സഫോൽക്ക് സ്ട്രീറ്റിലെ 'മോളി മലോൺ' പ്രതിമയ്‌ക്കൊപ്പം മിഷേൽ മേഹൻ
അയര്‍ലന്‍ഡിന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ ജനസാന്ദ്രതയുള്ള നഗരവുമാണ് ഗേലിക് ഭാഷയില്‍ 'ബാഹ്യ ഓഹ് ക്‌ളീയാ' എന്നറിയപ്പെടുന്ന ഡബ്ലിന്‍. ലീന്‍സ്റ്റാര്‍ പ്രവിശ്യയില്‍ ലിഫി നദിത്തീരത്തുള്ള ഈ പുരാതനവും മനോഹരവുമായ നഗരം 'ഈസ്റ്റര്‍ റൈസിങ്' പോലെയുള്ള നിരവധി സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള സ്ഥലമാണ്. വിശ്വപ്രസിദ്ധ എഴുത്തുകാരായ ജെയിംസ് ജോയ്സ്, ഓസ്‌കര്‍ വൈല്‍ഡ്, ജോര്‍ജ് ബര്‍ണാഡ്ഷാ, സാമുവല്‍ ബക്കറ്റ് എന്നിവരുടെ ജന്മം കൊണ്ട് അനുഗൃഹീതമാണ് ഡബ്ലിന്‍.
ഐറിഷ് വിനോദസഞ്ചാര വകുപ്പായ 'ഫേയ്ലറ്റ'യുടെ നൂതനവും കൗതുകകരവുമായ സംരംഭമാണ് ഡബ്ലിനിലെ 'സംസാരിക്കുന്ന പ്രതിമകള്‍'. ഡബ്ലിന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഐറിഷ് എഴുത്തുകാരുടെയും സ്വാതന്ത്ര്യസമര പോരാളികളുടെയും പുരാണേതിഹാസ കഥാപാത്രങ്ങളുടെയും പ്രതിമകളാണ് 'സംസാരിക്കുന്നത് '. തിരഞ്ഞെടുത്ത ചില പ്രതിമകളിന്മേല്‍ ഘടിപ്പിച്ചിട്ടുള്ള ക്യൂ.ആര്‍. കോഡ് നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ സ്‌കാന്‍ ചെയ്യുക. ഉടനെ തന്നെ ഫോണില്‍ പ്രകാശിതമാകുന്ന നീലബട്ടണില്‍ അമര്‍ത്തുകയാണെങ്കില്‍ നിങ്ങളുടെ ഫോണിലേക്ക് അതത് പ്രതിമകള്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള വിളി വരും. ചരിത്രത്തിലേക്ക് മറഞ്ഞവര്‍, അവരുടെ വിശേഷങ്ങളും സമകാലിക ഡബ്ലിന്‍ വിശേഷങ്ങളും നിങ്ങളുമായി പങ്കുവയ്ക്കും. വളരെ ഗൗരവത്തോടെ തന്നെ എഴുത്തുകാര്‍ അവരുടെ രചനകളെക്കുറിച്ചും വ്യക്തിജീവിതങ്ങളെക്കുറിച്ചും സംസാരിക്കും.

ജിം ലാര്‍ക്കിനെ പോലുള്ള ട്രേഡ് യൂണിയന്‍ നേതാക്കളും സ്വാതന്ത്ര്യസമര നായകരും അവര്‍ക്കനുഭവിക്കേണ്ടി വന്ന സമരസംഘര്‍ഷങ്ങളെക്കുറിച്ച് ഫോണിലൂടെ വിവരിക്കുന്നു. ഡബ്ലിനിലെ 'സംസാരിക്കുന്ന പ്രതിമകളി'ല്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് സഫോല്‍ക്ക് സ്ട്രീറ്റില്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസിന് മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന മോളി മലോണിന്റെ പ്രതിമയാണ്. ഉന്തുവണ്ടിയില്‍ മീന്‍കച്ചവടം നടത്തുന്ന മോളി മലോണ്‍ എന്ന യുവതിയുടെ ചെമ്പില്‍ തീര്‍ത്ത പ്രതിമ നിര്‍മിച്ചിരിക്കുന്നത് പ്രസിദ്ധ ഐറിഷ് ശില്പിയായ ജീന്‍ റെയ്നാര്‍ട്ട് ആണ്. പതിനേഴാം നൂറ്റാണ്ടില്‍ ഡബ്ലിനില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു സാങ്കല്പിക കഥാപാത്രമാണ് മീന്‍കച്ചവടക്കാരിയായ മോളി മലോണ്‍.
ഡബ്ലിന്‍ തെരുവുകളിലൂടെ ഉന്തുവണ്ടിയില്‍ പകല്‍ മുഴുവന്‍ മീന്‍ വിറ്റ് ജീവിക്കുകയും രാത്രികളില്‍ ചെറുപ്പക്കാരുടെ കൂട്ടുകാരിയായി മാറുകയും ചെയ്തിരുന്നു മോളി മലോണ്‍. ഡബ്ലിനിന്റെ അനൗദ്യോഗിക ദേശീയഗാനമായി അറിയപ്പെടുന്ന 'കോക്ക്ള്‍ഡ് ആന്‍ഡ് മസ്സല്‍സ്' എന്ന നാടോടിപ്പാട്ടില്‍ മോളി മലോണിന്റെ ദുരന്തപര്യവസായിയായ കഥ വിവരിക്കുന്നുണ്ട്.
പരമ്പരാഗത ഐറിഷ് സംഗീതാകമ്പടിയോടെയാണ് ഗാനം അവതരിക്കപ്പെടുന്നത്. ക്യൂ.ആര്‍. കോഡ്, സ്മാര്‍ട്ട് ഫോണില്‍ സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ അല്പനിമിഷങ്ങള്‍ക്കകം മോളി മലോണിന്റെ വിളിവരും. ലിഫിനദി കരകവിഞ്ഞ് ഒഴുകുന്നതുപോലെയുള്ള ഡബ്ലിന്‍ നഗരത്തിലെ ജനത്തിരക്കിനെ കുറിച്ചും, തന്റെ പതിനേഴാം നൂറ്റാണ്ടിലെ വസ്ത്രധാരണത്തെക്കുറിച്ചും മോളി പറഞ്ഞുതുടങ്ങും.
മോളി മലോണിനു വേണ്ടിയുള്ള വാക്കുകള്‍ രചിച്ചിട്ടുള്ളത് ഐറിഷ്-അമേരിക്കന്‍ വിദ്യാര്‍ഥിനിയായ മിഷേല്‍ മേഹനാണ്. ശബ്ദം നല്‍കിയിട്ടുള്ളത് പ്രസിദ്ധ ഐറിഷ് നടിയും ഗായികയുമായ മറിയ ഡോയല്‍ കെന്നഡിയാണ്. ഡബ്ലിനിലെ, മെറിയോണ്‍ സ്‌ക്വയര്‍ നോര്‍ത്തിലാണ് ഐറിഷ് കവിയും നാടകകൃത്തും നോവലിസ്റ്റുമായ ഓസ്‌കര്‍ വൈല്‍ഡിന്റെ 'സംസാരിക്കുന്ന പ്രതിമ' സ്ഥാപിച്ചിരിക്കുന്നത്. ഓസ്‌കര്‍ വൈല്‍ഡിന്റെ പ്രതിമ ആകര്‍ഷണീയമാണ്. താഴെയുള്ള കരിങ്കല്‍പ്പടവുകളില്‍ എഴുത്തുകാരന്റെ വിശ്വപ്രസിദ്ധങ്ങളായ ഉദ്ധരണികള്‍ കൊത്തിവെച്ചിട്ടുണ്ട്. ഓസ്‌കര്‍ വൈല്‍ഡിന് വേണ്ടി ശബ്ദം നല്‍കിയിട്ടുള്ളത് ഒളീവിയര്‍ അവാര്‍ഡ് ജേതാവും പ്രമുഖനടനുമായ ആന്‍ഡ്രൂ സ്‌കോട്ടാണ്.
നഗരത്തിന്റെ പതിവ് പകല്‍ത്തിരക്കുകള്‍ക്കിടയില്‍, ഷോപ്പിങ്ങിന് ശേഷം, അല്പം വിശ്രമിച്ച് വിശേഷം പങ്കുവയ്ക്കുന്ന രണ്ടു വീട്ടമ്മമാരുടെ ചെമ്പില്‍ നിര്‍മിച്ച പ്രതിമകള്‍ വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. 'മീറ്റിങ് പ്ലേസ്' എന്നറിയപ്പെടുന്ന ഈ സംസാരിക്കുന്ന പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത് ഹാെപ്പയ്ന്‍ പാലത്തിനടുത്താണ്. ഡബ്ലിന്‍ നഗരത്തിലെ സ്ത്രീജീവിതങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഈ പ്രതിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുള്ളത് പ്രമുഖ നാടകപ്രവര്‍ത്തകരായ റേച്ചല്‍ കില്‍ഫെതറും ബ്രെന്‍ഡാ ഫ്രിക്കറുമാണ്. നിത്യജീവിതത്തിലെ സ്ത്രീവിശേഷങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. 'ഫിനഗന്‍സ് വേക്ക്, ഡബ്ലിനേഴ്സ്, യൂലീസിസ്സ്' എന്നീ ഉത്തമകൃതികളുടെ രചയിതാവും ഡബ്ലിനിന്റെ സ്വന്തം എഴുത്തുകാരനുമായ ജെയിംസ് ജോയ്സിന്റെ സംസാരിക്കുന്ന പ്രതിമ സ്ഥിതി ചെയ്യുന്നത്, ഒകോണല്‍ സ്ട്രീറ്റിന് സമീപം നോര്‍ത്ത് ഏള്‍ സ്ട്രീറ്റിലാണ്. ഐറിഷ് നടനായ ഗബ്രിയേല്‍ ബേണിന്റെ ശബ്ദത്തില്‍, ജെയിംസ് ജോയ്സ് നര്‍മത്തില്‍ കലര്‍ന്ന ചില ചിന്തകള്‍ നമ്മോട് പങ്കുവയ്ക്കുന്നു.

അയര്‍ലന്‍ഡിന്റെ 'ലിബറേറ്റര്‍' എന്നറിയപ്പെടുന്ന ഡാനിയേല്‍ ഒകോണല്‍, ഈസ്റ്റര്‍ റൈസിങ് സമരനായകനായ ജെയിംസ് കൊണോലി, ഐറിഷ് ട്രേഡ് യൂണിയന്‍ നേതാവ് ജിം ലാര്‍ക്കിന്‍, പ്രമുഖ ഗണിത ശാസ്ത്രജ്ഞനായ ജോര്‍ജ് സാല്‍മണ്‍, എഴുത്തുകാരനും ചിന്തകനുമായിരുന്ന ജോര്‍ജ് ബര്‍ണാഡ്ഷാ, പുരാണേതിഹാസ നായകനായ കുചുലെയ്ന്‍ എന്നിവരുടെയും പതിനൊന്ന് 'സംസാരിക്കുന്ന പ്രതിമകള്‍' ഡബ്‌ളിന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്.
Content Highlights: Ireland View, Talking Statues in Dublin, Ireland Tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..