ജോർദ്ദാൻ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന പ്രവാചകന്റെ പേരുള്ള മരം | ഫോട്ടോ: കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ
പ്രവാചകനായ മുഹമ്മദ് നബിയുടെ പേരിൽ ഒരു മരമുണ്ട്, പശ്ചിമേഷ്യയിലെ ജോർദ്ദാൻ മരുഭൂമിയിൽ! ആ മരം തേടിയായിരുന്നു യാത്ര. രാവിലെ തലസ്ഥാനമായ അമ്മാനിൽനിന്ന് പുറപ്പെട്ടു. 164 കിലോ മീറ്ററോളം വരും മരം സ്ഥിതി ചെയ്യുന്ന അസ്റക് ഗവർണറേറ്റിലെ സഫാബിയിൽ എത്താൻ. ആദ്യം സഞ്ചരിച്ചത് മൊവാഖർ - അസ്റക് അന്തർദേശീയ പാതയിലൂടെ. പാത അസ്റക്കിലെത്തിയപ്പോൾ രണ്ടായി തിരിഞ്ഞു. വലതു ഭാഗം സൗദിയിലേക്ക്. ഇടതു ഭാഗം ഇറാഖിലെ അൽ കറാമ അതിർത്തിയിലേക്ക്.

അൽ ബാദിയ - അൽകറാമ അന്തർദ്ദേശീയ പാതയിലൂടെയായി പിന്നീടുള്ള യാത്ര. ഇറാഖിൽനിന്ന് പെട്രോളും ഡീസലുമായി വരുന്ന നിരവധി ടാങ്കറുകൾ കാണാനായി. മറ്റൊരു പ്രധാന കാഴ്ച പാതയുടെ ഇരുവശവും ഉള്ള 'കറുത്ത മരുഭൂമി' തന്നെയായിരുന്നു. അഗ്നിപർവ്വത സ്ഫോടനഫലമായി കറുത്ത കല്ലുകൾ ചിന്നിച്ചിതറി രൂപം കൊണ്ട സ്ഥലം. ഏകദേശം 50 ചതുരശ്ര കിലോമീറ്ററിലും ആ ബസാൾട്ട് കല്ലുകൾ പരന്നു കിടക്കുന്നതു കാണാം.
അസ്റക്കിൽനിന്ന് തുടർയാത്രഇറാഖ് ഹൈവേയിലെ സഫാവി റോഡിലേക്ക് തിരിഞ്ഞു. അവിടെനിന്ന് സോളാർ പാടത്തിന് ചേർന്നുള്ള ചെറിയ റോഡിലൂടെ 13 കിലോ മീറ്റർ സഞ്ചരിച്ചാൽ പ്രവാചകമരം നിൽക്കുന്ന സഫാവിയിൽ എത്താം. മരുഭൂമിയുടെ നടുവിൽ ഒരേ ഒരു മരം. നോക്കെത്താ ദൂരത്ത് മണൽപരപ്പുകൾ. ബെദുവിൻ കുടിലുകൾ. ആട്ടിൻ കൂട്ടങ്ങൾ. ഒരു തരി പച്ച പോലും എവിടെയും ഇല്ല. തണുത്ത കാറ്റ് ആഞ്ഞ് വീശുന്നുണ്ട്. സാമാന്യം നല്ല പൊടിയും.

ഏറെ ദൂരെ നിന്നുതന്നെ മരം തിരിച്ചറിഞ്ഞു. പുതുതായി തീർത്ത രണ്ട് കമാന കവാടങ്ങൾ കടന്ന് വേണം മരത്തിനരികിലേക്ക് എത്താൻ. അതിനോട് ചേർന്നു തന്നെ ഒരു പോലീസ് സ്റ്റേഷനും ഉണ്ട്. അതിരുകൾക്ക് സംരക്ഷണ കവചം ഒരുക്കിയിട്ടുണ്ട്. സഫാവിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നടത്തുന്ന ഒരാൾ വഴികാട്ടിയായി വന്നു. തുറന്നു കിടന്നിരുന്ന സന്ദർശക കവാടത്തിലൂടെ നടന്ന് പ്രവാചകമരം നേരിൽ കണ്ടു. ആ വലിയ ഭൂപ്രദേശത്ത് ഈ മരമൊഴികെ മറ്റൊന്നും കാണാനില്ലാ എന്നത് വലിയ ഒരത്ഭുതം തന്നെ!
1500 വയസ്സാണ് വൃക്ഷത്തിന് ഏകദേശം കണക്കാക്കിയിട്ടുള്ള പ്രായം. പക്ഷെ മരത്തിന് ഒരു കുലുക്കവുമില്ല. ഏകദേശം 11 മീറ്റർ ഉയരവും കഷ്ടിച്ച് ഒരു മീറ്റർ വണ്ണവും ഉണ്ട്. 'ബോത്തം അറ്റ്ലാസി' എന്ന പിസ്റ്റാഷ്യ വിഭാഗത്തിൽപ്പെട്ട മരമാണിത്. ഇലകൾക്ക് 3 സെന്റി മീറ്റർ വരെ നീളമുണ്ട്. ജോർദ്ദാൻ, സിറിയ, പലസ്തീൻ, ലബനൻ എന്നീ രാജ്യങ്ങളിലാണ് ഈ മരം കാണപ്പെടുന്നത്. ആയിരത്തിലധികം വർഷം അതിജീവന ശേഷിയുള്ളതാണ് പിസ്റ്റാഷ്യ എന്ന് ശാസ്ത്രവും സമ്മതിക്കുന്നു. അണുനാശിനി കൂടിയാണ് ഈ വൃക്ഷമെന്ന് നാട്ടറിവുകൾ പറയുന്നു.

വൃക്ഷത്തെപ്പറ്റി പൊതുവായി പറയുന്ന ഐതിഹ്യം ഇങ്ങനെയാണ്. മുഹമ്മദ് നബി കുട്ടിയായിരിക്കുന്ന സമയത്ത് ഡമാസ്കസിലേക്കുള്ള യാത്രയ്ക്കിടയിൽ വിശ്രമിച്ച മരമായിരുന്നു ഇത്. 'സിറിയൻ യാത്രക്കിടെ മുഹമ്മദ് ആ മരത്തണലിൽവച്ച് ക്രിസ്ത്യൻ സന്യാസിയായ ബാഹിറയെ കണ്ടു മുട്ടി. ബാഹിറ(ബുഹൈറ) അവിടെ വച്ച് മുഹമ്മദിന്റെ പ്രവാചകത്വത്തെ പറ്റി മുൻകൂട്ടി പറഞ്ഞു എന്നാണ് ഐതിഹ്യം.
ചരിത്രകഥകൾ പ്രകാരം പറയുന്ന് ബാഹിറ പ്രവാചകത്വമുള്ള ഒരു ദിവ്യബാലനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് തന്റെ അമ്മാവനായ അബു താലിബുമൊത്ത് ഒമ്പത് വയസ് മാത്രം പ്രായമുള്ള മുഹമ്മദ് അവിടെയെത്തുന്നത്. അബു താലിബ് ഉൾപ്പെടെ എല്ലാവരെയും ബാഹിറ ഭക്ഷണത്തിനു ക്ഷണിച്ചു. എന്നാൽ മുഹമ്മദ് നബി മാത്രം മരത്തിന് ചുവട്ടിൽ ഒട്ടകങ്ങളോടൊപ്പം തന്നെ നിന്നു. ബാഹിറ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ലക്ഷണങ്ങൾ എല്ലാം പരിശോധിച്ച ബാഹിറ ഉറപ്പിച്ചു. താൻ തേടുന്ന പ്രവാചകൻ ഇതു തന്നെയാണ്. അബു താലിബിനോട് കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ ബാഹിറ, ബാലനായ മുഹമ്മദ് വരാനിരിക്കുന്ന പ്രവാചകനാണെന്ന് അറിയിച്ചു. ബാഹിറ ഉടനെ മക്കയിലേക്ക് മുഹമ്മദിനെയും കൊണ്ട് തിരികെ മടങ്ങാൻ അമ്മാവനായ അബു താലിബിനെ നിർബന്ധിച്ചു.
മുമ്പ് സിറിയൻ ഭൂപ്രദേശമായിരുന്ന സഫാവിയിലെ മരം ഇപ്പോൾ ജോർദ്ദാൻ വഖഫ് മന്ത്രാലയത്തിന്റെ അധീനതയിലാണ്. ജോർദ്ദാൻ രാജാവ് അബ്ദുള്ള രണ്ടാമനും ചെചന്നിയൻ പ്രസിഡണ്ടായ കദിറോവും ഈ വൃക്ഷം സന്ദർശിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.

മരം കാണാൻ നിരവധി പേർ ഇന്നും എത്തുന്നുണ്ട്. മരുഭൂമിയുടെ ഊഷരതയുടെ നടുവിലും പ്രവാചകമരം ദലനിബിഡമായി പന്തലിച്ചു നിൽക്കുന്നു. മനുഷ്യ ഹൃദയങ്ങളിലെ പച്ചപ്പിന്റെ പ്രതീകമെന്നോണം' വൃക്ഷവും പ്രകൃതിയും എല്ലാം മനുഷ്യ സംസ്കാരത്തിന്റ സഞ്ചാരപാതയിലെ അനുപേക്ഷണീയതയാണെന്ന് പഠിപ്പിച്ച ദൈവത്തിന് നന്ദി..!
Content Highlights: Jordan travel, Safawi travel, jordan desert tree
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..