ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ ഇന്ത്യ-പാക് പാസ്പോർട്ട്
ഇന്ത്യാ-പാക് വിഭജനാനന്തരം ഇരുരാജ്യങ്ങളിലേക്കും കുടിയേറിയ ജനങ്ങള്‍ക്ക് അവരുടെ പൂര്‍വിക ഭവനങ്ങളും ബന്ധുക്കളെയും സന്ദര്‍ശിക്കാനായി ഒരു ഇന്ത്യ-പാക് പാസ്‌പോര്‍ട്ട് നിലവിലുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ ഇന്നത് അവിശ്വസനീയമായിരിക്കും. ന്യൂഡല്‍ഹിയിലുള്ള 'പാര്‍ട്ടീഷൻ മ്യൂസിയ'ത്തില്‍ ഇത്തരമൊരു പാസ്‌പോര്‍ട്ട് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 1955-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യാ-പാക് പാസ്‌പോര്‍ട്ട് 1965- ലെ യുദ്ധത്തിന് ശേഷം നിർത്തലാക്കുകയായിരുന്നു.
പുതിയ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നുന്ന ഇത്തരം നിരവധി കാഴ്ചകളുടെ സഞ്ചയമാണ് പാര്‍ടീഷന്‍ മ്യൂസിയത്തിലുള്ളത്. സ്വാതന്ത്ര്യാനന്തരം പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ വിലാപസ്മാരകം കൂടിയാണ് പാർട്ടീഷൻ മ്യൂസിയം. തലമുറകളായി ജീവിച്ച നാടും വീടും ഉപേക്ഷിച്ച് അന്യരാജ്യത്തേക്ക് പലായനം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരുടെ പൊള്ളുന്ന ജീവിതകഥകളാണ് ഇവിടം നിറയെയുള്ളത്. കൊലപാതകങ്ങളും പീഡനങ്ങളും ഉള്‍പ്പെടെ ഒരു സിനിമാക്കഥ പോലെ അവിശ്വസനീയമായ കഥകളുടെ നേര്‍ചിത്രങ്ങള്‍. കശ്മീരി ഗേറ്റിലുള്ള അംബേദ്കര്‍ ക്യാംപസിലെ ദാരാഷുക്കോ ലൈബ്രറി സമുച്ചയത്തിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.

ഡല്‍ഹി സംസ്ഥാനസര്‍ക്കാരും ദി ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റും സംയുക്തമായി സജ്ജമാക്കിയിരിക്കുന്ന മ്യൂസിയത്തില്‍ ഇന്ത്യ- പാകിസ്താന്‍ വിഭജനത്തിലേക്ക് നയിച്ച ചരിത്രസംഭവങ്ങള്‍, വിഭജനവും തുടര്‍ന്നുണ്ടായ കലാപങ്ങള്‍, അഭയാര്‍ഥി പ്രവാഹം, ദളിത് പീഡനങ്ങള്‍ തുടങ്ങി 1947 മുതല്‍ 1960 വരെയുള്ള ചരിത്രമാണ് ഏഴുഗ്യാലറികളിലായി ഒരുക്കിയിരിക്കുന്നത്. ടോക്കണ്‍ മുഖേനയാണ് പ്രവേശനം. ദിവസം 200 പേര്‍ക്കാണ് ടോക്കണ്‍ അനുവദിക്കുക. മ്യൂസിയത്തിലെ ക്യൂ.ആര്‍.കോഡ് സ്‌കാന്‍ ചെയ്താല്‍ ഗൈഡിന്റെ സഹായമില്ലാതെ മ്യൂസിയത്തിന്റെ ചരിത്രം കേട്ടുകൊണ്ട് കാഴ്ചകള്‍ ആസ്വദിക്കാം.

പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ ചെക്കുബുക്കുകളും വിലപിടിപ്പുള്ള ആഭരണങ്ങളും വസ്തുവിന്റെ ആധാരങ്ങളുമെടുത്ത് ചിലര്‍ നടന്നപ്പോള്‍ മറ്റുചിലര്‍ യാത്ര തിരിച്ചത് കട്ടില്‍കാലുകളും കറിപാത്രങ്ങളുമായാണ്. ചിത്രങ്ങള്‍, പുരാവസ്തുക്കള്‍, ഓഡിയോ ടേപ്പുകള്‍, പത്രവാര്‍ത്തകള്‍ തുടങ്ങിയവയിലൂടെ ഈ ചരിത്രം മ്യൂസിയം പറയുന്നു.
എന്തൊക്കെ കാണാം?
ദിവസങ്ങള്‍നീണ്ട യാത്രയിലും സ്വാതന്ത്ര്യാനന്തര കലാപത്തിലും കാണാതായവരുടെയും കൊല്ലപ്പെട്ടവരുടേയും പേരുകള്‍ ഉള്‍പ്പെട്ട പഴയകാല പത്രത്താളുകള്‍, ആക്രമിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടേയും ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍, ഇന്ത്യയിലെത്തിയവര്‍ക്ക് അഭയാര്‍ഥി ക്യാമ്പുകളില്‍ അനുവദിച്ച റേഷന്‍ കാര്‍ഡ്, 1955-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യ-പാക് പാസ്പോര്‍ട്ട്, അഭയാര്‍ഥി പ്രവാഹത്തെക്കുറിച്ചുള്ള ഫോട്ടോകള്‍, ചിത്രങ്ങള്‍, പാകിസ്താന്‍ അഭയാര്‍ഥികള്‍ കൊണ്ടുവന്ന കസേര, തംബുരു, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഇന്ത്യ-പാക് വിഭജനത്തെക്കുറിച്ചുള്ള ബ്രിട്ടീഷുകാരുടെ പഴയകാല അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രദർശിപ്പിച്ചിരിക്കുന്നു.
Content Highlights: Delhi’s Partition Museum


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..