രദ്ധനേടിയ പദ്ധതിയാണ്. കോട്ടക്കടവ് പാലത്തിനു സമീപത്തായി 82 പേര്‍ക്ക് ഇരിക്കാവുന്നരീതിയിലാണ് ഫ്ളോട്ടിങ് റെസ്റ്റോറന്റ് നിര്‍മിക്കുക. ജൂണില്‍ നിര്‍മാണം ആരംഭിച്ച് ഒമ്പതുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഫ്ലോട്ടിങ് റസ്റ്റോറന്റില്‍ മിനി, കിച്ചന്, ടോയ്്ലറ്റ് എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഐ.ഐ.ടി. മദ്രാസ് സാങ്കേതിക പരിശോധനനടത്തി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തിയ രൂപരേഖ പരിഗണിച്ചാണ് ഭരണാനുമതിനല്കിയത്.
മേഖലയിലെ ജനങ്ങളുടെ ജീവിതത്തിലും പുതിയ പദ്ധതികള്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്ന് സ്ഥലം എം.എല്‍.എ.യും ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
Content Highlights: kadalundi bird sanctuary, tourist places kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..