അബുദാബി ഫോസിൽ ഡ്യൂൺസ് | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
പ്രകൃതിയുടെ വർഷങ്ങൾ നീണ്ട മുഖംമിനുക്കലിലൂടെ പാകപ്പെട്ട അത്ഭുതക്കാഴ്ചകളിൽ ഒന്നാണ് അൽ വത്ബയിലെ ഫോസിൽ ഡ്യൂൺസ്. കാറ്റും മഴയും വെയിലുമേറ്റ് മരുഭൂമിയിലെ മണൽ കാലക്രമേണ ശിലാപാളികൾപോലെ ഉറച്ച് രൂപപ്പെട്ടത്. പലതരത്തിലുള്ള രൂപങ്ങളിലും നിറ വ്യത്യാസങ്ങളിലുള്ള ഇവയുടെ കാഴ്ച വ്യത്യസ്തമായ അനുഭവമാണ് സന്ദർശകരിൽ പകരുന്നത്. ഇതിനെ പ്രത്യേക സംരക്ഷിതമേഖലയാക്കി പരിപാലിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസങ്ങളിലാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. അൽ ദഫ്‌റ ഭരണാധികാരിയുടെ പ്രതിനിധിയും അബുദാബി പരിസ്ഥിതി ഏജൻസി ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരത്തിലുള്ള ഒരു സംരക്ഷിതമേഖലതന്നെ പുതുമയുള്ള പ്രഖ്യാപനമാണ്.
അബുദാബി നഗരത്തിൽനിന്നു 45 കിലോ മീറ്റർ പുറത്ത് സ്വസ്ഥമായ കാഴ്ചാനുഭവം പകരുന്നതാണ് ഫോസിൽ ഡ്യൂൺസ്. പ്രയോഗം പോലെത്തന്നെ മരുഭൂമിയുടെയോ മണൽക്കൂനയുടെയോ ഫോസിലെന്ന് കണക്കാക്കാവുന്ന ഈ സൃഷ്ടികൾ പ്രകൃതിയുടെ കരസ്പർശത്തിലൂടെമാത്രം സംഭവിക്കുന്ന ഒന്നാണെന്നതാണ് ഇതിനെ മൗലികമാക്കുന്നത്. ഏഴ് ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ചെറുതും വലുതുമായ 1700 ഫോസിൽ ഡ്യൂണുകൾ കാണാനാകും. മണൽപ്പാളികളിൽ കാലത്തിന്റെ മാറ്റങ്ങൾ കോറിയിട്ട സ്വർണവും നീലയും ഇളം ചുവപ്പും ചാരവുമടക്കമുള്ള നിറങ്ങൾ സൂക്ഷ്മദർശനത്തിൽ അനുഭവിക്കാം.

അബുദാബിയിലെ ഏറ്റവുംമനോഹരമായ ഉദയങ്ങളും അസ്തമയങ്ങളും ആസ്വദിക്കാൻ പറ്റിയ ഇടമായും ഫോസിൽ ഡ്യൂൺസ് കണക്കാക്കാം. സൂര്യരശ്മികൾ പതിക്കുന്ന ഫോസിലുകളുടെ കാഴ്ച അനിർവചനീയമായ അനുഭവം പകരുന്നത്. കാഴ്ചക്കാർക്ക് തലങ്ങുംവിലങ്ങും നടന്നുകണ്ട് ചിത്രങ്ങൾ പകർത്താനുള്ള അനുമതി ആദ്യകാലങ്ങളിലുണ്ടായിരുന്നു. അത്തരം ആനുകൂല്യങ്ങൾ കാര്യമായിത്തന്നെ ദുരുപയോഗം ചെയ്തതായും ഇവിടെയുള്ള കാഴ്ചകളിലൂടെ വ്യക്തമാണ്. ദശാബ്ദങ്ങൾകൊണ്ട് സംഭവിച്ച പരിണാമങ്ങളിലൂടെ കാണാനായ ഫോസിലുകൾക്ക് മുകളിൽ കയറി ഇരിക്കാനും ഫോട്ടോകളെടുക്കാനും ഫോസിലുകളിൽ പേര് കോറിയിടാനും തയ്യാറായവരും ഒട്ടേറെയാണ്. സംരക്ഷിതമേഖലയുടെ പട്ടികയിൽ ഇടംപിടിക്കുന്നത്തോടെ പ്രകൃതിയുടെ ഈ കലാസൃഷ്ടിക്ക് കൂടുതൽ പരിരക്ഷയുറപ്പാക്കാൻ സംവിധാനങ്ങൾക്ക് കഴിയും.
അറബ് സംസ്കൃതി അടയാളപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകളും ഇതോടുചേർന്ന് കാണാനാകുമെന്നത് അൽവത്ബയിലേക്കുള്ള യാത്രയെ കൂടുതൽ രസകരമാക്കും. ഒട്ടേറെ ഫാമുകളും ഒട്ടകങ്ങളും ആട്ടിൻപറ്റങ്ങളും മേഞ്ഞുനടക്കുന്ന കുന്നിൽചെരിവുകളുമെല്ലാം അതിനടുത്തുള്ള കാഴ്ചകളാണ്. സ്വദേശികൾ വേട്ടപ്പരുന്തുകളുമായെത്തി അഭ്യാസപ്പറക്കലുകൾക്ക് കോപ്പുകൂട്ടുന്നയിടം കൂടിയാണ് ഇവിടം. ഫോർവീൽ ഡ്രൈവ് സംവിധാനമില്ലാത്ത ചെറുകാറുകളിലും മരുഭൂമിക്ക് ഓരംചേർന്നുള്ള ഇവിടേക്കുള്ള യാത്ര സാധ്യമാണെന്നതും പ്രത്യേകതയാണ്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ എട്ടുമണിമുതൽ രാത്രി പത്തുവരെ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലും ഔദ്യോഗിക അവധിദിനങ്ങളിലും പ്രവേശനം ഒമ്പതുമണി മുതലാണ്. കാഴ്ചകൾ കാണാനെത്തുന്നവർക്ക് പ്രത്യേക ടിക്കറ്റ് എടുക്കേണ്ട ആവശ്യമുമില്ല. ഇതോടുചേർന്നുള്ള ആംഫിതീയറ്റർ സംവിധാനം 200 പേർക്ക് ഒരേസമയം പൈതൃകാഘോഷങ്ങളും ലൈറ്റ് ഷോകളും ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നു. ഭക്ഷണപാനീയങ്ങളുമായി ട്രക്കുകളും ഇവിടെയുണ്ട്.
Content Highlights: fossil dunes abu dhabi, abu dhabi tourism, features of fossil dunes in abu dhabi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..