പച്ചക്കറി ലോറിയില്‍ കയറി തെരുവോര ഭക്ഷണവും കഴിച്ചൊരു കിടിലന്‍ മുംബൈ യാത്ര


എഴുത്ത്: അനുരഞ്ജ് മനോഹര്‍/ ചിത്രങ്ങള്‍: രാഹുല്‍.ജി.ആര്‍

ലോറിയിലും ലോക്കല്‍ ട്രെയിനുകളിലുമൊക്കെയായിട്ടായിരുന്നു യാത്ര. ഭക്ഷണം മിക്കവാറും തെരുവോരത്തെ തട്ടുകടകളില്‍ നിന്നായിരുന്നു.

ഗേറ്റ് വേ ഓഫ് ഇന്ത്യ

കേരളത്തില്‍നിന്ന് മുംബൈയിലേക്ക് കാശില്ലാതെ, അല്ലെങ്കില്‍ ചുരുങ്ങിയ ചെലവില്‍, യാത്ര ചെയ്യാനൊക്കുമോ? സ്വപ്‌നത്തില്‍ പറ്റും, അല്ലെങ്കില്‍ പിന്നെ വല്ല കള്ളവണ്ടിയും കയറണം. ഇതൊന്നുമല്ലാതെ മറ്റേതെങ്കിലും വഴിക്ക് മുംബൈ മഹാനഗരത്തെ മനസ്സിലും മൊബൈല്‍ ക്യാമറയിലും പകര്‍ത്താന്‍ വല്ല വഴിയുമുണ്ടോ? അതൊരു ചലഞ്ച് തന്നെയാണ്. അതെങ്ങനെ സാധിക്കുമെന്നാലോചിച്ച് തലപുകഞ്ഞിരിക്കുമ്പോഴാണ് ദൈവദൂതരെപ്പോലെ അലക്സും മാലിനും യൂട്യൂബിലൂടെ മുന്നിലെത്തുന്നത്. ഇരുവരും പുതിയൊരു യാത്രാപദ്ധതി മുന്നിലേക്കിട്ടുതന്നു. ഹിച്ച്ഹൈക്കിങ് (Hitchhiking). ഒരുരൂപപോലും ചെലവാക്കാതെ ലോകം ചുറ്റുന്ന അദ്ഭുതയാത്ര. കേട്ടപ്പോള്‍ കൗതുകം തോന്നി. അവരുടെ വീഡിയോകള്‍ കണ്ടപ്പോള്‍ ആവേശം അണപൊട്ടി. ഉറപ്പിച്ചു, മുംബൈയിലേക്കുള്ള യാത്ര ഹിച്ച്ഹൈക്കിങ്ങിലൂടെ തന്നെ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വീട്ടിലേക്ക് നടക്കാനുള്ള മടി കാരണം കാണുന്ന വണ്ടിക്കൊക്കെ കൈ കാണിക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. ആ വിരുതൊന്ന് പൊടിതട്ടിയെടുക്കണം.

വരുന്നിടത്തുവെച്ച് കാണാമെന്ന ധൈര്യത്തില്‍ പെട്ടിയും പാക്ക് ചെയ്ത് യാത്ര തുടങ്ങി. ലക്ഷ്യമിതാണ്. മുംബൈ നഗരത്തിലെത്തണം. പക്ഷേ, അവിടെ എപ്പോള്‍ എങ്ങനെ എത്തുമെന്നോ ഏത് വണ്ടിയില്‍ ലിഫ്റ്റ് കിട്ടുമെന്നോ ആരെയൊക്കെ കാണുമെന്നോ എവിടെ കിടന്നുറങ്ങുമെന്നോ ഒന്നും ഒരു പിടിയുമില്ല. അതുതന്നെയാണ് ഈ യാത്രയുടെ ത്രില്ലും. ദീര്‍ഘദൂരയാത്രയ്ക്ക് എപ്പോഴും നല്ലത് ലോറിയാണ്. വല്ല മഹാരാഷ്ട്ര ലോറിയും കിട്ടിയാല്‍ അത് മഹാഭാഗ്യം. ലിഫ്റ്റ് ചോദിക്കാന്‍ പറ്റിയ സ്ഥലം നാഷണല്‍ ഹൈവേ തന്നെ. എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അവന്റെ സഹായത്തിനെത്തും എന്ന് പൗലോ കൊയ്ലോ പറഞ്ഞിട്ടുണ്ടല്ലോ. ആ ഒരു വാചകത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഹൈവേയില്‍. നട്ടുച്ചയ്ക്ക് വലിയൊരു ബാഗും തോളിലിട്ട് യാതൊരു ഉളുപ്പുമില്ലാതെ വരുന്ന വണ്ടികള്‍ക്കൊക്കെ കൈ കാണിക്കാന്‍ തുടങ്ങി. അപ്പോഴാണ് കൂട്ടുകാരനായ ജിതേഷിന്റെ വിളി. ''എടാ, ഹൈവേയില്‍ നിന്നിട്ട് കാര്യമില്ല. നീ വയനാട് റൂട്ടില്‍ പൊക്കോ. അതാ സേഫ് റൂട്ട്''.

ഏകദേശം മൂന്നുമണിയോടടുക്കുന്നു. ദൂരെനിന്ന് ഒരു ലോറി ചീറിപ്പാഞ്ഞുവരുന്നു. കര്‍ണാടക രജിസ്ട്രേഷന്‍ വണ്ടി. വലിയ ആവേശത്തില്‍ കൈവീശി. നിര്‍ത്തുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു. പക്ഷേ, വിശാലഹൃദയനായ ഡ്രൈവര്‍ കുറച്ചുമുന്നിലായി വണ്ടി നിര്‍ത്തിത്തന്നു. കന്നഡ അറിയാതെ ഇവരോടെങ്ങനെ സംസാരിക്കും എന്നായി ചിന്ത. എങ്ങോട്ടാ എന്ന ചോദ്യമാണ് ഡോറിനേക്കാള്‍ വേഗത്തില്‍ തുറന്നുവന്നത്. ദൈവമേ മലയാളികള്‍! സന്തോഷം അടക്കാനായില്ല. മഹാരാഷ്ട്രയിലേക്കാണ് യാത്ര എന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് അദ്ഭുതം. അവര്‍ ആന്ധ്രാപ്രദേശിലെ അനന്തപുരിലേക്കാണ്. അവിടെനിന്ന് ലോഡ് എടുത്തശേഷം പുണെയിലേക്കും! മനസ്സില്‍ ഒന്നല്ല ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി. പിന്നെയൊന്നും നോക്കിയില്ല. ലോറിയിലേക്ക് ചാടിക്കയറി. നിറഞ്ഞ പുഞ്ചിരിയാണ് ലോറിയിലെ ക്ലീനറായ രാജേഷേട്ടനും ഡ്രൈവറായ സൗബീഷേട്ടനും നല്‍കിയത്. ഇരുവരും കോഴിക്കോട്ടുകാരാണ്. ലോറിയുടെ ഉടമകള്‍ അനി, ആനന്ദന്‍ എന്നിവരാണ്. പാളയം മാര്‍ക്കറ്റിലേക്കുള്ള ഉള്ളി, തക്കാളി എന്നീ പച്ചക്കറികള്‍ കൊണ്ടുവരാനാണ് സ്വാതിമോള്‍ എന്ന ലോറിയുടെ യാത്ര.

Hitch Hicking 2

കാണുന്നപോലെ അത്ര എളുപ്പമല്ല ലോറിയാത്ര. കുതിരപ്പുറത്തുപോകുന്ന പോലെ ചാടിച്ചാടിയാണ് ലോറി കുതിക്കുന്നത്. ചരക്കില്ലാത്ത ലോറിയാണെങ്കില്‍ പറയുകയും വേണ്ട. ഛര്‍ദിക്കുമോ എന്നതായിരുന്നു ആദ്യ പേടി. പക്ഷേ, സൗബീഷേട്ടനും രാജേഷേട്ടനും സംസാരിക്കാന്‍ തുടങ്ങിയതോടെ ആ പേടിയെല്ലാം മാറി. ഇന്ന് പുറപ്പെട്ടാല്‍ മൂന്നാം ദിവസം പുലര്‍ച്ചെയാണ് പുണെയിലെത്തുക. അതുവരെ ഇരുവരും മാറിമാറി വണ്ടിയോടിക്കും. ആദ്യം മൈസൂരാണ് ലക്ഷ്യം. അവിടെ കമ്പനിയുടെ ഔട്ട്ലറ്റുണ്ട്. അവിടെനിന്ന് തക്കാളി ശേഖരിക്കാനുള്ള പ്ലാസ്റ്റിക്ക് ട്രേകള്‍ വണ്ടിയില്‍ കയറ്റണം. വര്‍ത്തമാനം പറയുന്നതിനിടെ സ്ഥലങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. വയനാട് ചുരം കയറുകയാണ് ലോറി. ബസുപോലെ കത്തിച്ചുപോകാന്‍ പാവം ലോറിക്ക് പറ്റുന്നില്ല. പക്ഷേ, ഈ മെല്ലെപ്പോക്ക് ചുരത്തിന്റെ വശ്യത നുകരുന്നതിന് കുറച്ചൊന്നുമല്ല സഹായിച്ചത്. വയനാട്ടിലെത്തിയപ്പോള്‍ തന്നെ നല്ല തണുത്ത കാറ്റ് ശരീരത്തെ വന്ന് പൊതിഞ്ഞു. ചുരം പിന്നിട്ടതും ലോറി ടോപ്പ് ഗിയറിലേക്ക് വേഗം കൂട്ടി. കല്‍പ്പറ്റ പിന്നിട്ടപ്പോള്‍ ചായ കുടിച്ചാലോ എന്ന് രാജേഷേട്ടന്‍. സത്യത്തില്‍ വിശക്കുന്നുണ്ടായിരുന്നു. പക്ഷേ, അത് പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതിയാണ് മിണ്ടാതിരുന്നത്. ലോറി ഡ്രൈവര്‍മാര്‍ സ്ഥിരമായി നിര്‍ത്തുന്ന ഒരു കൊച്ചുചായക്കടയുണ്ട് കാക്കവയലില്‍. അവിടെയാണ് വണ്ടി സഡണ്‍ ബ്രേക്കിട്ടത്. കുറച്ചുസമയം അവിടെ ചെലവഴിച്ച് വീണ്ടും വണ്ടിയില്‍ കയറി.

Hitch Hicking 3
ദീര്‍ഘനേരത്തെ കാത്തിരിപ്പിനുശേഷം ലോറിയില്‍ ലിഫ്റ്റ് ലഭിച്ചപ്പോള്‍

മീനങ്ങാടിയും ബത്തേരിയും പിന്നിട്ട് ലോറി പതിയെ മുത്തങ്ങക്കാട്ടിലേക്ക് കടക്കുകയാണ്. മുന്‍പില്‍ ഒരുകൂട്ടം മാന്‍പേടകള്‍. പിന്നാലെ കരിവീരന്മാരുടെ കുടുംബത്തെയും കണ്ടു. ഇവിടെ കടുവയെ കാണാറുണ്ടോ ചേട്ടാ? രാഹുലിന്റെ ചോദ്യം പൂര്‍ത്തിയാക്കും മുന്‍പ് രാജേഷേട്ടന്റെ ഉത്തരമെത്തി. ''കാണാം, അതൊരു ഭാഗ്യമാണ്. ഞങ്ങള്‍ പലകുറി കണ്ടിട്ടുണ്ട്. ചിത്രങ്ങളുമെടുത്തിട്ടുണ്ട്.'' മൊബൈല്‍ ഫോണിലെ കടുവകളുടെ കാഴ്ചകള്‍ കണ്ടപ്പോള്‍ കണ്ണുതള്ളിപ്പോയി.

മുത്തങ്ങയ്ക്കുശേഷം വണ്ടി ബന്ദിപ്പുര്‍ വനമേഖലയിലെത്തി. ഇവിടെയാണ് ഏറ്റവുമധികം മൃഗങ്ങളെ കാണാനാകുക. പക്ഷേ, ഞങ്ങളെത്തിയപ്പോള്‍ സന്ധ്യമയങ്ങി. ബന്ദിപ്പുര്‍ പിന്നിട്ട് ചെക്ക്പോസ്റ്റിലെത്തി. പോലീസുകാരെല്ലാം ഇവരുടെ സുഹൃത്തുക്കളാണ്. ഞങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ മുംബൈയ്ക്ക് പോകുകയാണെന്ന് പറഞ്ഞു. അതു കേട്ടപ്പോള്‍ ആ പോലീസുകാരന്‍ ഒരു ഓള്‍ ദ ബെസ്റ്റും തന്നു. നേരം ഇരുട്ടി. വണ്ടി ഗുണ്ടല്‍പ്പേട്ടിലേക്ക് എത്തുകയാണ്. ലോറിയിലെ ഭീമന്‍ ലൈറ്റുകള്‍ ഇമചിമ്മാതെ കത്തി വഴികാട്ടിയാകുന്നു. ചെറിയ ശബ്ദത്തില്‍ പഴയ മലയാളഗാനങ്ങള്‍ സ്പീക്കറിലൂടെ പുറത്തേക്ക് വന്നു. ഗുണ്ടല്‍പ്പേട്ടില്‍നിന്ന് മൈസൂരിലേക്കുള്ള റോഡ് ഗംഭീരമാണ്. എവിടെയും ബ്ലോക്കുകളില്ല. രാത്രി എട്ടരയോടെ മൈസൂര്‍ മാര്‍ക്കറ്റിലെത്തി. അവിടെനിന്ന് ട്രേകള്‍ കയറ്റാനുണ്ട്. അങ്ങ് ദൂരെ മലമുകളില്‍ രാവണക്ഷേത്രം കാണാം. നല്ല കൊതുകുകടിയുണ്ട്. ഞങ്ങളോട് പുറത്തേക്കിറങ്ങണ്ട എന്ന് പറഞ്ഞ് രാജേഷേട്ടന്‍ പുറത്തേക്ക് പോയി. കൊതുകുകളുമായി ഗുസ്തി പിടിച്ച് ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു.

അതിവിശാലമായ ചന്തയാണ് മൈസൂരിലേത്. വണ്ടിയിലേക്ക് ട്രേകള്‍ കയറ്റുന്നുണ്ടെങ്കിലും വയറ്റിലേക്ക് കാര്യമായി ഒന്നും ഇതുവരെ കയറിയിട്ടില്ല. വിശപ്പ് സഹിക്കാന്‍ പറ്റാതായപ്പോള്‍ സൗബീഷേട്ടനോട് കാര്യം പറഞ്ഞു. ''ഒരു പത്തുമിനിട്ട് വെയ്റ്റ് ചെയ്യ്. മൈസൂര്‍ വിട്ടാല്‍ ഒരു പഞ്ചാബി ധാബയുണ്ട്. നല്ല ഭക്ഷണമാണ്'', സൗബീഷേട്ടന്‍ ആശ്വസിപ്പിച്ചു. ട്രേകള്‍ കയറ്റി വണ്ടി മൈസൂരിനെ പിന്നിട്ട് ധാബയ്ക്ക് മുന്നില്‍ നിര്‍ത്തി. ഈ ഭാഗത്ത് നിരവധി ധാബകളുണ്ടെങ്കിലും പഞ്ചാബികള്‍തന്നെ നേരിട്ടുനടത്തുന്നവ ചുരുക്കം. അതിലൊന്നാണിത്. ഷേര്‍ ഇ പഞ്ചാബ്. അകത്തേക്ക് കയറിയപ്പോള്‍ ഇരിക്കാനുള്ള ചാര്‍പ്പായകള്‍ നിരന്നുനില്‍ക്കുന്നു. അതിലെല്ലാം ലോറി ഡ്രൈവര്‍മാര്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ഞങ്ങളും ഇരുന്നു. കഴിക്കാന്‍ റൊട്ടിയും മുട്ടക്കറിയും പറഞ്ഞു. ചൂടുപറത്തി മിനിറ്റുകള്‍ക്കകം വിഭവങ്ങള്‍ മുന്നിലെത്തി. ഇവിടത്തെ മുട്ടക്കറിക്കൊരു പ്രത്യേകയുണ്ട്. പുഴുങ്ങിയ മുട്ട എണ്ണയിലിട്ട് പൊരിച്ച് അത് കറിയാക്കിയാണ് വിളമ്പുന്നത്. വിശപ്പുകൊണ്ടാണോ എന്നറിയില്ല പ്ലേറ്റ് നിമിഷങ്ങള്‍ക്കകം കാലിയായി. ലോറിയില്‍ കയറിയപ്പോള്‍ തന്നെ ഉറക്കം വന്നു വിളിച്ചു. സൗബീഷേട്ടന്‍ വണ്ടി ഓടിക്കുമ്പോള്‍ ഉറങ്ങുന്നത് ശരിയല്ലല്ലോ, ഓരോന്ന് ആലോചിച്ചിരിക്കുന്നതിനിടെ രാഹുലിന്റെ ശബ്ദമൊന്നും കേള്‍ക്കാനില്ല. അവന്‍ നല്ല ഉറക്കത്തിലാണ്. ''ഇനിയും കുറേദൂരം പോകാനില്ലേ. നിങ്ങള്‍ ഉറങ്ങിക്കോളൂ. ഞങ്ങള്‍ക്കിത് ശീലമാണ്.'' ലോറിയിലെ പാട്ടിന്റെ ശബ്ദം കൂട്ടി സൗബിഷേട്ടന്‍ പറഞ്ഞു. കിടക്കയില്‍ നിവര്‍ന്നുകിടന്നു. എന്റെ കാലിന്റെ ഭാഗത്ത് തലവെച്ച് രാജേഷേട്ടനും കിടന്നു. രാഹുലാകട്ടെ ലോറിയുടെ ബോണറ്റില്‍ തലവെച്ച് എന്റെ വയറില്‍ കാലെടുത്തുവെച്ച് നീണ്ടുനിവര്‍ന്ന് കിടന്നു.

സുന്ദരം അനന്തപുരം

ഉറക്കത്തിനിടയില്‍ എപ്പൊഴോ ഒന്ന് ഞെട്ടി. അപ്പോഴും സൗബീഷേട്ടന്‍ വണ്ടി ഓടിച്ചുകൊണ്ടേയിരിക്കുകയാണ്. വണ്ടി ആന്ധ്രാപ്രദേശിലെത്തിയിരിക്കുന്നു. വലതുഭാഗത്ത് അഞ്ഞൂറോളം ഏക്കറില്‍ പരന്നുകിടക്കുന്ന കിയ മോട്ടോഴ്‌സിന്റെ പുതിയ പ്ലാന്റ്. പുലര്‍ച്ചെയും അവിടെ ജോലി നടക്കുകയാണ്. വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു. പിന്നീട് ഞെട്ടുന്നത് അനന്തപുരിലെത്തുമ്പോഴാണ്. ലോറി മാര്‍ക്കറ്റിലേക്ക് കയറുകയാണ്. കേരളത്തില്‍നിന്നുള്ള വണ്ടികള്‍ നിരനിരയായി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു സുഖം. ഇനി വിശ്രമിക്കാനുള്ള സമയമാണ്. തക്കാളി കയറ്റാന്‍ സമയമെടുക്കും. ഉച്ചയോടടുപ്പിച്ചേ ഇവിടെനിന്ന് പുറപ്പെടൂ. അതുവരെ ലോറിച്ചേട്ടന്മാരുടെ ഉറക്കം തടസ്സപ്പെടുത്തേണ്ട എന്നുകരുതി കംഫര്‍ട്ട് സ്റ്റേഷനില്‍ കയറി പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ചു. പെട്ടെന്ന് ഫ്രെഷായി തിരിച്ച് മാര്‍ക്കറ്റില്‍ ചെല്ലുമ്പോള്‍ ഇരുവരും ഭക്ഷണം കഴിക്കുകയായിരുന്നു. നല്ല കുത്തരിച്ചോറും പരിപ്പുകറിയും അച്ചാറും ഉണക്കമീന്‍ പൊരിച്ചതും. ലോറിയില്‍നിന്നുതന്നെ ഉണ്ടാക്കിയതാണ്. കുറച്ച് ചോറ് ഞങ്ങള്‍ക്കും കിട്ടി. പെട്ടെന്ന് ശാപ്പിട്ട് യാത്രയ്‌ക്കൊരുങ്ങി.

രാവിലെ കണ്ട അനന്തപുര്‍ മാര്‍ക്കറ്റല്ല ഉച്ചയ്ക്ക്. സര്‍വം ബഹളമയം. മിക്ക ആളുകളും ലുങ്കിയും കാവിയുമൊക്കെയാണ് ധരിച്ചിരിക്കുന്നത്. അതിനിടയില്‍ ട്രൗസറിട്ട ഞങ്ങള്‍ രണ്ടുപേര്‍. യേതെടാ ഇവന്മാര്‍ എന്ന നോട്ടവുമായി പലരും ഞങ്ങളെ അടിമുടി സ്‌കാന്‍ചെയ്യുന്നു. ഒരു ഇളിഞ്ഞ ചിരി സമ്മാനിച്ച് ലോറിയില്‍ കയറിപ്പറ്റി. ഇനി ലക്ഷ്യം പുണെയാണ്. ലോറി ഹൈവേയിലേക്ക് കടന്നു. കേരളത്തിന്റെ ചൂടൊന്നും ഒരു ചൂടേയല്ല എന്ന് തോന്നിപ്പോകും ഈ വഴിയിലൂടെ കടന്നുപോകുമ്പോള്‍. പക്ഷേ ആന്ധ്രാപ്രദേശിലെ റോഡുകളെല്ലാം ഉഗ്രനാണ്. റോഡില്‍ ഒരു കുഴിപോലുമില്ല. കൃഷിയിടങ്ങളാണ് റോഡിന്റെ ഇരുവശങ്ങളിലും. പരുത്തിയും ചോളവും ഉരുളക്കിഴങ്ങും ഓറഞ്ചും കരിമ്പും നെല്ലും റാഗിയുമെല്ലാം റോഡിന്റെ വശങ്ങളില്‍ അതിരിടുന്നു. ഇപ്പോള്‍ വണ്ടിയോടിക്കുന്നത് രാജേഷേട്ടനാണ്. സൗബീഷേട്ടന്‍ നല്ല ഉറക്കത്തിലും. അനന്തപുരില്‍നിന്ന് പുണെയിലേക്ക് 683 കിലോമീറ്ററുണ്ട്. പക്ഷേ, ട്രാഫിക് ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് ചെല്ലാം. എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയി. കണ്ണുതുറന്നപ്പോള്‍ വിജയപുര. ചായകുടിക്കാന്‍ സമയമായി. വണ്ടി സൈഡാക്കി ഒരു ചെറിയ ചായക്കടയില്‍ കയറി. ചായയും സമോസയും വാങ്ങി. ഇവിടെ സമോസയ്ക്ക് വില കുറവാണ്. 20 രൂപയ്ക്ക് അഞ്ചെണ്ണം കിട്ടും. കൂട്ടിന് രണ്ട് പച്ചമുളകും! പഴംപൊരിക്കുവരെ പച്ചമുളക് കിട്ടുമെന്ന് സൗബീഷേട്ടന്റെ കമന്റ്.

ഇനി ഏതാണ്ട് 90 കിലോമീറ്ററേയുള്ളൂ മഹാരാഷ്ട്രയിലേക്ക് കടക്കാന്‍. അത് കേട്ടപ്പോള്‍ ആവേശമായി. ഈ യാത്രയ്ക്ക് വരുന്നതിനുമുന്‍പുവരെ 90 കിലോമീറ്റര്‍ എന്നുള്ളത് വലിയൊരു ദൂരമായിരുന്നു. ഇപ്പോള്‍ ഇതൊക്കെയെന്ത് എന്നായി. വൈകീട്ട് ആറോടെ മഹാരാഷ്ട്രയിലേക്ക് കടന്നു. പന്‍ധാര്‍പുറിലെത്തിയപ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത. കൈയില്‍ കരുതിയ ബ്രെഡും ജാമും കഴിച്ചുനോക്കിയെങ്കിലും അത് മാറുന്നില്ല. കഴിച്ചതിനുപിന്നാലെ ഛര്‍ദിച്ചു. ആദ്യം ഒന്ന് പേടിച്ചെങ്കിലും അത് ദീര്‍ഘദൂരയാത്ര പരിചയമില്ലാത്തതുകൊണ്ടാണെന്ന് സൗബീഷേട്ടന്‍ പറഞ്ഞു. നന്നായി വെള്ളം കുടിച്ചു. വണ്ടി ഭക്ഷണം കഴിക്കാനായി നിര്‍ത്തിയപ്പോള്‍ ഒന്നും കഴിക്കാന്‍ തോന്നിയില്ല. ഒരു ചപ്പാത്തി മാത്രം കഴിച്ച് തിരിച്ച് ലോറിയിലേക്ക്. രണ്ടുപേരും അപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. 'നിങ്ങള്‍ ഉറങ്ങിക്കോളൂ, പുണെ എത്തുമ്പോള്‍ വിളിക്കാം' രാജേഷേട്ടന്‍ പറഞ്ഞു. രാത്രി നല്ല തണുപ്പാണ്. ഒരു ബെഡ്ഷീറ്റ് കരുതിയിരുന്നു. അത് പുതച്ച് വണ്ടിയില്‍ ചാരിയിരുന്നുറങ്ങി.

പുലര്‍ച്ചെ രണ്ടുമണിയോടടുപ്പിച്ചാണ് പിന്നീട് കണ്ണുതുറന്നത്. അപ്പോഴേക്കും വണ്ടി പുണെ നഗരത്തെ തൊട്ടുകഴിഞ്ഞു. തണുപ്പ് വല്ലാതെ ശരീരത്തെ കീഴ്പ്പെടുത്തി. പാതി ജീവന്‍ ഇപ്പോള്‍തന്നെ നഷ്ടപ്പെട്ടു. 1200-ഓളം കിലോമീറ്ററുകള്‍ പിന്നിട്ടുകഴിഞ്ഞു. ഹിച്ച്‌ഹൈക്കിങ് ചെയ്യുന്നവരെ സമ്മതിക്കണം. പുലര്‍ച്ചെ രണ്ടരയോടെ ലോറി പുണെ മാര്‍ക്കറ്റിലെത്തി. പുണെയില്‍നിന്നാണ് നമ്മുടെ നാട്ടിലേക്ക് ഉള്ളിയെത്തുന്നത്. ഉള്ളിപ്പാടങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് നടന്നില്ല. ലോറി ഇനി മറ്റന്നാളേ ഇവിടെനിന്ന് തിരിക്കൂ. അതുവരെ പുണെയില്‍ നില്‍ക്കാനാവില്ലല്ലോ. പുണെ മാര്‍ക്കറ്റില്‍ ഇറങ്ങുമ്പോഴും വിപണി സജീവമാണ്. ഉള്ളികള്‍ മലപോലെ കൂട്ടിയിട്ടിരിക്കുന്നു. നാട്ടില്‍ ഉള്ളിവില 160 കടന്നിരിക്കുമ്പോഴാണ് പുണെ ഉള്ളി മാര്‍ക്കറ്റിലെത്തിയിരിക്കുന്നത്. കുറച്ച് വാരി ബാഗിലിട്ടാല്‍ നാട്ടില്‍ രാജാവായി വിലസാം. പക്ഷേ അതിനുള്ള ആവതില്ല. ശരീരവും മനസ്സും ഒരുപോലെ തളര്‍ന്നിരിക്കുന്നു. സൗബീഷേട്ടനും രാജേഷേട്ടനും നന്ദിപറഞ്ഞ് പുണെ മാര്‍ക്കറ്റില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം മുന്നില്‍ പുരികം പൊക്കി നില്‍ക്കുന്നു. മാര്‍ക്കറ്റില്‍നിന്ന് നഗരത്തിലേക്ക് കുറച്ച് ദൂരമുണ്ട്. വണ്ടിയൊന്നും കിട്ടാനുമില്ല. മാര്‍ക്കറ്റിന് പുറത്തേക്ക് നടന്നു. ഗൂഗിള്‍ മാപ്പ് നോക്കി എവിടേക്കാണ് നടക്കേണ്ടത് എന്ന് തീരുമാനിച്ചു. രാസ്താപേട്ടാണ് ലക്ഷ്യം. നടക്കാന്‍ 50 മിനിറ്റെടുക്കും. ഇതുവരെ വലിയ പ്രശ്‌നങ്ങളില്ലാതെ എത്തിയല്ലോ എന്ന ആശ്വാസത്തില്‍ നടന്നു. ഒരുമണിക്കൂറെടുത്ത് രാസ്താപേട്ടിലെത്തി. ഇനി അങ്കം നാളെ.

പുണെയില്‍

പുണെയിലെത്തുമെന്ന് ചിന്തിക്കാതിരുന്നതുകൊണ്ട് അവിടത്തെ കാര്യങ്ങളൊന്നും പ്ലാന്‍ചെയ്തിരുന്നില്ല. പ്രധാനപ്പെട്ട ഇടങ്ങള്‍ ഏതെല്ലാമാണെന്ന് പുണെയില്‍ താമസിക്കുന്ന സുഹൃത്ത് ദിവ്യാബാലനെ വിളിച്ച് ചോദിച്ചു. ചരിത്രപ്രധാന്യമുള്ള ശനിവാര്‍ വാഡ, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സന്ദര്‍ശിക്കണം. പുണെയിലെ രുചിവൈവിധ്യങ്ങള്‍പ്രശസ്തമാണ്. തെരുവോരഭക്ഷണവും ഹോട്ടല്‍ അപുല്‍ക്കിയിലെ മട്ടണ്‍ ഭകാരിയും ശാപ്പിടണം. രാവിലെ പത്തുമണിക്കാണ് പുറത്തിറങ്ങാനൊത്തത്. നല്ല തണുപ്പാണ് പുണെയില്‍. പുതച്ച് കിടന്നുറങ്ങാന്‍ തോന്നും. ലോറിയാത്രയുടെ ക്ഷീണത്തില്‍നിന്ന് ശരീരം പതിയേ പുറത്തേക്കിറങ്ങിവന്നു.

രാസ്താപേട്ടിലാണ് താമസിച്ചത്. അവിടെയടുത്ത് ഒരു അയ്യപ്പക്ഷേത്രമുണ്ട്. അയ്യപ്പക്ഷേത്രത്തിലേക്ക് പോകുംവഴി ഒരു ചെറിയ തട്ടുകട കണ്ടു. അവിടെ സമോസയും വടാപാവുമെല്ലാം തകൃതിയായി വില്‍ക്കുന്നു. രാത്രി കാര്യമായി ഒന്നും കഴിച്ചിരുന്നില്ല. ഓരോ സമോസയും വടാപാവും പറഞ്ഞു. സമോസയ്ക്ക് നല്ല വലുപ്പം. അത് ഉടച്ച് അതില്‍ പുളിച്ചട്ണി ഒഴിച്ച് ചമ്മന്തി സൈഡില്‍ വിളമ്പി ഒരു മുളകും വെച്ച് കൈയിലേക്ക് തന്നു. കാഴ്ചയില്‍തന്നെ ഉഗ്രന്‍. കഴിച്ചപ്പോള്‍ അത്യുഗ്രന്‍. ചാട്ട്മസാലയുടെ രുചി രസമുകുളങ്ങളെ പിടിച്ച് കുലുക്കി. വടാപാവും ഗംഭീരമായിരുന്നു. ചതുരാകൃതിയിലുള്ള ബണ്‍ നെറുകേ കീറി അതില്‍ പുളി ചട്ണി തേച്ച് അതിനിടയില്‍ വറുത്തുവെച്ച വട തിരുകിക്കയറ്റി ചട്ണിക്കും പച്ചമുളകിനും ഒപ്പം വിളമ്പും. പച്ചമുളക് വിട്ടുള്ള ഒരു പരിപാടിയുമില്ലിവിടെ. വടാപാവും കിടിലന്‍.

Pune Street Food
പുണെയിലെ തെരുവോര ഭക്ഷണം രുചിച്ചപ്പോള്‍

ഭക്ഷണം കഴിച്ച് അയ്യപ്പക്ഷേത്രവും കണ്ട് നേരേ വിട്ടത് ശനിവാര്‍വാഡയിലേക്കാണ്. വലിയ കോട്ടയാണിത്. പുണെയിലെ ആള്‍ക്കാര്‍ക്ക് ലിഫ്റ്റ് തരാന്‍ അല്പം മടിയാണ്. പറഞ്ഞിട്ട് കാര്യമില്ല. ട്രാഫിക് നിയമങ്ങള്‍ വളരെ കര്‍ശനമാണ്. ബൈക്കിലെ പിന്‍യാത്രക്കാര്‍ കൃത്യമായി ഹെല്‍മറ്റ് ധരിച്ചിരിക്കുന്നു. ശനിവാര്‍വാഡയിലേക്ക് ലിഫ്റ്റ് ചോദിച്ചപ്പോള്‍ ഒരു ചേട്ടന്‍ ബൈക്ക് നിര്‍ത്തി. പക്ഷേ, ഹെല്‍മറ്റ് ഇല്ലാത്തതുകൊണ്ട് കയറ്റാനാവില്ലെന്നും പറഞ്ഞ് ഒരു ചിരിയും സമ്മാനിച്ച് കടന്നുപോയി. ഇനി മറ്റ് മാര്‍ഗങ്ങളില്ല. ഗൂഗിള്‍ ആന്റിയെ അനുസരിച്ച് മുന്നോട്ട് നടന്നു. 45 മിനിറ്റെടുത്തു ശനിവാര്‍വാഡയിലെത്താന്‍. അപ്പോഴേക്കും വെയില്‍ കനത്തിരുന്നു. പക്ഷേ, വിയര്‍ത്തൊലിക്കുന്നില്ല. തണുപ്പ് ഇപ്പോഴും ഇവിടെയു ണ്ട്. വിട്ടുപോയിട്ടില്ല. വെയിലായതുകൊണ്ട് നല്ല ചിത്രങ്ങളെടുക്കാന്‍ കഴിയുന്നില്ല. വൈകീട്ട് ഒന്നുകൂടെ വരാം എന്നുറപ്പിച്ച് കുറച്ച് സെല്‍ഫികള്‍ പകര്‍ത്തി പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വെച്ചുപിടിച്ചു. അവിടേക്ക് ഒരു ടാക്സി കിട്ടി. ഡ്രൈവര്‍ സുനിലിന്റെ വീട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടുത്താണ്. ഉച്ചഭക്ഷണം കഴിക്കാനായി പോകുകയാണ്. ആ കൂട്ടത്തിലാണ് ലിഫ്റ്റ് നല്‍കിയത്. കേരളത്തില്‍നിന്ന് ലോറിയിലാണ് ഇവിടെവരെയെത്തിയത് എന്ന് പറഞ്ഞപ്പോള്‍ സുനില്‍ ആശ്ചര്യത്തോടെ നോക്കി.

Pune Film Institute
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നില്‍

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍പില്‍ സുനില്‍ ഇറക്കി. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവേശനകവാടം മോടിപിടിപ്പിക്കുന്നതിന്റെ തിരക്കിലാണ്. സമരകാലമായതിനാല്‍ ഗേറ്റിന് വെളിയില്‍ കരസേന തമ്പടിച്ചിട്ടുണ്ട്. അവിടെ പഠിക്കുന്ന സുഹൃത്ത് നബീലിനെ വിളിച്ച് സൗഹൃദം പുതുക്കി അല്പനേരം അവിടെ ചെലവഴിച്ച് തിരിച്ച് ശനിവാര്‍വാഡയിലേക്കുതന്നെ തിരിച്ചു. വെളിച്ചം പോകുമോ എന്ന പേടിയുള്ളതിനാല്‍ പെട്ടെന്ന് ശനിവാര്‍വാഡയിലേക്ക് നടന്നു. പോകുന്നവഴിക്ക് ഒരു ഓട്ടോചേട്ടന് ദയ തോന്നി ഞങ്ങള്‍ക്ക് ലിഫ്റ്റ് തന്നു. പുള്ളി പകുതി ദൂരത്തേക്കേ ഉള്ളൂ. പേരൊന്നും ചോദിക്കാനൊത്തില്ല. പക്ഷേ, ദൈവദൂതനെപ്പോലെയാണ് അദ്ദേഹത്തെ തോന്നിയത്. അവിടന്നങ്ങോട്ട് നടന്നു. കൃത്യസമയത്തുതന്നെ ശനിവാര്‍വാഡയിലെത്തി. മറാത്താസാമ്രാജ്യത്തിന് കീഴില്‍ വരുന്ന പെഷവാസിന്റെ ആസ്ഥാനമായിരുന്ന ഇവിടം 1732-ലാണ് പണികഴിപ്പിച്ചത്. പിന്നീട് 1818-ല്‍ ബ്രിട്ടീഷുകാര്‍ ഇവിടം പിടിച്ചടക്കി. 1828-ല്‍ വലിയൊരു തീപ്പിടിത്തമുണ്ടായിട്ടും ശനിവാര്‍വാഡ ഇന്നും പഴയ പ്രൗഢിയില്‍ തലയുയര്‍ത്തിനില്‍ക്കുന്നു. 25 രൂപയാണ് പ്രവേശന ടിക്കറ്റ്. അകത്ത് കയറി കാഴ്ചകള്‍ കണ്ട് മികച്ച ചിത്രങ്ങള്‍ പകര്‍ത്തി. അപ്പോഴേക്കും സന്ധ്യയായിരുന്നു. എത്ര പെട്ടെന്നാണ് ഒരുദിവസം കടന്നുപോകുന്നത്. ശനിവാര്‍വാഡ സന്ദര്‍ശിച്ചപ്പോഴേക്കും ആകെ ക്ഷീണിതരായി. എന്തെങ്കിലും കഴിച്ചേപറ്റൂ. വാഡയുടെ അടുത്തായി നിരവധി തട്ടുകടകളുണ്ട്. അവയിലൊന്നില്‍ കയറി. മാഗിയാണ് പ്രധാന ഭക്ഷണം. ഒരു സ്പെഷല്‍ മാഗിക്ക് ഓര്‍ഡര്‍ നല്‍കി. ചീസും പനീറും ചാട്ട്മസാലയും സോസുകളുമെല്ലാം ചേര്‍ത്ത കിടിലന്‍ ഐറ്റം. പുണെയില്‍ വരുമ്പോള്‍ ഇവിടത്തെ മാഗി നൂഡില്‍സും തെരുവോരഭക്ഷണങ്ങളും കഴിച്ചിരിക്കണം. അതൊരു അനുഭവമായിരിക്കും.

Shanivar Vada
പുണെയിലെ ശനിവാര്‍ വാഡ

പിന്നീട് മുറിയിലേക്ക് മടങ്ങി. രാത്രി ഹോട്ടല്‍ അപുല്‍ക്കിയില്‍നിന്ന് മട്ടണ്‍ ഭക്കാരിയും അകത്താക്കി. അതും കിടിലനാണ്. തനത് മറാഠി വിഭവം. അത് കഴിക്കുന്നതിനും പ്രത്യേക രീതികളുണ്ട് നമ്മുടെ സദ്യപോലെ. തിരിച്ച് മുറിയിലെത്തിയപ്പോള്‍ ഏറെ വൈകിയിരുന്നു. പുണെയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇവിടെ താമസമാക്കിയാലോ എന്ന് തോന്നുന്നു. രാത്രി ഡയറിയില്‍ കുറിക്കുന്നപോലെ ഹൃദയത്തില്‍ പുണെയിലെ ഓര്‍മകള്‍ എഴുതിച്ചേര്‍ത്തു. പുണെയില്‍നിന്ന് മുംബൈയിലേക്ക് ലിഫ്റ്റ് കിട്ടുമോയെന്ന് നോക്കിയെങ്കിലും നടന്നില്ല. അവസാനം പുണെയില്‍നിന്ന് ലോക്മാന്യ തിലക് ടെര്‍മിനസിലേക്ക് ട്രെയിന്‍ കയറി. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നല്ല തിരക്ക്. ഭാഗ്യത്തിന് സീറ്റ് കിട്ടി. ലോണാവാലവരെയുള്ള കാഴ്ചകള്‍ പുതുമ സമ്മാനിക്കുന്നതായിരുന്നു. കൃഷിയിടങ്ങളും ചെറിയ മലനിരകളും വരണ്ടുണങ്ങിയ ഭൂമിയുമെല്ലാമാണ് കാഴ്ചയ്ക്ക് വിരുന്നൊരുക്കുന്നത്. ലോണാവാല എത്തിയതും വലിയൊരു ആള്‍ക്കൂട്ടം ട്രെയിന്‍ കയറാനായി കാത്തുനില്‍ക്കുന്നു. അതുവരെ നാലുപേര്‍ മാത്രമിരുന്ന സീറ്റില്‍ മൂന്നുപേര്‍കൂടി ഇരിപ്പുറപ്പിച്ചു.

Taj Hotel
മുംബൈയിലെ താജ് ഹോട്ടല്‍

ലോണാവാല കഴിഞ്ഞതും ഭൂപ്രദേശമാകെ പച്ചമയം. മലകള്‍ കീറിമുറിച്ച് ട്രെയിന്‍ തുരങ്കപാതകളിലൂടെ പതിയേ സഞ്ചരിക്കുന്നു. ഈ തുരങ്കങ്ങള്‍ക്കിടയില്‍ മറ്റ് ചെറിയ ചെറിയ ഗുഹകളുണ്ട്. ഇരുട്ടും വെളിച്ചവും കണ്ണുപൊത്തിക്കളിക്കുന്ന കാഴ്ച. ചുരം കയറുമ്പോള്‍ ട്രെയിന്‍ നിശ്ശബ്ദമാണ്. അങ്ങ് ദൂരേ താഴ്വാരങ്ങളില്‍ ചെറിയ പട്ടണങ്ങള്‍ തീപ്പെട്ടിക്കൂടുകള്‍പോലെ കാണാം. കുറച്ചുദൂരം കഴിഞ്ഞപ്പോള്‍ മങ്കി ഹില്‍ എന്ന കുന്നിലെത്തി. പേരുപോലെ വാനരസംഘത്തിന്റെ കേളികളാണ് ഇവിടെ. ചെറിയൊരു റെയില്‍വേ സ്റ്റേഷനും അവിടെയുണ്ട്. ദൂരെയായി എക്സ്പ്രസ് ഹൈവേയും കാണാം. ഇപ്പോള്‍ പ്രദേശം വരണ്ടുതുടങ്ങിയിട്ടുണ്ട്. മണ്‍സൂണ്‍കാലത്താണ് ഇവിടം അതിന്റെ പൂര്‍ണ വശ്യത കൈവരിക്കുന്നതത്രേ.

ഉച്ചയോടടുപ്പിച്ച് ലോക്മാന്യ തിലക് ടെര്‍മിനസ് (എല്‍.ടി.ടി.) സ്റ്റേഷനിലെത്തി. ആദ്യമായി മുംബൈനഗരത്തെ തൊടുന്നതിന്റെ ആവേശത്തിലായിരുന്നു ഞങ്ങള്‍. സ്റ്റേഷന്റെ അടുത്തായി ഒരു ഓവുചാല്‍ ചിലര്‍ നന്നാക്കുന്നു. കനാലുപോലെ തോന്നിക്കുന്ന ഓവുചാലില്‍ മുങ്ങിയും നീന്തിയുമൊക്കെയാണ് അവര്‍ വൃത്തിയാക്കുന്നത്. അതായിരുന്നു മുംബൈനഗരത്തിലെ ആദ്യകാഴ്ച. ലക്ഷ്യം ഇനി അത്ര ദൂരെയല്ല. ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് പോകാന്‍ മനം തുടിച്ചു. ആ ഒരു നിമിഷത്തിനുവേണ്ടിയാണ് ഇത്രയും ദൂരം അലഞ്ഞ് വന്നത്. എല്‍.ടി.ടി.യില്‍നിന്ന് സബര്‍ബന്‍ ട്രെയിനുകള്‍ എപ്പോഴുമുണ്ട് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിലേക്ക്. അതിനടുത്താണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. സബര്‍ബന്‍ ട്രെയിന് കാത്തിരുന്നു. ദൂരെനിന്ന് ട്രെയിന്‍ വരുന്നത് കാണാം. ട്രെയിനാണോ അതോ മനുഷ്യച്ചങ്ങലയാണോ എന്നൊരു സംശയം. ആളുകള്‍ തൂങ്ങിയല്ല അതിലും ഭീകരമായി വലിഞ്ഞുതൂങ്ങി ആടിയുലഞ്ഞാണ് ട്രെയിനില്‍ വരുന്നത്. പക്ഷേ, മറ്റൊരു ബോഗിയില്‍ ആരുമില്ലതാനും. ഞങ്ങള്‍ ആളൊഴിഞ്ഞ ബോഗിയില്‍ കയറി. ട്രെയിന്‍ വിട്ടപ്പോഴാണ് അത് വികലാംഗരുടെ പ്രത്യേക കംപാര്‍ട്ട്മെന്റാണെന്ന് മനസ്സിലായത്. ബോഗിയിലുള്ള ഒരപ്പൂപ്പന്‍ ഞങ്ങള്‍ക്കൊരു വശപ്പിശക് നോട്ടം നല്‍കി. അത് കാര്യമാക്കാതെ ഒരുവിധത്തില്‍ സി.എസ്.ടി.യില്‍ എത്തി. ഗേറ്റ് വേ ഓഫ് ഇന്ത്യ പോലെ ഏറെ ചരിത്രപ്രാധാന്യമുള്ള ഇടമാണ് സി.എസ്.ടി.

SCT Station
മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേഷന്‍

വലുപ്പംകൊണ്ട് മാത്രമല്ല പ്രൗഢിയിലും ഏറെ മുന്നിലാണ് സി.എസ്.ടി. അവിടെനിന്ന് എപ്പോഴും ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് വണ്ടി കിട്ടും. പക്ഷേ, നടക്കലാണല്ലോ നമ്മുടെയൊരു രീതി. ദൂരെനിന്നേ അംബരചുംബിയായി തലയുയര്‍ത്തിനില്‍ക്കുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യ കാണാം. അതുകണ്ടപ്പോഴാണ് ഉറപ്പായത്. അതെ, മുംബൈ എത്തിയിരിക്കുന്നു. ഇനി മുംബൈയിലൊന്ന് അലഞ്ഞുതിരിയണം. തുടങ്ങുമ്പോള്‍ ഈ മഹാനഗരത്തിലെത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു. അപരിചിത വാഹനങ്ങളില്‍ കയറിയിറങ്ങുന്നത് അത്ര എളുപ്പമൊന്നുമല്ല. പക്ഷെ ഇവിടെയെത്തിയപ്പോള്‍ അതിന്റെ ത്രില്‍ അനുഭവിക്കാനാകുന്നുണ്ട്. ഈ ഹിച്ച് ഹൈക്കിങ് ഒരു സംഭവമല്ല പ്രസ്ഥാനമാണെന്ന് ഈ യാത്രയിലൂടെ മനസ്സിലാക്കി.

PUne
നിരീക്ഷണ ഗോപുരത്തിന് മുകളില്‍


ഹിച്ച്‌ഹൈക്ക്

മലയാളികള്‍ക്കിടയില്‍, പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍, അടുത്തിടെ പ്രചാരത്തിലായ യാത്രാരീതിയാണ് ഹിച്ച്‌ഹൈക്കിങ്. തമ്പിങ്, ഹിച്ചിങ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. കിട്ടുന്ന വാഹനങ്ങളില്‍ കയറി ഉദ്ദേശിച്ച സ്ഥലത്തെത്തുകയെന്നതാണ് രീതി. അപരിചിതരായവരോടായാലും വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിക്കും. കിട്ടിയാല്‍ കയറും. പ്രത്യേകിച്ച് പദ്ധതിയൊന്നും തയ്യാറാക്കില്ല. കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് പതിവ്.

Hitch Hick

വിദേശത്ത് പണ്ടുമുതലേ ഹിച്ച് ഹൈക്ക് ചെയ്യുന്നവരുണ്ട്. പരമാവധി ചിലവ് കുറവായിരിക്കുമെന്നതാണ് ഇതിന്റെ മേന്‍മ. അപരിചിതരായവരോടൊപ്പം യാത്ര ചെയ്യേണ്ടി വരുമ്പോഴുള്ള സുരക്ഷാപ്രശ്‌നങ്ങള്‍ ഇതിനുണ്ട്. യാത്രകള്‍ ചിലപ്പോള്‍ സുഖകരമായിരിക്കണമെന്നില്ല. പൊതുസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടി വരും. എന്നാല്‍ സാധാരണ യാത്രകളില്‍ നിന്ന് ലഭിക്കാത്ത വ്യത്യസ്തമായ അനുഭവങ്ങളാണ് ഹിച്ച് ഹൈക്കിന്റെ ത്രില്‍. അതുകൊണ്ടാണ് യുവാക്കളേറെ ഇതിലേക്ക് ആകൃഷ്ടരാകുന്നതും.

600 രൂപയ്ക്ക് മുംബൈ യാത്ര

രണ്ടുപേരാണ് മുംബൈയിലേക്ക് ഹിച്ച്‌ഹൈക്ക് യാത്രയ്ക്ക് പുറപ്പെട്ടത്. മുംബൈയിലെത്താന്‍ ചിലവായത് ഒരാള്‍ക്ക് ഏകദേശം 600 രൂപ മാത്രം. നാല് ദിവസത്തെ ഭക്ഷണവും താമസവുമടക്കമുള്ള ചിലവാണിത്. ലോറിയിലും ലോക്കല്‍ ട്രെയിനുകളിലുമൊക്കെയായിട്ടായിരുന്നു യാത്ര. ഭക്ഷണം മിക്കവാറും തെരുവോരത്തെ തട്ടുകടകളില്‍ നിന്നായിരുന്നു. ചില വിഭവങ്ങള്‍ വയറിന് പ്രശ്‌നമുണ്ടാക്കുമെന്ന റിസ്‌ക് ഇതിലുണ്ട്. അതിനാല്‍ അത്യാവശ്യ മരുന്നുകള്‍ കൈയില്‍ വെക്കുക. പഴവര്‍ഗങ്ങളെ പരമാവധി ആശ്രയിക്കാം. പേരയ്ക്കയും ആപ്പിളുമൊക്കെ മുറിച്ച് കഴിക്കാന്‍ ഒരു ചെറിയ കത്തി കൈയില്‍ കരുതുന്നത് നല്ലതാണ്.

Hitch Hike 3

വളരെ അത്യാവശ്യം തോന്നിയ സന്ദര്‍ഭത്തില്‍ മാത്രം മുറിയെടുക്കാം. ഒന്നിലധികം പേര്‍ ഒരുമിച്ചാണ് യാത്രയെങ്കില്‍ തുക കുറയും. ചെറിയ തുകയ്ക്ക് കിട്ടുന്ന ഒട്ടേറെ മുറികള്‍ വലിയ നഗരങ്ങളിലുണ്ടാകും. ചിലയിടത്ത് മണിക്കൂറിനാകും നിരക്ക്. ഡോര്‍മെട്രി പോലെയുള്ള സൗകര്യങ്ങള്‍ ഹിച്ച് ഹൈക്കിങ്ങിനിടെ ഉപയോഗപ്പെടുത്താം. രാത്രിസമയം യാത്രയ്ക്കായി ഉപയോഗിച്ചാല്‍ താമസത്തിന് വലിയ തുക ചിലവാകില്ല. കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയുടെയുമൊക്കെ താമസസ്ഥലങ്ങള്‍ ഒരു ദിവസത്തേക്കൊക്കെ പങ്കുവെക്കുന്നതില്‍ കുഴപ്പമില്ല. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ബസ് സ്റ്റാന്‍ഡുകളിലെയും റെയില്‍വേ സ്റ്റേഷനുകളിലെയും കംഫര്‍ട്ട് സ്റ്റേഷനുകളാണ് ഉപയോഗപ്പെടുത്തിയത്.

Content Highlights: Hitch Hicking, Kerala To Mumbai Travel, Mathrubhumi Yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented