
ബിന്ദുസരോവർ | ഫോട്ടോ: വി. ജയശ്രീ
വീതിയിലുള്ള ഏതാനും പടിക്കെട്ടുകൾക്ക് മുകളിൽ ഇളം പാടലനിറത്തിലുള്ള മതിൽക്കെട്ടിനകത്ത്, അതേനിറത്തിൽ മുങ്ങിക്കുളിച്ച് നീണ്ടുകിടക്കുന്ന ചെറുക്ഷേത്രങ്ങളുടെ സമുച്ചയത്തിന് മുൻപിൽ വണ്ടി നിർത്തി സാരഥി പുറത്തിറങ്ങി. ലക്ഷ്യം തെറ്റിയതൊന്നുമല്ലല്ലോ എന്ന് ഒരുനിമിഷം സംശയിച്ചു. കുറച്ചുദിവസം മുൻപ് സബർമതി ആശ്രമത്തിലേക്ക് ഭദ്ര ഫോർട്ടിന് മുൻപിൽ നിന്ന് ഓട്ടോറിക്ഷ പിടിച്ചതിന്റെ തിക്താനുഭവം മനസ്സിലുണ്ടായിരുന്നു. ഓട്ടോ ഊടുവഴികളിൽക്കൂടി അനന്തമായി സഞ്ചരിച്ചുകൊണ്ടിരുന്നു. സബർമതിയിൽ പലവട്ടം പോയിട്ടുള്ളതുകൊണ്ട് ഇത് സഞ്ചരിക്കേണ്ടതില്ലെന്ന് മനസ്സ് പറഞ്ഞു. ബാപ്പു ആശ്രമം എന്ന് ഒന്നുകൂടി ഉറപ്പിച്ചു. പ്രധാന പാതയിൽനിന്ന് വീണ്ടും ഉൾവഴിയിലേക്ക് തിരിഞ്ഞപ്പോൾ മനസ്സു പറയുന്നതാണ് ശരി എന്ന് നിശ്ചയിച്ച് വണ്ടി നിർത്തിച്ചു. തുടർന്നുണ്ടായ ചർച്ചയിലാണ് ആ മാന്യദേഹം ആശാറാം ബാപ്പു വിന്റെ ആശ്രമത്തിലേക്കാണ് കൊണ്ടുപോകുന്നത് എന്ന് മനസ്സിലായത്! ആ സ്വാമി കൊലപാതകവും ബലാത്സംഗവുമടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾക്ക് ജയിലിൽ ആയതിനാൽ പിന്നീടുണ്ടായ സംഭാഷണം ഒട്ടും രസകരമായിരുന്നില്ല.
പക്ഷേ, ബിന്ദുസരോവരത്തിന്റെ മുൻപിൽ പേരെഴുതിയ കൂറ്റൻ ബോർഡ് സ്ഥാപിച്ചിട്ടുള്ളതുകൊണ്ടും മാതൃഗയ എന്ന് പ്രത്യേകം എഴുതിയിട്ടുള്ളതുകൊണ്ടും സ്ഥലം അതുതന്നെ എന്നുറപ്പായി. നവംബറിലെ പുലരിത്തണുപ്പിൽ ചൂളിപ്പിടിച്ച് പടിക്കെട്ടുകൾ കയറുമ്പോൾ ഋഗ്വേദത്തിലെ ദാശുഗ്രാമം ഇതിനുള്ളിൽ എവിടെനിന്ന് തുടങ്ങുന്നു എന്ന സംശയം ഉള്ളിലുണർന്നു. വേദകാലത്തിന് മുൻപു തന്നെ ഋഷിമാരുടെ ആവാസകേന്ദ്രമായിരുന്ന ദേശം. സാംഖ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ കപില മഹർഷി ജനിച്ചുവളർന്ന സരസ്വതി നദീതടം. ബ്രഹ്മാവിന്റെ മാനസപുത്രനായ കർദമ മഹർഷിക്കും ദേവഹൂതിക്കും പത്ത് പെൺമക്കൾക്ക് ശേഷമുണ്ടായ പുത്രനായിരുന്നു കപിലൻ. യുക്തിചിന്തയുടെ ആദ്യത്തെ ദർശനങ്ങളിലൊന്നായ സാംഖ്യവാദത്തിന്റെ ആദ്യ സംവാദങ്ങൾ ഇവിടത്തെ പർണശാലകളിലായിരിക്കണം ഉരുക്കൊണ്ടത്.
ധാരാളം അമ്പലങ്ങളും പ്രതിമകളുംകൊണ്ട് നിറഞ്ഞ ഒരു വലിയ മതിൽക്കകത്തേക്കാണ് പടികൾ കയറി പ്രവേശിക്കേണ്ടത്. ശ്രാദ്ധത്തിനു വേണ്ട സഹായങ്ങൾക്കായി പണ്ഡാമാരുടെ സഹായികൾ തണുപ്പിനെ വകവെക്കാതെ നിൽക്കുന്നുണ്ട്. ദർശനത്തിനു വേണ്ടി മാത്രം വന്നതാണ് എന്നുപറഞ്ഞപ്പോഴും പരിഭവമൊന്നുമില്ല. ചുറ്റിക്കാണിച്ചുതരാൻ ഒരാൾ കൂടെവന്നു.

നിലം മുഴുവൻ കോൺക്രീറ്റ് ചെയ്ത് ഇളം കാവി പൂശിയിരിക്കുന്നു. അമ്പലങ്ങളും തഥൈവ. ഇത് പ്രാചീനമായ ഒരു ക്ഷേത്രഭാഗം എങ്ങനെ ഇങ്ങനെ ഒരേ തൂവൽപ്പക്ഷികളായി രൂപാന്തരപ്പെട്ടു എന്ന് ചിന്തിക്കുമ്പോൾ വഴികാട്ടി അഭിമാനപുരസ്സരം പറഞ്ഞു. "ഇവിടമൊക്കെ എത്ര നാശമായിക്കിടക്കുകയായിരുന്നു എന്നറിയാമോ? ഈയിടെയാണ് പുനരുദ്ധാരണം കഴിഞ്ഞത്'. തകർന്ന ക്ഷേത്രാവശിഷ്ടങ്ങളിൽനിന്ന് കിട്ടിയ ഉടഞ്ഞ കരിങ്കൽ പ്രതിമകളും ചില തൂണുകളുടെ ഭാഗങ്ങളും മാത്രമേ സൗന്ദര്യവത്കരണത്തിൽനിന്ന് രക്ഷപ്പെട്ട് തങ്ങളുടെ പ്രാചീനമായ തനിമയിൽ നിൽക്കുന്നുള്ളൂ. പായലിനും പൂപ്പലിനും വിട ചൊല്ലിയ കൂട്ടത്തിൽ ചരിത്രത്തിനും വിട.
ചുറ്റിത്തിരിഞ്ഞ് കപില മഹർഷിയുടെ അമ്പലത്തിനടുത്തെത്തി. ബിന്ദുസരോവരം എന്ന പടുത്തുകെട്ടിയ ഒരു ചെറുകുളത്തിനെ അഭിമുഖീകരിച്ച് കിഴക്കോട്ട് ദർശനമായിട്ടാണ് വിഗ്രഹം. ഇരുവശത്തുമുള്ള അമ്പലങ്ങളിൽ കർദമ മഹർഷിയും ദേവഹൂതിയും. തിടപ്പള്ളിയിൽനിന്ന് ഇറങ്ങിവന്ന പൂജാരിയുടെ പേരും കപിൽ എന്നുതന്നെ. വിഗ്രഹം ചുവപ്പും പച്ചയും പട്ടുവസ്ത്രങ്ങളെക്കൊണ്ടും മുത്തുമാലകളെക്കൊണ്ടും അണിയിച്ചൊരുക്കിയിരിക്കുന്നു. മുനി മരവുരിയല്ലേ ഉടുക്കുക എന്ന ന്യായമായ സംശയം പ്രസാദം തരു ന്നതിനിടയിൽ വർത്തമാന കപിലനോടുന്നയിച്ചു. വിഷ്ണുവിന്റെ അവതാരമാണ് എന്നല്ലേ സങ്കല്പം- അദ്ദേഹം പുഞ്ചിരിച്ചു.
ദർശനങ്ങളിൽ പ്രമുഖമെന്ന് കരുതപ്പെടുന്ന സാംഖ്യം ദ്വൈതത്തിലൂന്നിയ ശാസ്ത്ര മാണ്. അചലവും നിർമമവുമായ പുരുഷനും ചലനാത്മകമായ പ്രകൃതിയും തമ്മിലുള്ള സംഗമംകൊണ്ടാണ് പ്രപഞ്ചം നിലകൊള്ളുന്നത് എന്ന് കരുതുന്നവർ. സർവശക്തനായ ഒരു ദൈവത്തിന്റെ അസ്തിത്വം നിരാകരിക്കുന്നവർ. കപില മുനി അമ്മയായ ദേവഹുതിക്ക് ബിന്ദുസരോവരത്തിൽവെച്ച് സാംഖ്യത്തിന്റെ സാരം ഉപദേശിച്ചു എന്നും അത് ഉപാസിച്ച് അമ്മ മോക്ഷം നേടി എന്നുമാണ് ഐതിഹ്യം. ശക്തമായ ഒരു മാതൃസാന്നിധ്യം ബിന്ദുസരോവരത്തിന്റെ പൂർവകഥളിലുമുണ്ട്. മകന് അമ്മയോടുള്ള സ്നേഹത്തിന്റെ ആഴം കണ്ട് വിഷ്ണുഭഗവാന്റെ മിഴികളിൽ നിന്നൊഴുകിയ അശ്രുബിന്ദുക്കൾ ചേർന്നാണ് ബിന്ദുസരോവരമുണ്ടായത് എന്നാണല്ലോ പുരാണം.

പരശുരാമൻ പിതൃനിർദേശപ്രകാരം വധിച്ച സ്വന്തം മാതാവ് രേണുകാദേവിയുടെ ശ്രാദ്ധമൂട്ടിയത് ബിന്ദുസരോവര തീരത്തായിരുന്നുവത്രേ. പരശുരാമനും ഇവിടെ പ്രതിഷ്ഠാമൂർത്തിയാണ്. സാധാരണ നിലയിൽ ഗയയിലോ കാശിയിലോ രാമേശ്വരത്തോ പോയി ശ്രാദ്ധമൂട്ടുന്നവർ അഞ്ചുതലമുറവരെയുള്ള പിതൃക്കൾക്കുള്ള തർപ്പണമാണ് നടത്തുക. അതിൽനിന്ന് വ്യത്യസ്തമായി അമ്മ - മുത്തശ്ശി-മുതുമുത്തശ്ശി എന്നിങ്ങനെ സ്ത്രീകൾക്കു മാത്രമായ ഒരു മാതൃതർപ്പണം കാലങ്ങളായി നടത്തപ്പെടുന്നു എന്നുള്ളതാണ് ബിന്ദുസരോവരത്തിന്റെ തനതായ സവിശേഷത. കുഞ്ഞുവായിൽ പാൽമധുരമായും ബാലാരിഷ്ടതകളിൽ ശീതളസ്പർശമായും ഏത് മാർഗഭംശങ്ങൾക്കും ഉപാധികളില്ലാത്ത മാപ്പായും എതയെത്ര അമ്മമാർ തലമുറകളിലൂടെ കടന്നുപോയിരിക്കണം. മരിച്ചവർക്കുവേണ്ടിയല്ല, ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയാണ് ശ്രാദ്ധമൂട്ടുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുള്ളത് ഓർമയിലെത്തി.
ബലിയൂട്ടുന്നവർക്കിരിക്കാനുള്ള മണ്ഡപത്തിൽ തണുത്ത വെളുപ്പാൻ കാലത്തും ആളുകളുണ്ട്. നനച്ചുകുളിച്ച് ഈറനോടെ നമ്മുടെ നാട്ടിൽ നടത്തപ്പെടുന്ന കർമം ഇവിടെ കമ്പിളിക്കുപ്പായങ്ങൾക്കുള്ളിലാണ്. കടലാസുതാലങ്ങളിൽ ഗോതമ്പുകൊണ്ടുള്ള ഉണ്ടകളും ചെട്ടിമല്ലിപ്പൂക്കളും പേപ്പർ ഗ്ലാസിൽ വെള്ളവും, കുങ്കുമം, മഞ്ഞൾ എന്നിവയ്ക്കൊപ്പം സുപാരിയുടെ പാക്കറ്റുകളുമുണ്ട്.
മുന്നിലുള്ള അരയാൽത്തിണ്ണയിലിരിക്കുന്ന പണ്ഡാ സ്ഫുടമായി മന്ത്രങ്ങളുച്ചരിച്ച് നേതൃത്വം കൊടുക്കുന്നു. അമ്മ, അമ്മൂമ്മമാർ, മുത്തശ്ശിമാർ, മുതുമുത്തശ്ശിമാർ എന്നിങ്ങനെ പേരോർമിച്ചുപറഞ്ഞ് ബലിയിടാൻ നിർദേശിക്കുന്നു. ആവർത്തനം പിഴച്ചാലും ഈറനുടുത്തില്ലെങ്കിലും അർച്ചന തെറ്റിയാലും പേടിക്കാനില്ല. അമ്മയല്ലേ. എല്ലാം ക്ഷമിച്ച് സന്തോഷത്തോടെ സ്വീകരിച്ചുകൊള്ളും.
കപില പൂജാരിയോട് യാത്രപറഞ്ഞ് അടുത്തുതന്നെയുള്ള രുദ്രമഹാലയി ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കാണാൻ പുറപ്പെട്ടു. 10-ാം നൂറ്റാണ്ടിൽ ചാലൂക്യ വംശസ്ഥാപകനായ മുൽ രാജനാണ് ക്ഷേത്രം പണിയാനാരംഭിച്ചത്. ഈ ക്ഷേത്രവും ഒരു ബലിതർപ്പണത്തിന്റെ ഭാഗമാണെന്നു വേണമെങ്കിൽ കണക്കാക്കാം. യൗവനത്തിൽ സ്വന്തം മാതുലനെ വധിച്ച് സിംഹാസനം കൈയടക്കുകയും അമ്മയുടെ വംശത്തിലെ എല്ലാവരെയും കൂട്ടക്കൊല നടത്തി അത് സുഭദ്രമാക്കുകയും ചെയ്ത രാജന്റെ ജീവിതസായാഹ്നത്തിലെ പശ്ചാത്താപം.
12-ാം നൂറ്റാണ്ടിൽ പൂർത്തീകരിച്ച അമ്പലം മൂന്നുനിലകളായി മുപ്പത്തിരണ്ടടി പൊക്കത്തിലുള്ള മേൽക്കൂരയും ആയിരത്തി അറുന്നൂറ് തൂണുകളും പന്ത്രണ്ട് പടിവാതിലുകളും പതിനൊന്ന് രുദ്രപ്രതിഷ്ഠകളുമെല്ലാമായി അതിഗംഭീരമായ ഒരു നിർമിതിയായിരുന്നു. ക്ഷേത്രത്തിനു മുൻപിലുള്ള മണ്ഡപത്തിന് നാല് മനോഹരമായ തോരണവാതിലുകളുണ്ടായിരുന്നു. കിഴക്കുവശത്തായി ഒഴുകിയിരുന്ന സരസ്വതീ നദിയിലേക്കു നീളുന്ന പടവു കളും. പക്ഷേ, ഏകദേശം 270 കൊല്ലത്തിനുള്ളിൽ അമ്പലം ഗുജറാത്തിലെ സുൽത്താനായ അഹമ്മദ് ഷായാൽ തകർക്കപ്പെട്ടു. അമ്പലത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് അവിടെ പള്ളി ഉയർന്നു. ഇപ്പോൾ അവശേഷിക്കുന്ന ഭാഗങ്ങൾ കുറച്ച് തൂണുകളും അലങ്കാരസമൃദ്ധമായ ഒരു കൂറ്റൻ തോരണവാതിലും പള്ളിയായി മാറിയ അമ്പലത്തിന്റെ ഭാഗങ്ങളുമാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത വലയത്തിലാണ് ഇന്ന് രുദ്രമഹാലയം. ചുറ്റിലും കനത്ത കമ്പി മുൾവേലി. മുൻവശത്തെ ഗേറ്റ് അടഞ്ഞു കിടക്കുന്നു.

ഗേറ്റ് പതുക്കെ തള്ളിയപ്പോൾ കുറച്ചുതുറന്നു. ഉള്ളിൽ പഴമയുടെ ഗന്ധം പേറുന്നതെങ്കിലും കൊത്തുപണിയുടെ സൗന്ദര്യം കൊണ്ട് വലിച്ചടുപ്പിക്കുന്ന ക്ഷേതഭാഗങ്ങളും തൂണുകളും തോരണ കമാനവും. കസേരകളിൽ വെയിൽ കാഞ്ഞിരുന്നിരുന്ന യൂണിഫോം ധാരികൾ "നിങ്ങൾക്ക് അകത്തുകടക്കാൻ ആരാണനുവാദം തന്നത്?' എന്ന കർശനമായ ചോദ്യവുമായി ചാടിയെഴുന്നേറ്റപ്പോഴാണ് ASIയുടെ മാത്രമല്ല പോലീസിന്റെയും മേൽനോട്ടത്തിലാണ് ഇവിടം എന്നു മനസ്സിലായത്.
ഓർമപ്പിശകിൽ ഗേറ്റ് താഴിട്ടുപൂട്ടാൻ മറന്നതുകൊണ്ടാണ് ഞങ്ങൾക്ക് അബദ്ധത്തിലായാലും അകത്തു കയറാനൊത്തത്. ഉടൻ പുറത്തുപോകണം എന്ന ശാസന വന്നപ്പോൾ സഹയാത്രികൻ, ASI-യിലെ സുഹൃത്തായ വേണുവേട്ടനെ വിളിച്ച് മലയാളം, ഇംഗ്ലീഷ്, ഗുജറാത്തി ഭാഷകളിലുള്ള ഒരു ത്രിതല ചർച്ചയിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. കുറച്ചകലെ രണ്ടുനിലകളിലായി ഉയർന്നുനിൽക്കുന്ന തോരണകവാടം കണ്ടിട്ടുവരാം എന്നുകരുതി പതുക്കെ നിഷ്ക്രമിച്ചു. ഇടയിൽ കെട്ടിയ ഒരു കയർ ചാടിക്കടന്ന് കവാടത്തിന്റെ താഴെയെ ത്തിയപ്പോഴാണ് കലശലായി ബഹളംവെച്ചുകൊണ്ട് ഒരു പോലീസുകാരൻ പിന്നാലെ ഓടിയെത്തിയത്. വേണുവേട്ടന്റെ മലയാളതർജമ കേട്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. തർക്കഭൂമിയായതുകൊണ്ട് ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും അനുവദനീയമല്ല. കയറിന്നപ്പുറത്തുള്ള ഭാഗങ്ങൾ തികച്ചും ജീർണാവസ്ഥയിലാണ്. അതിനിടെ അതിക്രമിച്ചു കയറിയ അസ്മാദികളെപ്പോലെയുള്ളവരുടെ തലയിൽ വല്ല ചരിത്രാവശിഷ്ടവും ഇടിഞ്ഞുപൊളിഞ്ഞു വീണാൽ അതിനുംകൂടി ഉത്തരം പറയാൻ അവർക്കു വയ്യ.

അകത്ത് ഫോട്ടോ നിരോധിച്ചിരിക്കുന്നതുകൊണ്ട് പുറത്തുനിന്ന്, മുള്ളുവേലിക്കിടയിലൂടെ കുറച്ചു ഫോട്ടോകളെടുത്തു. പച്ചക്കറിക്കടക്കാരൻ ഇരുമ്പുകോണി വശത്ത് ചരിച്ചുവെച്ച് കയറി നിന്ന് ഫോട്ടോയെടുക്കാൻ സഹായിച്ചു. “സുബഹി മൻസിലി'ന്റെ പുറത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ഗൃഹനാഥൻ ഉയർന്ന ഇറയത്തു കയറിനിന്ന് ഫോട്ടോയെടുക്കാൻ ക്ഷണിച്ചു. വേലിക്കെട്ടുകൾക്കു പുറത്ത് എല്ലാവരും മനുഷ്യരാണല്ലോ.
സിദ്ധ്പുരിലെ ബോറവാടികളിൽക്കൂടിയുള്ള യാത പുറപ്പെടുമ്പോൾത്തന്നെ മനസ്സിലുണ്ടായിരുന്നു. ദാവൂദി ബോറകളുടെ പൂർവപിതാക്കൾ യമനിൽനിന്നു ഭാരതത്തിലെത്തിയവരാണ്. ഒരുമുറിവീടും ധാന്യം പൊടിക്കാനുള്ള ചക്കുമായി സരസ്വതീനദിക്കരയിൽ താവളമുറപ്പിച്ചവർ. പക്ഷേ, കച്ചവടം രക്തത്തിലുള്ള ബോറകൾ വാണിജ്യമേഖലകളിൽ തനതായ ഇടം കണ്ടെത്തി. ഇന്ത്യയിലും പുറത്തുമായി വ്യാപിച്ചു. (ഗുജറാത്തിയിലെ വൊഹ്വ -വാണിജ്യം എന്ന വാക്കിൽനിന്നാണ് ബോറ എന്ന വാക്കുതന്നെ ഉണ്ടാകുന്നത്.) കുടുംബത്തിലെ മൂത്ത പുരുഷൻമാർ വിദേശത്ത് കച്ചവടം നടത്തുമ്പോൾ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബം നാട്ടിൽ താമസിച്ചു. അവർക്കുവേണ്ടി തങ്ങളുടെ ധനസ്ഥിതിക്കൊത്തമട്ടിൽ കൊത്തുപണിചെയ്ത ചതുരത്തൂണുകളും ത്രികോണാകൃതിയിലുള്ള മുഖപ്പും റോഡിലേക്കു തുറക്കുന്ന ഒട്ടനവധി ജനാലകളും സ്റ്റക്കോ വർക്കുകൊണ്ടലങ്കരിച്ച മുൻഭാഗവുമെല്ലാമായി കൂറ്റൻ ബംഗ്ലാവുകൾ പണിത് ബോറകൾ തങ്ങളുടെ തെരുവുകളെ യൂറോപ്പിന്റെ ഒരു പരിച്ഛേദമാക്കിമാറ്റി.
ഇളംനീല, നേർത്ത പച്ച, ഊത, നനുത്ത പിങ്ക്... അഭിജാതമായ നിറങ്ങളുടെ സങ്കലനങ്ങൾ, വെളുത്ത ബോർഡർലൈനുകൾ. എല്ലാബംഗ്ലാവുകൾക്കും മുൻപിൽ വീട്ടുപേരിനു പകരം വീട്ടുടമസ്ഥന്റെ പേരിന്റെ രണ്ടക്ഷരങ്ങൾ കൊത്തുപണിചെയ്ത വെച്ചിട്ടുണ്ട്.

അടഞ്ഞ ജനാലക്കണ്ണുകളുമായി നിശ്ശബ്ദമായി നിൽക്കുന്ന ബംഗ്ലാവുകൾക്കിടയിലൂടെ നടന്നു ക്ഷീണിച്ചപ്പോഴാണ് സാമാന്യം വൃത്തിയുള്ള ഒരു ഇറയത്തു കയറിയിരുന്നത്. പിന്നിലെ വാതിൽ പെട്ടെന്നു തുറന്നപ്പോൾ പുറത്തുവന്നത് 'റിദ'യണിഞ്ഞ മലകയായിരു ന്നു. റിദ ബോറസ്ത്രീകളുടെ അന്തർദേശീയ വസ്ത്രമാണ്. അയഞ്ഞ ഒരു പാവാടയും വ്യത്യസ്തമായ ഒരു മേലുടുപ്പും. കറുപ്പൊഴിച്ച് ഏതുനിറത്തിലുമാവാം. തിണ്ണപ്പുറത്ത് അനുവാദമില്ലാതെ കയറിയിരുന്നതിന് ക്ഷമചോദിച്ച് എഴുന്നേറ്റപ്പോൾ, അതിനെന്താണ്, എന്ന് മലൈക ഉദാരവതി യായി.
ആ നിരത്തിൽ താമസക്കാരുള്ള രണ്ടു ബംഗ്ലാവുകളിൽ ഒന്നാണ് മലൈകയുടേത്. മലൈക കോയമ്പത്തൂരിലാണ് ജനിച്ചുവളർന്നത്. നാൽപ്പതുകൊല്ലങ്ങൾക്കുശേഷം പഴയ തറവാട്ടിലേക്കു മടങ്ങിയെത്തിയതാണ്. ഫോട്ടോ എടുക്കരുത് എന്ന വ്യവസ്ഥയിൽ ലൈക ഉള്ളിലേക്കു ക്ഷണിച്ചു. ഉൾവശത്ത് പുറത്ത് കാണുന്ന പാശ്ചാത്യരൂപമില്ല. കടഞ്ഞ കനത്ത മര ഉരുപ്പടികളും വിശാലമായ മുറികളും. ഗുജറാത്തിന്റെ തനതായ ഊഞ്ഞാൽക്കട്ടിലിൽ വയസ്സായ അമ്മൂമ്മ പകുതി മയക്കത്തിലാണ്. സാരി മുന്നിലേക്കു കുത്തിയുടുത്ത വേലക്കാരി നടുമുറ്റം അടിച്ചുവാരുന്നു. വശങ്ങളിലേക്കും മുകളിലേക്കുമായി അനന്തമായി പൊങ്ങിപ്പോകുന്ന മുറികളിൽ പലതും അടച്ചിട്ടിരിക്കുകയാണ്.

സുരക്ഷയെക്കരുതി നിരവീടുകളായി നിർമിച്ചതുകൊണ്ട് എല്ലാ വീടുകൾക്കും ഇരുവശത്തും പൊതുഭിത്തികളാണ്. പിന്നെ ഏകാന്തത. കൂട്ടുകുടുംബത്തിനുവേണ്ടി പണിത വലിയ വീടുകളായതുകൊണ്ടുള്ള സുരക്ഷയുടെ കുറവ്. എന്നാൽ സ്വന്തം പൈതൃകമായതുകൊണ്ട് ഇട്ടെറിഞ്ഞുപോകാനും മനസ്സുവരുന്നില്ല...
തിരികെയുള്ള യാത്രയിൽ കൈയിലുണ്ടായിരുന്ന, വാസ്തുവിദ്യാപണ്ഡിതനും അധ്യാപകനുമായ സോയാബ് എ. കാഡിയുടെ 'The Birth and Death of a Style - The Vohrawaads of Sidhpur' എന്ന പുസ്തകം ഒന്നുകൂടി മറിച്ചു നോക്കി. ബോറ ബംഗ്ലാവുകളെപ്പറ്റി ഗവേഷണം ചെയ്ത് മൂന്നു ഗ്രന്ഥങ്ങളെഴുതിയ, അവയുടെ സംരക്ഷണത്തിനുവേണ്ടി മുൻനിരയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രണ്ട് വഴികളേ ഈ ആഡംബരബംഗ്ലാവുകൾ സംരക്ഷിക്കാനുള്ളൂ. ഒന്നുകിൽ ഒരു ചരിത്രസ്മാരകം എന്ന നിലയിൽ. പക്ഷേ, അത്യധികം പണച്ചെലവുള്ളതും മിക്കവാ റും പെട്ടെന്നുതന്നെ അവസാനിപ്പിക്കാനിടയുള്ളതുമായ ഒരുദ്യമമാണത്. അല്ലെങ്കിൽ ഉടമസ്ഥർക്കും പൊതുജനങ്ങൾക്കും കൺസർവേഷനൊപ്പം ആവശ്യത്തിനു വരുമാനമുണ്ടാക്കുന്ന ഒരു സുസ്ഥിരമായ പദ്ധതി ഈ ഗൃഹങ്ങൾക്കുവേണ്ടി നടപ്പാക്കുക.
ജീരകം മണക്കുന്ന ഉംചാ പട്ടണവും തംബോക്കിന്റെ കൃഷിയിടങ്ങളും കടന്ന് വണ്ടി അഹമ്മദാബാദിലേക്കു തിരിയുമ്പോഴും മനസ്സിൽ, ശ്രീസ്ഥലിയെന്നും ശ്രീസ്ഥലകമെന്നുമെല്ലാം ആദികാലംതൊട്ടേ അറിയപ്പെട്ടിരുന്ന ഒരു ചെറുനഗരത്തിന്റെ ഓർമകളായിരുന്നു. ചരിത്രം പലപ്പോഴും വാമൊഴിയായും വരമൊഴിയായും കൈമാറ്റം ചെയ്യപ്പെടുന്നതാണ്. പക്ഷേ, പ്രത്യക്ഷസാക്ഷ്യങ്ങളുടെ യഥാതഥമായ സംരക്ഷണവും സാംസ്കാരികപൈതൃകത്തിന്റെമേൽ ഊറ്റംകൊള്ളുന്ന ഒരു ജനതയുടെ ചുമതലയല്ലേ?
Getting There
By Air: The nearest airport from Patan is Ahmedabad (125 km away). The airport here, in turn is connected to International and Indian cities. Patan has a railway station for easy access. By Rail: The train can take you as far as Mehsana (1 hour). From there you will need to catch a bus to Patan. By Road: Intercity buses from Ahmedabad to Patan take 3.5 hours and 1 hour from Mehsana. Shared jeeps are slightly quicker, but less comfortable.Website: www.gujarattourism.com/north-zone/patan/sidhpur.html
(മാതൃഭൂമി യാത്ര 2022 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..