
-
കാടിന് നടുവില്‍, മഞ്ഞുമൂടിയ ഒരു കുന്നുണ്ട്. കുന്നിന് മുകളില്‍ കണ്ണന്റെ ഒരു കൊച്ചമ്പലവും. കേട്ടറിവിലൂടെ നേരത്തേ ഗോപാല്‍സ്വാമി ബേട്ട മുഗ്ദ്ധമായൊരു സ്വപ്നമായി ഉള്ളില്‍ കയറിയിരുന്നു. ആ യാത്രയില്‍ നേരം പുലര്‍ന്നത് ഹങ്കാളയിലെ പൂപ്പാടങ്ങള്‍ക്ക് നടുവിലേക്കായിരുന്നു. ശ്രീ ഹങ്കാള എന്നാണ് ബോര്‍ഡില്‍. പൂക്കളും പച്ചക്കറികളും വിളയുന്ന കന്നടഗ്രാമം. കൃഷി ചെയ്തും പശുക്കളെ വളര്‍ത്തിയും കഴിയുന്ന ഗ്രാമീണര്‍. മുന്നിലൊരു ചെമ്മണ്‍പാത കണ്ടു. ഇരുവശവും സൂര്യകാന്തിപ്പാടങ്ങള്‍. പോവാന്‍ കൊതി തോന്നുന്ന വഴി! കേരളത്തില്‍നിന്ന് പോകുമ്പോള്‍ ഗുണ്ടല്‍പേട്ട് എത്തുന്നതിനുമുന്പാണ് ഗോപാല്സ്വാമിയിലേക്കുള്ള ഈ പാത. കാറ്റിന്റെ തിരയുള്ള സമുദ്രം പോലെയുള്ള പാടങ്ങളും ഭൂമിയുടെ അറ്റത്തു നില്ക്കുന്ന മലനിരകളും കണ്ടുകണ്ട് അവിടെ അങ്ങനെ നിന്നു പോകും. ചെണ്ടുമല്ലിയും ജമന്തിയും സൂര്യകാന്തിപ്പൂക്കളും. അത്തപ്പൂക്കളം പോലെ മഞ്ഞയും ഓറഞ്ചും ചുവപ്പും പച്ചയും നിരത്തിയ കളങ്ങള്‍. എല്ലാം പൂപ്പാടങ്ങളാണ്. വഴിയാത്രക്കാരുടെ വികൃതി പേടിച്ചാവും പൂപ്പാടങ്ങള്‍ക്ക് ചുറ്റും കമ്പിവേലിയുണ്ട്. എന്നിട്ടും ആവേശം മൂത്ത ചില യുവാക്കള്‍ കമ്പിവേലിക്കകത്തേക്ക് നൂണ്ടു. ഒരു സെല്‍ഫിയെടുക്കാന്‍ 50 രൂപ കൃഷിക്കാര്‍ക്ക്. ആളുകള്‍ കാശ് ചെലവാക്കി സെല്‍ഫിയെടുത്തു.

ഗ്രാമത്തില്‍ നിന്ന് വരുന്ന ഈ പാതയും ഗുണ്ടല്‍പേട്ടില്‍ നിന്ന് വരുന്ന റോഡും കൂടിച്ചേരുന്നിടത്ത് ഗോപാല്‍ സ്വാമി ബേട്ടയിലേക്കുള്ള വഴി തുടങ്ങുന്നു. ഗോപാല്‍ സ്വാമിയുടെ മലയടിവാരത്തിലാണ് വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ്. അതുവരെ സ്വകാര്യ വാഹനത്തില്‍ പോവാം. പിന്നീടങ്ങോട്ട് സര്‍ക്കാര്‍ ബസ്സിലാണ് യാത്ര. സന്ദര്‍ശകരുടെ ഇടപെടലുകള്‍ മൂലം കാടിന്റെ ലോലമായ പരിസ്ഥിതിക്ക് നാശം വരുത്താതിരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉചിതമായ മുന്‍കരുതല്‍! ആളുകള്‍ കാറും ബൈക്കുമെല്ലാം താഴെയുള്ള പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ സൂക്ഷിച്ച്, ഉരുളക്കിഴങ്ങ് ബജ്ജിയും ചായയും കഴിച്ച് ബസ്സുപിടിക്കാനോടി. യാത്രക്കാര്‍ പലതരക്കാരാണ്. ഭക്തരാണ് കൂടുതലെന്ന് തോന്നി. അക്കൂട്ടത്തില്‍ യുവമിഥുനങ്ങളും സഞ്ചാരികളും വിനോദയാത്രക്കാരുമുണ്ട്.

മലമുകളിലെ വിസ്മയങ്ങള്‍
ചെങ്കുത്തായ മലകയറ്റമാണ് ഗോപാല്സ്വാമിയിലേക്കുള്ള യാത്രയിലെ ആവേശം. മലമുകളിലേക്ക് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ യാത്രയുണ്ട്. ഓരോ ഹെയര്‍പിന്‍ വളവിലെത്തുമ്പോഴും വാഹനം ആടിയുലഞ്ഞു. ഇരുവശവും കൊടുങ്കാടാണ്. ആളുകള്‍ താഴ്വരകളിലേക്ക് ഉറ്റുനോക്കി. താഴെ വിശാലമായ കുറ്റിക്കാടുകളാണ്. കാട്ടിലെന്തോ അനങ്ങുന്നുണ്ട്. ഒന്നല്ല. നിരവധി. ചുരുങ്ങിയത് ഇരുപതെങ്കിലും. ആനകളാണ്. വലുപ്പംകൊണ്ടാവാം ആനകളെ മാത്രം കാണുന്നത്. ആനകള്‍ കാട്ടില്‍ മേയുന്ന ഉയരക്കാഴ്ച ഗംഭീരം തന്നെ! പാതിവഴി പിന്നിട്ടു. അരിപ്പൂക്കളുടെ ഒരു വയലറ്റ് കടല്‍ ചുറ്റിലും. കുറച്ച് കഴിഞ്ഞപ്പോള്‍ മഞ്ഞ് വന്ന് കാഴ്ച മൂടി. സര്‍വ്വതും മഞ്ഞിലലിഞ്ഞു. കുന്നിന് മുകളിലെ അമ്പലത്തിലെത്തുമ്പോള്‍ വീണ്ടും മാനം തെളിഞ്ഞു.
കുന്നിന്റെ മുകളില്‍ ആകാശം തുറന്നുകിടന്നു. ചെറിയൊരു അമ്പലം. ക്ഷേത്രത്തിന് ചുറ്റും ആകാശത്തിന് കയറിയിറങ്ങാനെന്നപോലെ പച്ചപുതച്ച കുന്നിന് പുറങ്ങള്‍. തൊട്ടപ്പുറത്തെ മലയിലൂടെ ഒരു കാട്ടാനക്കൂട്ടം മേഞ്ഞുവരുന്നത് കണ്ട് എല്ലാവരും കൗതുകത്തിലായി. ആനക്കൂട്ടത്തില്‍ രണ്ട് കുട്ടിയാനകളുമുണ്ട്. ചെരുപ്പഴിച്ച് ഗോപാലസ്വാമി അമ്പലത്തിലേയ്ക്ക്. പടവുകളില്‍ രണ്ട് അന്ധന്മാര് ഭിക്ഷ യാചിക്കുന്നുണ്ട്. 'ഗോവിന്ദ.... നാരായണ...' വിളിച്ചു വിളിച്ചു ശബ്ദം പരുക്കനായിട്ടുണ്ട്. ഒരാള്‍ പാടുന്നു. മറ്റൊരാള്‍ കൊട്ടുന്നു. നീട്ടിപ്പാടുന്ന ഏതോ കൃഷ്ണ ഗാനം. അമ്പലത്തിന്റെ കെട്ടുംമട്ടും ലളിതമാണ്. വലിയ ഗോപുരമോ ആര്‍ഭാടങ്ങളോ ഇല്ല. പെട്ടെന്ന് തന്നെ അകത്ത് പ്രവേശിക്കാനാവും. മരച്ചുവടില്‍ നിന്ന് ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണനാണ്(ഗോപാലസ്വാമി ) അമ്പലത്തിലെ പ്രധാന പ്രതിഷ്ഠ. 14ാം നൂറ്റാണ്ടില്‍ ഭല്ലാല രാജാവാണ് ക്ഷേത്രം നിര്‍മിച്ചതെന്ന് ചരിത്രരേഖകള്‍ പറയുന്നു. അഗസ്ത്യമുനി ഇവിടെ കഠിന തപസ്സ് അനുഷ്ഠിച്ചുവെന്നും തുടര്‍ന്ന് വിഷ്ണുഭഗവാന് ക്ഷേത്രത്തില്‍ സന്നിഹിതനായെന്നുമൊക്കെയാണ് ഐതിഹ്യങ്ങള്‍. മൈസൂരിലെ വോഡയാര്‍ രാജാക്കന്മാരാണ് പിന്നീട് ഗോപാലസ്വാമി ക്ഷേത്രത്തെ സംരക്ഷിച്ചത്.
മലമുകളില്‍ നിന്ന് ചുറ്റും നോക്കുമ്പോള്‍ കാണുന്ന കാഴ്ച വിസ്മയകരമാണ്. മുതുമല കാടുകളും നീലഗിരി കുന്നുകളുമാണ് ചുറ്റിലും. എത്രനേരം വേണമെങ്കിലും ആ കാഴ്ചകള്‍ ആസ്വദിച്ചിരിക്കാനാവും. ആനകളും പുള്ളിപ്പുലികളും കടുവകളും കാട്ടുനായകളും പന്നികളും നിറഞ്ഞ വനാന്തരം. ഒരുകാലത്ത് മൈസൂര്‍ രാജാക്കന്മാര് മൃഗയാവിനോദത്തിനെത്തിയിരുന്ന കാടുകള്‍. (രാജാക്കന്മാരില്ലാഞ്ഞത് ഭാഗ്യം!,ഗോപാല്സ്വാമിയുടെ പഴയ കഥകള്‍ പങ്കിടുന്ന ഒരാളുടെ കമന്റ്!) കാട്ടാന കയറാതിരിക്കാന്‍ പാകത്തിലാണ് ക്ഷേത്രത്തിലേക്കുള്ള പടവുകള്‍ പണിതിരിക്കുന്നത്. എന്നിട്ടും ഒരു കൊമ്പനാന കഷ്ടപ്പെട്ട് പടികയറി മുകളിലെത്തിയത്രെ! അങ്ങനെയൊരു സംഭവമുണ്ട്...ചിലദിവസം സൂര്യാസ്തമനശേഷം പ്രസാദം കഴിക്കാന്‍ വരാറുള്ള ഒരു കൊമ്പനാനയെക്കുറിച്ച് അമ്പലത്തിലെ അന്തേവാസികളാണ് പറഞ്ഞത്. ''അവന് പ്രസാദം ഇഷ്ടമാണ്. അത് കിട്ടിയാല്‍ പോയ്ക്കൊള്ളും. വാഴയിലയും ശര്ക്കരത്തുണ്ടും നാളീകേരപ്പൂളും അവന് വലിയ ഇഷ്ടമാണ്. ഒരു ദിവസം നാലുമണിക്കാണ് വന്നത്. ചുറ്റുമതിലിന് പുറത്തുകൂടെ ചുറ്റി. ഭക്ഷണശാലയുടെ വാതിലൂടെ അകത്ത് കടക്കാന്‍ ശ്രമിച്ചു. പറ്റാതെ വന്നപ്പോള്‍ തുമ്പിക്കൈ വാതിലിലൂടെ അകത്തേക്ക് നീട്ടി. നീട്ടിയ തുമ്പിയില്‍ മധുരം വെച്ചുകൊടുത്തു പൂജാരി. പിന്നെയും ആ കാട്ടുകൊമ്പന് ചില ദിവസങ്ങളില്‍ വന്നുപോയി.''

മഞ്ഞ് പൊഴിക്കുന്ന മതിഭ്രമം
വിശാലമായ ക്ഷേത്രമുറ്റത്തുകൂടി ആളുകള്‍ കാഴ്ചകള്‍ കണ്ടുനടന്നു. ''പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. പ്രത്യേകമൊരു അനുഭൂതി,'' ഉള്ളിലനുഭവിക്കുന്ന ആനന്ദം അപരിചിതരോട് പോലും ചിലര്‍ പങ്കുവെച്ചു. അമ്പലത്തിന് തൊട്ടു താഴെ ഒരു കാട്ടുപൊയ്ക കാണാനുണ്ട്. ''ഈ പൊയ്കയില്‍ രാത്രിയായാല്‍ ആനയും പുലിയും വെള്ളം കുടിക്കാന്‍ എത്താറുണ്ട്,'' ഒരു ക്ഷേത്രജീവനക്കാരന് പറഞ്ഞു. ഉച്ചനേരം. അമ്പലത്തിനകത്ത് പ്രസാദവിതരണം തുടങ്ങി. ''മുകളില്‍ എത്തിയപ്പോഴേ ഞങ്ങള്‍ക്ക് വിശന്നു. ഇവിടെയെങ്ങും ഒരു മുറുക്കാന്‍ കട പോലുമില്ലല്ലോ. ഈ പ്രസാദം രുചികരമാണ്. സാമ്പാറിന് നല്ല സ്വാദ്. കടലപ്പരിപ്പിട്ട പായസം അടിപൊളി,'' മതിലിലിരുന്ന്, ചുറ്റുപാടുമുള്ള കാഴ്ചകളിലേക്ക് കണ്ണോടിച്ച് ദമ്പതികള്‍ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. ഭക്ഷണം എടുത്തുകൊടുക്കാനും ഉത്സാഹത്തോടെ ആളുകള്‍ സഹകരിച്ചു. അവര്‍ പുഞ്ചിരി തൂകി മുന്നിലെത്തുന്നവരുടെ തളികകളില്‍ ചോറും സാമ്പാറും പായസവും പകര്‍ന്നു. കാറ്റില്‍ ചെറിയ ഒരു ഇരമ്പം. അത് പതുക്കെ അടുത്തടുത്തെത്തി. മഴയാണ്. പക്ഷേ മഴയെ പെട്ടെന്ന് കാണാതായി. മഞ്ഞിന്റെ തേരോട്ടമായി അമ്പലമുറ്റത്ത്. കാറ്റ് ചേങ്ങില പോലെ കിലുങ്ങി. ഏതോ മാന്ത്രികവലയത്തില്‍ പെട്ടെപോലെ ആളുകള്‍ നിശബ്ദരായി നിന്നു; മുന്നില്‍ നടക്കുന്നതെന്തെന്ന ആശ്ചര്യത്തില്‍!
ഗോപാല്സ്വാമിയിലെ താരങ്ങള്‍ കാറ്റും മഴയും മേഘങ്ങളും സൂര്യനും ഒക്കെയാണ്. കണ്ണടച്ചുതുറക്കുന്ന നേരം കൊണ്ട് നല്ല വെയിലായി. കൊടുംവെയിലിനും പക്ഷെ തണുപ്പാണ്! ആകാശത്തിലൂടെ മേഘങ്ങള്‍ താഴേക്കൊഴുകി. ചിലപ്പോള്‍ ആലിപ്പഴം പൊഴിഞ്ഞു. സൂര്യന് മേഘങ്ങളില്‍ ദാഹം തീര്‍ക്കാന്‍ മറഞ്ഞപ്പോള്‍ ബേട്ടയില്‍ വെള്ളി നിറം പടര്‍ന്നു. കാറ്റ് കൂടുതല്‍ കുളിര് കോരിയിട്ടു. ''ഓസം ഹില്‍സ്...'', ക്യാമറയുമായി വന്ന വിദേശി ആകെ ഹരത്തിലാണ്. ഏത് ദൃശ്യം ഫോക്കസ് ചെയ്യണമെന്നറിയാതെ അയാള്‍ കുഴങ്ങി! മഞ്ഞണിഞ്ഞ ഈ പകല്‍ പോലെത്തന്നെയാണ് വര്‍ഷം മുഴുവനും ഗോപാല്‍സ്വാമി ബേട്ട. കന്നഡയില്‍ ബേട്ട എന്നാല്‍ കുന്ന്. ഹിമവദ് ഗോപാലസ്വാമി എന്ന് കന്നഡക്കാര്‍ പറയുന്നു. മഞ്ഞ് മൂടിയ കുന്നിന് മുകളിലെ ഗോപാലസ്വാമി എന്ന്! മൂടല്‍മഞ്ഞില്‍ മറഞ്ഞിരുന്ന് വേണുഗോപാലസ്വാമി മുരളികയൂതും. കാറ്റിന്റെ ചൂളമടികള്ക്കിടെ ആ മുരളീരവം കേള്‍ക്കും പോലെ നമുക്ക് തോന്നും! വൈകീട്ട് ആവുമ്പോഴേക്കും നീലഗിരിയില്‍ നിന്നും ചുറ്റിയടിച്ചെത്തുന്ന കാറ്റിന് ശക്തി കൂടി. ആരുടേയൊക്കെയോ ബാഗും മൊബൈലുമെല്ലാം പറന്നുപോയി. വെയില് കുറഞ്ഞു. നിറം മങ്ങിയ കാടും മലയും രാത്രിയിലേക്കു പോകാനൊരുങ്ങി. കുന്നുകളില്‍ മേഘങ്ങളുടെ വലിയ നിഴലുകള്‍ വീണു. പച്ചയുടെ പല തരം നിറഭേദങ്ങളാണ് ചുറ്റിലും. പ്രകൃതിയെ അതിന്റെ രഹസ്യങ്ങളിലേക്ക് തനിയെ വിട്ട് ഗോപാലസ്വാമി ബേട്ടയില്‍ നിന്ന് അവസാനത്തെ സന്ദര്‍ശകനും കുന്നിറങ്ങി. ഇപ്പോള്‍ മലമുകളിലെ ഏകാന്തതയില്‍ കാറ്റും മഞ്ഞും മഴയും ചേര്‍ന്ന് ഗോപാലസ്വാമിക്ക് ആറാട്ട് നടത്തുകയാവും.

എപ്പോള്‍? എങ്ങനെ?
കര്‍ണ്ണാടകയിലെ ചാമരാജ്നഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലാണ് ഗോപാല്‍സ്വാമി ബേട്ട. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരമുള്ള കുന്നാണിത്. ഉയരം സമുദ്രനിരപ്പില്‍ നിന്നും 1450 മീറ്റര്‍. ഗുണ്ടല്‍പേട്ട് കഴിഞ്ഞ് ശ്രീഹങ്കള ഗ്രാമത്തില്‍ നിന്നാണ് ( ഊട്ടിയിലേക്കുള്ള റോഡ്) ഗോപാല്സ്വാമിയിലേക്കുള്ള റോഡ് തുടങ്ങുന്നത്. അമ്പലം വരെ ടാര്‍ ചെയ്ത റോഡുണ്ട്. ബൈക്കിലും ജീപ്പിലും പോകാവുന്ന ടാര്‍ ചെയ്യാത്ത ഗ്രാമപാതകളും ഉണ്ട്. അടിവാരത്തിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വരെ സ്വകാര്യവാഹനത്തില്‍ പോവാം. അവിടെയുള്ള പ്രത്യേക ഏരിയയില്‍ വണ്ടി പാര്‍ക്ക് ചെയ്ത് സര്‍ക്കാര്‍ ബസ്സിലാണ് മലമുകളിലേക്ക് പോവുന്നത്. പ്ലാസ്റ്റിക് കവറുകളോ കുപ്പികളോ ഭക്ഷണമോ മലയിലേക്ക് കൊണ്ടുപോവുന്നതിന് നിരോധനമുണ്ട്. 8.30 തൊട്ട് നാലുമണിവരെയാണ് ക്ഷേത്രത്തിലെ സമയം. രാത്രി മലമുകളില്‍ താമസിക്കാന്‍ അനുവാദമില്ല. മഴക്കാലവും തണുപ്പേറിയ ഡിസംബറും ഹങ്കാളയിലെ പൂപ്പാടങ്ങള്‍ പൂക്കുന്ന ജൂലായ്-ആഗസ്റ്റ് മാസങ്ങളുമാണ് യാത്രയ്ക്ക് നല്ലത്.
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Way to Gopalswamy Bet, Karnataka Travel, Karnataka Tourism, Karnataka Spiritual Travel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..