യേശുദേവൻ്റെ പേരിൽ ജോർദാനിലുള്ള മുസ്ലീം പള്ളി
"സമൂഹത്തിലെ വ്യക്തികളുടെയെല്ലാം ആത്മാവിനെ പരിപോഷിപ്പിക്കുന്ന നീരുറവയാണ് മതസൗഹാർദ്ദം " എന്ന മഹത് വചനം അന്വർത്ഥമായ നാടാണ് മധ്യധരണ്യാഴിയിലെ ജോർദ്ദാൻ. അതും തലസ്ഥാനമായ അമ്മാൻ നഗരത്തിൽ നിന്ന് 35 കി.മീ. അകലെ മദബാ ഗവർണറേറ്റിൽ ക്രിസ്തുവിൻ്റെ പേരിൽ ഒരു മുസ്ലീം പള്ളി സ്ഥാപിച്ച് കൊണ്ട്..! പ്രവാചക പരമ്പരയിലെ 43-ാമത്തെ അനന്തരാവകാശിയായ അബ്ദുള്ള രണ്ടാമൻ രാജാവാണ് ഭരണാധികാരി. 90 ശതമാനത്തിലധികം മുസ്ലീം ജനവിഭാഗം താമസിക്കുന്ന രാജ്യത്ത് മത സാഹോദര്യത്തിൻ്റെ മന്ത്രമണി മുഴങ്ങുന്ന ജോർദ്ദാനിലെ മദാബ ലോകത്തിന് മാതൃകയാവുകയാണ്. യേശുദേവൻ്റെ പേരിലുള്ള ലോകത്തിലെ ആദ്യ മുസ്ലീം പള്ളി മദാബ എന്ന മൊസൈക് നഗരത്തിലാണ് സ്ഥാപിതമായത്.

സംഘർഷത്തിൻ്റെ പശ്ചിമേഷ്യൻ മണ്ണിൽ നിന്ന് മതനിരപേക്ഷ ലോകത്തിന് പഠിക്കാനുള്ള ഒരു നല്ല പാഠമാണ് ജോർദ്ദാനിലെ ഈ വിശുദ്ധ ദേവാലയം. ഈ രാജ്യത്തിൻ്റെ അതിരുകൾക്കപ്പുറത്തും അടുത്തുമുള്ള സിറിയയും ഇറാഖും പലസ്തീനും ലെബനനും യെമനും ആഭ്യന്തര സംഘർഷങ്ങൾ കൊണ്ട് പൊറുതിമുട്ടുമ്പോഴാണ് ജോർദ്ദാൻ ആലഭാരങ്ങളില്ലാതെ സ്നേഹത്തിൻ്റെ തംബുരു മീട്ടുന്നത്.
2008-ൽ യേശുവിൻ്റെ പള്ളി ലോകത്തിനായ് തുറന്നു കൊടുക്കുമ്പോൾ മുസ്ലീം പണ്ഡിതന്മാർ പറഞ്ഞത് ഈ ദേവാലയം രണ്ട് മതങ്ങളുടേയും പൊതു ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു മാതൃകാസ്ഥാനമാണെന്നാണ്. അവർക്ക് ഈ പള്ളി കേവലമായ സഹവർത്തിത്വമല്ല'. അതിനപ്പുറം നൂറ്റാണ്ടുകളായി വികസിപ്പിച്ചതും നിലനിർത്തപ്പെട്ടതുമായ സാഹോദര്യവും വാത്സല്യവുമാണ്. മദാബയിലും ജോർദാനിൽ പൊതുവേയും മതസൗഹാർദത്തിന്റെ അതുല്യമായ ഒരു മാതൃകയാണ് പങ്കിടുന്നത്.
മദബയിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും നൂറ്റാണ്ടുകളായി സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് കാലവും ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു. ഓരോ വിഭാഗവും മറ്റുള്ളവരുടെ പ്രധാന പരിപാടികളിൽ പങ്കെടുക്കുന്നു. പുണ്യമാസമായ റമദാനിൽ, ക്രിസ്ത്യാനികൾ ഇഫ്താർ സംഗമങ്ങൾ ഒരുക്കുന്നു.

ഇതിനെല്ലാം പുറമെ, ക്രിസ്തുമതത്തിൻ്റെ വിശ്വാസ പ്രമാണങ്ങളും ചിരപുരാതനമായ ചരിത്രശേഷിപ്പുകളും ജോർദ്ദാൻ ഭരണകൂടം സംരക്ഷിക്കുന്നു. മോശയുടെയും ഏലിയാസിൻ്റെയും യേശുവിൻ്റെയും സ്നാപക യോഹന്നാൻ്റെയും പാദസ്പർശമേറ്റ കല്ലും മണ്ണും പോറലേൽക്കാതെ കാത്തുരക്ഷിക്കുന്നത് കണ്ട് ബാമിയാനിലെ ഇടിഞ്ഞു പൊളിഞ്ഞ ബുദ്ധബിംബങ്ങൾ കരയുന്നുണ്ടാവും. യേശുദേവൻ്റെ പുണ്യസ്നാനം കൊണ്ട് ചരിത്രമായ ബാപ്റ്റിസം സൈറ്റും മോശ അന്ത്യ വിശ്രമം കൊള്ളുന്ന നെബോ പർവ്വതവും എലിഷാ കുന്നുകളും അൽ സാൾടിലെ ഗീവർഗീസ് പുണ്യാളൻ്റെ വിശുദ്ധ ദേവാലയവും യേശുദേവൻ താമസിച്ച ഗുഹയും യോഹന്നാൻ്റെ തലയറുത്ത മുക്കാവിറും മദാബയിലെ പരമ്പരാഗത പള്ളികളും എല്ലാം ജോർദ്ദാൻ ഭരണകൂടത്തിന് കീഴിൽ സുരക്ഷിതമാണ്.
ക്രിസ്തുമസും പുതുവർഷവും പ്രമാണിച്ച് അമ്മാനിൽ നടത്തുന്ന ആഘോഷങ്ങളിൽ അബ്ദുള്ള രാജാവ് നേരിട്ട് പങ്കെടുക്കുന്നതും ശ്രദ്ധേയമാണ്. ഇതു കൂടാതെ യേശുദേവനെ കുരിശിലേറ്റിയ ജറുസലേമിലെ ഹോളി സെപൾച്ചർ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ - മുസ്ലീം ദേവാലയങ്ങളുടെ രക്ഷാധികാരിയും അബ്ദുള്ള രാജാവ് തന്നെയാണ്. അബ്ദുള്ള രാജാവ് ജോർദ്ദാൻ പാർലമെൻ്റിലും ക്രിസ്ത്യൻ സംവരണം ഉറപ്പു വരുത്തിയിട്ടുണ്ട്. അങ്ങനെ ജോർദ്ദാൻ മാനവികതയുടെ ഹൃദയഭൂമികയാകുന്നു. പൊതിന ചേർത്ത കട്ടൻ ചായയും ഫലാഫിലും മാൻസഫും തേനൂറുന്ന കുനാഫെയും കഴിച്ച് ജോർദ്ദാനിൽ നിന്ന് മടങ്ങുമ്പോൾ അറിയാതെ പറയും ! ദൈവത്തിന് സ്തുതിയെന്ന്.
Content Highlights: Jesus Christ Mosque, Jordan, Madaba, world travel, Jordan Travel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..