അംബോളി; മഞ്ഞും മഴയും മാറിമാറി വരുന്ന മാസ്മരജാലം, പ്രകൃതിയുടെ നിഗൂഢ സൗന്ദര്യം


എഴുത്തും ചിത്രങ്ങളും: മധുരാജ്

സ്യൂയിസൈഡ് പോയന്റിൽ പതിക്കുന്ന ജലപാതത്തിലെ നീരാവി കാറ്റിൽ ജലധാര പോലെ മേലേക്ക് പൊങ്ങുന്ന കാഴ്ച അപൂർവ സുന്ദരമാണ്. മാറിമറിയുന്ന കോടയും ചരൽ വാരി എറിയുന്ന മഴയും ചൂളം കുത്തുന്ന കാറ്റും ഇവിടെ ഒന്നിക്കുന്നു. സൂര്യന് അസ്പർശ്യത കൽപ്പിച്ച ഇവിടം എപ്പോഴും നിഴൽപ്രദേശമായി നിലകൊള്ളുന്നു.

അംബോളിയിലെ കാഴ്ച | ഫോട്ടോ: മധുരാജ് മാതൃഭൂമി

ഴയെ അറിയാൻ ഒരിടം. ചിലർ പറയാറുണ്ട് ചില ദേശങ്ങൾ വിളിച്ചു. അങ്ങനെ ഞാൻ അവിടെ എത്തി എന്ന്. ഇങ്ങനെ ഏറ്റവും കൂടുതൽ കേട്ടത് മൂകാംബികയെക്കുറിച്ചാണ്. ഈയിടെ പരിചയപ്പെട്ട യാത്രാ പ്രേമിയായ സുഹൃത്ത് ഏഞ്ചൽ മാത്യു മൂകാംബികയിൽ എത്തിയത് ഇങ്ങനെ ഒരു വിളികേട്ടാണ്. അതും ഹർത്താൽ ദിനത്തിൽ. തീർന്നില്ല, തനിച്ച്. ഏഞ്ചൽ തന്റെ യാത്ര മുകാംബികയിൽ ഒതുക്കിയില്ല. അവിടെനിന്ന് കുടജാദ്രിവരെ പോയിട്ടാണ് മടങ്ങിയത്. ചിലരെ ദൈവങ്ങൾ വിളിക്കുന്നു. മറ്റു ചിലരെ ദേശങ്ങൾ വിളിക്കുന്നു. എന്തൊക്കെയായാലും അനുഭൂതിയായി നിറയുന്നത് യാത്രാനുഭവങ്ങളാണ്. ഏഞ്ചലിനെ വിളിച്ചത് ദൈവമാണോ? അതോ ദേശമാണോ? അറിയില്ല. ഒരു കാര്യം അറിയാം. ഏഞ്ചൽ ഒരു വലിയ യാത്രാപ്രേമിയാണ് ട്രക്കർ ആണ്. യാത്രാ മാഗസിന്റെ വായനക്കാരനാണ്.

ഇത്രയും പറഞ്ഞത് ഞാൻ അംബോളിയിൽ എത്തിയ കാര്യം പറയാനാണ്. എന്നെ വിളിച്ചത് ദൈവമല്ല. ദേശമാണോ? ഇത്തിരി സംശയം. ഒന്നുറപ്പ് ഫോണിലൂടെ വന്ന ശബ്ദം എന്റെ സുഹൃത്തിന്റേതായിരുന്നു. പേര് ജിത്തു കോളയാട്. ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും സിനിമാ പിടിത്തവും യാത്രയും ലഹരിയും തൊഴിലുമായി കൊണ്ടുനടക്കുന്ന ഒരു സുഹൃത്ത്. അവൻ അംബോളിയിൽ നിന്ന് വിളിക്കുകയാണ്. അതും മഴ നനഞ്ഞുകൊണ്ട്... “മധുവേട്ടാ നിങ്ങൾ ഇവിടെ ഉടൻ വരണം." ഞാൻ ചോദി ച്ചു “എവിടെ?” “ഇവിടെ അംബോളിയിൽ...'' “മഴ എന്താണെന്ന് അറിയാൻ ഇവിടെ വരണം...'' അവൻ സുഹൃത്തുക്കളോടൊപ്പം അംബോളിയിൽ എത്തിയതായിരുന്നു. മഴലഹരി തലയ്ക്ക് പിടിച്ചപ്പോൾ മതിമറന്ന് എന്നെ വിളിച്ചതാണ്. ഞാൻ ഇങ്ങ് കേരളത്തിൽ തിരക്കുപിടിച്ച ചില ജോലികൾക്കിടയിലായതിനാൽ സംഭാഷണം അധികം നീണ്ടില്ല. “നമുക്ക് പോകാം.' സംഭാഷണം അവിടെ മുറിഞ്ഞു. അന്നായിരുന്നു ഞാൻ ആദ്യമായി അംബോളിയുടെ വിളി കേട്ടത്. തൊട്ടടുത്ത മഴക്കാലത്ത് ഞാൻ അംബോളിയിൽ എത്തി.

amboli 2
മഴയുടെ ആർദ്ര​ഗീതം: മഴയിൽ അംബോളിയിലെ പാത

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലാണ് അംബോളി എന്ന ഹിൽ സ്റ്റേഷൻ. പശ്ചിമഘട്ട മലനിരകളിലാണിത്. ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ സാവന്ത് വാടിയാണ് (Sawantwadi). ഗോവയിൽ വന്നാൽ ഒന്നര മണിക്കൂർ. സാവന്ത് വാടിയിൽനിന്ന് അംബോളിയിലേക്ക് റോഡ് മാർഗം 30 കിലോമീറ്റർ. പൊട്ടിപ്പൊളിയാത്ത നല്ല റോഡിലൂടെ കാഴ്ചകൾ കണ്ട് ഡ്രൈവ് ചെയ്യാം. ഞങ്ങൾ ഗോവയിൽനിന്ന് രാവിലെ ഏഴിന് സാവന്ത് വാടി പാസഞ്ചറിന് സാവന്ത് വാടി റോഡ് സ്റ്റേഷനിൽ ഇറങ്ങുമ്പോൾ സമയം ഒമ്പത് മണി. വണ്ടി ഇറങ്ങിയതും ഞങ്ങളെ വരവേറ്റത് ഒരു ഊക്കൻ മഴയായിരുന്നു. സ്റ്റേഷനു സമീപമുള്ള ചെറിയതെങ്കിലും വൃത്തിയുള്ള ഹോട്ടലിൽ നിന്ന് മഴ കണ്ടുകൊണ്ട് പ്രാതലായി ചായ ഊതിക്കുടിച്ച് പാവ്ബജി കഴിക്കുമ്പോൾ ഞങ്ങളുടെ സുഹൃത്തുക്കൾ (അനോജ്, രജീഷ്, ഷാജി) ഒമ്നി വാനുമായി സ്റ്റേഷനു പുറത്തെത്തി. മഴ മാറിയപ്പോൾ ആകാശം വീണ്ടും തെളിഞ്ഞു. ഇലകളിൽ വെയിൽ തിളങ്ങി. ഞങ്ങളുടെ ഒമ്നി വണ്ടി മെല്ലെ അംബോളിയിലേക്ക് പുറപ്പെട്ടു.

വീതിയുള്ള റോഡ് ട്രാഫിക് സുരക്ഷ ഉറപ്പുവരുത്താൻ വശങ്ങളിൽ മാർജിൻ ചെയ്തിരിക്കുന്നു (Carriage Way Mark). രാത്രിയാത്രികരുടെ ശ്രദ്ധ തെറ്റാതിരിക്കാൻ ജാഗരൂകരായി നിൽക്കുന്ന റോഡിലുറപ്പിച്ച Cats Eye. കുണ്ടില്ല, കുഴിയില്ല. വാഹനം മെല്ലെ കയറ്റം കയറി തുടങ്ങിയപ്പോൾ കാലാവസ്ഥ മാറിത്തുടങ്ങി. ആകാശം മേഘാവൃതമായി. ഹെയർപിൻ വളവുകൾ. അപ്രതീക്ഷിതമായി കാഴ്ചയെ വന്നുമൂടുന്ന കോട്, ഹെഡ് ലൈറ്റിന്റെ വെട്ടത്തിലേ എതിരേനിന്ന് വരുന്ന വാഹനം കാണൂ. ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്. വളവൊന്ന് തെന്നിയാൽ താഴെ അഗാധമായ ചുരങ്ങൾ, റോഡു മുറിച്ച് പോകുന്ന ജലപാതങ്ങൾ. റോഡിലേക്ക് ചാഞ്ഞിറങ്ങുന്ന മരങ്ങളിലൂടെ മഞ്ഞും മഴയും കൂസാതെ ഭക്ഷണം തേടി നടക്കുന്ന കുരങ്ങന്മാർ. റോഡിനു വശങ്ങളിൽ വാഹനം നിർത്തി മഴയും തണുപ്പും വന്യതയും ആസ്വദിക്കുന്ന കൊച്ചുസംഘങ്ങൾ, ഞങ്ങൾ എത്തിയത് ഒരു ശനിയാഴ്ച ആയതിനാൽ കൂടുതലും വിദ്യാർഥികളാണ്. സമീപപ്രദേശങ്ങളിലെ പ്രൊഫഷണൽ കോളേജുകളിൽ നിന്നെത്തിയവർ.

Amboli 3

Amboli 4
മധുരമഴ

അകലെ നിന്നു വന്ന സഞ്ചാരികളുമുണ്ട്. എങ്ങും മഞ്ഞും മഴയും മാറിമാറി വരുന്ന മാസ്മരജാലം. പ്രകൃതിയുടെ നിഗൂഢ സൗന്ദര്യം. ആകെക്കൂടി ഒരുതരം സൈക്കഡലിക് അന്തരീക്ഷം... പാട്ടും ഡാൻസുമായി കൂട്ടുകൂടുന്ന ഒരു സംഘത്തെ പിന്നിട്ട് ഞങ്ങളുടെ വാഹനം അംബോളിയിലെ പ്രധാന ആകർഷണമായ വെള്ളച്ചാട്ടത്തിനു സമീപം എത്തി. വണ്ടി നിർത്തി മഴ നനയാനൊരുങ്ങി റെയിൻ കോട്ടും പാന്റും ധരിച്ചു. റോഡിൽ നിന്ന് നോക്കിയാൽ കാണാം ആകാശത്തുനിന്ന് പൊട്ടിവരുംപോലെയുള്ള വെള്ളച്ചാട്ടം. മഞ്ഞിന്റെ മറയിലൂടെ ഒരുതരം അലൗകിക സൗന്ദര്യം. അതിനുതാഴെ ആറാടുന്നവർ. ചെറുപ്പക്കാർ, കുട്ടികൾ. കുഞ്ഞുങ്ങളെ എടുത്ത് അമ്മമാരുമുണ്ട്. ഞങ്ങളും മെല്ലെ ജലപാതത്തിനടുത്തേക്ക് നീങ്ങി. ഒഴുക്കിലൂടെ മേലേക്ക് കയറാൻ പടവുകൾ ഉണ്ട്. ശ്രദ്ധിച്ചു നീങ്ങിയില്ലെങ്കിൽ കാൽവഴുതി വെള്ളത്തിൽ വീഴും. വീണാലും വലിയ അപകടമില്ല. ചാട്ടത്തോടടുക്കുംതോറും മുകളിൽ നിന്നുവീഴുന്ന വെള്ളം ചീറ്റിയടിക്കാൻ തുടങ്ങി. ജലകണങ്ങളും നീരാവിയും മേലേക്ക് പൊങ്ങി. ഒറ്റയ്ക്കും സംഘങ്ങളായും നുരയുന്ന ആഹ്ലാദം. ആകെ മുങ്ങിയാൽ കുളിരില്ല എന്ന ഒരു പഴഞ്ചൊല്ലുണ്ട്. അംബോളി ഇത് അന്വർഥമാക്കുന്നു. അംബോളിയിൽ എത്തിയാൽ പിന്നെ ശീതമില്ല എന്നതാണ് സത്യം. വെള്ളച്ചാട്ടത്തിൽ നിന്നിറങ്ങിയാൽ താഴെ നിരത്തിനു വശങ്ങളിൽ നിങ്ങളെ കാത്ത് നിൽക്കുന്ന ചൂടുപലഹാരങ്ങളും പാനീയങ്ങളും. ചൂടുചായയുടെ മഹത്ത്വം നാം ഇവിടെ തിരിച്ചറിയും.

വെള്ളച്ചാട്ടം പിന്നിട്ട് മുന്നോട്ടു പോയാൽ മറ്റൊരു സ്ഥലം സൂയിസൈഡ് പോയന്റ് ആണ്. മഴയും കാറ്റും കോടമഞ്ഞും ചേർന്നുള്ള ഫ്യൂഷൻ അറിയാൻ ഇവിടെ എത്തണം. സ്യൂയിസൈഡ് പോയന്റിൽ പതിക്കുന്ന ജലപാതത്തിലെ നീരാവി കാറ്റിൽ ജലധാര പോലെ മേലേക്ക് പൊങ്ങുന്ന കാഴ്ച അപൂർവ സുന്ദരമാണ്. മാറിമറിയുന്ന കോടയും ചരൽ വാരി എറിയുന്ന മഴയും ചൂളം കുത്തുന്ന കാറ്റും ഇവിടെ ഒന്നിക്കുന്നു. സൂര്യന് അസ്പർശ്യത കൽപ്പിച്ച ഇവിടം എപ്പോഴും നിഴൽപ്രദേശമായി നിലകൊള്ളുന്നു.

വേനൽക്കാലത്ത് അംബോളിയിൽ നിന്ന് നോക്കിയാൽ കടൽ കാണാം. മഴക്കാലത്ത് പക്ഷേ, ഈ കാഴ്ചയെ മേഘങ്ങൾ വന്നു മൂടും, അം ബോളിക്കുള്ള പാരിസ്ഥിതിക പ്രാധാന്യം വളരെ വലുതാണ്. തെക്കെ ഇന്ത്യയുടെ ഗംഗ എന്നറിയപ്പെടുന്ന കൃഷ്ണാ നദി ഉദ്ഭവിക്കുന്നത് അം ബോളിയിലെ കാടുകളിൽ നിന്നാണ്. ബ്രിട്ടീഷുകാരുടെ കാലത്താണ് അംബോളി ഒരു ഹിൽസ്റ്റേഷനായി വികസിച്ചത്. എങ്കിലും വളരെ പഴയ ഒരു ജനപഥമാണ് അംബോളി എന്നതിന്റെ സൂചനകളാണ് അവിടെയുള്ള പ്രാചീന ക്ഷേത്രങ്ങളുടെ സാന്നിധ്യം. മഴക്കാലത്ത് അംബോളിയുടെ മുഖം ഇങ്ങനെയാകുമ്പോൾ വേനലിൽ പ്രസാദാത്മകമായ മറ്റൊരു മുഖമാണ് അംബോളിക്ക്. അതുകൊണ്ടുതന്നെയാകണം വേനലിലും ഇവിടേക്ക് ആളുകൾ വരാൻ ഇഷ്ടപ്പെടുന്നത്.

Amboli 5
പ്രണയമഴ നനഞ്ഞ് അംബോളിയുടെ വഴിയിലൂടെ

അംബോളിയിലെ ഒരു പ്രധാന പ്രശ്നം നല്ല താമസ സൗകര്യങ്ങളുടെ അഭാവമാണ്. സൂയിസൈഡ് പോയിന്റിലേക്ക് പോകുന്ന വഴിയുടെ വശങ്ങളിലെ കാഴ്ചകൾക്കു മുന്നിൽ നാം ഗൃഹാതുരരാകും. വയലും പച്ചപ്പും ഞാറുനടുന്ന സ്ത്രീകളും എന്നോ പോയ് മറഞ്ഞ നമ്മുടെ ഇന്നലെകളെ ഓർമിപ്പിക്കും. അംബോളിയിൽ നിന്ന് മടങ്ങി മുറിയിലെ എന്റെ പോക്കറ്റ് ഡയറിയിൽ അംബോളിയെപ്പറ്റി കുറിച്ചിട്ട വരികൾ ഇങ്ങനെ അവസാനിക്കുന്നു. അംബോളി - "മഴയും കാറ്റും മഞ്ഞും ചേർന്ന ഒരു മാസ്മരാനുഭവം, മഴ നനയാനും മഴ അറിയാനും ഇവിടെ വരണം. മഴയറിയാൻ എന്നെ അംബോളിയിലേക്ക് ക്ഷണിച്ച സുഹൃത്തിനെ ഞാൻ കൃതജ്ഞതയോടെ ഓർത്തു.

Amboli

Location: Sindhudurg dist. Maharashtra

How to Reach

Yathra Subscription
മാതൃഭൂമി യാത്ര വാങ്ങാം

By Road: Mumbai is 549 kms by road, Pune 390 kms. State Transport and private vechiles ply from Sawntwadi, Malvan, Vengurla, Kankavli.

By Rail: Sawantwadi Road on Konkan Railway, 30 kms.

By Air: Belgaum, 64 kms. Dabolim (Goa) airport is 120 kms.

Activities: Rail track Trekking

Things to see: Moti Talao (Lake), Terekhol Fort, Redi Ganesh, Sagareshwar Beach, Bhogve Beach, Nivati Beach, Shiroda Velagar Beach, Sindhudurg Fort, Bhalachandra Maharaj Ashram, Kunkeshwar Temple, Amboli waterfall, Sunset Point, Rajwada, Mahadev Gad Point, Hiranyakeshi Tirth, Raghaeshwar Devsthan, Nangartas Water Falls, Parikshit Point, Kavlesad Point, Reshim Kendra, Raghaweshwar Maruti Mandir

(മാതൃഭൂമി യാത്രയിൽ 2014 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: amboli, rain tour maharashtra, krishna river, mathrubhumi yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented