ഇന്ത്യയിലുമുണ്ടൊരു ദിനോസര്‍ പാര്‍ക്ക് !


എഴുത്ത്: കെ.വിശ്വനാഥ്, ചിത്രങ്ങള്‍: കെ.ആര്‍.വിനയന്‍

ബരാപാസോറസ് ടാഗോരിയെ പോലെ 17 കോടി വര്‍ഷങ്ങളെങ്കിലും മുമ്പ് ഇവിടെ ജീവിച്ച് പ്രകൃതി ദുരന്തത്തില്‍ പെട്ട് പൂര്‍ണമായ ഉടലോടെ മണ്ണിനടയില്‍ പെട്ടുപോയ ഒരു ജന്തുവിന്റെ അസ്ഥികൂടമാണ് മുന്നില്‍ കാണുന്നതെന്ന ചിന്ത മനസ്സിലുണര്‍ത്തുന്ന വികാരങ്ങള്‍ അനുഭവിച്ചു തന്നെയറിയണം.

ബി എം ബിർള സയൻസ് മ്യൂസിയം

സ്റ്റീവന്‍ സ്പില്‍ബര്‍ഗ്ഗ് സംവിധാനം ചെയ്ത ജുറാസ്സിക് പാര്‍ക്ക് എന്ന സിനിമയാണ് ദിനോസറുകളെ കുറിച്ചുള്ള കൗതുകത്തിന് ആക്കം കൂട്ടിയത്. സിനിമയില്‍ കണ്ട തരത്തിലുള്ള ദിനോസറുകള്‍ ഒരു കാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ദിനോസറുകളെ കുറിച്ച് കൂടുതലായി അറിയുന്നതിന് പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കാന്‍ തുടങ്ങി. ആയിടക്കാണ് ഹൈദരാബാദിലെ ബി എം ബിര്‍ള സയന്‍സ് മ്യൂസിയം സന്ദര്‍ശിക്കാന്‍ ഇടയായത്.

മ്യൂസിയത്തിന്റെ ഒരു ഭാഗം ദിനോസറസുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നു. അവിടെ കണ്ട കാഴ്ച്ച ഞെട്ടിച്ചുകളഞ്ഞു. ഒരു ദിനോസറിന്റെ അസ്ഥികൂടം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സത്യത്തില്‍ അങ്ങിനെയൊന്ന് അവിടെയുണ്ടെന്ന് അറിഞ്ഞായിരുന്നില്ല മ്യൂസിയം കാണാന്‍ പോയത്. 2002-ലായിരുന്നു ദിനോസറുമായുള്ള ആദ്യ മുഖാമുഖം. അതിനെ കുറിച്ച് അധികമൊന്നും അറിയാതെ വെറുതെ കണ്ടു പോന്നു. പിന്നീടാണ് കൂടുതല്‍ വായിച്ചറഞ്ഞത്. പതിനേഴ് കോടി വര്‍ഷം മുമ്പ് ഇന്ത്യയില്‍ ജിവിച്ചിരുന്ന പ്രത്യേകയിനം ദിനോസറിന്റെ ഖനനം ചെയ്തെടുത്ത ഫോസിലുകള്‍ സംയോജിപ്പിച്ചാണ് ഈ അസ്ഥികൂടം ഉണ്ടാക്കിയിരിക്കുന്നത്. പിന്നീട് ഹൈദരാബാദില്‍ പോവുമ്പോഴെല്ലാം ബിര്‍ല മ്യൂസിയം സന്ദര്‍ശിക്കാന്‍ തുടങ്ങി. പൗരാണിക കാലത്ത് നമ്മുടെ മണ്ണില്‍ ജീവിച്ചിരുന്ന ജന്തുവിന്റെ പ്രേതരൂപം കാണുകയെന്നതില്‍ നിര്‍വചിക്കാനാവാത്ത കൗതുകം അനുഭവപ്പെടുന്നു.

ദിനോസറുകളുടെ കാലം, ജീവിതം

ദിനോസറിന്റെ അസ്ഥികൂടം കാണുന്നതിനായി ബിര്‍ല മ്യൂസിയത്തിലേക്ക് പോവു മുമ്പ് നമ്മള്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ദിനോസറുകളെ കുറിച്ച് ചിലതെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് ഭൂമിയില്‍ നമ്മള്‍ കാണുന്ന വന്‍കരകള്‍ ഏല്ലാം ഒറ്റയൊന്നായി കൂടി ചേര്‍ന്നിരിക്കുന്ന കാലത്തേ ഇവിടെ ദിനോസറുകള്‍ ഉണ്ടായിരുന്നു. പതിനാലര കോടി വര്‍ഷം മുമ്പ് വരെ ഭൂമധ്യ രേഖയില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ C എന്ന അക്ഷരത്തിന്റെ രൂപത്തില്‍ കൂടി കിടന്ന ഈ ഒറ്റ വന്‍കരക്ക് പാന്‍ജിയ എന്നാണ് ഭൗമ ശാസ്ത്രകാരന്‍മാര്‍ പേരു നല്‍കിയിരിക്കുന്നത്. പിന്നീട് ഭൂമിയുടെ അന്തര്‍ ഭാഗത്ത് സംഭവിച്ചു കൊണ്ടിരുന്ന മാറ്റങ്ങള്‍ കാരണം ഈ ഒറ്റവന്‍കര പലതായി വിഘടിച്ച് പാളികള്‍ തെന്നി നീങ്ങി വിവിധ കരകളായി മാറുകയായിരുന്നു. ഒറ്റ വന്‍കര ആയിരുന്ന കാലത്ത് ഇപ്പോഴത്തെ ഇന്ത്യയുടെ വടക്കേ അതിര്‍ത്തിയിലെ കാശ്മീര്‍ മേഖല കിഴക്കോട്ട് തിരിഞ്ഞാണ് കിടന്നിരുന്നത്.

കേരളം പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞു നില്‍ക്കുന്ന ഒരു മുനമ്പുമായിരുന്നു ഇപ്പോള്‍ ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്ക് ഭാഗത്ത് കടലില്‍ നിലകൊള്ളുന്ന മഡഗാസ്‌കര്‍ എന്ന ദ്വീപ് ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള തീരവുമായി ചേര്‍ന്നു കിടന്നിരുന്നു. ഇതിനിടക്ക് ആഴം കുറഞ്ഞ ഒരു കടലിടുക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. പാന്‍ജിയ വിഘടിച്ച് വിവിധ പാളികളായി തെന്നി മാറാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ പാളിക്കൊപ്പം മഡഗാസ്‌കറും ഒരു വാലു പോലെ ശ്രീലങ്കയും വടക്കോട്ട് നിങ്ങി വന്നു. ഇതിനിടെ ഇന്ത്യന്‍ പാളിയുടെ കിഴക്കോട്ട് തരിഞ്ഞു നിന്ന അറ്റം(കാശ്മീര്‍ മേഖല) വടക്ക് ദിശയിലേക്ക് തിരിഞ്ഞു. ലക്ഷകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് വടക്കോട്ട് നീങ്ങി യൂറേഷ്യന്‍ പാളിയിലേക്ക് ഇടിച്ചു കയറി. ഈ ഇടിച്ചു കയറലിന്റെ ഫലമായാണ് ഹിമാലയ പര്‍വത നിരകള്‍ രൂപപ്പെട്ടത്. എട്ടു കാടി വര്‍ഷം മുമ്പുവരെ മഡഗാസ്‌കര്‍ ഇന്ത്യന്‍ പാളിക്കൊപ്പം ചേര്‍ന്നു നില്‍ക്കുക തന്നെയായിരുന്നു. പിന്നെ മഡഗാസ്‌കര്‍ വിഘടിച്ച് പടിഞ്ഞാറ് ഭാഗത്തേക്ക് നിങ്ങുകയും ആഫ്രിക്ക വന്‍കരയിലെ മൊസാംബികിന് സമീപം ചെന്നു നില്‍ക്കുകയും ചെയ്തു.

park

മഡഗാസ്‌കര്‍ ഇന്ത്യന്‍ പാളിയോട് ചേര്‍ന്നു നിന്നിരുന്ന കാലത്താണ് പല വിഭാഗങ്ങളില്‍ പെട്ട പല വലുപ്പത്തിലുള്ള ദിനോസറുകള്‍ ഇവിടെ ഉണ്ടായിരുന്നത്. വലിയ അഗ്‌നി പര്‍വത സ്ഫോട്നത്തെ തുടര്‍ന്നുണ്ടായ ലാവാ പ്രവാഹത്തിലോ മറ്റോ ആവാം അക്കാലത്ത് ഈ ഭൂമിയുടെ അധിപന്‍മാരായിരുന്ന ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഏതായാലും ഇങ്ങനെ മണ്ണടിഞ്ഞു പോയ ദിനോസറുകളുടെ ജഡങ്ങള്‍ ഭൂമിയിലെ വിവിധ തരത്തിലുള്ള പാറകളും മണ്ണുമായി ചേര്‍ന്ന് കിടന്ന് ഫോസിലുകളായി പരിണമിച്ചു. അത്തരം ഫോസിലുകള്‍ കോടി കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴും മണ്ണിനടയില്‍ നില കൊണ്ടു.

പിന്നീട് ആര്‍ക്കിയോളജിസ്റ്റുകളും ജീവശാസ്ത്രകാരന്‍മാരും നടത്തിയ ഉദ്ഖനനങ്ങളിലൂടെ അവ വെളിപ്പെട്ടു വന്നു. ലോകത്ത് ഇന്നുള്ള എല്ലാ വന്‍കരകളില്‍ നിന്നും ദനോസറുകളുടെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. ഒരുകാലത്ത് കൂറ്റന്‍ ദിനോസറുകളുടെ ആവാസ കേന്ദ്രമായിരുന്നു ഇന്ത്യന്‍ പ്രദേശമെന്ന് ഉദ്ഘനനങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. നര്‍മദ നദിയുടെ തീരപ്രദേശങ്ങളില്‍ നിന്നും ഡക്കാന്‍ മേഖലയില്‍ നിന്നുമെല്ലാം ഇത്തരം ദിനോസറുകളുടേയും അവയുടെ മുട്ടകളുടേയുമെല്ലാം ഫോസിലുകള്‍ ധാരാളമായി ലഭിച്ചു. പക്ഷെ കൂട്ടിയോജിപ്പിച്ച് മുഴുവന്‍ ദിനോസറിന്റെ അസ്ഥികൂടം വീണ്ടെടുക്കാന്‍ കഴിഞ്ഞത് ഇന്ത്യക്കകത്ത് രണ്ട് സന്ദര്‍ഭങ്ങളില്‍ രണ്ടിടത്ത് മാത്രമാണ്.

ബരാപാസോറസ് ടാഗോരി

വലുപ്പവും രൂപവും കൊണ്ട് വ്യത്യസ്ഥത പുലര്‍ത്തിയ അഞ്ഞൂറില്‍ പരം ജനുസ്സില്‍ പെട്ട ദിനോസറുകള്‍ ലോകത്ത് നിലനിന്നിരുന്നു. ഇവയില്‍ എത്രയെണ്ണം ഇന്ത്യന്‍ പാളിയില്‍ ജിവിച്ചിരുന്നുവെന്ന് വ്യക്തമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ഫോസിലുകള്‍ സംയോജിപ്പിച്ച് മിക്കാവാറും പൂര്‍ണമായ അസ്ഥികൂടം ഇന്ത്യയില്‍ നിന്ന് ആദ്യമായി കണ്ടെത്തിയത് തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ നിന്നാണ്. 1961-ല്‍ അവിടെ ഉദ്ഘനനം നടത്തിയ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ടില്‍ (ഐ എസ് ഐ) നിന്നുള്ള ശാസ്ത്രജ്ഞര്‍ക്ക് ഒരു ചുണ്ണാമ്പ് ക്വാറിയില്‍ നിന്ന് മണ്ണടിഞ്ഞു പോയ ആറ് ദിനോസറുകളുടേതായി പത്ത് ടണ്‍ അസ്ഥികള്‍ ലഭിച്ചു.

park

അവരത് കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവ വൃത്തിയാക്കി തരം തിരിച്ചു. പത്തു വര്‍ഷം നീണ്ട ശ്രമകരമായ ഈ ജോലിക്കൊടുവില്‍ ഒരു ദിനോസറിന്റെ അസ്ഥികൂടം മിക്കവാറും പൂര്‍ണമായി തന്നെ ചേര്‍ത്തു വെക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇത് കൊല്‍ക്കത്തയിലെ ഐ എസ് ഐ മ്യൂസിയത്തിലാണ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഏകദേശം പതിനാറ് മുതല്‍ പതിനേഴ് കോടി വര്‍ഷം മുമ്പ് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറാണിതെന്നാണ് അനുമാനം. എക്കാലവും ബംഗാളികളുടെ അഭിമാനവും നോബല്‍ സമ്മാന ജേതാവുമായ കവി രവീന്ദ്രനാഥ് ടാഗോറിനോടുള്ള ബഹുമാനാര്‍ത്ഥം ബരാപാസോറസ് ടാഗോരി എന്നാണ് ഇതിന് പേര് നല്‍കയിരിക്കുന്നത്. ബാരാപസോറസ് എന്നത് ഈ ദിനോസറിന്റെ സ്പീഷിസിന് ശാസ്ത്രജ്ഞര്‍ നല്‍കിയ പേരാണ്.ഈ ദിനോസര്‍ ജീവിച്ചിരുന്നപ്പോള്‍ 18 മീറ്റര്‍ നീളവും എണ്ണായിരം കിലോ ഭാരവുമുണ്ടായിരുന്നെന്നാണ് അനുമാനം.

കോട്ടസോറസ് യമന്‍പള്ളീന്‍സിസ്

ഹൈദരാബാദ് മ്യൂസിയത്തിലെ ദിനോസറിനെ കണ്ടെത്തുന്നത് ടാഗോരിയെ കണ്ടെത്തി മിക്കവാറും രണ്ട് പതിറ്റാണ്ടിന് ശേഷം തെലങ്കാനയിലെ തന്നെ കരീംനഗര്‍ ജില്ലയിയെ കോട്ട മേഖലയിലെ യമന്‍പള്ളി എന്ന ഗ്രാമത്തില്‍ നിന്നാണ് രണ്ടാമത്തേതിന്റെ അസ്ഥികൂടം കണ്ടെത്തിയത്. ശരീരത്തിന്റെ അസ്ഥികള്‍ മുഴുവന്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞെങ്കിലും രണ്ട് പല്ലുകള്‍ ഒഴികെ തലയോട്ടിയുടെ അസ്ഥികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പതിനൊന്ന് മീറ്റര്‍ നീളമുള്ള ഈ ദിനോസറിന് കോട്ടസോറസ് യമന്‍പള്ളീന്‍സിസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ബിര്‍ള മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അസ്ഥികൂടത്തില്‍ കൃത്രിമമായി നിര്‍മിച്ച ഒരു തല കൂട്ടി ചേര്‍ത്തിട്ടുണ്ട്. ബരാപാസോറസ് ടാഗോരിയെ പോലെ 17 കോടി വര്‍ഷങ്ങളെങ്കിലും മുമ്പ് ഇവിടെ ജീവിച്ച് പ്രകൃതി ദുരന്തത്തില്‍ പെട്ട് പൂര്‍ണമായഉടലോടെ മണ്ണിനടയില്‍ പെട്ടുപോയ ഒരു ജന്തുവിന്റെ അസ്ഥികൂടമാണ് മുന്നില്‍ കാണുന്നതെന്ന ചിന്ത മനസ്സിലുണര്‍ത്തുന്ന വികാരങ്ങള്‍ അനുഭവിച്ചു തന്നെയറിയണം. ഹോമോസാപ്പിയന്‍സ് എന്ന മനുഷ്യവംശം ഈ ഭൂമിയില്‍ ഉരുവം കൊണ്ടിട്ടു രണ്ടര ലക്ഷം വര്‍ഷമേ ആയിട്ടൂള്ളൂയെന്നതു കൂടി ഓര്‍ക്കണം. കോടി കണക്കിനു വര്‍ഷങ്ങള്‍ ഈ ഭൂമിയുടെ അധിപന്‍മാരായിരുന്ന ദിനോസറുകള്‍ക്ക് മുന്നില്‍ മനുഷ്യര്‍ എത്ര നിസ്സാരര്‍!

park

ദിനോസറുകള്‍ ഭൂമിയില്‍ ജന്‍മം കൊണ്ടത് ഏകദേശം 23 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഏകദേശം എട്ടു കോടി വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശനാശത്തില്‍ ഒട്ടുമിക്ക ദിനോസര്‍ വര്‍ഗ്ഗങ്ങളും നശിച്ചുപോവുകയായിരുന്നു. നാല്‍പത് മീറ്ററിലധികം നീളവും എണ്‍പതിനായിരം കിലോഗ്രാമിലധകം ഭാരവുമുള്ള കൂറ്റന്‍ ദിനോസറുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്. അവയ്ക്ക് ഒരു നാല് നില കെട്ടിടത്തിന്റെ ഉയരമുണ്ടാവുമെന്നും അനുമാനിക്കപ്പെടുന്നു. അവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമ്മുടെ കോട്ടസോറസ് എത്രയോ നിസ്സാരനാണ്. പക്ഷെ ഒരുകാര്യം തീര്‍ത്തു പറയാം ഈയൊരു 'ദര്‍ശന'ത്തിനു മാത്രമായി ഹൈദരാബാദു വരെ പോവാന്‍ തീരുമാനിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടബോധം തോന്നുന്നില്ല.

(2020 ജൂണ്‍ ലക്കം യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: BM Birla science museum Hyderabad, Dinosaur Park

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented