മഴയിലും മഞ്ഞിലും അതിസുന്ദരിയായി ഗവി; അവസാനിക്കാത്ത കാഴ്ചകള്‍, പകരംവെക്കാനില്ലാത്ത യാത്ര


കെ.സജികുമാര്‍

ദിവസം മുഴുവന്‍ കോടമഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന മലനിരകളും പുല്‍മേടുകളും. ഏതുസമയവും പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന നൂല്‍മഴയും. ചിലപ്പോളത് കലിതുള്ളുന്ന ഭാവത്തിലുമാകും. ചുരുക്കത്തില്‍ ഗവിയിലേക്കുള്ള യാത്ര ആരെയും ഹരംകൊള്ളിക്കും.

ഗവി

വീണ്ടും ഒരു മഴക്കാലം വരവായി. മഴ അതിന്റെ ദൃശ്യ മനോഹാരിതയില്‍ കുളിരണിയിച്ച് പെയ്തിറങ്ങുകയാണ്. കാനനമാകെ മഴയുടെ ലഹരിയില്‍. ഇതോടെ ഗവി അതീവ സുന്ദരിയായി. ആരെയും ആകര്‍ഷിക്കുന്ന കാനനസുന്ദരി... കാട്ടരുവികളും, ചോലകളും, മഞ്ഞുപുതഞ്ഞ മലനിരകളും, കോടമഞ്ഞും, ആഞ്ഞടിക്കുന്ന കുളിര്‍ കാറ്റും. എല്ലാം ഏറെ പുതുമകള്‍ പകരുന്ന കാഴ്ച. പ്രമുഖ ഇക്കോ ടൂറിസംകേന്ദ്രമായ ഗവിയുടെ യഥാര്‍ഥ സൗന്ദര്യം ഇപ്പോഴാണ് സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകുന്നത്.

യാത്ര അല്പം സാഹസികമാണെങ്കിലും ഗവിയുടെ കാഴ്ചകള്‍ കാണാന്‍ പ്രകൃതി ഒരുക്കിയ ഏറ്റവും അനുയോജ്യമായ സുന്ദര കാലം. രാവിലെ യാത്ര തിരിച്ചാല്‍ വൈകുന്നേരത്തോടെ തിരിച്ചെത്താം, വനം വകുപ്പിന്റെ അനുമതി തേടണമെന്നുമാത്രം.

ദിവസം മുഴുവന്‍ കോടമഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന മലനിരകളും പുല്‍മേടുകളും. ഏതുസമയവും പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന നൂല്‍മഴയും. ചിലപ്പോളത് കലിതുള്ളുന്ന ഭാവത്തിലുമാകും. ചുരുക്കത്തില്‍ ഗവിയിലേക്കുള്ള യാത്ര ആരെയും ഹരംകൊള്ളിക്കും. കാട്ടരുവികളെല്ലാം ഇനി മാസങ്ങളോളം നിറഞ്ഞൊഴുകും. മലമുകളില്‍നിന്ന് കിലോമീറ്ററുകളോളം ദൂരത്തില്‍ തൂവെള്ള നിറത്തില്‍ താഴേക്ക് നുരഞ്ഞൊഴുകുന്ന കാട്ടുചോലകള്‍ ഗവിയുടെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു.

വനത്തിലൂടെ യാത്ര

ഗവിയിലേക്കുള്ള യാത്ര ആങ്ങമൂഴി മുതല്‍ പൂര്‍ണമായും വനത്തിലൂടെയാണ്. ഗവി കവാടമായ ആങ്ങമൂഴി കൊച്ചാണ്ടിയില്‍ കക്കാട്ടാറിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ ചെറുസവാരിയോടെ ഗവി യാത്രയ്ക്ക് തുടക്കം കുറിക്കാം. ഇവിടെനിന്ന് 500 മീറ്റര്‍ മാറി കൊച്ചാണ്ടിയിലെ വനം ചെക്ക്‌പോസ്റ്റില്‍ യാത്രക്കാരെയും വാഹനങ്ങളും പരിശോധിച്ചാണ് ഗവിയിലേക്ക് കടത്തിവിടുക. ഒരുകിലോമീറ്റര്‍ പിന്നിട്ടു കഴിയുമ്പോള്‍തന്നെ മഴക്കാലത്ത് റോഡില്‍ വരവേല്‍ക്കാന്‍ 'ആതിഥേയരു'ണ്ടാകും. ഏതുസമയവും ആനയും പുലിയും കടുവയും കാട്ടുപോത്തുമൊക്കെ വന്നുപെട്ടേക്കാം. പരിഭ്രമിക്കാതിരുന്നാല്‍ മതി. ഒന്നും അപകടകാരികളല്ല എങ്കിലും അരുതാത്തതിനൊന്നും മുതിരരുതെന്നുമാത്രം.

പ്രമുഖ ആന സംരക്ഷണകേന്ദ്രമായ ഗൂഡ്രിക്കല്‍ വനത്തിലൂടെയാണ് ഗവി യാത്രയുടെ തുടക്കം. പാതയുടെ തുടക്കത്തില്‍ വേലുത്തോടിനും മൂഴിയാറിനും മധ്യേ കാട്ടാനയെ കാണാതെ മുന്നോട്ട് പോകാനാകില്ല. നിറഞ്ഞൊഴുകുന്ന കക്കാട്ടാറിന്റെ തീരത്ത് കൂട്ടമായി നില്‍ക്കുന്ന ആനക്കൂട്ടം, അതല്ലായെങ്കില്‍ റോഡിനോടുചേര്‍ന്ന ഇടതൂര്‍ന്ന ഈറ്റക്കാട്ടില്‍ ചെളിയില്‍ പൂട്ടിയടിക്കുന്ന ആനകള്‍. തുടര്‍ന്നെത്തുന്നത് മൂഴിയാറിലേക്ക്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ ഉത്പാദന നിലയം ഇവിടെയാണ്. തൊട്ടടുത്ത് മൂഴിയാര്‍ ഡാമും ഉണ്ട്. അവിടെയും കാഴ്ചകളേറെയുണ്ട്. പിന്നീട്, മലനിരകള്‍ ഒന്നായി കയറിയാണ് യാത്ര തുടരുന്നത്.

മൂഴിയാര്‍ നാല്‍പ്പതേക്കറിലേക്കാണ് പിന്നീട് ചെന്നെത്തുന്നത്. ഇവിടെ ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള വിവിധ നിര്‍മിതികള്‍ കാണാം. മെല്ലെ വാഹനം മലകയറി തുടങ്ങുന്നതോടെ തണുപ്പിന്റെ കാഠിന്യംകൂടും. നൂല്‍മഴയ്ക്കും തുടക്കമാകും. കോടമഞ്ഞിന്റെ കട്ടികൂടും. വാല്‍വ്ഹൗസാണ് അടുത്ത പോയിന്റ്. ശബരിഗിരി പദ്ധതിയിലേക്ക് വൈദ്യുതി ഉത്പാദനത്തിന് വെള്ളമെത്തിക്കുന്ന കൂറ്റന്‍പൈപ്പുകള്‍. ഒരു പ്രത്യേക കാഴ്ചതന്നെയാണ്. അരണമുടിയാണ് അടുത്ത സ്ഥലം. ഇവിടെയെത്തുന്നതോടെ ഹുങ്കാര ശബ്ദത്തോടെ വീശിയടിക്കുന്ന കോടക്കാറ്റ്. ഇവിടെ കാഴ്ചകളെല്ലാം മഞ്ഞില്‍ പുതയും. തൊട്ടടുത്ത് നില്‍ക്കുന്നവര്‍പോലും കാണാമറയത്താകും. പകല്‍ പോലും വാഹനങ്ങളുടെ ലൈറ്റ് തെളിച്ചുള്ള സഞ്ചാരം. ഇതൊരു പ്രത്യേക സുഖംപകരും. പട്ടാപ്പകല്‍പോലും കാഴ്ചമറയ്ക്കുന്ന മഞ്ഞും കാറ്റും ഈ മേഖലയുടെ മാത്രം പ്രത്യേകതയാണ്.

തീരാത്ത കാഴ്ചകള്‍

കക്കി ഡാമിലേക്കാണ് പിന്നീട് കടന്നുചെല്ലുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസംഭരണി. മഴ തുടങ്ങിയാല്‍ പിന്നെ കടല്‍പോലെ തിരയടിക്കുന്ന വെള്ളത്തിന്റെ ഓളപ്പരപ്പ്. ഡാമിനുള്ളില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന മൊട്ടക്കുന്നുകള്‍, അതിലൂടെ ആനകളും മറ്റും നീന്തിത്തുടിക്കുന്ന കാഴ്ചകളും ഭാഗ്യമുണ്ടെങ്കില്‍ കാണാം. കാഴ്ചകള്‍ തീരുന്നില്ല, മൊട്ടക്കുന്നുകള്‍ക്ക് മുകളിലെ വരയാടിന്‍ കൂട്ടവും കാട്ടുപോത്തുകളും മ്ലാവുകളുമെല്ലാം ഏതോ അത്ഭുതലോകത്ത് എത്തിച്ചോയെന്ന് തോന്നിപ്പിക്കും. ഇക്കോപ്പാറയും മൊട്ടക്കുന്നുകളും പൊന്നാപുരം കോട്ടയും എല്ലാമെല്ലാം ഏറെ ആനന്ദം പകരും. ധാരാളം ചരിത്രങ്ങളും ഇവിടെ ശേഷിക്കുന്നു.

എത്രയോ പഴയകാല സിനിമകളുടെ ഷൂട്ടിങ് നടന്ന സ്ഥലം. ബ്രിട്ടീഷുകാര്‍ നട്ടുപിടിപ്പിച്ച ഫലവൃക്ഷങ്ങള്‍ നിരവധി. തുടര്‍ന്നുള്ള യാത്രയില്‍ ആനത്തോട്, കൊച്ചുപമ്പ ഡാമുകളും എര്‍ത്ത് ഡാം, തുടങ്ങി ഡാമുകളുടെ നിരതന്നെയുണ്ട്. ശബരിമല ക്ഷേത്രത്തിന്റെ മൂലക്ഷേത്രമായ പൊന്നമ്പലമേടും ഈ പാതയില്‍ത്തന്നെ. ഇപ്പോളവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെന്നുമാത്രം. കൊച്ചുപമ്പയിലുമുണ്ടൊരു കുട്ടവഞ്ചി സവാരികേന്ദ്രം. അങ്ങനെ ഗവി എത്തുംവരെയും കാഴ്ചകളേറെ കാത്തിരിക്കുന്നു.

ഗവിയിലുമുണ്ട് കാഴ്ചകളേറെ. ചെന്താമരകൊക്കയും പഞ്ചാരമണ്ണുമൊക്കെ ഈ വനമേഖലയിലെ അപൂര്‍വ്വ സ്ഥലങ്ങളാണ്. കാഴ്ചകളേറെയാണിവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. അപൂര്‍വയിനം സസ്യങ്ങളും, ജന്തുജാലങ്ങളും എല്ലാം നിറഞ്ഞ പരിസ്ഥിതിലോല മേഖലയാണ് ഗവി. പ്രകൃതി ഒരുക്കിയ ഒരു അപൂര്‍വ ജൈവവൈവിധ്യ സൗന്ദര്യ കലവറ.

Content Highlights: gavi eco tourism destination pathanamthitta

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented