നാല് ജലപാതങ്ങൾ ചേർന്ന് അലറിക്കുതിച്ച് താഴേക്ക്; കാടും വന്യതയും ആസ്വദിക്കാം ജോ​ഗിൽ


എഴുത്തും ചിത്രങ്ങളും : ബിനോയ് മാരിക്കൽ

നാട്ടുപാതകളും പച്ചപ്പും നിറഞ്ഞ കൊല്ലൂരിന്റെ മണ്ണിലൂടെ സഞ്ചരിച്ച്, മേഘമേലാപ്പിൽ നിന്ന് ആത്മാവിലേക്ക് പതിക്കുന്ന ജോ​ഗ് വെള്ളച്ചാട്ടം നോക്കിനിൽക്കുമ്പോൾ ഈ നാടിന്റെ പ്രകൃതി വൈവിധ്യത്തെ നിങ്ങൾ വീണ്ടും വീണ്ടും പ്രണയിക്കും.

ജോ​ഗ് വെള്ളച്ചാട്ടം

ഴയ്ക്ക് പല ഭാവങ്ങളാണ്. ചിലപ്പോൾ ശരീരത്തെയും മനസ്സിനെയും ആർദ്രമാക്കി പൊടിമഞ്ഞുപോലെ നനുനനുത്ത് തൂവും ചാറ്റൽ മഴ. ചിലപ്പോൾ ശരീരത്തെ ആകമാനം നനച്ച് തണുപ്പിച്ച് മനസ്സിലേക്കുവരെ അരിച്ചിറങ്ങുന്ന, തിരിമുറിയാത്ത തോരാമഴ. മറ്റുചിലപ്പോൾ അത് മനസ്സിൽ ഭീതിവിതച്ച് ചുറ്റുപാടുകളെ ഒന്നടങ്കം വിറപ്പിച്ച് ആർത്തലച്ചു പെയ്യുന്ന പെരുമഴയാണ്. മഴക്കാലം ഇഷ്ടപ്പെടുന്ന, മഴക്കാലയാത്രകൾ ആസ്വദിക്കുന്ന സഞ്ചാരികളുടെ മനസ്സിലേക്ക് ഓരോ മഴക്കാലവും കൊണ്ടുവരുന്ന ചില കാഴ്ചകളുണ്ട്. ആ കാഴ്ചകൾ തേടിയുള്ള യാത്രകൾക്ക് പ്രത്യേക ലഹരിയാണ്. ആ യാത്രകൾ സമ്മാനിക്കുന്ന ഫ്രെയിമുകൾക്ക് വശ്യസൗന്ദര്യമാണ്.

കാലത്തിനു കേടുവരുത്താൻ സാധിക്കാത്ത സൗന്ദര്യവുമായി നിൽക്കുന്ന ഉത്തരകന്നടയിലെ ചില വഴികളുണ്ട്. അതിലൊന്നിലൂടെയായിരുന്നു ഇത്തവണത്തെ മഴക്കാലയാത്ര. കോടമഞ്ഞിലലിഞ്ഞുനിൽക്കുന്ന സഹ്യന്റെ മടിത്തട്ടിലൂടെ, കൊല്ലൂരിൽനിന്ന് ജോഗ് വെള്ളച്ചാട്ടത്തിലേക്ക്. തിരിമുറിയാതെ പെയ്തുകൊണ്ടിരിക്കുന്ന മഴനനഞ്ഞ്, പച്ചപ്പിന്റെ വിവിധ ഭാവങ്ങൾ വാരിയണിഞ്ഞിരിക്കുന്ന കാട്ടുവഴികളിലൂടെ, ഇടയ്ക്കിടെ കാണുന്ന ചെറിയ ഗ്രാമങ്ങൾക്കും അവിടത്തെ കൃഷിയിടങ്ങൾക്കുമരികിലൂടെ മഴയാസ്വദിച്ച് ഒരു യാത്ര.

Jog Travel
മഞ്ഞിറങ്ങുകയാണ് മണ്ണിലേക്ക്

കൊറോണഭീതി മാറ്റി വെച്ച് യാത്രയ്ക്കിറങ്ങാൻ തീരുമാനിച്ച ദിവസങ്ങളിൽ മനസ്സിൽ നിറയെ മഴയാത്രയായിരുന്നു. ജൂലായ് അവസാനത്തിൽ പ്രത്യേകി പ്ലാനുകളൊന്നുമില്ലാതെ കുറച്ച് ഡ്രസ്സുമായി ഞങ്ങൾ ഇറങ്ങി. ഞാനും അനിയൻ ബൈജുവും സുഹൃത്ത് സനലും. അഗുംബൈ വഴി മൂകാംബികയിലെത്തി രണ്ടുദിവസം അവിടെ തങ്ങി. ഇനിയെവിടേക്ക് എന്ന ആലോചനയിലാണ് ജോഗിലെ വെള്ളച്ചാട്ടം മനസ്സിലെത്തിയത്. അധികം ചിന്തിച്ചില്ല, ഉറപ്പിച്ചു, ജോഗിലേക്കുതന്നെ.

രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ നനഞ്ഞ തണുത്ത പ്രഭാതം. രാവിലെ മൂകാംബികയിൽ മലയാളിയായ ഷീലച്ചേച്ചിയുടെ കടയിൽനിന്ന് ദോശയും ചായയും കഴിച്ച് ഇറങ്ങി. നേരം വെളുത്തെങ്കിലും ഇരുളിനെ വിടാതെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കാർമേഘങ്ങൾ. മഴക്കാലത്ത് മാത്രം സജീവമാകുന്ന നിരവധി വെള്ളച്ചാട്ടങ്ങൾ വഴിനിറയെ കണ്ണുകൾക്ക് ദൃശ്യവിരുന്നൊരുക്കി. കൊല്ലൂരിൽനിന്ന് ശിവമോഗ റൂട്ടിൽ കുടജാദ്രി ട്രക്കിങ് തുടങ്ങുന്ന സ്ഥലം കഴിഞ്ഞ് വരുന്ന ചെക്ക് പോസ്റ്റിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞു. നന്നായി ടാർ ചെയ്തിരിക്കുന്ന വലിയ വീതി യില്ലാത്ത റോഡ്. വല്ലപ്പോഴും മാത്രമാണ് റോഡിൽ മറ്റൊരു വണ്ടി കാണുന്നത്. യാത്രയിൽ കാർഗൽ ടൗൺ എത്തുന്നവരെ ഒരു ബസ്സു പോലും കണ്ടില്ല. പക്ഷേ, ഒരേ രീതിയിൽ പണിതിരിക്കുന്ന ബസ് സ്റ്റോപ്പുകൾ എല്ലാ ഗ്രാമത്തോടും ചേർന്ന് കാണാമായിരുന്നു. ഇടവിട്ടു പെയ്യുന്ന കനത്ത മഴയും വിജനമായ റോഡും ആസ്വദിച്ച് ഏറെ നാളുകൾക്കുശേഷം മുഖത്തുനിന്ന് മാസ്ക് മാറ്റി ശുദ്ധവായു ശ്വസിച്ച് വളരെ പതുക്കെയാണ് ഡ്രൈവ്.

Jog Rain
വഴിമൂടുന്ന മഴ

കൃഷിയിടത്തോടു ചേർന്ന് ഇടയ്ക്കിടെ ചെറിയ ഗ്രാമങ്ങൾ കാണാം. ഇടയ്ക്ക് മഴയിലൂടെ കറുത്ത കരിമ്പടം പോലത്തെ മഴക്കോട്ട് ധരിച്ച് നീങ്ങുന്ന ഗ്രാമീണർ. റോഡരികിലെ പച്ചപ്പിനിടയിലൂടെ അകലെ കാണുന്ന വീടുകൾക്ക് നല്ല പഴക്കം തോന്നിക്കും. എല്ലാം ഓടിട്ട, പഴയരീതിയിലുള്ളവ. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന പ്രദേശങ്ങളാണ് ശിവമോഗ ജില്ലയിൽപ്പെടുന്ന ഈ റൂട്ട്. ഇവിടെ ആറുമാസത്തോളം നല്ല മഴയായിരിക്കും. അതുകൊണ്ടുതന്നെ മിക്ക വീടുകളുടെയും വശങ്ങൾ എന്തെങ്കിലും കൊണ്ട് മറച്ചിരിക്കുന്നുണ്ട്. രണ്ടുനിലയുള്ള വീടിനോടുചേർന്ന് മറ്റാവശ്യങ്ങൾക്കുള്ള ചാർത്തുകളും പുരകളും മറ്റുമായി വലിയ വീടുകളും ഇടയ്ക്കിടെ കാണാം.

വൈക്കോലിൽ മേൽക്കൂര പണിത ചെറിയ ഒറ്റമുറിവീടുകളും ഇടയ്ക്ക് കണ്ടു. പല വീടുകൾക്കും മരക്കമ്പുകൊണ്ട് തീർത്തിരിക്കുന്ന ചെറിയ വേലിക്കെട്ടുകളുളുണ്ടായിരുന്നു. കുന്നിൻചരിവുകൾ തട്ടായി തിരിച്ച് കൃഷിയിടങ്ങളാക്കിയിരിക്കുന്നു. നെൽകൃഷി ധാരാളമായി കാണാം. കൂടെ മറ്റു കൃഷികളും. വരിയൊപ്പിച്ച് നട്ടിരിക്കുന്ന കവുങ്ങിൻതോട്ടങ്ങൾ കാണാൻ പ്രത്യേക ഭംഗിതന്നെയുണ്ട്. പല കൃഷിയിടങ്ങളിലും പണിനടക്കുന്നുണ്ടായിരുന്നു. നല്ല മഴയിലും നിലമുഴുന്നതും ഞാറുനടുന്നതും കാണാമായിരുന്നു.

Jog Travel 2
ജോ​ഗ് റൂട്ടിലെ വഴിയോരക്കാഴ്ചകൾ

വലിയ മരങ്ങളും തിങ്ങി നിറഞ്ഞ അടിക്കാടുകളുമുള്ള കാടിനുള്ളിലൂടെ കുറെ സഞ്ചരിച്ചുകഴിയുമ്പോൾ വിരിച്ചിട്ടപോലെ പച്ചപ്പുല്ല് പടർന്നിരിക്കുന്ന മൊട്ടക്കുന്നുകൾ. അതിൽ തലയൊക്കെ പോയി കുറ്റിയായി നിൽക്കുന്ന മരങ്ങൾ. കുന്നിൻചരിവിൽ മേഞ്ഞുകൊണ്ടിരിക്കുന്ന പശുക്കൾ... പെട്ടെന്ന് വേറെയേതോ രാജ്യത്തിലെത്തിയപോലെ. വണ്ടി നിർത്തി ചെറിയൊരു മൊട്ടക്കുന്നിലേക്ക് ഓടിക്കയറി. മുകളിലെത്തിയപ്പോൾ അകലേക്ക് അതിലും മനോഹരമായ കാഴ്ച. മഴ മാറിവന്ന വെയിലിൽ തിളങ്ങുന്ന തത്തപ്പച്ചനിറത്തിൽ മൊട്ടക്കുന്നുകൾ. അതിന്റെ അടിവാരത്ത് ചെറിയ മരങ്ങളും വീടുകളും കൃഷിയിടങ്ങളും.

മഴയോടു സല്ലപിച്ച് വെയിലിനോടു കൂട്ടുകൂടി പറ്റാവുന്നത്ര സ്ഥലങ്ങളിൽ ഇറങ്ങി പടങ്ങളെടുത്ത് കാർഗൽ ടൗണും പിന്നിട്ട് ഉച്ചയോടെയാണ് ജോഗിലെത്തിയത്. കൊറോണയുടെയും ലോക്ക്ഡൗണിന്റെയും ഭീതിയൊന്നുമില്ലാതെ തിരക്കിലേക്കെത്തിയിരിക്കുന്നു ഇവിടം. മുൻപിൽ അതാ ജോഗ്. 830 അടി ദൂരത്തിൽ മുകളിൽനിന്ന്, ഒരിടത്തും തട്ടിനിൽക്കാതെ, താഴേക്കു പതിക്കുന്ന നാലു ജലപാതങ്ങൾ. രാജ, റാണി, റോക്കറ്റ്, റോറർ എന്നീ നാലു ജലപാതങ്ങൾ ചേർന്നതാണ് ജോഗ് വെള്ളച്ചാട്ടം. രാജയാണ് ഏറ്റവും ഉയരത്തിൽനിന്നു വരുന്നത്. താഴേക്കു പതിക്കുന്നതിനിടയിൽ റോററുമായി കൂടിച്ചേരും. അലറിവിളിച്ച് താഴേക്കു പതിക്കുന്നതിനാലാണ് ഇതിന് റോറർ എന്ന പേരു വന്നതെന്നാണ് പറയുന്നത്. റാണി വളരെ ശാന്തമായാണ് താഴേക്കു പതിക്കുന്നത്. റോക്കറ്റാവട്ടെ, ഒരു ജെറ്റ് പോലെ താഴേക്കു പതിക്കുന്നു. ശതാവരി നദിയിൽനിന്നാണ് ഈ വെള്ളച്ചാട്ടം ഉദ്ഭവിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായാണ് ജോഗ് അറിയപ്പെടുന്നത്. ഉയരത്തിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനമാണ് ജോഗ് വെള്ളച്ചാട്ടത്തിനുള്ളത്. ഗെർസോപ്പ് ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.

Jog 7

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമെങ്കിലും വേനലിൽ വെള്ളം നന്നായി കുറയുന്നതിനാൽ മഴക്കാലം തന്നെയാണ് മികച്ച സമയം. ചുറ്റിലുമുള്ള കാടും വന്യതയും ഒക്കെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ പറ്റിയ സമയവും ഇതുതന്നെ. ഭൂമിയുടെ അടിത്തട്ടിത്തട്ടിൽ നിന്നെന്നോണം വന്നുനിറയുന്ന കോട ചിലപ്പോൾ മണിക്കൂറുകളോളം കാഴ്ച മറയ്ക്കാറുണ്ട്. മനസ്സിൽ ഇന്റർനെറ്റിൽ കണ്ടിട്ടുള്ള ജോഗിന്റെ വിവിധ ആംഗിളിലുള്ള ഫോട്ടോകളുണ്ട്. അവ ഓർമ്മിച്ചെടുത്ത് മുന്നിലെ വെളുത്ത ശൂന്യതയിൽ നിന്ന് കാതിലേക്കെത്തുന്ന വന്യമായ ശബ്ദത്തിന്റെ ഉറവിട ത്തിലേക്ക് കണ്ണുംനട്ടങ്ങനെ നിൽക്കണം. അപ്പോൾ മലയിടുക്കിലൂടെ വരുന്നൊരു കാറ്റിൽ അലിഞ്ഞലകുന്ന കോടയുടെ വെളുപ്പിനിടയിലൂടെ തെളിഞ്ഞ് വരുന്ന ജോഗിന്റെ കാഴ്ച. അതെ, ആ കാഴ്ച തന്നെയാണ് സഞ്ചാരികളെ വീണ്ടും വീണ്ടും ജോഗിലേ ക്ക് ആകർഷിക്കുന്നത്. എത്ര തവണ കണ്ടാലും ഓരോ നോക്കിലും പുത്തൻ ഭാവങ്ങളും കാഴ്ചകളും പകരുന്ന ജോഗ് ഫാൾസ് ഒരിക്കൽ മനസ്സിൽ കയറിയാൽ പിന്നീടൊരിക്കലും ഇറങ്ങിപ്പോകില്ല. കുറച്ചേറെനേരം അവിടെ ചിലവഴിച്ച് അവിടെ നിന്നും തിരിച്ചു. അൽപ്പനേരം മാറി നിന്ന മഴ വീണ്ടും ഞങ്ങളുടെ പുറകെയെത്തി. അവിടെ നിന്നും ഉറഞ്ഞുപെയ്യുന്ന മഴയത്ത് രാത്രി യാത്ര ആസ്വദിച്ച് രാത്രി ഏറെ വൈകിയാണ് മുരുഡേശ്വരിലെത്തിയത്. അരണ്ട നിലാവെളിച്ചത്തിൽ ചാറ്റൽ മഴയും കൊണ്ട് നിൽ ക്കുന്ന മുരുഡേശ്വരന് കീഴെ കാറിൽ ചെറിയൊരുറക്കം. രാത്രി മുഴുവനും പുറത്ത് മഴ പെയ്യുകയായിരുന്നു.

തീർഥാടകരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഇടമാണ് മുരുഡേശ്വർ. 259 അടി ഉയരത്തിൽ 20 നിലകളുള്ള ആരെയും വിസ്മയിപ്പിക്കുന്ന രീതിയുള്ള കൊത്തു പണികളാൽ അലംകൃതമായ രാജഗോപുരം. ക്ഷേത്ര കവാടത്തിന് പുറകിലായി മൂന്ന് വശവും അറബിക്കട ലാൽ ചുറ്റപ്പെട്ടിരിക്കുന്നു. കടലിലേക്കിറങ്ങി കിടക്കുന്ന കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന 123 അടി ഉയരമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമയാണ് ഇവിടെയുള്ളത്. ഈ പ്രതിമയാണ് മുരുഡേശ്വറിന് ഇന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രത്യേകമായൊരു സ്ഥാനം നൽകുന്നത്. ഒരു തീർത്ഥാടന കേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് കടലും തീരവും കുന്നും പ്രതിമയും എല്ലാം ചേർന്ന മാസ്മരികമായ ദൃശ്യവിന്യാസങ്ങളാണ്. തീർഥാടനകേന്ദ്രത്തിന്റെ സ്വച്ഛമായ അന്തരീക്ഷത്തേക്കാൾ കാഴ്ചകൾ ഇഷ്ടപ്പെടുന്ന യാത്രികരെ തൃപ്തിപ്പെടുത്തുന്ന സ്ഥലമാണ് മുരുഡേശ്വർ.

Murudeswar
മുരുഡേശ്വർ

ഇപ്പോൾ പെയ്യും എന്നോണം ഉരുണ്ടുകൂടി നിൽക്കുന്ന മേഘങ്ങൾക്കുകീഴെ കരിനീലിമയാർന്ന കടലിനുമീതെ തലയുയർത്തിനിൽക്കുന്ന നീലകണ്ഠനെ വണങ്ങി ഉച്ചയോടെ അവിടെനിന്നും തിരിച്ചു. മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഒരുപാടോർമ്മകൾ സമ്മാനിച്ച് ഒരു മഴക്കാലം കൂടി യാത്രപറയുകയാണ്. ഏറെ ദൂരം ഞങ്ങളെ പിൻതുടർന്ന മഴയും ഇടക്കുവച്ച് ഞങ്ങളോട് യാത്ര പറഞ്ഞ് പിരിഞ്ഞു.

YATHRA TRAVEL INFO

Jog Falls is on the Sharavati river located in the Western Ghats near Sagar Taluk of Uttara kannada District, Karnataka. It is the second highest plunge waterfall in India.

Getting there

Mathrubhumi Yathra
മാതൃഭൂമി യാത്ര വാങ്ങാം

By Road: Kollur, Jog and Murudeswar are well connected by road. Carry some food and water with you as the road often goes through the forest or countryside. You can enjoy driving on rural roads without much traffic. The distance from Udupi to Kollur Mookambika Temple is 74 km. NH17 connects Murudeshwar to Kochi, Bengaluru and Mumbai.

By Rail: The nearest station Shimoga is well connected to Bangalore and Mangalore via regular trains. You can travel via Bangalore and take up a train up to Shimoga or Taluguppa to reach Jog Falls.

By Air: The airport in Mangalore is the nearest to Jog Falls. Located about 243 km from Jog Falls.

Sights Around

Honnemaradu ►Byndoor ►Karkala

Contact

+91 8022352424

Website

www.karnatakatourism.org

(മാതൃഭൂമി യാത്ര 2021 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Jog waterfalls, jog falls, How to reach Jog waterfalls, Karnataka tourism, mathrubhumi Yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented