'അരിതരാം, പക്ഷേ വരയാടുകൾക്ക് സങ്കേതം വേണം'; ഇരവികുളത്തേക്കുറിച്ച് അധികമാർക്കും അറിയാത്ത രഹസ്യം


എഴുത്ത്: ജി. ഷഹീദ് ‌/ ചിത്രങ്ങൾ: റാന്റെൽ പെരേര

ആനമുടി മലനിരകളിലെ ഹൃദയഭൂമികയായ ഇരവികുളത്തിന് ഒരു ചരിത്രമുണ്ട്. കേന്ദ്രവും കേരളവും തമ്മിലുള്ള ബാർട്ടർ സിസ്റ്റത്തിലൂടെ രൂപംകൊണ്ടതാണ് ഈ ദേശീയോദ്യാനം. അധികമാരും അറിയാതെപോയ രസകരമായ ആ രഹസ്യം ഇതാ വായനക്കാർക്കായി വെളിപ്പെടുത്തുന്നു.

ഇരവികുളത്തെ വരയാടുകൾ | ഫോട്ടോ: റാന്റെൽ പെരേര

പുൽമേട്ടിലിരുന്ന് സായിപ്പ് കൈനീട്ടി. ഉള്ളംകൈയിലും വിരലുകളിലും തൂകിയ ഉപ്പ് രുചിക്കാൻ വരയാടുകൾ കൂട്ടത്തോടെ എത്തി. 'ആടുകൾ ആ രുചിയിൽ ലയിച്ചു. ഉപ്പ് തീർന്നപ്പോൾ അസ്വസ്ഥരായി അവ സായിപ്പിന്റെ മുഖത്ത് നോക്കി നിന്നു. അദ്ദേഹം വീണ്ടും ഉപ്പ് വിതറി. ആടുകൾ ഭ്രമിച്ചു. അതോടെ സായിപ്പും ആടുകളും അത്യപൂർവ സൗഹൃദത്തിന്റെ ആഴങ്ങളിലായി. മൂന്നാറിലെ ഇരവികുളം സംരക്ഷിത വന്യജീവിസങ്കേതത്തി ലായിരുന്നു സായിപ്പ്. വംശനാശം നേരിടുന്ന വരയാടുകളെ സംരക്ഷിക്കുന്ന സ്വർഗഭൂമിയിൽ. ഇത്തരമൊരു വന്യജീവിസങ്കേതം രൂപവത്കരിക്കാൻ കേരള മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനോട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടിരുന്നു. പ്രകൃതിയുടെ കാല്പനികത ഉൾക്കൊണ്ടായിരുന്നു 1973-ൽ പ്രധാനമന്ത്രി അത്തരമൊരു കത്തയച്ചത്.

തമിഴിൽ വരെ എന്നാൽ പർവതം എന്നാണ് അർഥം. പർവതശൃംഗങ്ങളിലെ ആടായതിനാൽ വരയാട് എന്ന പേര് ലഭിച്ചു. അതിന്റെ സ്വഭാവവിശേഷങ്ങളും പ്രജനനവും പഠിക്കാൻ മൂന്നാറിൽ എത്തിയതായിരുന്നു അമേരിക്കൻ വന്യജീവിശാസ്ത്രജ്ഞനായ ക്ലിഫോഡ് ജി റൈസ്. “ആടുകളെ നിരീക്ഷിക്കാനും അവയെ ഒപ്പം നിർത്താനും ഉപ്പുരസം നൽകുകയേ വഴിയുണ്ടായിരുന്നുള്ളൂ. 'അതോടെ അവ അതിരില്ലാത്ത 'സൗഹൃദം തുടങ്ങി''- "യാത്രയ്ക്ക് നൽകിയ കുറിപ്പിൽ ക്ലിഫ് പറഞ്ഞു. കഴിഞ്ഞകാലം ഓർമിച്ചുകൊണ്ട് ക്ലിഫ് പറഞ്ഞു. “ലോകത്തിൽ എവിടെയിരുന്നാലും വരയാടുകളുടെ ഹൃദയത്തുടിപ്പുകൾ കേൾക്കാൻ എനിക്ക് കഴിയും. ഇന്ത്യയിലെ 'വ്യത്യസ്തമായ സങ്കേതമായിരുന്നു ഇരവികുളത്തേത്''.

Nilgiri Thar 2
അരുവി .... പിനനീരരുവി

ആനമുടിയുടെ പ്രഭാവലയത്തിലാണ് ഈ വന്യജീവി സങ്കേതമുള്ളത്. ചിത്രകാരന്റെ സൃഷ്ടി പോലെ നോക്കെത്താത്ത മലമടക്കുകൾ. സൂര്യൻ ഉച്ചയ്ക്ക് ജ്വലിച്ചു നിന്നാലും സുഖകരമായ തണുത്ത കാറ്റ്. വേനലിലും വറ്റാത്ത നീർച്ചാലുകൾ. വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ അഗാധ താഴ്വരകൾ, പന്ത്രണ്ടുവർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി. പർവതനിരകളെ ചുറ്റി നക്ഷത്രങ്ങളെ തൊടാൻ ഉയരത്തിലേക്ക് പോകുന്ന ഒറ്റയ ടിപ്പാതകൾ, എവിടെ നോക്കണം എന്നറിയാതെ സന്ദർശകർ സ്തബ്ധരായി നിൽക്കും. അതിൽ ലയിക്കും. 'സഹ്യന്റെ മകൻ' നടന്നുപോയ വഴികൾ ചിലപ്പോൾ കാണാം. പുൽമേട്ടിൽ മേഞ്ഞുനടക്കുന്ന വരയാടുകൾ. കാട്ടുപോത്തും കാട്ടുനായ്ക്കളും സങ്കേതത്തിലുണ്ട്. അപൂർവമായി കടുവയെയും കണ്ടിട്ടുണ്ട്.

ആയിരത്തോളം ചോലകളുണ്ട് ഇരവികുളം ദേശീയസങ്കേതത്തിൽ. മലയിടുക്കുകളിൽ കരുത്തുറ്റ വൃക്ഷങ്ങൾ തീർക്കുന്ന പച്ചപ്പ്. റോഡോഡെൻഡ്രോണിന്റെ ഹൃദയഹാരിയായ ചുവന്ന പൂക്കൾ. പ്രകൃതിഭംഗിയുടെ ഒരു കലൈഡോസ്കോപ്പാണ് ഇരവികുളത്തെ പ്രകൃതി ഒരുക്കുന്നത്.

കണ്ണൻദേവൻ തേയില കമ്പനിയിലെ (ഇപ്പോൾ ടാറ്റാ ടീ) മാനേജർമാരായിരുന്ന ഇംഗ്ലീഷുകാർ ഇരവികുളം പുൽമേടുകളെ കണ്ണിലെ കൃ ഷ്ണമണി പോലെ കാത്തുപോന്നു. മലമുകളിലേക്ക് പോകാൻ ഒറ്റയടിപ്പാതകൾ മാത്രം. കുതിരപ്പുറത്താണ് അന്ന് സായിപ്പൻമാർ പോയത്. മാനേജർ മാരായിരുന്ന ജെ.സി. ഗോൾഡ്ബെറിയും എം.ആർ.പി. ലാപ്പിനും പ്രകൃതിസ്നേഹത്തിന്റെ വക്താക്കളായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ ആർമി ഓഫീസറായിരുന്ന ഡഗ്ലസ് ഹാമിൽട്ടൺ (1818-1892) ദക്ഷിണേന്ത്യൻ മലനിരയുടെ സർവേ നടത്തിയിരുന്നു. വരയാടുകളെ നിരീക്ഷിക്കാൻ മൂന്നാറിൽ എത്തിയ അദ്ദേഹം വരയാടുകളുടെ ചിത്രങ്ങളും വരച്ചു. ടാറ്റാ ടീയിലെ പിൻതലമുറക്കാരും ഇരവികുളത്തിന്റെ സംരക്ഷകരായിരുന്നു. അതിൽ പ്രമുഖരാണ് സമർസിങ്ങും കെ.എൻ. ചെങ്കപ്പയും. കൂർഗിൽ വിശ്രമജീവിതം നയിക്കുന്ന ചെങ്കപ്പ് ഇപ്പോഴും ഇരവികുളത്തിന്റെ ഹൃ ദയതാളം ആസ്വദിക്കുന്നു.

നേപ്പാളിൽ പീകോർ വൊളന്റിയറായി സേവനം അനുഷ്ഠിക്കുമ്പോഴാണ് ക്ലിഫോർഡ് റൈസ് 1978-ൽ ഇരവികുളത്ത് എത്തുന്നത്. പ്രകൃതിസ്നേ ഹിയായ സുഹൃത്ത് ബോബ് ഫ്ളെമിങ്ങാണ് വരയാടുകളെക്കുറിച്ചുള്ള ഗവേഷണത്തിന് അദ്ദേഹത്തിന് നിർദേശം നൽകിയത്.

Eravikulam 2
മേയുന്ന വരയാട്ടിൻകൂട്ടങ്ങൾ

“ഇരവികുളത്തെക്കുറിച്ച് അന്നാണ് ഞാൻ ആദ്യമായി കേട്ടത്. രണ്ടുവർഷം വരയാടുകളെ നിരീക്ഷിച്ചു. സങ്കേതത്തിൽ തലങ്ങും വിലങ്ങുമെത്തി, കാൽനടയായി. മെത്തപോലുള്ള പുൽമേടിൽ പകലും രാത്രിയും ഉറങ്ങി. നിലാവുള്ള രാത്രികൾ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളായിരുന്നു. കഴുത്തിൽ കോളർ ഘടിപ്പിച്ച് വരയാടുകളുടെ ചലനവും നിരീക്ഷിച്ചു. ഇരവികുളത്തോട് വിടവാങ്ങിയിട്ട് ഇപ്പോൾ നാല് പതിറ്റാണ്ട് കഴിഞ്ഞു. എനിക്ക് തികഞ്ഞ സംതൃപ്തിയുണ്ട്. ''-ക്ലിഫ് വികാരം തുടിക്കുന്ന വാക്കുകളിൽ പറഞ്ഞു.

കാറ്റിൽ തിരമാലപോലെ അലയടിക്കുന്ന ആനമുടി മലനിരകളിലെ മരതക പുൽമേടുകളെ ക്കുറിച്ച് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അറിയുന്നത് കേന്ദ്ര വനം സെക്രട്ടറിയും മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന ഡോ. രഞ്ജിത് സിങ്ങിൽനിന്നാണ്. കേന്ദ്ര വന്യജീവിസംരക്ഷണ നിയമത്തി -- ന്റെ ശില്പികൂടിയായ അദ്ദേഹം പ്രകൃതിയുടെ വിട്ടുവീഴ്ചയി ല്ലാത്ത സംരക്ഷകനാണ്. 1973-ൽ അദ്ദേഹം മൂന്നാർ സന്ദർശിച്ചു. “ഇതൊരു സ്വർഗഭൂമിയാണ്. ആകാശവും ഭൂമിയും ലയിക്കുന്ന സൗന്ദര്യം''- അദ്ദേഹം പറഞ്ഞു. തിളക്കമാർന്ന കണ്ണുകളോടെ ഇന്ദിരാഗാന്ധി ആ ഹരിതഭൂമിയെക്കുറിച്ച് അദ്ദേഹത്തിൽ നിന്ന് കേട്ടു. തുടർന്ന് മുഖ്യമന്ത്രി അച്യുതമേനോന് കത്തെഴുതി. ഇരവികുളം വന്യജീവിസങ്കേതമാക്കാൻ അഭ്യർഥിച്ചു.

അച്യുതമേനോൻ മന്ത്രിസഭയുടെ രണ്ടാമൂഴമായിരുന്നു അത്. അന്ന് കേരളത്തിൽ വലിയ ഭക്ഷ്യക്ഷാമമുണ്ടായി. അരിക്കു വേണ്ടി കേരളസർക്കാർ സമ്മർദ്ദം ചെലുത്തി. അണ്ണാസാഹിബ് ഷിൻഡെയായിരുന്നു അന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി. വനംവകുപ്പിന്റെ താത്കാലിക ചുമതലകൂടി അദ്ദേഹത്തിനുണ്ടായിരുന്നു. മന്ത്രി ഷിൻഡെയും രഞ്ജിത് സിങ്ങും സുഹൃത്തുക്കളായിരുന്നു. കേരളത്തിന് അരി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെക്കാണാൻ അന്നത്തെ റവന്യൂമന്ത്രി ബേബി ജോണിനെ മുഖ്യമന്ത്രി ചുമതല പ്പെടുത്തി . കേരള വനംവകുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അതും ബേബിജോണിനോട് പറയാമെന്ന് രഞ്ജിത് സിങ്ങിനോട് ഷിൻഡെ നിർദേശിച്ചു. ഇരവികുളം സങ്കേ തത്തെക്കുറിച്ച് ചർച്ചചെയ്യാമെന്ന് രഞ്ജിത് സിങ് കരുതി. പ്രശ്നം മന്ത്രി ഷിൻഡെയോട് പറഞ്ഞു. ബേബി ജോൺ അരി ചോദിച്ച് വന്നപ്പോൾ ഷിൻഡെ പറഞ്ഞു. “ആശങ്ക വേണ്ട, അരി തരാം, നാളെത്തന്നെ നാല്പത് വാഗൺ അരി അയക്കും.'' ബേബി ജോണിന് സന്തോഷമായി. മൂന്നാറിൽ വരയാടിനെ സംരക്ഷിക്കാൻ സങ്കേതം വേണമെന്നും മുഖ്യമന്ത്രി അച്യുതമേനോനോട് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.

Eravikulam 3
മലമേട്ടിലെ വരയാടുകൾ

“ഒരു ബാർട്ടർ കരാർ അങ്ങനെ പിറവിയെടുത്തു'- ഡോ. രഞ്ജിത് സിങ് തന്റെ പ്രശസ്തമായ "എ ലൈഫ് വിത്ത് വൈൽഡ് ലൈഫി'ൽ പറയുന്നു. കേരളത്തിന് അരി നൽകാൻ കേന്ദ്രം മുൻകൈയെടുക്കും. പകരം വരയാടുകൾക്ക് ഇരവികുളം സങ്കേതം എന്ന വാഗ്ദാനം കേരളം പാലിക്കും. 1978-ൽ അങ്ങനെ ആ സ്വർഗസങ്കേതം നിലവിൽവന്നു. 97 ചതുരശ്രകിലോമീറ്ററിൽ പ്രകൃതിരമണീയമായ ആ ഭൂമി പരന്നുകിടക്കുന്നു. പിന്നീട് അത് ആഗോളപ്രശസ്തിയിലേക്ക് ഉയർന്നു. ഇന്ന് യുനെസ്കോയുടെ പൈതൃകപട്ടികയിൽപ്പെട്ട ഇടമാണ് ഇത്. ഇരവികുളം സന്ദർശിക്കാൻ സാധിച്ചില്ല എന്ന ദുഃഖം മാത്രമേ ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ആനമുടിയുടെയും വരയാടുകളുടെയും പുൽമേടുകളുടെയും ചിത്രങ്ങൾ അവർ ആസ്വദിച്ചു. കെ.പി. നൂറുദ്ദീൻ വനംമന്ത്രിയായിരുന്നപ്പോൾ ഇരവികുളത്തിന്റെ വലിയൊരു ആൽബം ഇന്ദിരാഗാന്ധിക്ക് സമ്മാനിച്ചു.

ക്ലിഫിനുമുൻപ് ലോകപ്രശസ്ത വന്യജീവിശാസ്ത്രജ്ഞനായ ജോർജ് ബി. ഷാലർ ഇരവികുളത്തെ വരയാടുകളെ നിരീക്ഷിച്ചിട്ടുണ്ട്. ഊട്ടി വൈൽഡ്ലൈഫ് സൊസൈറ്റി സെക്രട്ടറിയും പരിസ്ഥിതിപ്രവർത്തകനുമായ ഇ.ആർ.സി, ദാവിദാർ വരയാടുകളെക്കുറിച്ച് നടത്തിയ നിരീക്ഷണ റിപ്പോർട്ടുകൾ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ആകൃഷ്ടനായിട്ടാണ് ജോർജ് ഷാലർ ഇരവികുളത്ത് വന്ന് ഒരുവർഷത്തോളം (1970) താമസിച്ചത്. തന്റെ "Stones of Silence' എന്ന വിഖ്യാത ഗ്രന്ഥത്തിൽ ഇതിനെക്കുറിച്ച് ഒരധ്യായംതന്നെ ഷാലർ എഴുതിച്ചേർത്തു. വാച്ചറായ രംഗസ്വാമിയാണ് ഷാലറെ അന്ന് അനുഗമിച്ചത്. വർഷങ്ങൾക്കു മുൻപ് സമർഥനായ റേഞ്ച് ഓഫീസറും പിന്നീട് ഡി.എ ഫ്.ഒ.യുമായ ജെയിംസ് സക്കറിയയോടൊപ്പം രംഗസ്വാമിയെ കണ്ടപ്പോൾ ഷാലറോടൊപ്പം കഴിഞ്ഞ ദിവസങ്ങൾ അദ്ദേഹം അനുസ്മരിച്ചു.
ഷാലർ ഒരു അദ്ഭുതപ്രതിഭാസമായിരുന്നു. ഒറ്റയടിപ്പാതകളിൽക്കൂടി അദ്ദേഹം നടക്കുകയും പറക്കുകയും ചെയ്തുവെന്ന് രംഗസ്വാമി പറഞ്ഞു.

അതിനുശേഷം 2006 സെപ്റ്റംബറിൽ മൂന്നാറിൽ നടന്ന കാട്ടാടുകളെക്കുറിച്ചുള്ള സെമിനാറിൽ ഷാലർ പങ്കെടുത്തു. അന്ന് നീലക്കുറിഞ്ഞി പൂത്ത കാലമായിരുന്നു. തന്റെ നിരീക്ഷണകാലത്തെക്കുറിച്ച് ഈ ലേഖകന് നൽകിയ കുറിപ്പിൽ ഷാലർ ഇങ്ങനെ പറയുന്നു. “അന്നത്തെ കണ്ണൻദേവൻ - കമ്പനി മാനേജർ ഗോൾഡ്സ്ബറി തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകി. പക്ഷേ, പിന്നീട് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. എഴുത്തുകൾ കൈമാറി, അത്രമാത്രം. മൂന്നാറിന്റെ സൗന്ദര്യവും മൂടൽമഞ്ഞിന്റെ വലയവും മലനിരകളെ തഴുകി യൊഴുകുന്ന മേഘപാളികൾക്കിടയിലൂടെ നീങ്ങുന്ന വരയാടുകളും മറക്കാൻ കഴിയില്ല''.

Eravikulam 4
നീലക്കുറിഞ്ഞി പൂത്ത മലനിരകൾ

അമ്പതിലധികം വർഷങ്ങളിലായി വന്യജീവിപഠനവും ഗവേഷണവും നടത്തിയിട്ടുള്ള ഷാലർ ഇങ്ങനെ കൂട്ടിച്ചേർത്തു. “2006-ൽ വീണ്ടും വന്നപ്പോൾ മൂന്നാറിന്റെ മുഖച്ഛായ മാറിയിരിക്കുന്നു. ഇന്നത് വലിയൊരു ടൗൺ ആയി. തന്റെ പഠനകാലത്ത് വരയാടുകൾ ആളുകളെ കണ്ടാൽ അകന്നുപോകുമായിരുന്നു. പക്ഷേ, ഇപ്പോൾ രാജമലയിലും മറ്റും അവ ഇറങ്ങിക്കഴിഞ്ഞു. നമ്മളോടൊപ്പം ഇന്ന് അവ നടന്നുനീങ്ങും''.

1985-ൽ പ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി ഇരവികുളം സന്ദർശിച്ചത് ശിഷ്യനായ ഡോ. ആർ.സുഗതൻ ഓർക്കുന്നു. ടാറ്റാ ടീ മാ നേജർ അഡിഗയുടെ ബൈക്കിന് പിറകിൽ ഇരുന്നായിരുന്നു സാലിം അലിയുടെ യാത്ര. ജോർജ് ഷാലർ പഠനം നടത്തിയപ്പോഴും ബൈക്കിലായിരുന്നു യാത്ര. അന്ന് അദ്ദേഹത്തെ പിറകിൽ ഇരുത്തി കൊണ്ടുപോയത് കെ. എൻ. ചെങ്കപ്പയായിരുന്നു.

ഇരവികുളത്തെ പുൽമേടും ചോലക്കാടും പഠനവിധേയമാക്കി ഡോക്ടറേറ്റ് നേടിയ പി.വി. കരുണാകരൻ കേന്ദ്രസർക്കാർ സ്ഥാപനമായ സാലിം അലി സെന്ററിൽ പ്രിൻസിപ്പൽ സയന്റിസ്റ്റാണ്. 1991-96 കാലഘട്ടത്തിലായിരുന്നു ഗവേഷണം, മൂന്നാറിലെ മാധ്യമപ്രവർത്തകനായ പ്രസാദ് അമ്പാട്ടിന്റെ വരയാടുകളുടെ ചിത്രങ്ങൾ അടങ്ങിയ കൈപ്പുസ്തകവും ശ്രദ്ധേയമാണ്. നാല് പതിറ്റാണ്ടായി മുതുവാൻ സമൂഹത്തിന്റെ നേതാവായ കൃഷ്ണൻ ഇരവികുളത്തെ വാച്ചറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാട്ടിലെ ജീവന്റെ ജ്വാല കെടാതെ സൂക്ഷിക്കുന്ന കാവലാൾ എന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഹ്രസ്വ ഡോക്യുമെന്ററിയിൽ സംവിധായകൻ ലാൽജോസ് വിശേഷിപ്പിച്ചത്. രംഗസ്വാമിയുടെ പിൻതലമുറ‌ക്കാരനായ കൃഷ്ണനും വൈവിധ്യമായ അനുഭവങ്ങളാണ് ഇരവികുളത്തെക്കുറിച്ചുള്ളത്.

Eravikulam 5
നീലമലയുരുകിയപോൽ

കുറിഞ്ഞിപ്പൂക്കളുടെ ഒരു കലവറകൂടിയാണ് ഇരവികുളം. നീലക്കുറിഞ്ഞിതന്നെ ഇരുപതോളം ഇനത്തിലുണ്ട്. ഇപ്പോൾ മരക്കുറിഞ്ഞിയുടെ ഒരു പുതിയ ഇനം കണ്ടെത്തിക്കഴിഞ്ഞു. പത്തുവർഷത്തിൽ ഒരിക്കൽ പൂക്കുന്നതാണ് ഈ കുറിഞ്ഞി. പശ്ചിമഘട്ടത്തിലെ കുറിഞ്ഞികളെക്കുറിച്ച് ആഴത്തിൽ സർവേ നടത്തിയ പാല സ്വദേശി പ്രദീപിന്റെ പേരാണ് ഈ കുറിഞ്ഞിക്ക് നൽകിയിട്ടുള്ളത് - ടാബി ലാന്തസ് പ്രദീപിയാന. 2030-ൽ ഇരവികുളത്തെ നീലക്കുറിഞ്ഞി വീണ്ടും പൂക്കും.

Eravikulam National Park

Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

It is the abode of the highly endangered Nilgiri Tahr. They are mountain goats present in the stupendous Western Ghats mountain ranges of South India. Though they are in many pockets of the mountains, a viable population exists only in Eravikulam. The park was established in 1978 by the Kerala Government. High altitude rolling grasslands impart spectacular views. Anamudi peak called Everest of the South is in the park. One of the attractions is the flowering of Kurinji once every 12 years. It is termed as a floral outburst when gregarious flowering is seen in the entire grasslands. The last flowering was in 2018.

Getting There

By Air: Nearest airport is Kochi. Distance to Munnar 90 kms. By Rail: Nearest railway station is Aluva. By Road: Buses and taxis are available from Kochi city also. Stay : 04865 23158, 914865-23158, Mob: 0830102418, 08547603199

Useful link: enpmunnar@gmail.com

(മാതൃഭൂമി യാത്ര 2021 സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Eravikulam National Park, Munnar Travel, Munnar Tourism, Mathrubhumi Yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented