ആറാട്ടുപാറ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
കാഴ്ചയുടെ ആറാട്ട് കാണാൻ സന്ദർശകരെ മാടിവിളിക്കുകയാണ് അമ്പലവയലിലെ ആറാട്ടുപാറ. അനായാസം കയറിച്ചെല്ലാവുന്ന മലമുകളിൽനിന്ന് അപൂർവ കാഴ്ചകളുടെ ഭംഗിയാസ്വദിക്കാം. കമാനാകൃതിയിലുള വലിയ പാറയ്ക്കുമുകളിലെ മകുടപ്പാറ, പറന്നുയരാൻ കാത്തിരിക്കുന്ന പക്ഷികണക്കെ പക്ഷിപ്പാറ, മുനിയറകൾ, ഗുഹകൾ തുടങ്ങി സുന്ദരക്കാഴ്ചകളുടെ ലോകം. ടൂറിസംഭൂപടത്തിൽ ഇടമില്ലാത്തതിനാൽ സന്ദർശകരിൽനിന്ന് ഏറെയകലെയാണ് ആറാട്ടുപാറ.

ഹൈറേഞ്ച് കാഴ്ചകൾ ആസ്വദിക്കാൻ ചുരം കയറിയെത്തുന്നവരെ ആറാട്ടുപാറ നിരാശപ്പെടുത്തില്ല. സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറിയ ചീങ്ങേരമലയുടെയും കൊളഗപ്പാറ മലയുടെയും ഇടയിലായാണ് ആറാട്ടുപാറയുടെ സ്ഥാനം. 3500 അടി ഉയരത്തിലുളള മലമുകളിലേക്ക് സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം എളുപ്പത്തിലെത്താം. ചെരിഞ്ഞ പാറക്കെട്ടിനുമുകളിലൂടെ 20 മിനിറ്റുകൊണ്ട് മലമുകളിലെത്താം. അഗ്രഭാഗത്ത് കിരീടംപോലെ കാണുന്ന മകുടപ്പാറയാണ് ആറാട്ടുപാറയുടെ പ്രധാന ആകർഷണം. ഇപ്പോൾ ഉരുണ്ടുവീഴുമെന്ന് തോന്നിക്കുന്ന തരത്തിലാണ് മകുടപ്പാറയുടെ നിൽപ്പ്. ഇതിനുതാഴെയാണ് ആകൃതികൊണ്ട് കൗതുകമുണർത്തുന്ന പക്ഷിപ്പാറ. ഒരുഭാഗത്തുനിന്ന് നോക്കിയാൽ പറന്നുയരാൻ കാത്തുനിൽക്കുന്നൊരു പക്ഷിയുടെ രൂപമാണിതിന്. മലകയറ്റം പകുതി പിന്നിടുമ്പോൾ കാണുന്ന പാറപ്പാലവും ആശ്ചര്യക്കാഴ്ചയാണ്. നടവഴിയിലുള്ള ഭീമൻപാറയുടെ പാളിയാണ് പാറപ്പാലം. ഇതുകടന്നാണ് ആറാട്ടുപാറയിലേക്ക് കയറുന്നത്.
ടൂറിസംഭൂപടത്തിലില്ലാത്തതിനാൽ ഇവിടെ സന്ദർശകർ കാര്യമായി എത്താറില്ല. കേട്ടറിഞ്ഞെത്തുന്ന പ്രദേശവാസികളാണ് ആറാട്ടുപാറയുടെ ഭംഗി ആസ്വദിക്കുന്നവർ. ഉദയവും അസ്തമയവും നന്നായി ആസ്വദിക്കാനാകുന്ന ഇവിടേക്ക് പ്രദേശവാസികളുടെ സഹായത്തോടെ ആളുകളെത്താറുണ്ട്. കാരാപ്പുഴ അണക്കെട്ടിന്റെയും അമ്പുകുത്തി, കൊളഗപ്പാറ, ഫാന്റം റോക്ക് മലകളുടെയുമെല്ലാം വേറിട്ടൊരു കാഴ്ച ഇവിടെനിന്ന് ആസ്വദിക്കാം. റവന്യൂവകുപ്പിന്റെ അധീനതയിലുളള ഇവിടെ ടൂറിസം സാധ്യതകൾ വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല. ആറാട്ടുപാറയെ ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്നാണ് പ്രദേശത്തെ റോക്ക് ഗാർഡൻ ടൂറിസം ക്ലബ്ബും നാട്ടുകാരും ആവശ്യപ്പെടുന്നത്.
• കുമ്പളേരി എ.കെ.ജി. ബസ് സ്റ്റോപ്പിനടുത്തുനിന്ന് 500 മീറ്റർ പോയാൽ ആറാട്ടുപാറയുടെ ചുവട്ടിലെത്തും. ഇവിടെവരെ വാഹനം പോകും.
• വഴികാട്ടികളുടെ സഹായമില്ലാതെതന്നെ മലകയറാം.
Content Highlights: arattupara view point, ambalavayal, wayanad, local tourists destination
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..