പ്രകൃതിയുടെ മാന്ത്രിക സ്പർശത്താൽ തീർത്ത അദ്ഭുത ലോകം; ഇന്ത്യൻ ​ഗ്രാൻഡ് കാന്യൻ !


എഴുത്തും ചിത്രങ്ങളും : പ്രസാദ് ചങ്ങരത്ത്

തൃശ്ശൂരിൽ നിന്ന് തുടങ്ങിയ ഒരു യാത്ര. ലോണൈാവാലയിലെ പാവ് ബജ്ജി കഴിച്ച്, വിസാപ്പുർ കോട്ട കണ്ട്, കർള ​ഗുഹയിലിറങ്ങി ​ഗണ്ടിക്കോട്ടയിലെത്തുമ്പോൾ അതാ...ഇന്ത്യൻ ​ഗ്രാന്റ് കാന്യൻ കണ്മുന്നിൽ...

​ഗണ്ടിക്കോട്ടയിലെ ​ഗ്രാന്റ് കാന്യൻ | ഫോട്ടോ: : പ്രസാദ് ചങ്ങരത്ത് മാതൃഭൂമി യാത്ര

പുലർച്ചെ രണ്ടുമണിക്ക് തൃശ്ശൂർ തിരൂരിൽ നിന്ന് വാഹനം പുറപ്പെടുമ്പോൾ ഒരു നീണ്ട യാത്രയുടെ സ്വപ്നങ്ങൾ മനസ്സിൽ ആകാശത്തോളം പാറി നടക്കുന്നുണ്ടായിരുന്നു. സുഹൃത്തായ സജി സെബാസ്റ്റിന്റെ ഡസ്റ്റർ അഡ്വഞ്ചർ വണ്ടി തലേ ദിവസം തന്നെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് മുർഷിദും നൗഷാദും കയറിയപ്പോൾ യാത്രാ ടീം സെറ്റായി.

വ്യത്യസ്ത രുചിഭേദങ്ങൾ അറിഞ്ഞും പുതിയ കാഴ്ചകളും സൗഹൃദങ്ങളും നേടിയെടുത്തുമുള്ള യാത്രയായിരുന്നു ഇത്. യാത്രയ്ക്കിടെ ദേവ നാഗെര ജില്ലയിലെ സന്തേബെന്നുർ എത്തിയപ്പോൾ ഒരു സംരക്ഷിത പുഷ്കരണി (ജലാശയം) കണ്ടു. പ്രാദേശികമായി ഹോണ്ട (HONDA) എന്നാണ് ഇത് അറിയപ്പെടുന്നത്. സന്തേബെന്നൂരിന്റെ ചരിത്രം പുഷ്കരണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിജയ നഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇവിടം. പുഷ്കരണിയുടെ നടുക്ക് ഒരു വസന്ത മണ്ഡപവും അതിലേക്ക് ഇറങ്ങാൻ മനോഹരമായി ഗ്രാനൈറ്റ് പടികളും നിർമിച്ചിട്ടുണ്ട്. കുറച്ചുസമയം അവിടെ ചെലവഴിച്ചതിനുശേഷം യാത്ര തുടർന്നു.

ആദ്യ ദിവസം ഹുബ്ബള്ളിയിലെ ഒരു ഹൈവേ ഹോട്ടലിൽ തങ്ങി. പിറ്റേന്ന് രാവിലെ യാത്ര തുടർന്നു. ലോണാവാലയിലെ മൽവാലിയിലുള്ള യൂത്ത് ഹോട്ടൽ അസോസിയേഷനിൽ താമസം ബുക്ക് ചെയ്തിരുന്നു. റൂമിലിരുന്ന് വിശ്രമിച്ചതിനുശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. കുറച്ചുനേരം ചുറ്റിക്കറങ്ങിയതിനുശേഷം നടക്കുമ്പോളാണ് പാവ് ബജ്ജിയും ജിലേബിയും ഉണ്ടാക്കുന്ന ഒരു വൃദ്ധന്റെ കട കണ്ടത്. മറാത്താ രുചിക്കൂട്ടുമായി പാവ് ബജ്ജി ഞങ്ങൾക്ക് മുന്നിൽ നിരന്നു. വായ്ക്കുള്ളിൽ രുചിഭേദങ്ങളുടെ ഒരു വിസ്ഫോടനം. ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളം വരുന്നു. അയാൾ വീണ്ടും വീണ്ടും ഞങ്ങളുടെ മുന്നിലേക്കത് വെച്ചുകൊണ്ടിരുന്നു. നല്ല എരിവിനിടയിലേക്ക് അതാ വരുന്നു സ്വാദിഷ്ഠമായ ജിലേബി, കടയിൽ പണം കൊടുത്തിറങ്ങിയപ്പോൾ വൃദ്ധന്റെ കണ്ണുകളിൽ സ്നേഹത്തെളിച്ചം മിന്നുന്നത് കണ്ടു. അടുത്ത ദിവസം രാവിലെ ഞാനും മുർഷിദും പ്രഭാത നടത്തത്തിനിറങ്ങി. ഹോസ്റ്റലിലെ ഒരു നായയും ഞങ്ങളുടെ കൂടെ വന്നു. പല സ്ഥലങ്ങളിലേക്ക് പോകുമ്പോഴും ഇങ്ങനെയൊരു അനുഭവമുണ്ടാകാറുണ്ട്. നമ്മുടെ കൂടെ കൂട്ടായി ഒരു നായ വരും. യാത്രയിൽ അത് നമുക്കൊപ്പം കൂടും; യാത അവസാനിക്കുന്നതോടുകൂടി അത് നമ്മെ വിട്ടുപോകും. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സേവനം. തിരിച്ച് ഹോസ്റ്റലിൽ എത്തിയപ്പോൾ ഞങ്ങൾക്കൊപ്പം യാത്രയ്ക്കായി എത്തിയ മറ്റുപലരെയും കണ്ടു. ആന്ധ്രയിൽ നിന്നും മുംബൈയിൽ നിന്നുമുള്ളവർ. പ്രഭാതഭക്ഷണം കഴിഞ്ഞതോടെ ഞങ്ങൾക്ക് പോകാനുള്ള വാഹനം റെഡിയായി.

Khandala gharh view point
ഖണ്ഡാലഘട്ട് വ്യൂപോയിന്റ്

മാൽവാലിയിൽനിന്ന് ഞങ്ങളാദ്യം പോയത് ഖണ്ടാല (KHANDALA) ഘട്ടിന്റെ വന്യ സൗന്ദര്യം കാണുന്ന രാജ്മാച്ചി (RAMACHI) വ്യൂ പോയിന്റിലേക്കാണ്. ഒരു ഹൈവേ വ്യൂ പോയിന്റാണ് ഇത്. ദൂരേ താഴെയായി വാഹനങ്ങൾ പോയ്കൊണ്ടിരിക്കുന്നു. പിന്നീട് അടുത്തുള്ള പാർക്കിലേക്ക് നടന്നു. പാർക്കിന്റെ പുറകുവശത്ത് കമ്പിയഴികളാൽ ഭദ്രമാക്കിയ സ്ഥലത്തുനിന്ന് അഗാധമായ ഗർത്തത്തിലേക്ക് നോക്കി നിന്നു. വലതുവശത്ത് ദൂരേ അക്ഷരാർഥത്തിൽ ഉറുമ്പരിക്കുന്നതുപോലെ ട്രക്കുകളും മറ്റ് വാഹനങ്ങളും നീങ്ങിക്കൊണ്ടിരിക്കുന്നു. നിൽക്കുന്നതിനുതന്നെ സമാന്തരമായി മറ്റൊരു മലനിരയുമുണ്ട്. രണ്ടിനുമിടയിൽ അഗാധ ഗർത്തം, കനത്ത കാറ്റ്. ആടിയുലയാതിരിക്കാൻ കമ്പിയിൽ പിടിച്ചു നിന്നേ മതിയാകൂ. അധികനേരം ആ തുമ്പത്ത് നിന്നില്ല. ഉച്ചതിരിഞ്ഞ് ടൈഗേഴ്സ് ലീപ്പിലേക്കാണ് (TIGERS LEAP) പോയത്. മലനിരകളും താഴ്വാരങ്ങളുംകൊണ്ട് ആസ്വാദകരുടെ മനസ്സ് നിറയ്ക്കുന്ന മാസ്മരിക കാഴ്ചയാണ് ഇവിടെ. ലോണാ വാല സന്ദർശിക്കുന്നവർ ഒരു കാരണവശാലും ടൈഗേഴ്സ് ലീപ്പിലെ സൂര്യാസ്തമയ കാഴ്ച നഷ്ടപ്പെടുത്തരുത്. ഇതിനടുത്താണ് പ്രശസ്ത മായ ആംബിവാലി സിറ്റി ഉള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഹിൽ സിറ്റിയാണ് സഹാറയുടെ ആംബിവാലി.

lohagrah
ലോഹ​ഗഡ് കോട്ടവാതിൽ

അടുത്ത ദിവസത്തെ യാത്രയുടെ ഓരോ നിമിഷവും മാസ്മരികമായിരുന്നു. ലോഹഗഡ് കോട്ടയുടെ പടവു കൾക്കുമുന്നിൽ നിന്നപ്പോൾ ഒരു വിശേഷ അനുഭൂതി ശരീരമാസകലം പടർന്നു. കരിങ്കല്ലിൽ വിദഗ്ധമായി പണിതെടുത്ത പടവുകൾ. അതിൽ ഉയർന്നുനിൽക്കുന്ന, കരിങ്കല്ലിന്റെ തന്നെ ചെറുമതിലുകൾ. ഉയർന്നുപൊങ്ങുന്ന പടവുകൾക്കപ്പുറം മരങ്ങൾ ചാഞ്ഞ് തണലേകി നിൽക്കുന്നു. ഇരുനൂറ്റമ്പതോളം പടവുകൾ കയറിവേണം കോട്ടവാതിൽക്കലെത്താൻ. മറാത്താ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ലോഹഗഡ് കോട്ട അതിന്റെ ഗാംഭീര്യം കൊണ്ട് മനസ്സ് കീഴടക്കും. വിവിധ രാജവംശങ്ങളുടെ കൈപ്പാടുകൾ പതിഞ്ഞ് കടന്നുപോയ നീണ്ട ചരിത്രംതന്നെ ഈ കോട്ടയ്ക്കുണ്ട്. പ്രാകൃത ഭാഷയിലുള്ള ശിലാലിഖിതങ്ങൾ കോട്ടയിലെ പാറക്കല്ലിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രാകൃത സംസ്കൃത ഭാഷയുടെ സ്വാധീനമുള്ള ഈ ലിഖിതങ്ങൾ പുരാവസ്തു വിദഗ്ധരുടെ ശ്രദ്ധയെ ആകർഷിച്ചു. എന്തായാലും പ്രതീക്ഷകളുടെ വേലിയേറ്റം കോട്ടവാതിലിൽ തട്ടി തകർന്നു. കോവിഡ് നിയന്ത്ര ണങ്ങളുടെ ഭാഗമായി കോട്ട താത്കാലികമായി അടച്ചിട്ടിരിക്കയായിരുന്നു. എങ്കിലും നിരാശരായില്ല. ഇതുവരെ വന്ന കല്പടവുകളുടെ ഭംഗിയിലും കോട്ടയുടെ പുറംകാഴ്ചയിലും താത്കാലികമായി മനസ്സിനെ തൃപ്തിപ്പെടുത്തി.

Visapur
വിസാപ്പുർ ട്രെക്കിങ് പാത

അടുത്ത കോട്ട ഇതിനടുത്തുതന്നെയാണ്; വിസാപ്പൂർ കോട്ട. കുറച്ച് ആധിയോടെയാണ് അവിടേക്ക് പോയത്. ലോഹഗഡ് കോട്ടപോലെ അവിടെയും വാഹനം പാർക്ക് ചെയ്ത് പുറത്തേ ക്കിറങ്ങിയപ്പോൾ ആശ്വാസമായി. കോട്ട കണ്ടിറങ്ങിവരുന്ന ആൾക്കാർ. വിസാപ്പൂർ കോട്ട ഒരു ട്രക്കിങ് റൂട്ട് കൂടിയാണ്. കോട്ടയിലേക്ക് എത്തുവാൻ ദുർഘടമായ വഴിയിലൂടെ നടന്നുകയറണം. ട്രെക്കിങ്ങിന് മുൻപുതന്നെ ക്ഷീണമകറ്റാൻ എന്തെങ്കിലും കൈയിൽ കരുതാം. ക്രമം തെറ്റിക്കിടക്കുന്ന പാറകളിൽ അള്ളിപ്പിടിച്ചും ചവിട്ടിക്കയറിയും വേണം മുകളിലേക്ക് കയറാൻ. ഇടയ്ക്ക് പാറകളിൽ ഇരുന്ന് ക്ഷീണമകറ്റാം. ലോഹഗഡ് കോട്ടയ്ക്കുശേഷം പണിതതാണ് വിസാപ്പൂർ കോട്ട. ലോഹഗഡിനേക്കാൾ ഇതിന് ഉയരക്കൂടുതൽ ഉണ്ടായിരുന്നതിനാൽ ആ സൗകര്യം ഉപയോഗിച്ചുകൊണ്ട് ബ്രിട്ടീഷുകാർ ലോഹഗഡിനെതിരേ ആക്രമണങ്ങൾ നടത്തുകയുണ്ടായി. ഈ കോട്ടയുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്തെന്നാൽ വടക്ക് കൊങ്കണും തെക്ക് ഡെക്കാനും ആണ്. കയറിക്കയറി കോട്ടയുടെ മുകൾ പരപ്പിലേക്കെത്തുമ്പോൾ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന താഴ്വാരം കാണാം. മൺസൂൺ സമയങ്ങളിൽ കൂടുതൽ പച്ചപ്പണിഞ്ഞ കാഴ്ചകൾ കാണാൻ കഴിയും. ഒരുവശത്തുനിന്ന് താഴേക്ക് നോക്കിയപ്പോൾ ട്രെക്കിങ് തുടങ്ങിയ ഭാഗത്തുള്ള കട ഒരു പൊട്ടു പോലെ കണ്ടു. ശക്തിയായി കാറ്റ് വീശുന്നുണ്ടായിരുന്നു. വിശാലമായിത്തന്നെ കോട്ടയുടെ മുകൾഭാഗം കിടന്നിരുന്നു. ചെറിയൊരു ക്ഷേത്രം ഒരുഭാഗത്തുണ്ട്. കുറെ മരങ്ങൾ കാടുപോലെ വളർന്നുനിൽക്കുന്നുണ്ട്. കോട്ട ചുറ്റിക്കറങ്ങി തിരിച്ചിറങ്ങാൻ തുടങ്ങി. താഴെ വന്ന് അവിടെയുള്ള കടയിൽനിന്ന് ലഘുഭക്ഷണം വാങ്ങിക്കഴിച്ചു. നല്ലൊരു ട്രെക്കിങ് കഴിഞ്ഞതിന്റെ സന്തോഷം എല്ലാവർക്കുമുണ്ടായിരുന്നു. വൈകുന്നേരത്തോടുകൂടി ഹോസ്റ്റലിൽ എത്തി. അത്താഴത്തിനുശേഷം ക്യാമ്പ് ഫയർ തീർത്ത് എല്ലാവരും അതിനുചുറ്റും കൂടി. രാത്രി വൈകി ഉറങ്ങാൻ കിടന്നു. അടുത്ത ദിവസം മറ്റൊരു കൗതുക കാഴ്ചയിലേക്കാണ് പോകുന്നത്.

കാലത്ത് പ്രഭാതഭക്ഷണത്തിനുശേഷം പോയത് കർള (KARLA) ഗുഹകൾ കാണാനാണ്. കർള ഗുഹകൾ ബുദ്ധസംസ്കാരത്തിന്റെ തിരുശേഷിപ്പുകളുടെ ചരിത്ര കാഴ്ചകളാണ്. ഗുഹാക്ഷേത്രങ്ങളിൽ തന്നെ വളരെ പഴക്കമുള്ള കർള ഗുഹകൾ പത്താംനൂറ്റാണ്ടിൽ നിർമിച്ച താണെന്ന് കരുതപ്പെടുന്നു. ഗുഹയുടെ ഒരുഭാഗത്ത് ഏക് വീരാ ദേവിയുടെ (EKVIRA) ക്ഷേത്രമുണ്ട്. മുന്നൂറ്റമ്പതോളം പടികൾ കയറിയിട്ടുവേണം അവിടേക്കെത്താൻ. രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു ബുദ്ധമൊണാസ്ട്രി പ്രവർത്തിച്ചിരുന്നുവെന്ന് കരുതുന്നു. ഗുഹകളുടെ ക്ഷേത്രഭാഗത്താണ് കൊത്തുപണികളോടുകൂടിയ ഭാഗം കാണാൻ കഴിയുക. അശോകസ്തംഭത്തിന്റെ മാതൃകയിൽ ഒരു സ്തംഭം കാണാം. ചൈത്യ എന്നറിയപ്പെടുന്ന ബുദ്ധമതസ്ഥരുടെ പ്രാർഥനാഹാളിലേക്ക് കടക്കുമ്പോൾ പലവിധ രൂപങ്ങൾ കല്ലിൽ കൊത്തിവെച്ചിട്ടുള്ളത് കാണുവാൻ കഴിയും. കാഴ്ച കണ്ട് തിരിച്ചിറങ്ങി.

ഛത്രപതി ശിവജി മഹാരാജിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കൊരിഗഡ് കോട്ടയിലേക്കാണ് (KORIGAD) പിന്നീട് പോയത്. അറുനൂറോളം പടികൾ കയറി വലിയൊരു കോട്ടവാതിൽ കടന്ന് അകത്തേക്ക് കയറാം. വിശാലമായ കോട്ടയ്ക്കുള്ളിൽ ‘കൊരൈ ദേവിയുടെ ക്ഷേത്രവുമുണ്ട്. ദേവിയെ കോട്ടയുടെ രക്ഷാധികാരിയായി സങ്കല്പിച്ചിരിക്കുന്നു. കോട്ടയുടെ ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത് കോട്ടമൈതാനവുമാണ്; ചില ഭാഗങ്ങളിൽ കോട്ടമതിൽ ഇല്ല, കോട്ടയുടെ ഒരുഭാഗത്ത് പുരാതന പീരങ്കി കാണാം. കോട്ടയ്ക്കുള്ളിൽ തന്നെ ജല സംഭരണിയുമുണ്ട്. ഇവിടെനിന്ന് നോക്കുമ്പോൾ വിശാ ലമായ താഴ്വാരവും ദൂരെ ആംബിവാലി സിറ്റിയും കാണാം. കുറെസമയം അവിടെ ചുറ്റിക്കറങ്ങി താഴേക്കിറങ്ങി. ആ തിരിച്ച് ഹോസ്റ്റലിൽ എത്തി. ഇനിയുമേറെ സ്ഥലങ്ങൾ കാണാനുണ്ടെങ്കിലും പ്ലാൻ ചെയ്ത പ്രകാരമുള്ള സ്ഥലങ്ങൾ കണ്ടുകഴിഞ്ഞു. എങ്കിലും ഇന്നത്തെ രാത്രികൂടി ഇവിടെ തങ്ങി അടുത്ത ദിവസം രാവിലെ പോകാമെന്ന് തീരുമാനിച്ചു. കാലത്തുതന്നെ ഞങ്ങളിറങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ കൂടെയുണ്ടായിരുന്ന സഹയാത്രികരോട് വിട പറഞ്ഞു. ഇന്നത്തെ യാത്ര മുഴുവൻ കാറിലാണ്. എക്സ്പ്രസ് ഹൈവേയിലൂടെ കിലോമീറ്ററുകളോളം നീണ്ട കരിമ്പ് കൃഷിയിടങ്ങൾ കണ്ട് വാഹനം മുന്നോട്ടുപോയി. രാത്രിയിൽ വഴിയിലെ ഹോട്ടലിൽ മുറിയെടുത്തു. അടുത്തദിവസങ്ങളിൽ ഞങ്ങളെ കാത്തിരുന്നത് പ്രകൃതി വിസ്മയങ്ങളായിരുന്നു. തെലങ്കാനയിലേക്ക് സ്വാഗതമോതിയ ബോർഡുകൾ കടന്ന് കാർ മുന്നോട്ട് കുതിച്ചു. നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളും വ്യത്യസ്തമായ ഭൂപ്രദേശങ്ങളും താണ്ടി കടപ്പയിലെത്തി. ഒരുപക്ഷേ, കടപ്പ നമുക്കെല്ലാം സുപരിചിതമാകുന്നത് അവിടത്തെ കല്ലുകളുടെ പ്രതേകത കാരണമാണ്. കടപ്പയിലെ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ മലകളും കുന്നുകളുമെല്ലാം നമുക്ക് പരിചിതമല്ലാത്ത രൂപങ്ങൾ കൈവരിച്ചതായി കാണാം. കടപ്പക്കല്ലുകളുടെ പ്രത്യേകതയാണത്. അതെ, അതിൽനിന്നുമാണ് കടപ്പക്കല്ലുകൾ വെട്ടിയെടുത്ത് മിനുസപ്പെടുത്തുന്നത്. വഴിയുലടനീളം കടപ്പക്കല്ലുകൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ശാലകൾ കണ്ടു.

Korigarh Fort
കൊരി​ഗഡ് കോട്ടയുടെ മുകളിൽ നിന്നുള്ള കാഴ്ച

കുറേ ദൂരം സഞ്ചരിച്ച് ബേലം ഗുഹകൾ കാണുന്നതിനുള്ള കമാനത്തിന് മുന്നിലെത്തി. കമാനം കടന്നുനീങ്ങുമ്പോൾ വലതു ഭാഗത്തായി 40 അടിയോളം ഉയരത്തിലുള്ള ബുദ്ധപ്രതിമ എല്ലാവരെയും ആകർഷിക്കും. മേഘാലയയിലെ പ്രസിദ്ധമായ ഗുഹകൾ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗുഹകൾ ആണ് ബേലം ഗുഹകൾ. മൂന്നര കിലോമീറ്ററുകളോളം ഇതിന്റെ നീളം രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽത്തന്നെ ഒന്നര കിലോമീറ്ററോളമാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തിട്ടുള്ളത്. ഗുഹ ളുടെ ഉൾവശത്തെ പ്രധാന കാഴ്ചകളിൽ പാതാള ഗംഗ, ധ്യാന മന്ദിരം, സിംഹദ്വാരം, സപ്തസ്വര മണ്ഡപം തുടങ്ങിയവ ഉൾപ്പെടും. ബ്രിട്ടീഷ് ഭൂമിശാസ്ത്രജ്ഞനും പുരാവസ്തു ഗവേഷകനുമായ റോ ബർട്ട് ബ്രൂസ് ഫൂട്ട് ആണ് 1884-ലെ ഗവേഷണത്തിൽ ഇത് രേഖപ്പെടുത്തിയത്. തുടർന്ന് പല വർഷങ്ങളിലായി നടന്ന പഠനങ്ങളുടെ ഘട്ടംഘട്ടമായുള്ള പരിണതഫലമായി 2002 ഫെബ്രുവരിയിൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

ദശലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമിയിലൂടെ ഒഴുകിയ ജലപാതത്തിന്റെ ഫലമായാണ് ഈ ഗുഹകൾ രൂപാന്തരപ്പെട്ടതെന്ന് വിശ്വസിക്കുന്നു. പത്തുമുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് സന്ദർശന സമയം. ടിക്കറ്റ് കൗണ്ടറിന്റെ അടുത്തുതന്നെ ലഘു ഭക്ഷണശാലയുണ്ട്. ഗുഹയിലെ കാഴ്ചകൾ വിശദീകരിക്കാൻ ആവശ്യമെങ്കിൽ ഗൈഡിന്റെ സേവനവും പണംകൊടുത്താൽ ലഭ്യമാകും. പടികളിറങ്ങി ഗുഹയിലേക്ക് പ്രവേശിക്കുമ്പോൾ ത്തന്നെ നമ്മുടെ ആകാംക്ഷ ഇരട്ടിയാകും. പ്രകൃതിയുടെ മാന്ത്രിക സ്പർശത്താൽ തീർത്ത ഒരു അദ്ഭുത ലോകത്തിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. ഓരോ അടിയും മുന്നോട്ട് വെക്കുമ്പോൾ കൗതുകം വർധിച്ചുകൊണ്ടേയിരിക്കുന്നു. ഗുഹകളുടെ പല ഭാഗങ്ങളിലും വെളിച്ചത്തിനും ആകർഷണീയതയ്ക്കും വേണ്ടി പലതരത്തിലുള്ള വർണപ്രകാശം തരുന്ന സം വിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വഴിതെറ്റാതെ പോകാനായി സൂചനാഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ പൈപ്പ് മുഖേന പുറത്തുനിന്ന് വായു കടത്തിവിടുന്നുണ്ട്. അതുകൊണ്ടുതന്നെ വായുതടസ്സമോ ശ്വസിക്കാനുള്ള ബുദ്ധിമുട്ടോ അനുഭവപ്പെടില്ല. കുറേസമയം അതിന്റെയുള്ളിൽ കണ്ടുകഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ വലിയൊരു അദ്ഭുത്തിനു സാക്ഷ്യം വഹിച്ചപോലെ എല്ലാവരുടെയും കണ്ണുകൾ വിടർന്നു. പുറത്തെത്തിയാൽ അങ്ങനെയൊരു മഹാദ്ഭുതം പേറി നിൽക്കുന്നതിന്റെ ഒരു ലക്ഷണവുമില്ല. ലഘുഭക്ഷണ ശാലയിൽ നിന്ന് താത്കാലികമായി ഐസ്ക്രീം വാങ്ങിക്കഴിച്ച് അടുത്ത സ്ഥലത്തേക്ക് യാത്രയായി.

Balem caves
ബേലം ​ഗുഹയ്ക്കുള്ളിൽ നിന്നുള്ള കാഴ്ച

അടുത്ത ലക്ഷ്യം ഗണ്ടി കോട്ടയാണ്. പ്രകൃതി ഒരുക്കിവെച്ച മറ്റൊരു മഹാദ്ഭുതം അവിടെ കാത്തിരിപ്പുണ്ട്. ഗണ്ടിക്കോട്ടയിൽ താമസിക്കാനായി പലതരത്തിലുള്ള സൗകര്യങ്ങളും ലഭ്യമാണ്. അതിന്റെ സൂചക ബോർഡുകളും വഴിയിൽ കാണാം. എങ്കിലും ഞങ്ങൾ താമസിച്ചത് ഹരിത റിസോർട്ടിലാണ്. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള റിസോർട്ട് ആണിത്. ഇന്ത്യയിലെ ഗ്രേറ്റ് കാന്യൻ കാണുക എന്നതാണ് അടുത്തലക്ഷ്യം. റിസോർട്ടിൽനിന്ന് ഉദ്ദേശം ഒന്നരകിലോമീറ്ററോളം ദൂരമേ ഉള്ളൂ അവിടേക്ക്. രാത്രി സുഖമായി കിടന്നുറങ്ങി രാവിലെ നേരത്തേയെഴുന്നേറ്റ് പുറപ്പെട്ടു. സൂര്യോദയത്തിനു മുൻപ് അവിടെയെത്തണമെന്നായിരുന്നു പ്ലാൻ.

വിശാലമായ കോട്ടയുടെ കവാടത്തിനുള്ളിലേക്ക് വാഹനം കയറ്റി അതിനുള്ളിലൂടെ മുന്നോട്ട് പോകണം. കുറച്ചുകൂടെ മുന്നോട്ട് പോയി അവിടെയൊരു സ്ഥലത്ത് കാർ ഒതുക്കിയിട്ട് നടന്നു. ഇരുട്ടാണ് ചുറ്റും. മൊബൈലിന്റെ ടോർച്ച് വെളിച്ചത്തിൽ നടന്നു. മണ്ണ് മാറി പാറകൾ നിറഞ്ഞ വിശാലമായ ഒരു പ്രദേശത്തേക്ക് എത്തി. മുന്നോട്ട് നടന്നെത്തിയപ്പോൾ ഒരുവശത്ത് അഗാധമായ ഗർത്തവും വലിയൊരു നദിയും കണ്ടു. ഒരു നിമിഷം സ്തംഭിച്ച് നിന്നുപോയി... രണ്ട് ഭാഗങ്ങളായി വേർതിരിഞ്ഞ് കിടക്കുന്നതിന്റെയിടയിൽ കൂടി പെനാർ നദി അതിന്റെ ഗാംഭീര്യം പ്രദർശിപ്പിച്ചുകിടക്കുന്നു. സൂര്യൻ പതുക്കെ ഉദിച്ചുവരുന്നു. ആകാശത്തിന് നിറഭേദങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നദിക്കുമീതെ കൂടി ഒരു പൊട്ടുപോലെ താഴെ പക്ഷികൾ പറക്കുന്നത് കാണാം. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് ഗണ്ടിക്കോട്ട. അവിടെയാണ് ഇന്ത്യയിലെ ഗ്രാൻഡ് കാന്യൻ (Grand Canyon of India ) സ്ഥിതി ചെയ്യുന്നത്. പാറകളിൽ കൂടി കയറിയിറങ്ങി നടക്കേണ്ടതുള്ളതുകൊണ്ട് ശ്രദ്ധിച്ച് നടക്കണം. കുറേസമയം അവിടെ ചിലവഴിച്ചതിനുശേഷം തിരിച്ച് റിസോർട്ടിലെത്തി.

അടുത്ത ലക്ഷ്യം ലേപാക്ഷിയാണ്. ആന്ധ്രയിലെ തന്നെ അനന്തപുർ ജില്ലയി ലെ ഒരു കൊച്ചു ഗ്രാമമാണത്. അവിടത്തെ പ്രശസ്തമായ വീരഭദ്ര സ്വാമിക്ഷേത്ര സന്ദർശനം ആണ് ഉദ്ദേശ്യം. ക്ഷേത്രം എത്തുന്നതിന് മുൻപ് വലിയൊരു നന്ദി പ്രതിമയുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഒറ്റക്കൽ പ്രതിമയാണത്. (ഒന്നാമത്തേത് ശ്രാവണബെലഗോളയിലെ ഗോമടേശ്വര പ്രതിമ). അതെ, യാത്രയിലെ മറ്റൊരു വിസ്മയം കൂടി ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞുവരുകയാണ്. ക്ഷേത്രമതിലുകളും തു ണുകളും നടപ്പാതയുമെല്ലാം കരിങ്കല്ലിൽ മെനഞ്ഞെടുത്തിരിക്കുന്നു. പുറംതളം ചുറ്റി അകത്തേക്ക് കടന്നപ്പോൾ വലതുവശത്ത് വലിയൊരു ഗണപതി പ്രതിമ കരിങ്കല്ലിൽ കൊത്തിവച്ചിരിക്കുന്നു. അതിനടുത്ത് തന്നെയാണ് ശിവലിംഗവും അതിന് മുകളിൽ പത്തിവിരിച്ചുനിൽക്കുന്ന പത്തിവിരിച്ചുനിൽക്കുന്ന നാഗരാജാവിന്റെ പ്രശസ്തമായ പ്രതിമയും ഉള്ളത്. ഉദ്ദേശം പന്ത്രണ്ട് അടിയോളം ഉയരമുള്ള ഈ നാഗലിംഗം ലേപാക്ഷി ക്ഷേത്രത്തിന്റെ പ്രധാന ആകർഷണീയതയിൽ ഒന്നാണ്. അവിടെനിന്ന് കരിങ്കൽ പാതയിലൂടെ നടന്ന് മണ്ഡപത്തിലെത്തി. കരിങ്കൽ തൂണുകളിലെ കൊത്തുപണികളും കണ്ട് കൗതുകംപൂണ്ട് മുന്നോട്ട് നടന്നാൽ മറ്റൊരദ്ഭുതം കാണാം. മണ്ഡപത്തിലെ ഒരു തൂണുമാത്രം നിലം സ്പർശിക്കാതെ നിൽക്കുന്നു. തൂണിന്റെ താഴെകൂടി തുണി വിരിച്ചുകടത്തിയത് കാണുമ്പോൾ വിസ്മയം ഏറിവരും. തൂണുകളിലെല്ലാം കൊത്തുപണികൾ ചെയ്തു വച്ചിട്ടുണ്ട്. വീരഭദ്ര സ്വാമിയെ തൊഴുത് ക്ഷേത്രത്തിന്റെ എല്ലാ വശവും ചുറ്റിക്കറങ്ങി ധ്വജസ്തംഭം വഴി പുറത്തേക്കിറങ്ങി.

Santhebennur
സന്തേബെന്നൂർ പുഷ്കരണി

ഇനി തിരിച്ചുള്ള യാത്രയാണ്. പോകുന്ന വഴിയിൽ കബിനിയിൽ കൂടി കയറണമെന്ന് തീരുമാനിച്ചു. രാത്രി അസമയത്ത് ചെന്നാൽ താമസിക്കാൻ ഇടം കിട്ടുമോ എന്നറിയില്ല. എങ്കിലും പോകാൻ തന്നെ തീരുമാനിച്ചു. സൂര്യൻ പതുക്കെ അസ്തമിച്ചു തുടങ്ങി. അർധരാത്രിയോടനുബന്ധിച്ച് കബിനിയ്ക്കടുത്ത് ഹാൻഡ്പോസ്റ്റിൽ എത്തി. കുറെ നാളുകൾക്കു ശേഷം കാട്ടിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. അടുത്ത ദിവസം കാട്ടിൽ കയറി. നല്ല സുഖമുള്ള തണുത്ത കാറ്റ് അടിക്കുന്നുണ്ടായിരുന്നു. എങ്ങും കനത്ത നിശ്ശബ്ദത. ഒരു ജലാശയത്തിനടുത്തെത്തിയപ്പോൾ അതാ മഞ്ഞിന്റെ ആവരണം നീക്കി ഭീമാകാരനായ ഒരു കടുവ ഇറങ്ങി വരുന്നു. ഒരു നിമിഷം ആ ആൺകടുവ മുഖമുയർത്തി ഞങ്ങളുടെ ഭാഗത്തേക്ക് നോക്കി. ഒന്നും സംഭവിക്കാത്തതുപോലെ കാടിനുള്ളിലേക്ക് കയറി അപ്രത്യക്ഷനായി. കാടിനുള്ളിൽ നിന്നത് നടന്നുവന്നത് ഞങ്ങ ളുടെ ഹൃദയത്തിലേക്കായിരുന്നു. പിന്നേയും കുറേ കാഴ്ചകൾ, അതാ പെട്ടെന്ന് ഒരു കാഴ്ച. പൊന്തക്കാടിന്റെ അരികിൽ ഒരു പെൺകടുവ ഇരിക്കുന്നു. ഞങ്ങളെ കണ്ടിട്ടും കൂസലില്ല. തന്റെ മുൻ കാലുകൾ നക്കിത്തുടച്ച് ഇടയ്ക്കൊന്ന് കോട്ടുവായിട്ട് കുറച്ചുനേരം ഇരുന്നു. പിന്നെ പതുക്കെ എഴുന്നേറ്റ് കാടിനുള്ളിലേക്ക് മറഞ്ഞു. കാടു കയറ്റം അതിഗംഭീരമായി. ഇത്രയും ദിവസം നീണ്ട യാത്രയുടെ കലാശക്കൊട്ട് അക്ഷരാർഥത്തിൽ മനസ്സു നിറച്ചു. എല്ലാവരും ഒരേ മനസ്സോടെനിന്ന ഈ യാത എങ്ങനെ മറക്കാനാണ്.

YATHRA TRAVEL INFO

India has its very own version of the Grand Canyon which is situated in Gandikota the small village of Kadapa District. The best time to visit here is Sunrise and sunset. Please wear your mask all throughout the trip even inside the vehicle. Always carry a good hand sanitizer. At Lonavala, one must-try Misal pav and Vada pav.

Getting there

Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

By Road: Gandikota is well connected to major cities like Bangalore, Hyderabad and Vizag through the NH 7. By Rail: The nearest railway stations to Gandikota are at Jammalamadugu (18 km away), Kadapa (77 km away), and Tirupati (219 km away). By Air: Tirupati Airport at Renigunta and Bengaluru International Airport at Bangalore are the nearest airports to Gandikota.

Stay

Recommended stay at Haritha Resort under APTDC ( Andhra Pradesh Tourism Development Corporation ). Contact: +91 891-2788827, +91 9848007022

Website

www.tourism.ap.gov.in

(മാതൃഭൂമി യാത്ര 2021 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Gandikota, lepakshi, tigers leap, khandala travel, mathrubhumi yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


rahul gandhi's office attacked

1 min

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷം

Jun 24, 2022

Most Commented