Photo: Instagram
ഇന്ത്യക്ക് പുറത്തും ഏറെ ആരാധകരുള്ള നടിയാണ് ദീപിക പദുകോണ്‍. ഹോളിവുഡ് സിനിമകളിലും ഓസ്‌കര്‍, ഫുട്‌ബോള്‍ ലോകകപ്പ് വേദിയിലെ സാന്നിധ്യവുമെല്ലാമാണ് ദീപികയുടെ അന്താരാഷ്ട്ര പ്രശസ്തിക്ക് കാരണം. സന്തോഷത്തിന്റെ നാടെന്നറിയപ്പെടുന്ന ഭൂട്ടാനില്‍ സന്ദര്‍ശനത്തിനെത്തിയ ദീപികയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലാകെ. നിരവധി ആരാധകരാണ് ദീപികയോടൊപ്പം സെല്‍ഫിയെടുത്ത് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എയര്‍പോര്‍ട്ടില്‍ നിന്നും കഫേകളില്‍ നിന്നുമെല്ലാമാണ് ആളുകള്‍ ദീപികയോടൊപ്പം സെല്‍ഫികളെടുത്തിരിക്കുന്നത്. ഭൂട്ടാനിലെ ഒരു പ്രശസ്ത കഫേയില്‍ ദീപിക വന്നതിന്റെ ചിത്രങ്ങള്‍ കഫേയുടെ ഔദ്യോഗിക ഐഡിയില്‍ നിന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തമായ ടൈഗേഴ്‌സ് നെറ്റ് ആശ്രമത്തില്‍ നിന്ന് ദീപികയോടൊപ്പമുള്ള സെല്‍ഫി ഒരു ആരാധിക പോസ്റ്റ് ചെയ്തു. സിനിമ ചിത്രീകരണത്തിനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോ ദീപിക ഭൂട്ടാനിലെത്തിയതെന്നത് വ്യക്തമല്ല. ദീപികയുടെ ഫാന്‍ പേജുകളിലും ഭൂട്ടാനില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ വന്നിട്ടുണ്ട്. ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ പഠാന്‍ ആണ് ദീപികയുടെ ഒടുവിലായി പുറത്തുവന്ന ചിത്രങ്ങളിലൊന്ന്. പ്രഭാസിനൊപ്പമുള്ള പ്രൊജക്ട് കെ, ഹൃത്വിക് റോഷനൊപ്പമുള്ള ഫൈറ്റര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുകയാണ്.
സന്തോഷത്തിന്റെ നാട്, സഞ്ചാരികളുടെയും
കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും, സോങ് എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ സൗന്ദര്യവും, മഞ്ഞും മലഞ്ചെരുവുകളിലൂടെയുള്ള യാത്രകളും ഒക്കെയാണ് ഭൂട്ടാനെ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസിറ്റേഷനാക്കുന്നത്. തിംഫുവാണ് തലസ്ഥാനമെങ്കിലും രാജ്യത്തെ ഏക രാജ്യാന്തര വിമാനത്താവളം രണ്ടാമത്തെ നഗരമായ പാറോ താഴ് വരയിലാണ്. മലഞ്ചെരുവില്‍ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ലോകത്തിലെ വിമാനം ഇറക്കാന്‍ ഏറ്റവും വെല്ലുവിളിയുള്ള എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ്. ആകെ 20 ല്‍ താഴെ പൈലറ്റുമാര്‍ക്ക് മാത്രമാണ് അവിടെ വിമാനം ഇറക്കാനുള്ള അംഗീകാരമുള്ളത്. ഇന്ത്യയില്‍ ഡല്‍ഹി, ഗുവാഹാട്ടി, ബെഗ്‌ദോഗ്ര എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഭൂട്ടാന്‍ എയര്‍ലൈന്‍സ് സര്‍വീസുണ്ട്. വിമാനയാത്ര ചെലവേറിയതും കാലാവസ്ഥയെ ആശ്രയിച്ചുമാണിരിക്കുന്നത്.

ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നുള്ള യാത്രയാണ് റോഡ് മാര്‍ഗം ഏറ്റവും എളുപ്പം. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ മൂന്നു രാജ്യക്കാര്‍ക്ക് പെര്‍മിറ്റ് എടുത്താല്‍ മതി. ബാക്കി ഏത് രാജ്യക്കാര്‍ക്കും വിസ വേണം. പെര്‍മിറ്റിന് അപേക്ഷിക്കാന്‍ വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും. അതേ സമയം ഡ്രൈവിങ് ലൈസന്‍സും പാന്‍ കാര്‍ഡും അംഗീകരിക്കില്ല. കേരളത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞ ചിലവില്‍ അവിടെ എത്താന്‍ കോയമ്പത്തൂരില്‍ നിന്ന് ബെഗ്ദോഗ്രയിലേക്ക് നേരത്തെ ബുക്ക് ചെയ്താല്‍ താരതമ്യേന കുറഞ്ഞ നിരക്കിന് വിമാനടിക്കറ്റ് കിട്ടും. ഇനി അതല്ലെങ്കില്‍ ട്രെയിന്‍ മാര്‍ഗം ചെന്നൈയിലെത്തി അവിടെ നിന്ന് കൊല്‍ക്കത്തയിലെത്തി വീണ്ടും ട്രെയിന്‍മാര്‍ഗം സിലിഗുഡിയിലെത്തി ഭൂട്ടാനിലേക്ക് വീണ്ടും റോഡ് മാര്‍ഗം എത്തണം. അല്ലെങ്കില്‍ കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്ത ബെഗ് ദോഗ്ര വഴിയെത്താം.
ബെഗ്ദോഗ്രയാണ് ഇന്ത്യയില്‍ ഭൂട്ടാന് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. വര്‍ഷവസാനം അല്ലെങ്കില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ ആണ് നല്ല കാലാവസ്ഥ. വൈദ്യുതി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ വരുമാനം ടൂറിസമാണ്. പഴയ തീര്‍ഥാടനപാത അല്ലറ ചില്ലറ മിനുക്കുപണികളോടെ തുറക്കുന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്, പഴമ നിലനിര്‍ത്തി തന്നെ. 60 വര്‍ഷത്തിനിടെ ആദ്യമായി ട്രാന്‍സ് ഭൂട്ടാന്‍ ട്രെയില്‍ അവര്‍ തുറക്കുകയാണ്. ആയിരം വര്‍ഷം പഴക്കമുള്ള പാതയിലൂടെ ടൂറിസ്റ്റുകളും ജനങ്ങളും ഇനി വീണ്ടും സഞ്ചരിച്ച് പൈതൃകവും സംസ്‌കാരവും ഓര്‍ത്തെടുക്കും. 402 കിലോമീറ്റര്‍ ട്രെയിലില്‍ 9 ജില്ലകളും ഒരു ദേശീയ ഉദ്യാനവും ഉള്‍പ്പെടുന്നു. ടൈംസിന്റെ ഈ വര്‍ഷത്തെ 50 ആഗോള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ട്രാന്‍സ് ഭൂട്ടാന്‍ ട്രെയിലും ഉള്‍പ്പെടുന്നു.
ഭൂട്ടാനിലെത്തിയാല്‍ മറക്കാതെ പോകേണ്ട ഇടമാണ് ടൈഗേഴ്‌സ് നെസ്റ്റ്. ഒരു ട്രെക്കിങ് അനുഭവം കൂടിയാണത്. അപൂര്‍വ്വമായ നിര്‍മ്മിതി അതിന്റെ സൗന്ദര്യം കിഴക്കാം തൂക്കായ പാറക്കെട്ടില്‍ എങ്ങനെ അത് പണിതെന്നതും കണ്ടിരിക്കേണ്ട അത്ഭുതമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തനതായ വേഷവിധാനം തന്നെയുണ്ട്. അതാണ് ഏവരും ധരിക്കാറ്. ഹിന്ദി സംസാരിക്കുന്നവരാണ് ഏറെ. 90 ശതമാനം ജനങ്ങള്‍ക്കും
ഹിന്ദി ഭാഷ അറിയാം. എന്‍ഗുള്‍ട്രം എന്നാണ് ഭൂട്ടാന്റെ കറന്‍സിയുടെ പേര്. ഇന്ത്യന്‍ രൂപയുടെ അതേ മൂല്യം. ഇന്ത്യന്‍ രൂപ നല്‍കിയാലും കടക്കാര്‍ സ്വീകരിക്കും, അതല്ലെങ്കില്‍ ഇന്ത്യന്‍ രൂപ കൊടുത്താല്‍ കറന്‍സി മാറ്റിക്കിട്ടും. തിംഫുവിലെ ബുദ്ധ ഡോര്‍നെമ ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമകളില്‍ ഒന്നാണ്. 206 അടിയാണ് ഉയരം. വെങ്കലത്തില്‍ തീര്‍ത്ത ബുദ്ധന്‍ പത്മാസനത്തിലിരിക്കുന്ന പ്രതിമയില്‍ സ്വര്‍ണം പൂശിയിരിക്കുന്നു. പുനാക്ക താഴ് വരയാണ് മറ്റൊരു ഡെസ്റ്റിനേഷന്‍. ഡോച്ചുല പാസ്സിലെ ജീവത്യാഗം ചെയ്ത സൈനികരുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള സ്തൂപങ്ങള്‍ ഇവിടെയുണ്ട്. താഴ് വരയെത്തിയാല്‍ പുനാക്ക സോങ് കാണാം.
Content Highlights: Deepika Padukone's pics from Bhutan holiday goes viral


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..