ദാൽ തടാകം
മഞ്ഞു പെയ്തതിന്റെ പിറ്റേന്നാണ്. ശ്രീനഗറാകെ തണുപ്പില്‍ മരവിച്ച് നില്‍ക്കുന്നു. ദാല്‍ തടാകക്കരയിലെ ചെറിയ ചായക്കടയിലേയ്ക്ക് സുഹൈല്‍ എന്നെ ക്ഷണിച്ചു. സുഹൈല്‍ മലപ്പുറത്തുകാരനാണ്, ഇവിടെ ടൂര്‍ ഓപ്പറേറ്റര്‍. മഞ്ഞ് വീഴ്ച കാരണം വിമാനം മുടങ്ങിയും തീവണ്ടികള്‍ പാതിവഴിയിലായും ബുദ്ധിമുട്ടിപ്പോയ കുറേ മലയാളി യാത്രക്കാരെ സഹായിച്ച് തളര്‍ന്ന് ആ കടയിലൊരു ചായയും കുടിച്ചിരിപ്പാണ് സുഹൈല്‍. സീസണ്‍ പോലും നോക്കാതെ കശ്മീരിലേയ്ക്ക് വണ്ടി കയറുന്ന മലയാളികളുടെ തിരക്കിനേക്കുറിച്ച് പറഞ്ഞു അവന്‍. അവര്‍ക്കെല്ലാം വേണ്ട സൗകര്യം ഒരുക്കിക്കൊടുത്ത് വരുമാനമുണ്ടാക്കുന്നു സുഹൈലും സുഹൃത്തുക്കളും. ദാല്‍ തടാകത്തിലെ ശിക്കാര ബോട്ടുകാരും ഗുല്‍മാര്‍ഗിലും പഹല്‍ഗാമിലുമെല്ലാമുള്ള നാട്ടുകാരും സുഹൈലിന് പരിചയക്കാരാണിപ്പോള്‍. സ്‌നേഹമുള്ള മനുഷ്യരെന്ന് അനുഭവ സാക്ഷ്യം. അവനുമൊത്ത് കടയ്ക്ക് പുറത്തിറങ്ങി, ബോട്ടുകള്‍ കൊണ്ട് നിറഞ്ഞ ദാല്‍ തടാകത്തിനതിരില്‍ മഞ്ഞ് പൊതിഞ്ഞ മലകള്‍.
.jpg?$p=a2f0193&&q=0.8)
''അതാ, നിങ്ങളാ പാലം കണ്ടോ? അവിടെ നിന്ന് ഹസ്രത്ത് പാല്‍ മസ്ജിദിലേയ്ക്ക് ബസ് കിട്ടും. എട്ട് കിലോ മീറ്ററേയുള്ളു. ഡല്‍ഹിയ്ക്ക് പോകാനുള്ള സമയമാകും മുന്‍പ് തിരിച്ചെത്താം. പിന്നേ, അവിടെ നല്ല ഭക്ഷണം കിട്ടും. കഴിക്കാന്‍ മറക്കണ്ട'' സുഹൈല്‍ വഴികാട്ടിയായി. തടാകക്കരയില്‍ മരം കൊണ്ട് കെട്ടിയുണ്ടാക്കിയ വഴിയുണ്ട്. മഞ്ഞില്‍ വഴുതി വീഴാതെ ശ്രദ്ധിച്ച് നടന്ന് റോഡെത്തി. പണ്ടേതോ കാലത്ത് മനുഷ്യര്‍ അതി സുന്ദരമായി നട്ടുവളര്‍ത്തിയ മരങ്ങള്‍ മുന്നിലെ കനാലിലൊരു പ്രതിബിംബം തീര്‍ത്തിരിക്കുന്നു. കരയിലേത് പോലെ തന്നെ ഗംഭീരമായ ഒന്ന്.
ദാല്‍ ഗേറ്റിലെ പാലത്തിന് മുകളിലേയ്ക്ക് ആദ്യം വന്ന രണ്ട് ബസുകളും മറ്റെവിടേയ്‌ക്കൊക്കെയോ പോകുന്നതാണ്. പിന്നാലെ വന്ന ബസ് ഹസ്രത്ത് ബാലിലേയ്ക്ക് തന്നെ. തിരക്കൊഴിഞ്ഞ കുട്ടിബസില്‍ ഡ്രൈവറുടെ ഇടത് ഭാഗത്തെ മുന്‍ സീറ്റ് കിട്ടി. കാഴ്ചകള്‍ കണ്ട് പോകാന്‍ ഇതിലും മെച്ചപ്പെട്ട ഒരു സീറ്റ് ആ ബസ്സിലിനി വേറെയില്ല. ബസ് മെല്ലെ മെല്ലെ ഓരോ കവലയും കടന്ന് പോകുന്നു. ഓരോ നൂറ് മീറ്ററിലും പട്ടാളക്കാരുണ്ട്. അവരുടെ വാഹനങ്ങളും, അലക്ഷ്യമായെന്ന് തോന്നും വിധത്തില്‍ നഗരത്തില്‍ വിന്യസിച്ച മുള്ളു വേലികളും കാണാം. ആ മുള്ളു വേലികള്‍ക്കും പട്ടാളക്കാരുടെ സുരക്ഷയ്ക്ക് അകത്തും മാത്രമാണ് ഈ നഗരം ഉണര്‍ന്നെണീക്കുന്നതും ജീവിക്കുന്നതും. ഓരോ സീസണിലും പെയ്യുന്ന മഞ്ഞ് ഉരുകിയൊഴിച്ച് വേഗം താഴെപ്പോകാനായിരിക്കണം, കെട്ടിടങ്ങളുടെയെല്ലാം മേല്‍ക്കൂര ചരിച്ചാണ് നിര്‍മ്മിച്ച് കാണുന്നത്. ഇന്ന് പക്ഷേ മഞ്ഞ് ഉരുകിയൊഴിച്ച് തീര്‍ന്നിട്ടില്ല. എല്ലാ കെട്ടിടങ്ങളുടേയും മുകളിലൊരു വെളുത്ത പുതപ്പ്. മനോഹരമായ വെളുത്ത പുതപ്പ്.
റോഡിനിരുവശത്തും മഞ്ഞ് കൂടിക്കിടക്കുന്നത് കാണാം. മഞ്ഞിനിടയില്‍ ഓരോ നൂറ് മീറ്ററിലും ചെറിയ കൂടാരങ്ങളുണ്ട്. അതിനുള്ളില്‍ തോക്കേന്തി പട്ടാളക്കാര്‍. അതീവ സുരക്ഷാ മേഖലയിലൂടെയാണ് യാത്രയത്രയും.
%20(1).jpg?$p=704a3e7&&q=0.8)
''കേരളത്തില്‍ നിന്നാണോ''? ഡ്രൈവര്‍ ചോദിച്ചു. എങ്ങനെ മനസ്സിലായി എന്ന മറു ചോദ്യത്തിന് അസന്‍ ഒരു ചിരി മറുപടി നല്‍കി. അയാള്‍ നന്നായി ആസ്വദിച്ച് വണ്ടിയോടിക്കുന്നത് പോലെ തോന്നി. ദാല്‍ തടാകവും മരങ്ങളും മഞ്ഞ് വീണ വഴിയോരവും കണ്ട് യാത്ര അര മണിക്കൂറോളം നീണ്ടു. അതിനിടയിലെ ചെറു കവലകളില്‍ ബസ് നിര്‍ത്തി കണ്ടക്ടര്‍ ആളെ വിളിച്ച് കയറ്റുന്നു. പിന്നേയും മുന്നോട്ട് പോകുന്നു.
നമ്മുടെ ബസ് അവസാന സ്‌റ്റോപ്പിലെത്തി. ഹസ്രത്ത് ബാല്‍ മസ്ജിദ്. നീളമുള്ള ഒരു മതിലിനോരം ചേര്‍ന്ന വഴിയിലൂടെ മുന്നോട്ട്. ആദ്യം കണ്ട ചെറുഗേറ്റിലൂടെ അകത്ത് കയറി. മൈതാനി പോലെ വിശാലമായ ഇടം. വലിയൊരു വെളുത്ത കെട്ടിടം. താഴികക്കുടങ്ങളോടെയുള്ള പേര്‍ഷ്യന്‍ നിര്‍മ്മിതി. വെളുത്ത മാര്‍ബിളില്‍ തിളങ്ങി നില്‍ക്കുന്നു ഹസ്രത്ത് ബാല്‍ മസ്ജിദ്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ സൈനിക ഉദ്യോഗസ്ഥനായിരുന്ന സുബേദാര്‍ സാദിഖ് ഖാന്‍ 1623 ല്‍ ഇവിടൊരു ഭംഗിയുള്ള പൂന്തോട്ടവും അതിന് നടുവിലായി ഒരു വിശ്രമ കേന്ദ്രവും പണിതു. 1634 ല്‍ ഈ പൂന്തോട്ടത്തില്‍ വിരുന്നിനെത്തിയ ഷാജഹാന്‍ അവിടൊരു പള്ളി പണിയാന്‍ ഉത്തരവിട്ടു. അതാണ് നമ്മളീക്കാണുന്ന ഹസ്രത്ത് ബാല്‍ മസ്ജിദ്. സാദിഖ് ഖാന്റെ പഴയ പൂന്തോട്ടം ഇന്ന് ഇന്ത്യയിലെ പ്രധാന സഞ്ചാര കേന്ദ്രം. പണ്ട് പൂവിടര്‍ന്ന് സൗരഭം പകര്‍ന്ന ഇടങ്ങളായിരിക്കണം പള്ളിയുടെ മുന്‍ ഭാഗത്ത് കാണുന്നത്. ഇന്ന് എന്റെ കാഴ്ചയില്‍ പൂക്കളില്ല, വെളുത്ത പൂപ്പാടം പോലെ മഞ്ഞ് പടര്‍ന്നിറങ്ങിയിരിക്കുന്നു. അതിനിടയിലെ കുള്ളന്‍ മരങ്ങള്‍ എത്ര മനോഹരം.
.jpg?$p=3da7b40&&q=0.8)
അധികം ആളുകളെ പള്ളി മുറ്റത്ത് കണ്ടില്ല. പക്ഷേ, കണ്ടതിലേറെയും മലയാളികളാണ്. ബസ് ഡ്രൈവര്‍ അസന്‍ മലയാളിയാണോ എന്ന് ചോദിക്കാനുള്ള കാരണം ഇപ്പഴാണ് പിടികിട്ടിയത്. പണ്ടൊരു പകലില്‍ സാദിഖ് ഖാന്റെ ഉദ്വാനം കാണാന്‍ ഷാജഹാന്‍ വിരുന്നെത്തിയ പോലെ ഇന്നീ മസ്ജിദിന്റെ ഗാംഭീര്യം അറിയാനെത്തുന്നതിലേറെയും മലയാളികളാണ്. അക്കൂട്ടത്തില്‍ എല്ലാ ജാതി മതസ്ഥരും ഉണ്ട് എന്നതാണ് മറ്റൊരു സൗന്ദര്യം. അന്യ മതസ്ഥര്‍ക്ക് പ്രവേശനമില്ല എന്ന് പള്ളിയുടെ വാതില്‍ക്കല്‍ ആരും എഴുതിവെച്ചിട്ടില്ല. സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡും കണ്ടില്ല. എല്ലാവരും ചെരുപ്പഴിച്ച് വെച്ച് മസ്ജിദിനകത്തേയ്ക്ക് കയറുന്നു. നിശബ്ദമായ ആ ഇടത്ത് കുറച്ചേറെ സമയം ചിലവഴിക്കുന്നു, തിരികെ ഇറങ്ങി താഴെ തടാകക്കരയിലേയ്ക്ക് നടക്കുന്നു.
.jpg?$p=707333e&&q=0.8)
പള്ളിയില്‍ കയറാന്‍ സംശയിച്ച് നിന്ന എന്നെ ആ കെട്ടിടത്തിന്റെ വശത്തിരുന്ന രണ്ട് പേര്‍ വിളിച്ചു. എഴുപത് വയസ്സോളം പ്രായം തോന്നും അവരിരുവര്‍ക്കും. കശ്മീരി തൊപ്പിയും ഇവിടുത്തെ പാരമ്പര്യ വസ്ത്രവും ധരിച്ച് പള്ളിയിലിരിക്കുന്ന രണ്ട് പേര്‍, അലി മുഹമ്മദും ഗുലാം നബിയും. ധൈര്യമായി കയറിക്കോ എന്ന് പറഞ്ഞു അവര്‍. വലിയൊരു ഹാളും അതിനകം കയറി മുന്നോട്ട് നടക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനാ മുറിയും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ തലമുടി സൂക്ഷിച്ചിട്ടുണ്ട് എന്നതാണ് മസ്ജിദിന്റെ പ്രധാന പ്രത്യേകതയായി വിശ്വസിക്കപ്പെടുന്നത്. വശത്തെ പടിക്കെട്ടിറങ്ങി താഴേയ്ക്ക് നടന്നു.
.jpg?$p=34b0826&f=1x1&w=284&q=0.8)
.jpg?$p=b7898d7&f=1x1&w=284&q=0.8)
.jpg?$p=6554b87&q=0.8&f=16x10&w=284)
.jpg?$p=0fc8842&q=0.8&f=16x10&w=284)
.jpg?$p=2d9d88e&q=0.8&f=16x10&w=284)
+6
അതാ, ദാല്‍ തടാകം. ചാര്‍ ചിനാര്‍ ഐലന്റും അതിനുമപ്പുറം മഞ്ഞ് മൂടിയ മലമടക്കുകളും. കൊടും തണുപ്പില്‍ ശിക്കാര ബോട്ട് പിടിച്ച് ഐലന്റിലേയ്ക്ക് പോകാം, ദാലിനെ അനുഭവിക്കാം. തിരികെ വന്ന് ആ തടാകക്കരയിലെ പടികളിലിരുന്ന് സ്വപ്‌നം കാണാം. ആ ഇരുത്തത്തില്‍ ഒന്ന് തിരിഞ്ഞ് നോക്കിയാല്‍ പിന്നേയും മസ്ജിദ് കാണാം. ഈ താഴ്വാരത്ത് ഇലയില്ലാത്ത മരങ്ങള്‍ക്കാണ് കൂടുതല്‍ ഭംഗി എന്ന് തോന്നി. കൂര്‍ത്ത് നില്‍ക്കുന്ന ചില്ലകള്‍, താഴികക്കുടം, താഴെ ഇന്നലെ പെയ്ത മഞ്ഞ് തീര്‍ത്ത മെത്ത. ദാല്‍ തടാകത്തിന്റെ വടക്കേയറ്റം എത്രയോ മനോഹരം.
Content Highlights: hazratbal mosque srinagar kashmir
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..