ഡിസ്നി ലാൻഡിൽ നിന്നൊരു ദൃശ്യം
ഡിസംബറിലെ തണുപ്പ് പതിയെ പെയ്തിറങ്ങുന്നുണ്ടായിരുന്നു. ആ തണുപ്പിനെ എടുത്തണിഞ്ഞൊരു കാറ്റ് തെരുവിനെ പുൽകി കടന്നുപോയി. മുന്നിൽ കാണുന്നതെല്ലാം മായക്കാഴ്ചകളാണ്. മഞ്ഞുപുതഞ്ഞ വർണശബളമായ കൂറ്റൻ കൊട്ടാരം, അവിടേക്ക് നീണ്ടുകിടക്കുന്ന വഴി, നിറ പ്പകിട്ടാർന്ന വസ്ത്രം ധരിച്ച് നീങ്ങുന്ന ജനങ്ങൾ, അവരുടെ സംസാരവും പൊട്ടിച്ചിരികളും. സഞ്ചാരികളെയും വഹിച്ച് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കുതിരവണ്ടിയുടെ കുളമ്പടിയൊച്ച, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൃത്തവുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കലാകാരൻമാർ, ക്രിസ്മസിന്റെ അലങ്കാരങ്ങളും തോരണങ്ങളും.... ഉത്സവകാലത്ത് ഒരു രാജവീഥിയിലെത്തിയ വർണക്കാഴ്ചകളായിരുന്നു ഡിസ്നിലാൻഡിന്റെ പ്രവേശനകവാടം കഴിഞ്ഞ ഉടൻ ഞങ്ങളെ എതിരേറ്റത്.

ബഹുനിലക്കെട്ടിടത്തിലും പുറത്തുമായിട്ടുമുള്ള പാർക്കിങ് പിന്നിട്ട് ട്രാം വഴി വേണം പ്രവേശനകവാടത്തിലേക്കെത്താൻ. സുരക്ഷാപരിശോധനയും ടിക്കറ്റ് പരിശോധനയും കഴിഞ്ഞ് പ്രവേശിക്കുന്നതാകട്ടെ മറ്റൊരു അദ്ഭുതലോകത്തേക്കാണ്. അതെ, മിക്കിയും മിന്നിയും ഡൊണാൾഡ് ഡക്കും സ്റ്റാർവാർ ഗാലക്സിയും ഇവിടെ ഇതാ കൺമുന്നിൽ.

ലോസ് ഏഞ്ചൽസ് നഗരത്തിൽനിന്ന് 43 കി.മീ. അകലെയാണ് ഈ ഡിസ്നിലാൻഡ് പാർക്ക്. ലോകത്ത് അഞ്ച് പ്രധാന നഗരങ്ങളിൽ മാത്രമുള്ള ഡിസ്ട്രി പാർക്കുകളിൽ ഏറ്റവും പഴയതും ആദ്യം നിർമിച്ചതും ഏറ്റവുമധികം സന്ദർശകരെത്തുന്നതും ഇവിടെയാണ്. 1955-ൽ നിർമിതമായ ഇതിന്റെ വൻവിജയത്തിനുശേഷം പാർക്കിങ് ഏരിയ ആയി ഉപയോഗിച്ച ഭാഗംകൂടി ചേർത്ത് 2001-ൽ ഡിസ്നി കാലിഫോർണിയ അഡ്വഞ്ചർ പാർക്ക് എന്നൊരു തീം പാർക്ക് കൂടി ആരംഭിക്കുകയായിരുന്നു.

പാർക്കിൽ പുൽത്തകിടിയിൽ തീർത്ത മിക്കിമൗസിന്റെ മുഖം കാണാം. നടുക്കായി മിക്കിമൗസിനെ ചേർത്തുപിടിച്ചുനിൽക്കുന്ന വാൾട്ട് ഡിസ്നിയുടെ സ്മാരകവുമുണ്ട്. ഡിസ്നി കമ്പനി പല കാലങ്ങളിൽ പുറത്തിറക്കി വൻഹിറ്റായ സിനിമകളുടെയും കാർട്ടൂൺ ഷോകളുടെയും തീം അടിസ്ഥാനമാക്കി നിർമിച്ച ഭാഗങ്ങളും കൂടിച്ചേർന്നതാണ് ഡിസ്നിലാൻഡ് പാർക്ക്. എവിടംമുതൽ കണ്ടുതുടങ്ങുമെന്ന കൗതുകത്തോടെ നിൽക്കുമ്പോൾ ഏതാനും കലാകാരൻമാർ സ്ലീപ്പിങ് ബ്യൂട്ടി കൊട്ടാരത്തിന് മുന്നിൽ നൃത്തം തുടങ്ങിയിരുന്നു. കൊട്ടാരവും പിറകിലായുള്ള പതിനാലോളം റൈഡുകളും ഭക്ഷണശാലകളും ചേർന്ന ഭാഗമാണ് ഫാൻസി ലാൻഡ്. പ്രശസ്തമായ കരിമരുന്നുപയോഗം (Disney Fireworks) നടക്കുന്നത് ഇവിടെയാണ്.

പ്രധാനവഴിയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞപ്പോൾ എത്തിയത് അഡ്വഞ്ചർ ലാൻഡിലാണ്. വന്മരങ്ങളും ടാർസന്റെ മരവീടും എല്ലാമുണ്ട് ഇവിടെ. ഞങ്ങൾ വീണ്ടും മുന്നോട്ടുനീങ്ങി. എത്തിയത് കടൽക്കൊള്ളക്കാരുടെ ലോകത്താണ്. കടൽക്കൊള്ളക്കാരുടെ താവളത്തിന് സമാനമായി നിർമിച്ച ചെറുദ്വീപ് കണ്ടു. ഇതിന് ചുറ്റും കൃത്രിമ ജലാശയം ഉണ്ട്. അതിലൂടെ ഒഴുകുന്ന മൂന്നുനിലകളുള്ള ബോട്ടുകളും ക്രൂയിസ് കപ്പലുകളും. ഇതിന്റെ മറുഭാഗത്ത് നിരവധി റൈഡുകൾ ഉൾപ്പെടുന്ന ന്യൂ ഓർലിൻസ് സ്ക്വയർ, കിറ്റർ കൗണ്ടി എന്നീ ഭാഗങ്ങളാണ്. ഡിസ്നി പാർക്കിലെ ഏറ്റവും ആകർഷകമായ ഭാഗത്തേക്കാണ് പിന്നീട് പോയത്. സ്റ്റാർ വാർസ് ഗാലക്സി എഡ്ജ്. നക്ഷത്രലോകത്തിലെ യുദ്ധത്തിന്റെ കഥപറഞ്ഞ സിനിമാക്കാഴ്ചകൾ അതുപോലെതന്നെ പകർത്തിവെച്ചിരിക്കുന്നു. ആകാശഗംഗയിലെത്തിച്ചേർന്ന പ്രതീതിയാണ് ഇവിടെയെത്തുമ്പോൾ ഉണ്ടാവുക.

ഉച്ചകഴിഞ്ഞതോടെ ഡിസ്നിലാൻഡിന്റെ മാത്രം പ്രത്യേകതയായ പരേഡ് ആരംഭിച്ചു. എല്ലാ സന്ദർശകരും വഴിത്താരയുടെ ഇരുവശവുമായി ഇടംപിടിച്ചു. അതാ, മിക്കിയും മിന്നിയും മറ്റനേകം കാർട്ടൂൺ കൂട്ടുകാരും പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ മുന്നിലൂടെ നീങ്ങുന്നു. ആയിരമായിരം കണ്ണുകൾ ആ കാഴ്ചകൾ ഹൃദയത്തിലേറ്റുവാങ്ങി. അരമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരേഡ് ഉച്ചയ്ക്കുശേഷം രണ്ടുമൂന്നു തവണ കടന്നുപോകും.

പരേഡ് കഴിഞ്ഞതോടെ തിരക്ക് അല്പം കുറഞ്ഞു. പിന്നീട് മിക്കിയുടെയും കൂട്ടുകാരുടെയും ലോകത്തിലേക്കാണ് (Mickey's Toondown) പോയത്. ഗൂഫി വീടിനുമുന്നിൽത്തന്നെ സഞ്ചാരികളെ സ്വീകരിക്കുന്നതു കണ്ടു. എന്നാൽ മിക്കിയുടെയും മിന്നിയുടെയും വീടിനുമുന്നിൽ തിരക്കാണ്. ഊഴമനുസരിച്ച് കണ്ട് ഫോട്ടോയെടുത്ത് തിരിച്ചുവരാം.

ഡിസ്നിലാൻഡ് പാർക്കിലെ കരിമരുന്നുകാഴ്ച ഏറെ പ്രശസ്തമാണ്. കണ്ണഞ്ചിക്കുന്ന പ്രകാശരശ്മികളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ നടക്കുന്ന ഈ വർണക്കാഴ്ച കാണാൻ ആയിരക്കണക്കിനു പേരാണ് കാത്തിരിക്കുക. അരമണിക്കൂറോളം നീളുന്ന ഈ കാഴ്ചയ്ക്കുശേഷം ഡിസ്നി പാർക്കിലെ ഒരുദിവസം അവസാനിക്കും. എന്നാൽ ക്രിസ്മസ്, ന്യൂഇയർ സമയങ്ങളിൽ രാത്രി ഒരുമണിവരെ ഇവിടെ പ്രവർത്തനമുണ്ടാകും.

ഡിസ്നി കാലിഫോർണിയ അഡ്വഞ്ചർ പാർക്കിൽ ഇനിയും കാഴ്ചകളേറെയുണ്ട്. ആദ്യം പോയത് ഹോളിവുഡ് ലാൻഡിലേക്കാണ്. "ഫ്രോസൻ' സിനിമയുടെ ലൈവ് തിയേറ്റർ ഷോ ഇവിടെയാണ് നടക്കുന്നത്.

കാലിഫോർണിയ അഡ്വഞ്ചർ പാർക്കിലെ പ്രധാന കാഴ്ചയാണ് പിക്സർ പിയർ. ക്രിസ്മസ്, ന്യൂഇയർ രാതിയിൽ ഇവിടെയും ലേസർ മ്യൂസിക് ഷോ ഉണ്ടാകാറുണ്ട്. ഞങ്ങൾ ഇവിടെയെത്തിയപ്പോഴേക്കും മെക്സിക്കൻ ഹാറ്റ് ഡാൻസ് തുടങ്ങിയിരുന്നു. ദ്രുതചലനങ്ങളോടെ, കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞുള്ള ആ നൃത്തം കാണേണ്ട കാഴ്ചയാണ്. 1928-ൽ മിക്കിമൗസ് പുറത്തിറങ്ങിയശേഷം ഒട്ടേറെ കാർട്ടൂണുകളും സിനിമകളും ഇറങ്ങി. പക്ഷേ, അവയൊന്നും മിക്കിയോളം വളർന്നില്ല. ഇവിടെ ഈ ഡിസ്നിലാൻഡിലും ഏറ്റവും ഡിമാൻഡ് മിക്കിയ്ക്കാണ്. മിക്കിയെ ആരാധകർക്കിടയിൽനിന്ന് രക്ഷിച്ചുകൊണ്ടുപോകാൻ പലപ്പോഴും സുരക്ഷാജീവനക്കാർ വേണ്ടിവരാറുണ്ട്.

നൂറോളം വരുന്ന റൈഡുകളും കാഴ്ചകളും ഒരുദിവസംകൊണ്ട് കണ്ടുതീർക്കാൻ കഴിയില്ല. മൂന്നുദിവസത്തെ ഞങ്ങളുടെ സന്ദർശനത്തിൽ, ഊഴംവെച്ചും തിരക്കുകുറയുന്നതിനനുസരിച്ചും വീണ്ടും വീണ്ടും കയറിയത്, കുട്ടികളെക്കാൾ മുതിർന്നവരായിരുന്നു. എന്തായായാലും കൊറോണയ്ക്ക് മുൻപുള്ള ഈ ക്രിസ്തുമസ്-ന്യൂഇയർ ആഘോഷം എന്നെന്നും ഓർത്തുവെക്കാനുള്ള കാഴ്ചകളാണ് സമ്മാനിച്ചത്.
(മാതൃഭൂമി യാത്ര 2021 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: disney land travel, disney land amusement park, los angeles, mathrubhumi yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..