പൂരത്തിന് എഴുന്നെള്ളിക്കുന്നത് പിടിയാനകളെ, പൂജയ്ക്ക് പോലും സുഗന്ധപുഷ്പങ്ങളുപയോഗിക്കാത്ത വനക്ഷേത്രം


രമ്യ എസ്.ആനന്ദ്

ഇരമ്പുന്ന നഗരത്തിന് നടുവില്‍ തിരക്കേതുമില്ലാതെ ഒരു ശാന്തിവനം. കാവിലൂടെ ക്ഷേത്രത്തിലേക്ക് മൂന്നു പ്രധാന വഴികളും ചെറിയ നടപ്പാതകളും ഉണ്ട്. ഗര്‍ഭഗൃഹത്തിലും ചുറ്റമ്പലത്തിലുമെല്ലാം പഴയകാലത്തിന്റെ അനുരണനങ്ങള്‍. പരശുരാമന്‍ നിര്‍മ്മിച്ചതത്രേ ഈ ക്ഷേത്രം.

ഇരിങ്ങോൾക്കാവ് | ഫോട്ടോ: സിദ്ദിഖുൽ അക്ബർ മാതൃഭൂമി

രു ചൂടുള്ള പകലിലാണ് ഇരിങ്ങോള്‍ക്കാവിലെത്തിയത്. വലിയ മരങ്ങള്‍ അതിരിടുന്ന പടവുകള്‍ കയറി കാവിനുള്ളിലേക്ക് കയറിയതും ഉള്ളം തണുത്തു. അടിക്കാടുകളും വള്ളിപടര്‍പ്പുകളും മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പ്രതാപികളായ വൃക്ഷരാജാക്കന്മാരും അതില്‍ ചേക്കേറിയ ഗഗനചാരികളും ഒക്കെച്ചേര്‍ന്ന ജൈവ വൈവിധ്യത്തിന്റെ ഒരു കലവറ. ശുദ്ധവായുവിന്റെ അക്ഷയഖനിയിലേക്ക് കയറിയത് പോലെ തോന്നി. അന്‍പതേക്കര്‍ കാടിന് നടുവിലാണ് ദുര്‍ഗ്ഗാദേവിയുടെ ഈ ക്ഷേത്രം.

ഇരമ്പുന്ന നഗരത്തിന് നടുവില്‍ തിരക്കേതുമില്ലാതെ ഒരു ശാന്തിവനം. കാവിലൂടെ ക്ഷേത്രത്തിലേക്ക് മൂന്നു പ്രധാന വഴികളും ചെറിയ നടപ്പാതകളും ഉണ്ട്. ഗര്‍ഭഗൃഹത്തിലും ചുറ്റമ്പലത്തിലുമെല്ലാം പഴയകാലത്തിന്റെ അനുരണനങ്ങള്‍. പരശുരാമന്‍ നിര്‍മ്മിച്ചതത്രേ ഈ ക്ഷേത്രം. ദ്വാപരയുഗത്തില്‍ നിന്നാണ് ഐതിഹ്യത്തിന്റെ തുടക്കം. ദേവകിയുടെയും വാസുദേവരുടെയും എട്ടാമത്തെ പുത്രന്‍ കംസനെ വധിക്കുമെന്ന അരുളപ്പാടറിഞ്ഞ് കംസന്‍, ദമ്പതികളെ കാരാഗൃഹത്തിലടച്ചു. എട്ടാമതെത്തിയത് പെണ്‍കുഞ്ഞായിട്ടും കൊല്ലാന്‍ തുനിഞ്ഞ കംസന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ട കുഞ്ഞ് ആകാശത്തേക്ക് ഒരു അഭൗമതേജസായി ഉയര്‍ന്നു. ആ വെളിച്ചം ആദ്യം സ്പര്‍ശിച്ച സ്ഥലം ഇരുന്നോള്‍ എന്നായെന്നും അത് ഇരിങ്ങോളായി പരിണമിച്ചു എന്നും ചരിത്രം. ദേവിയുടെ അനുഗ്രഹത്തിനായെത്തിയ ദേവഗണങ്ങള്‍ പിന്നീട് വൃക്ഷങ്ങളും വള്ളിച്ചെടികളുമായി പരിണമിച്ചുവത്രെ. അത്യപൂര്‍വമായ ഇവിടുത്തെ പ്രകൃതി സ്‌നേഹത്തിനു പിന്നില്‍ ഐതിഹ്യങ്ങളുടെ ശക്തമായ സ്വാധീനമുണ്ട്. താഴെവീഴുന്ന പാഴ്മരം പോലും ഇവിടെ മണ്ണിലേക്ക് അലിഞ്ഞു ചേരുന്നു.

Iringol kavu 2

തൃണബിന്ദു മഹര്‍ഷിയും ഹനുമാനും ചേര്‍ന്നുള്ള ഒരു ഐതിഹ്യവും ഈ കാവിനുണ്ട്. തപസ്സിന് ഭംഗം വരുത്തിയ ഹനുമാനെ മഹര്‍ഷി 'നിനക്ക് നിന്റെ ശക്തിയെക്കുറിച്ച് മറവിയുണ്ടാവട്ടെ 'എന്ന് കോപിഷ്ഠനായി ശപിച്ചു. വാര്‍ത്തയറിഞ്ഞ പിതാവായ വായുദേവന്‍ പുത്രനെ അന്വേഷിച്ച് എല്ലാ മരങ്ങളുടെയും ചുവടു ഇളക്കിനോക്കിയെന്നും എല്ലാം മറന്ന അവസ്ഥയില്‍ ഹനുമാനിരുന്ന ഇലവ് മരം അനങ്ങാതെ നിന്നുവെന്നുമൊക്കെ കഥകള്‍. വലിയ ഇലവ് മരവും ഇവിടെ ആരാധനാമൂര്‍ത്തിയാണ്. വായുദേവന്റെ അപേക്ഷപ്രകാരം ഹനുമാന് മാപ്പ് നല്‍കി മഹര്‍ഷി ഇങ്ങനെ പറഞ്ഞുവത്രെ.'ഈ വനത്തില്‍ അഹങ്കാരത്തോടെ ആരും വര്‍ത്തിക്കരുത്. വായുദേവന്‍പോലും മൃദുവായി വീശണം. ഈ പുണ്യഭൂമിയില്‍ വിഷജന്തുക്കള്‍ ഭക്തരെ ഉപദ്രവിക്കില്ല. വന്‍വൃക്ഷങ്ങള്‍ ആരും വെട്ടിനശിപ്പിക്കില്ല. ദുഷ്ടമൃഗാദികള്‍ ഇവിടെ ഉണ്ടാവുകയില്ല.'

ഏഴിലം പാലയും കൂവളവും കരിമ്പനയും തേക്കും ആഞ്ഞിലിയും വെള്ളപൈനും തമ്പകവും തുടങ്ങി ആകാശത്തേക്ക് കൈയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ മരങ്ങള്‍.ഇവയുടെ ശാഖകളില്‍ നിറയെ കുയിലും നത്തും പുള്ളും പരുന്തും കാലന്‍ കോഴിയുമൊക്കെ സസുഖം ജീവിക്കുന്നു. മരങ്ങളുടെ ബൃഹത്തായ വേരുപടലങ്ങളൊരുക്കുന്ന കവചം കാവിനെ എപ്പോഴും ജലസ്പര്‍ശമാര്‍ന്നതാക്കുന്നു. കാട്ടുകുരുമുളകും തിപ്പലിയുമൊക്കെ നിറഞ്ഞ ഒരു ഔഷധവനം കൂടിയാണിവിടം. ഷഡ്പദങ്ങളും ചിലന്തികളും സസ്തനികളും ഉരഗങ്ങളും വന്മരങ്ങളില്‍ ചേക്കേറിയ പക്ഷികളും ഒക്കെയായി കാവ് നിറഞ്ഞു നില്‍ക്കുന്നു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗീകരിച്ച 'ബയോഡൈവേഴ്‌സിറ്റി ഹെറിറ്റേജ്' മേഖല കൂടിയാണിത്.

ചെറിയ പാതയില്‍ക്കൂടി കുറച്ചുള്ളിലേക്ക് പോയപ്പോള്‍ പലതരം പ്രാണികളും വന്മരങ്ങളുടെ പൊത്തില്‍ നിന്നും തലനീട്ടിയ പക്ഷികളും അതിക്രമിച്ചു കടന്നവരെ കൗതുകത്തോടെ നോക്കാന്‍ തുടങ്ങി. നിറമുള്ള ചിറക് വിടര്‍ത്തി ചിത്രശലഭങ്ങള്‍ പറന്നുയര്‍ന്നു. ചീവീടുകളുടെ കരച്ചിലും മരങ്ങളുടെ പച്ചക്കുടയില്‍ തടഞ്ഞ് താഴേയ്ക്ക് എത്താത്ത സൂര്യപ്രകാശവും പിണഞ്ഞുകിടക്കുന്ന വള്ളിച്ചെടികളുമെല്ലാം ചേര്‍ന്ന് ഒരു ഘോരവനത്തിലകപ്പെട്ട പ്രതീതി. പ്രകൃതി ക്ഷോഭത്തിലും മറ്റും പെട്ട് വീണു കിടന്ന് പ്രകൃതിയിലേക്ക്തന്നെ ലയിക്കുന്ന പടുകൂറ്റന്‍ മരങ്ങള്‍ ഒരു കാഴ്ച തന്നെയാണ്. ധാരാളം പ്രത്യേകതകള്‍ ഇരിങ്ങോള്‍ക്കാവിനുണ്ട്. പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗയുടെ രൂപമില്ലാത്ത ശിലയാണ്. സുഗന്ധപുഷ്പങ്ങള്‍ക്കോ അതു ചൂടിയിരിക്കുന്ന സ്ത്രീകള്‍ക്കോ കാവിനുള്ളില്‍ പ്രവേശനമില്ല. പൂജയ്ക്ക് പോലും സുഗന്ധപുഷ്പങ്ങളില്ല. ഉഷപൂജയ്ക്കു സരസ്വതിയായും ഉച്ചപ്പൂജയ്ക്ക് വനദുര്‍ഗ്ഗയായും അത്താഴപൂജയ്ക്ക് ഭദ്രകാളിയായും മൂന്ന് ഭാവങ്ങളിലാണ് ദേവി കുടികൊള്ളുന്നത്. വിവാഹം, കെട്ടുനിറ, രാമായണ പാരായണം തുടങ്ങിയ ആഘോഷങ്ങള്‍ ഇവിടെ നടക്കാറില്ല. മീനമാസത്തിലെ പൂരത്തിന് പിടിയാനകളെയാണിവിടെ എഴുന്നെള്ളിക്കുന്നത്. ഏത് ജാതിമതസ്ഥര്‍ക്കും ഇവിടെ ശുദ്ധിയോടെ പ്രവേശിക്കാമെന്നതും ഈ കാവിന്റെ പ്രത്യേകതകളില്‍പ്പെടുന്നു. സ്വയംഭൂവാണ് ഇവിടുത്തെ പ്രതിഷ്ഠ.

വൃശ്ചികത്തിലെ തൃക്കാര്‍ത്തികയും, നവരാത്രിക്കാലവും ഇവിടെ ഏറെ വിശേഷപ്പെട്ടതാണ്. 2007 മുതല്‍ നവരാത്രി മഹോത്സവം നടത്തി വരുന്നു. പൂജ വെപ്പും സംഗീതോത്സവവും വിദ്യാരംഭവും നവരാത്രിയെ ഭക്തിസാന്ദ്രമാക്കുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമിയുള്‍പ്പടെ അനേകം പ്രശസ്തര്‍ ഇവിടം സംഗീതസാന്ദ്രമാക്കിയിട്ടുണ്ട്. രണ്ടായിരത്തിയഞ്ഞൂറിലേറെ വര്‍ഷത്തെ പഴക്കം കാവിനുണ്ട് എന്നും പൂജാവിധികള്‍ തുടങ്ങിയിട്ട് ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങളായെന്നും അഭിപ്രായങ്ങളുണ്ട്. കേരളത്തിലെ 108 ദുര്‍ഗ്ഗാക്ഷേത്രത്തിലൊന്നാണിത്. പ്ലാസ്റ്റിക് ഈ കാവിന്റെ ഉള്ളിലേക്ക് എത്താതെ ക്ഷേത്രം അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്. നെയ്പായസവും ഗോതമ്പ് കൊണ്ടുണ്ടാക്കിയ ചതുശ്ശതവും കൂട്ടുപായസവും തുലാഭാരവും പ്രധാന വഴിപാടുകളാണ്. കൊടും വേനലിലും ഇവിടുത്തെ തീര്‍ത്ഥക്കുളം വറ്റാറില്ല. പ്രദേശവാസികളും കാവിനെ അങ്ങേയറ്റം കരുതലോടെയാണ് കാണുന്നതെന്ന് പെരുമ്പാവൂരിലെ സുഹൃത്ത് അജിത്തും പഴയ കൗണ്‍സിലറും ഇപ്പോള്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റുമായ സച്ചിദാനന്ദനും ആവര്‍ത്തിക്കുന്നു. ഇവിടുത്തെ ഹരിതഭംഗി അത് സാക്ഷ്യപ്പെടുത്തുന്നു.

Iringol kavu 3

മുന്‍പ് ക്ഷേത്രനടത്തിപ്പിന്റെ ചുമതല 28 ബ്രാഹ്മണ കുടുംബങ്ങള്‍ക്കായിരുന്നു. പട്ടശ്ശേരി, ഓരോഴിയം, നാഗഞ്ചേരി എന്നിവ ഇതില്‍ പെടുന്നു. 1945ന്റെ അവസാനത്തോടെ സര്‍ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത്, ക്ഷേത്രഭരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറുകയായിരുന്നു. നാഗഞ്ചേരി മന അടുത്തു തന്നെയാണ്. ടൂറിസം വകുപ്പ് ഏറ്റെടുത്ത് ഇവിടെ മ്യൂസിയവും പാര്‍ക്കും നിര്‍മിച്ചിട്ടുണ്ട്. അടുത്തു തന്നെ ഒരു നക്ഷത്രവനവുമുണ്ട്. മകരം മുപ്പതിന് നടത്തി വരാറുള്ള 'വിത്തിടല്‍' ചടങ്ങാണ് ഇരിങ്ങോള്‍ കാവിലെ മറ്റൊരു സവിശേഷത. ദേവീചൈതന്യം കല്ലില്‍ ദര്‍ശിച്ച പുലയ സമുദായത്തിലുള്ള സ്ത്രീയുടെ പിന്‍ തലമുറക്കാരാണ് ഈ ചടങ്ങ് അനുഷ്ഠിക്കുന്നത്. മകരം മുപ്പതിന് ഉച്ചപ്പൂജയ്ക്ക് ശേഷം തുള്ളലും തുടികൊട്ടിപ്പാട്ടുമായി കിഴക്കേ നടയില്‍ ഇവരെത്തുന്നു. അമ്പലത്തെ പ്രദക്ഷിണം വെച്ച് നെല്പറയും ഒരു കെട്ട് കറ്റയും നടയ്ക്കല്‍ സമര്‍പ്പിക്കുന്നു. കാര്‍ഷിക പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന ഈ ചടങ്ങാണ് വിത്തിടല്‍. ഇതിന് ശേഷമാണ് നട അടയ്ക്കാറുള്ളത്.

തിരിച്ചു വരുമ്പോള്‍ മകളുടെ കണ്ണുകള്‍ വിടര്‍ന്നിരുന്നു. കോണ്‍ക്രീറ്റിന്റെ ചെറിയ ചതുരങ്ങളില്‍ ജീവിച്ചു വളരുന്ന അവരുടെ തലമുറയ്ക്ക് കടുംപച്ചയുടെ ധാരാളിത്തത്തില്‍ അന്യം നിന്നുപോയേക്കാവുന്ന ജീവജാലങ്ങളും സസ്യവൈവിധ്യങ്ങളും നിറഞ്ഞ ഈയിടം ഒരു അദ്ഭുതലോകമായിട്ടാവണം അനുഭവവേദ്യമായത്.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Iringole bhagavathy temple, forest temple, kerala pilgrimage, kerala temples

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented