പറവക്കാവടിയേന്തുന്നവർ
കന്യാകുമാരി ജില്ലയിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം താലൂക്കുകള്‍ ഉള്‍പ്പെട്ട നാഞ്ചിനാട് പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. പച്ചവിരിച്ച നെല്‍പ്പാടങ്ങള്‍ നിറഞ്ഞ ഭൂപ്രദേശം കാര്ഷികസംസ്കൃതിയാല് സമ്പന്നമാണ്. പാര്‍വ്വതിപുരം എത്തുന്നതിനുമുന്പേ ദൂരേ വലിയ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വേളിമലയുടെ സുന്ദരദൃശ്യം പ്രത്യക്ഷമാകും. വേളിമല പിന്നിടുമ്പോഴൊക്കെ ആ കുന്നിന്ചെരിവുകളിലെ കാടുകള്‍ കഥപറയും. നാഞ്ചിനാട്ടില്‍ നിറയെ യക്ഷികളായിരുന്നുവത്രേ... തേരടി ഇശക്കി, വാകയാട് ഇശക്കി, കൈയില്‍ ചോരക്കുഞ്ഞുമായി വന്ന് ചുണ്ണാമ്പ് ചോദിച്ച പഞ്ചവന്കാട്ടുനീലി... എത്രയെത്ര ഐതിഹ്യങ്ങള്‍. എണ്ണിയാലൊടുങ്ങാത്ത ഇശക്കിയമ്മന്‍ കോവിലുകള്‍ നാഞ്ചിനാട്ടിലുണ്ട്. ആടിമാസത്തില്‍ താഴ്വരകളില്‍ മഞ്ഞപ്പൊടിയും കളഭവും സിന്ദൂരവും അണിഞ്ഞ് നിശ്ശബ്ദതയുടെ പുറന്തോട് പൊട്ടിച്ച് നാട്ടുദൈവങ്ങള്‍ മണ്ണിലേക്കിറങ്ങും. വായിച്ചതും കേട്ടറിഞ്ഞതുമായ കഥകള്‍. നാഗര്‍കോവില്‍ പിന്നിടുമ്പോഴേക്കും വേളിമല അപ്രത്യക്ഷമായി കിഴക്ക് ആരല്‍വായ്മൊഴി മലനിരകള്‍ പ്രത്യക്ഷമാകും.
.jpg?$p=bec7056&&q=0.8)
ആടിമാസത്തിലായിരുന്നു തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ചത്. രണ്ടരപ്പതിറ്റാണ്ടിനിടെ നാഞ്ചിനാടിന്റെ ഭൂപ്രകൃതിയിലും മാറ്റം സംഭവിച്ചിരിക്കുന്നു. ഇടവപ്പാതി കേരളത്തില്‍ പെയ്യുമ്പോള്‍ അതിന്റെ തുടര്‍ച്ച നാഞ്ചിനാട്ടില്‍ ലഭിക്കില്ല. നെടുമങ്ങാടു മുതല്‍ ഭൂതപ്പാണ്ടിവരെ നീണ്ടുകിടക്കുന്ന മലമടക്കുകളിലെ കാടുകള്‍ വെളുപ്പിക്കപ്പെട്ടതാണ് ഈ കാലാവസ്ഥാവ്യതിയാനത്തിന് കാരണമെന്ന് പ്രകൃതിനിരീക്ഷകര്‍ പറയുന്നു. ആടിമാസത്തിലെ ചാറ്റല്‍മഴ നാഞ്ചിനാട്ടില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പകരം ക്ഷോഭത്തോടെ കാറ്റുവീശുന്നു. ആ വേഗത്തെ കാറ്റാടികളുപയോഗിച്ച് വൈദ്യുതിയാക്കുകയാണ് വന്‍കിട കമ്പനികള്‍. നാഗര്‍കോവില്‍ പിന്നിട്ടുകഴിഞ്ഞാല്‍ ആരല്‍വായ്മൊഴി മലയുടെ താഴ്വാരം വരെയുള്ള കുന്നിന്ചെരിവുകളില് നിറയെ കാറ്റാടിപ്പാടങ്ങളാണ്. നാഗര്‍കോവിലില്‍നിന്ന് അരമണിക്കൂര്‍കൊണ്ട് ആരല്വായ്മൊഴിയിലെത്താം. കിഴക്ക് പശ്ചിമഘട്ടമലനിരകള്‍ പാതയ്ക്ക് സമാന്തരമായി തലയുയര്‍ത്തി നില്ക്കുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തുള്ള വിടവാണ് ആരല്‍വായ്മൊഴി മലനിരകള്‍. ആരല്വായ്മൊഴിയെന്ന ചെറിയ ഗ്രാമത്തിലെത്തുമ്പോള്‍ മലനിരകള്‍ നേര്‍ത്ത് ചുരംപാതയാകുന്നു. നാഗര്‍കോവിലില്‍നിന്ന് മധുരയിലേക്കും ചെന്നൈയിലേക്കുമുള്ള പ്രധാന ഹൈവേ കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്.
.jpg?$p=fad68fb&&q=0.8)
പൂമണം തൂവുന്ന തോവാള
ആരല്‍വായ്മൊഴി എത്തുന്നതിനുമുന്പാണ് തോവാള. നാഞ്ചിനാടിന്റെ പ്രതാപകാലത്ത് തോവാളഗ്രാമം പൂക്കളാല്‍ സമൃദ്ധമായിരുന്നു. എന്നാല്‍, ഇന്നങ്ങനെയല്ല. മൈസൂരുവില്‍നിന്നും ഹൊസൂരില്‍നിന്നും കൃഷ്ണഗിരിയില്നിന്നുമെല്ലാമാണ് തോവാള ചന്തയിലേക്ക് പൂക്കളെത്തുന്നത്. പുലര്‍ച്ചെ നാലരയോടെ തോവാള പൂച്ചന്ത സജീവമാകും. മല്ലിയും പിച്ചിയും ജമന്തിയും തെച്ചിയും നന്ത്യാര്‍വട്ടവും റോസും അരളിയുമെല്ലാം സുഗന്ധം പൊഴിക്കുന്നു. തോവാള പൂമാര്ക്കറ്റില്നിന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കും കന്യാകുമാരി, നാഗര്‍കോവില്‍ ഭാഗങ്ങളിലേക്കുമാണ് പൂക്കള്‍ കൂടുതലായും പോകുന്നത്. ഇവിടങ്ങളിലെ പൂക്കടകളിലേക്കും കോവിലുകളിലേക്കുമെല്ലാം തോവാളയില്‍ നിന്നെത്തുന്ന പൂക്കള്‍തന്നെയാണ് ആശ്രയം. ഓണക്കാലമായാല്‍ തോവാള ചന്തയില്‍ തിരക്ക് കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു. കോവിലുകളിലെ പൂജയ്ക്ക് ആവശ്യമായ തുളസി, കൂവളം, ദര്‍ഭ, കറുക തുടങ്ങിയവയും തോവാള മാര്‍ക്കറ്റിലുണ്ട്. ആവശ്യക്കാര്‍ക്ക് കച്ചവടക്കാര്‍ പൂമാല നെയ്തുകൊടുക്കുകയും ചെയ്യും. തോവാള ഗ്രാമത്തിന് എപ്പോഴും പൂക്കളുടെ ഗന്ധമാണ്. പൂമണം തൂവുന്ന തോവാളയുടെ ഭംഗിയാസ്വദിച്ച് ഞങ്ങള്‍ ആരല്വായ്മൊഴിയിലേക്ക് യാത്രതിരിച്ചു.
.jpg?$p=74dd70a&&q=0.8)
കാറ്റാടിപ്പാടങ്ങളും പറവക്കാവടിയും
നാഗര്‍കോവിലില്‍നിന്ന് തോവാള പിന്നിട്ട് തിരുനെല്‍വേലി റൂട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ചുറ്റുമുള്ള മലഞ്ചെരിവുകളിലെല്ലാം കാറ്റാടിപ്പാടങ്ങളാണ്. ആരല്വായ്മൊഴിയിലെ കൊച്ചുപട്ടണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചൂളംവിളിച്ചെത്തുന്ന ഇളംകാറ്റ് നമ്മെ തഴുകുന്നുണ്ടാകും. നഗരത്തിന്റെ ഇരുഭാഗങ്ങളിലും നിറയെ കാറ്റാടിയന്ത്രങ്ങള്‍ ചെറു ഹുങ്കാരത്തോടെ കറങ്ങുന്ന സുന്ദരദൃശ്യം കാണാനാകും. ഏഷ്യയില്‍തന്നെ കാറ്റാടിയുപയോഗിച്ച് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടങ്ങളിലൊന്നാണിത്. ആരല്‍വായ്മൊഴി ഗ്രാമത്തില്‍തന്നെയാണ് ഡാല്‍മിയയുടെ കാറ്റാടി കമ്പനിയുള്ളത്. ഇരുനൂറ്റമ്പതിലേറെ ഏക്കറിലാണ് ഡാല്‍മിയ കമ്പനി ഇവിടെ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. മലഞ്ചെരിവുകളില്‍ നിരനിരയായി കറങ്ങുന്ന ഡാല്‍മിയ കമ്പനിയുടെ കാറ്റാടിയന്ത്രങ്ങള്‍ അടുത്തുനിന്ന് കാണുകയായിരുന്നു ലക്ഷ്യം. ആവശ്യമറിയിച്ചപ്പോള്‍ കാറ്റാടിപ്പാടത്തിലൂടെ സഞ്ചരിക്കാന്‍ കമ്പനി അധികൃതര്‍ ഞങ്ങള്‍ക്ക് അനുമതി നല്കി.
.jpg?$p=8384990&&q=0.8)
1994-ലാണ് കമ്പനി ഇവിടെ കാറ്റാടിപ്പാടം സ്ഥാപിച്ചത്. ഒരു കാറ്റാടിയന്ത്രത്തിന് അന്ന് ഒരുകോടി രൂപ ചെലവായെന്ന് കമ്പനി മാനേജര്‍ വ്യക്തമാക്കി. കമ്പനിയുടെ ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന് കാറ്റാടിപ്പാടങ്ങള്ക്കിടയില് ഏക്കറുകണക്കിന് നെല്ലിപ്പാടങ്ങളാണ്. ആവശ്യക്കാരെത്തിയാല്‍ വിളഞ്ഞുനില്‍ക്കുന്ന നെല്ലിക്കകള്‍ തൂക്കിവില്ക്കുകയും ചെയ്യുന്നു. നെല്ലി മാത്രമല്ല പേരമരങ്ങളും ഇവിടെ കൃഷിചെയ്തുപോരുന്നു. ജലലഭ്യതക്കുറവാണ് കൂടുതല്‍ കൃഷിയിറക്കുന്നതിന് വിഘാതമാകുന്നത്. ചുട്ടുപൊള്ളുന്ന വെയിലില്‍ നെല്ലിക്കയുടെ രുചി നുണഞ്ഞ് ഞങ്ങള്‍ കാറ്റാടിപ്പാടത്തിലൂടെ വീണ്ടും ഗ്രാമത്തിലേക്ക് തിരിച്ചിറങ്ങി.
ആടിമാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് പറവക്കാവടിയേറ്റം നടക്കുന്നത്. ആരല്‍വായ്മൊഴി ഗണപതിക്ഷേത്രത്തില്‍നിന്ന് കാവല്‍ക്കിണറിലെ മുപ്പന്തല്ക്ഷേത്രത്തിലേക്കാണ് കാവടി ഘോഷയാത്രയെത്തുന്നത്. പാല്‍ക്കുടം ഘോഷയാത്രയില്‍ താലപ്പൊലിയുമായി ഭക്തര്‍ നീങ്ങുന്നു. മുന്നില്‍ നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീരന്മാര് വഴികാണിക്കുന്നു. എന്നാല്‍, അതിശയിപ്പിച്ചത് താളമേളങ്ങള്ക്കൊപ്പമുള്ള പറവക്കാവടിയേറ്റമായിരുന്നു. കവിളിലൂടെ ശൂലം തുളച്ച് വാഹനത്തില്‍ ഘടിപ്പിച്ച കൊളുത്തില്‍ ശരീരം തുളച്ച് തൂങ്ങിയാടുന്നവര്‍. കൊടുംവെയിലില്‍ മാംസപേശികളിലൂടെ തുളച്ചിറങ്ങിയ കൊളുത്തില്‍ തൂങ്ങി കിലോമീറ്ററുകളോളം പിന്നിട്ടാണ് മുപ്പന്തല്ക്ഷേത്രത്തിലേക്ക് പറവക്കാവടി എത്തുക. ആഗ്രഹസാഫല്യത്തിനായി നേര്‍ച്ച നേരുന്ന ഭക്തര്‍ക്കുവേണ്ടിയാണ് പറവക്കാവടിയേന്താന് ഇവരെത്തുന്നത്. തമിഴ്നാട് ഗ്രാമങ്ങളിലെ ചിലയിടങ്ങളിലുള്ള ഈ ആചാരം ഒരുപക്ഷേ, മലയാളികള്‍ക്ക് അത്ര പരിചിതമായിരിക്കില്ല.
.jpg?$p=6df998d&&q=0.8)
കാറ്റാടിമലയിലെ വിശുദ്ധ ദേവാലയത്തില്‍
വിശുദ്ധിയുടെ കിരീടം ചൂടിയ ദേവസഹായംപിള്ളയുടെ ദേവാലയത്തിലേക്കായിരുന്നു ഒടുക്കം ഞങ്ങളെത്തിച്ചേര്‍ന്നത്. കിരീടംവെച്ച രാജാവിനെപ്പോലെ നിവര്ന്നുനില്ക്കുന്ന സഹ്യപര്‍വതത്തിന് താഴെ കാറ്റാടിമലയിലാണ് ദേവസഹായംപിള്ള മൗണ്ട് വ്യാകുലമാതാ ദേവാലയം സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് ഈ പള്ളി പണിതുയര്‍ത്തിയിട്ടുള്ളത്. തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ പീഡനമേല്ക്കുകയും വധിക്കപ്പെടുകയും ചെയ്ത ദേവസഹായംപിള്ളയുടെ ഓര്‍മകള്‍ ആരല്‍വായ്മൊഴി ചുരം താണ്ടി തണുത്ത കാറ്റായി കാറ്റാടിമലയിലേക്ക് വീശുന്നുണ്ടായിരുന്നു. രാജഭരണകാലത്ത് മതംമാറിയതിന്റെപേരില് ക്രൂശിക്കപ്പെട്ടുവെന്ന് കത്തോലിക്കാസമൂഹം വിശ്വസിക്കുന്ന ദേവസഹായംപിള്ള 1712 ഏപ്രില്‍ 13-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്താണ് ജനിച്ചത്. മതപരിവര്ത്തനത്തിനുമുന്പ് നീലകണ്ഠപ്പിള്ള എന്നായിരുന്നു പേര്. തിരുവിതാംകൂറിന്റെ ശില്പി
യായ മാര്‍ത്താണ്ഡവര്‍മയുടെ പദ്മനാഭപുരംകൊട്ടാരത്തില് കാര്യദര്‍ശിയായിരുന്നു അദ്ദേഹം. 1741-ലെ കുളച്ചല്‍യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടര്‍ന്ന് തിരുവിതാംകൂര്‍ സൈന്യത്തിന്റെ സൈന്യാധിപനായി ഡച്ച് കപ്പിത്താന് ഡിലനോയ് ചുമതലേറ്റു. ഡിലനോയിയുടെ സഹായിയായാണ് മഹാരാജാവ് നീലകണ്ഠപ്പിള്ളയെ നിയമിച്ചത്. ഡിലനോയിയില്നിന്ന് ക്രിസ്തുമതത്തെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം. വടക്കന്‍കുളം പള്ളിയില്‍ മിഷനറിയായിരുന്ന ജെ.പി. പട്ടാരിയെന്ന ഈശോസഭാ വൈദികനില്‍നിന്ന് 1745 മേയ് 17-ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ലാസര്‍ എന്ന് അര്‍ഥമുള്ള ദേവസഹായം എന്നപേരിലാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. എന്നാല്‍, ജാതീയ അടയാളത്തെ സൂചിപ്പിക്കുന്ന 'പിള്ള' എന്ന പേര് മാറ്റിയിരുന്നില്ല.
.jpg?$p=8312ca4&&q=0.8)
നെയ്യാറ്റിന്‍കര മുതല്‍ നാഗര്‍കോവില്‍വരെ അദ്ദേഹം സുവിശേഷവും മിഷനറി പ്രവര്‍ത്തനവും നടത്തി. തുടര്‍ന്ന് മൂന്നുകൊല്ലത്തോളം അദ്ദേഹത്തിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു. പിന്നീട് ദേവസഹായം പിള്ളയെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ചു. 1752 ജനുവരി 14-ന് ആരല്വായ്മൊഴിയിലെ കാറ്റാടിമലയില്‍ കൊണ്ടുപോയി ദേവസഹായം പിള്ളയെ വെടിവെച്ച് കൊലപ്പെടുത്തി. മൃതദേഹം ഭടന്മാര് ഇവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം വാണിഭക്കാരും വിശ്വാസികളും ചേര്‍ന്ന് നാഗര്‍കോവിലിലെ കോട്ടാര്‍ സെന്റ് സേവ്യര്‍ പള്ളിയില്‍ സംസ്കരിച്ചു. 2022 മേയ് 15-ന് വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.
.jpg?$p=9c2ba89&&q=0.8)
ചുരം താണ്ടിയെത്തുന്ന ഇളംകാറ്റേറ്റ് ദേവാലയത്തിനരികിലൂടെയുള്ള കല്‍പ്പടവുകള്‍ താണ്ടി ഞങ്ങള്‍ മുകളിലേക്ക് നടന്നു. ക്രൂശിക്കാന്‍ വിധിക്കപ്പെട്ട ക്രിസ്തുവിനെ ഗാഗുല്‍ത്താമലയിലേക്ക് നടത്തിച്ച കഥകള്‍ പറയുന്ന ശില്പങ്ങള് കല്‍പ്പടവുകളോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. പടവുകള്‍ കയറിയെത്തുന്നത് ഒരു വലിയ പാറയ്ക്ക് മുകളിലാണ്. അവിടെ ദേവസഹായംപിള്ളയുടെ ശില്പം കാണാം. മലമുകളില്‍നിന്ന് താഴ്വരയുടെ കാഴ്ച അനിര്‍വചനീയമാണ്. ആരല്വായ്മൊഴിയുടെ മലഞ്ചെരിവുകളില്‍ എണ്ണിയാലൊടുങ്ങാത്ത കാറ്റാടിയന്ത്രങ്ങള്‍ കറങ്ങുന്നതിന്റെ സുന്ദരദൃശ്യം മറക്കാനാകില്ല. പശ്ചിമഘട്ടത്തില്‍നിന്ന് ഇളംകാറ്റ് വീശുന്നുണ്ടായിരുന്നു. മരുത്വാമലയ്ക്കപ്പുറം പടിഞ്ഞാറേചക്രവാളമായ കന്യാകുമാരിയില്‍ സൂര്യന് അസ്തമിക്കുന്നു. ആരല്വായ്മൊഴിയെ വിട്ടുപിരിയാന്‍ സമയമായി. ഞങ്ങള്‍ പടവുകള്‍ തിരിച്ചിറങ്ങി.
TRAVEL INFO
By road: Aralvaimozhi is accessible by road from Thiruvananthapuram. Travel through NH-66, which connects Thiruvananthapuram and Kanyakumari, and get down at Nagercoil. There are bus services from Nagercoil to Aralvaimozhi. Aralvaimozhi is approximately 86 kilometers away from Thiruvananthapuram. Aralvaimozhi situates on NH-966, which connects Tirunelveli and Nagercoil.Buses traveling from Nagercoil to Chennai, Madurai, and Tirunelveli pass through Aralvaimozhi.The state transport corporations of Kerala and Tamil Nadu conduct frequent bus services from Thiruvananthapuram to Nagercoil.
By rail: Nearest Railway station Aralvaimozhi (AAY)
By air: Nearest Airport (55Km) Trivandrum International Airport
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: aralvaimozhi kanyakumari travel tamilnadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..