ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയത്തിന്റെ ഉൾഭാഗം | ഫോട്ടോ: ഷാജി തലോറ
ചരിത്രം ഇഷ്ടമുള്ള വിഷയമാണ്. അതുകൊണ്ട് തന്നെ യാത്രയിൽ എപ്പോഴും ചരിത്രപ്രധാനമായ സ്ഥലങ്ങളും സ്മാരകങ്ങളും സന്ദർശിക്കുവാൻ പ്രത്യേക താല്പര്യം കാണിക്കാറുമുണ്ട്. ദില്ലി ചരിത്ര സ്മാരകങ്ങളുടെ ഒരു സമുച്ചയം തന്നെയാണല്ലോ! ഇത്രയുമധികം ചരിത്ര സ്മാരകങ്ങളുള്ള മറ്റൊരു പട്ടണവും ഇന്ത്യയിൽ വേറെ കാണില്ല.
നാട്ടിൽ നിന്നും ദില്ലിയിലേക്കു തിരിക്കുമ്പോൾ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഡൽഹിയിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയാൽ മ്യൂസിയം. വളരെ ആകസ്മികമായാണ് ഞങ്ങൾ ഇവിടം സന്ദർശിച്ചത്. ലാൽകിലയിൽ നിന്നിറങ്ങി ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോളാണ് ഒരു പഞ്ചാബി വൃദ്ധനോട് സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് സംസാരിച്ചത്. കലാപത്തെ കുറിച്ച് സംസാരിച്ചപ്പോൾ അയാളുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചതല്ലാതെ അദ്ദേഹം അതിനെ കുറിച്ച് ഒന്നും സംസാരിക്കാൻ താല്പര്യം കാണിച്ചില്ല. അങ്ങനെ ഇന്ദിരാ ഗാന്ധിയും സിഖ് വിരുദ്ധ കലാപവും സംസാരമായപ്പോഴാണ് ഇന്ദിരാ ഗാന്ധി മെമ്മോറിയൽ മ്യൂസിയത്തിലേക്ക് പോകുവാൻ ഞങ്ങൾ തീരുമാനിക്കുന്നത്.

സഫ്ദർ ജംഗ് റോഡിലെ പടർന്നു പന്തലിച്ച തണൽ മരങ്ങൾക്കിടയിലെ കവാടം കടന്ന് മെമ്മോറിയൽ ഹാളിൽ എത്തുമ്പോൾ അവിടെ ഭാരതത്തിന്റെ പ്രിയപ്പെട്ട ഭരണാധികാരിയുടെ സാന്നിധ്യം നമുക്ക് അനുഭവപ്പെടും. മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ വസതിയായിരുന്നു പിന്നീട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയമാക്കി മാറ്റിയത്. ന്യൂഡൽഹിയിലെ സഫ്ദർ ജംഗ് റോഡിൽ നിലകൊള്ളുന്ന ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയം ദില്ലിയിലെ ചരിത്ര പ്രധാനമായ സ്ഥാപനമാണ്. 1984 ഒക്ടോബർ 31-ന് സ്വന്തം അംഗരക്ഷകരാൽ ഇന്ദിരാഗാന്ധി കൊലചെയ്യപ്പെടുന്നത് ഇവിടെ വച്ചാണ്. കൊലപാതകത്തിന് ശേഷം വീട് ഒരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ദേശീയ പ്രസ്ഥാനത്തെയും നെഹ്റു-ഗാന്ധി കുടുംബത്തെയും രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ ഉണ്ട്.
വളരെ ലളിതമായ ഒരു കെട്ടിടമാണിത്. കുട്ടിക്കാലം മുതൽ മഹാൻമാരുമൊത്തുള്ള ഇന്ദിരാ ഗാന്ധിയുടെ ജീവിതം വിവരിക്കുന്ന ചിത്രങ്ങൾ ചുമരുകളിൽ കാണാം. കൊച്ചുമക്കളായ രാഹുൽ, പ്രിയങ്ക, വരുൺ എന്നിവരോടൊപ്പമുള്ള ഫോട്ടോകളും ഡ്യൂട്ടിക്കിടയിൽ വിശ്രമം കൊള്ളുന്ന അപൂർവ ചിത്രങ്ങളും കൗതുകം കൊള്ളിക്കുന്നതാണ്. മനോഹരമായ പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഇവിടുത്തെ ഉദ്യാനത്തിൽ മറഞ്ഞിരുന്നായിരുന്നു സ്വന്തം അംഗരക്ഷകർ ഇന്ദിരാഗാന്ധിക്ക് നേരെ വെടിയുതിർത്തത്.

1964 ൽ പിതാവ് ജവഹർലാൽ നെഹ്റുവിന്റെ മരണശേഷമാണ് ഇന്ദിരാഗാന്ധി ഈ വീട്ടിലേക്ക് മാറിയത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്ന അവർ. പതിനഞ്ചു വർഷക്കാലത്തിനിടയിൽ രണ്ടുതവണ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിൽ സേവനമനുഷ്ഠിച്ചു. ബാങ്കുകളെ ദേശസാൽക്കരിക്കുക, രാജക്കന്മാർക്ക് നൽകിയിരുന്ന "ചെല്ല പണം " നിർത്തലാക്കൽ, ബംഗ്ലാദേശിനെ ഭൂപടത്തിൽ എത്തിക്കുക, പാകിസ്ഥാനുമായ യുദ്ധത്തിലെ വിജയം, ഗരീബി ഹഠാവോ പ്രോഗ്രാം,1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം,1977ലെ തിരഞ്ഞെടുപ്പ് പിൻവലിക്കാനുള്ള തീരുമാനം എന്നിങ്ങനെയുള്ള പല ചരിത്രപ്രധാനമായ തീരുമാനങ്ങളിലും ഇന്ദിരാഗാന്ധിയുടെ പങ്ക് നിർണായകമായിരുന്നു.

മ്യൂസിയത്തിനകത്ത്
മാതൃഭൂമി അടക്കമുള്ള മലയാളപത്രങ്ങൾ മുതൽ ടൈംസ് മാഗസിൻ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള ഇന്ദിരാ ഗാന്ധിയുടെ ചിത്രങ്ങളും വാർത്തകളും ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. കൂടാതെ അവരുടെ സ്വകാര്യ വസ്തുക്കൾ, മക്കൾക്കുള്ള കത്തുകൾ, ഡയറി എന്നിവയും ഇന്ദിരാഗാന്ധി സന്ദർശിച്ച നിരവധി സ്ഥലങ്ങളുടെ ചിത്രങ്ങളും നെഹ്റു കുടുംബത്തിന്റെ അപൂർവമായ ഫോട്ടോകളും, ഭാരതരത്നവും മ്യൂസിയത്തിലെ ചുവരുകളെ അലങ്കരിക്കുന്നു. ഇന്ദിര ഉപയോഗിച്ചിരുന്ന ബാഗ്, ചെരിപ്പുകൾ, ടൈപ് റൈറ്റിങ് യന്ത്രം, കൊല്ലപ്പെടുമ്പോൾ ധരിച്ചിരുന്ന അവരുടെ രക്തം പുരണ്ട സാരി എന്നിവയും മ്യൂസിയത്തിൽ കാണാം. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ ഇന്ദിരാഗാന്ധിക്ക് സമ്മാനിച്ച ഗിഫ്റ്റുകളും മറ്റും ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്. കുവൈറ്റിലെയും ഖത്തറിലെയും ഗവണ്മെന്റ് നൽകിയ സ്വർണ്ണവാളുകൾ ആകർഷണീയമാണ്.

ഇന്ദിരാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്റ്റഡി റൂം മുഴുവൻ പുസ്തകങ്ങളാണ്. പൂജാമുറി, കിടപ്പുമുറി, അടുക്കള, ഡ്രോയിങ് റൂം എല്ലാം അവർ ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്നതുപോലെ ഇപ്പോഴും അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും കുട്ടിക്കാലത്തെ ഫോട്ടോകളും വസ്ത്രങ്ങളും രാജീവിന്റെ ക്യാമറയിൽ എടുത്ത ഫോട്ടോകളും അദ്ദേഹം പൈലറ്റ് ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുമെല്ലാം മെമ്മോറിയലിലെ ആകർഷക വസ്തുക്കളാണ്.

1984 ഒക്ടോബർ 31-ന് അക്ബർ റോഡിലേക്ക് ഇന്ദിരാ ഗാന്ധി അവസാനമായി നടന്ന ഏതാനും മീറ്ററുകൾ ക്രിസ്റ്റൽ ഗ്ലാസ് കൊണ്ട് പൊതിഞ്ഞു വച്ചിട്ടുണ്ട്. വെടിയേറ്റ് ഇന്ദിരാ ഗാന്ധി പിടഞ്ഞു വീണ സ്ഥലവും ഗ്ലാസ് കൊണ്ട് മൂടിയിരിക്കുന്നു. ഇപ്പോഴും അവിടെ രക്തക്കറകൾ കാണാം.

ഭാരതം കണ്ടിട്ടുള്ള ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ഓർമകുടീരത്തിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങുമ്പോൾ നേരം സായാഹ്നമായിരുന്നു. കാലങ്ങളോളം ഭാരതത്തിന്റെ ഭരണ ചക്രം നിയന്ത്രിച്ചിരുന്ന ഭരണാധികാരികളുടെ കാലടികൾ പതിഞ്ഞ മണ്ണിലൂടെ നടക്കുമ്പോൾ വെളുപ്പും കറുപ്പുമായ ഒട്ടേറെ ചരിത്രങ്ങൾ മനസിലൂടെ കടന്നുപോയി. സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഇനിയും ഉണങ്ങാത്ത മുറിവുകളാണ് ഇന്ദിരാഗാന്ധിയുടെ വധവും സിഖ് വിരുദ്ധ കലാപവും.
Content Highlights: Delhi Travel, Indira Gandhi Memorial, India Travel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..