മഞ്ചേരി, തിരൂര്‍, വണ്ടൂര്‍ ബോര്‍ഡുവച്ച ബസുകള്‍; മലപ്പുറമല്ല ഇത് അന്തമാനാണ്‌


ഡോ.പ്രമോദ് ഇരുമ്പുഴി

എങ്ങനെ ഈ സ്ഥലപ്പേരുകള്‍ അവിടെ വന്നു എന്നന്വേഷിക്കുക രസകരമാണ്. 1921ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ ബ്രിട്ടീഷ് പോലീസ് കണ്ണൂര്‍, കോയമ്പത്തൂര്‍, ബെല്ലാരി ജയിലുകളിലേക്കാണ് അയച്ചത്.

അന്തമാൻ

ഒരു കാലത്ത് മലപ്പുറത്തുനിന്ന് ഒട്ടേറേപ്പേര്‍ കുടിയേറിപ്പാര്‍ത്ത അന്തമാന്‍ ദ്വീപുകളില്‍ നടത്തിയ യാത്രയെക്കുറിച്ച് അധ്യാപകനും സഞ്ചാരിയുമായ ഡോ.പ്രമോദ് ഇരുമ്പുഴി എഴുതുന്നു

മലപ്പുറത്തുനിന്ന് 1500ലധികം കിലോമീറ്റര്‍ അകലെയുള്ള അന്തമാനിലെ ചില ബസ്‌സ്റ്റോപ്പുകളില്‍ നിന്നാല്‍ മഞ്ചേരി, തിരൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളിലേക്കുള്ള ബസ് കിട്ടും. ബംഗാള്‍ ഉള്‍ക്കടലും കടന്ന് എങ്ങനെ ബസ് മഞ്ചേരിയിലെത്തും എന്നു ചിന്തിച്ച് തലപുകയ്ക്കണ്ടാ. ഇതൊക്കെ അന്തമാനിലെ സ്ഥലപ്പേരുകളാണ്. ഇതുമാത്രമല്ല, മണ്ണാര്‍ക്കാടും കേരളപുരവും കാലിക്കറ്റുമെല്ലാം അവിടെയുണ്ട്.

എങ്ങനെ ഈ സ്ഥലപ്പേരുകള്‍ അവിടെ വന്നു എന്നന്വേഷിക്കുക രസകരമാണ്. 1921ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ ബ്രിട്ടീഷ് പോലീസ് കണ്ണൂര്‍, കോയമ്പത്തൂര്‍, ബെല്ലാരി ജയിലുകളിലേക്കാണ് അയച്ചത്. പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടിയപ്പോള്‍ ഈ ജയിലുകള്‍ നിറഞ്ഞു. അങ്ങനെയാണവരെ അന്തമാനിലെ സെല്ലുലാര്‍ ജയിലിലേക്ക് കൊണ്ടുപോകാമെന്ന തീരുമാനത്തിലെത്തിയത്. തടവുകാരെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ജയിലായിരുന്നു സെല്ലുലാര്‍ ജയില്‍.

അന്തമാനില്‍ പുലര്‍ന്ന മലയാളികള്‍...

കുറേക്കാലം കഴിഞ്ഞപ്പോള്‍ ബ്രിട്ടീഷുകാര്‍ തടവുകാര്‍ക്ക് ഒരു വാഗ്ദാനം നല്‍കി. ശിഷ്ടകാലം അന്തമാനില്‍ത്തന്നെ ജീവിക്കുകയാണെങ്കില്‍ ജയിലില്‍നിന്ന് മോചനം നല്‍കാം. ചിലര്‍ കുടുംബത്തെ കൊണ്ടുവരാന്‍ നാട്ടില്‍പ്പോയി തിരിച്ചുവന്നില്ല. എന്നാല്‍ ചിലര്‍ സകുടുംബം അന്തമാനിലേക്ക് എത്തുകയും അവിടെ താമസമാക്കുകയുംചെയ്തു.

അവര്‍ കാടുകള്‍ വെട്ടിത്തെളിച്ച് ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമാക്കി. താമസിച്ച സ്ഥലത്തിന് നാടിന്റെതന്നെ പേരിട്ടു. അങ്ങനെയാണ് ഈ പേരുകളുണ്ടായത്. അന്തമാനിലെ കാലിക്കറ്റ്, കേരളപുര്‍, ഡിഗ്ലിപുര്‍, ബേട്ടാപുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മലയാളികള്‍ ഇപ്പോഴും ധാരാളം താമസിക്കുന്നുണ്ട്.

മലയ ഭാഷയില്‍ ഹനുമാന്‍ എന്നര്‍ഥമുള്ള ഹന്‍ഡുമാന്‍ എന്ന പദത്തില്‍നിന്നാണ് അന്തമാനുണ്ടായത്. അന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലായി അഞ്ഞൂറ്റമ്പതിലധികം ദ്വീപുകളുണ്ട്. ഇവയില്‍ 37 എണ്ണത്തില്‍ മാത്രമേ ജനവാസമുള്ളൂ. ഇവിടെ ബംഗാളിയും തമിഴനും ഹിന്ദിവാലയും മലയാളിയും ഒത്തൊരുമിച്ചുകഴിയുന്നു.

സെല്ലുലാര്‍ ജയില്‍

1906ല്‍ ആരംഭിച്ച സെല്ലുലാര്‍ ജയിലിലേക്ക് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ തടവുപുള്ളികളെ കൊണ്ടുവന്നു. അവരുടെ പിന്‍ഗാമികളാണ് ഇന്നിവിടെ കാണുന്ന വ്യത്യസ്ത ഭാഷക്കാര്‍. ഇന്ത്യയുടെ ഒരു കൊച്ചുപതിപ്പ് എന്ന് അന്തമാനെപ്പറ്റി പറയാം. വീട്ടില്‍ മലയാളമാണ് സംസാരിക്കുന്നതെങ്കിലും പുറത്തിറങ്ങിയാല്‍ ഹിന്ദിയാണ് പൊതുവില്‍ ഉപയോഗിക്കുന്നത്. മറ്റു പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവര്‍ക്കുപുറമേ നിഗ്രിറ്റോ, മംഗളോയ്ഡ് വംശജരായ അന്തമാനീസുകള്‍, ഓംഗികള്‍, ജരാവകള്‍, സെന്റിലിനീസുകള്‍ തുടങ്ങിയ ആദിവാസികളും അന്തമാനിലുണ്ട്. കേരളത്തില്‍നിന്ന് ഏറെ വ്യത്യസ്തമല്ലാത്ത കാലാവസ്ഥയാണ് അന്തമാനിലേത്.

ജറാവകളും മഡ് വൊള്‍ക്കാനോയും....

അന്തമാന്‍ തലസ്ഥാനമായ പോര്‍ട്ട്‌ബ്ലെയറില്‍നിന്ന് നൂറുകിലോമീറ്ററോളം ദൂരമാണ് ബാരാതങ്ങിലേക്കുള്ളത്. പോകുന്ന വഴിയിലെ കൊടുംകാട്ടില്‍ പുറംലോകവുമായി കാര്യമായ ബന്ധമില്ലാതെ ജീവിക്കുന്ന ജറാവ എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീപുരുഷന്‍മാരെക്കാണാം. മാറുമറയ്ക്കാത്ത, അല്‍പ്പവസ്ത്രധാരികളായ ഇവരെ കണ്ടാല്‍ വണ്ടി നിര്‍ത്താനോ ഫോട്ടോ എടുക്കാനോ പാടില്ല എന്ന് കര്‍ശന നിര്‍ദേശമുണ്ട്. പഴയകാലത്ത് നരഭോജികളാണ് അന്തമാനിലെ ആദിവാസികള്‍ എന്ന തെറ്റിദ്ധാരണപോലും ഉണ്ടായിരുന്നു.

ചുണ്ണാമ്പുഗുഹ

ബാരാതങ്ങിലെത്തിയാല്‍ സ്പീഡ്‌ബോട്ടില്‍ കയറി കണ്ടല്‍ക്കാടുകള്‍ കണ്ടും അവക്കിടയിലൂടെ യാത്രചെയ്തും കരഭാഗത്തെത്തുന്നു. അവിടെനിന്ന് പത്തുമിനിറ്റു നടന്നാല്‍ ചുണ്ണാമ്പുഗുഹ കാണാം. പ്രകൃതി നിര്‍മിച്ച ഈ ഗുഹയ്ക്കുള്ളിലേക്ക് ടിക്കറ്റെടുത്ത് പ്രവേശിക്കാം. ഈര്‍പ്പമുള്ള ഗുഹയിലൂടെയുള്ള സഞ്ചാരം ശ്രദ്ധിച്ചുവേണം. മങ്ങിയ വെളിച്ചമുള്ള ഗുഹയ്ക്കുള്ളില്‍ വഴുതിവീഴാന്‍ സാധ്യതയുണ്ട്. തിരിച്ചുപോരുന്ന വഴിയിലാണ് മഡ് വോള്‍ക്കാനോ. ഇന്ത്യയിലെ ഏക മഡ് വോള്‍ക്കാനോ ആണിത്. സാധാരണ അഗ്‌നിപര്‍വതത്തില്‍നിന്ന് ചുട്ടുതിളച്ച ലാവയാണ് പുറത്തുവരുന്നതെങ്കില്‍ ഇവിടെ ഇളംചൂടുള്ള ചെളിയാണ് പുറത്തേക്കു വമിക്കുന്നത്.

ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ക്കൊപ്പംതന്നെ അന്തമാനിലെ പ്രധാന ആകര്‍ഷണം മനോഹരമായ കടല്‍ത്തീരങ്ങളാണ്. അധികം ആഴമില്ലാത്ത കടല്‍ത്തീരമായതിനാല്‍ നിര്‍ഭയം സന്ദര്‍ശകര്‍ക്ക് ജലകേളികളില്‍ ഏര്‍പ്പെടാം. പവിഴപ്പുറ്റുകളുടെയും കടല്‍മത്സ്യങ്ങളുടെയും ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന സ്‌കൂബാ ഡൈവിങ്, സീബോട്ടം വാക്ക് എന്നിവചെയ്യാം. ഗ്ലാസ് ബോട്ടം ബോട്ട്, സ്‌നോര്‍ക്കലിങ്, കയാക്കിങ്, പാരാസെല്ലിങ് തുടങ്ങിയ ജലയാത്രകള്‍ക്ക് ഏറ്റവും അനുയോജ്യസ്ഥലമാണ് അന്തമാന്‍.

Content Highlights: andaman and nicobar islands travel destinations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented