എയ്ൻ ദുബായ് | ഫോട്ടോ: എ.എഫ്.പി
ദുബായിലേക്ക് വരുന്ന ഓരോ സഞ്ചാരിക്കുമായി വിസ്മയത്തിന്റെ മാജിക്കുകള്‍ ഈ രാജ്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ ഈ മരുഭൂമിയില്‍ അസാധ്യം എന്ന വാക്കിന് സ്ഥാനമേയില്ല. ദുബായ് ആയതുകൊണ്ട് കാണുന്ന ഓരോ കാഴ്ചയും ലോകോത്തരം എന്ന് വിശേഷിപ്പിക്കാതെ വയ്യ. അങ്ങനെയുളള കാര്യങ്ങളേ ഇവിടെയുള്ളൂ. ഏത് കാര്യത്തിലും ഒന്നാമനാകാനാണ് ഈ നാട് ശ്രമിക്കാറ്. എയ്ന്‍ ദുബായി ഒരുദാഹരണം മാത്രം.
ഫെറീസ് വീലെന്നോ ഒബ്‌സര്‍വേഷന്‍ വീലെന്നോ ഒക്കെ വിളിക്കാം ഇതിനെ. ലോകത്ത് ഇത്തരത്തിലുള്ള ഏറ്റവും വലുതെന്ന റെക്കോര്‍ഡ് ഈ വീലിന്റെ കാര്യത്തിലും ദുബായി സ്വന്തമാക്കിയിരിക്കുന്നു. പേരുപോലെ തന്നെ നാടിന്റെ കണ്ണായി കാഴ്ചകളിലേക്ക് നോക്കുകയാണ് എയ്ന്‍ ദുബായി. ഒറ്റനോട്ടത്തില്‍ മനസിലാവില്ലെങ്കിലും ആകാശം നിറയുന്ന ഈ ചക്രം പതിയെ കറങ്ങുന്നുണ്ട്. പതുക്കെയുള്ള കറക്കമെന്നാല്‍ ദുബായ് എന്ന അദ്ഭുതനഗരത്തിന്റെ ആകാശക്കാഴ്ചയാണ്.

820 അടിയാണ് എയ്ന്‍ ദുബായുടെ ഉയരം. രണ്ടാം സ്ഥാനത്തുള്ള ലാസ് വേഗാസിലെ ഹൈ റോളറിന് 550 അടി ഉയരമേ ഉള്ളൂ. കഴിഞ്ഞ ഒക്ടോബര്‍ 21-നാണ് എയ്ന്‍ ദുബായി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ദുബായ് ഹോള്‍ഡിങ്ങാണ് ഈ വിസമയം ഒരുക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ മൂലം എയ്ന്‍ ദുബായുടെ ഉദ്ഘാടനം വൈകിയിരുന്നു.
വലിയ ചക്രത്തിന് താഴെയാണ് ടിക്കറ്റ് കൗണ്ടറും മറ്റും സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണ്. 130 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. അതായത് നമ്മുടെ 2760 രൂപ. ആകെ 48 കാബിനുകളാണുള്ളത്. ഷെയ്ഖ് കാബിന്‍, പ്രൈവറ്റ് കാബിന്‍ എന്നിങ്ങനെ വിവധതരമുണ്ട്. സൗകര്യത്തിനനുസരിച്ച് ടിക്കറ്റ് നിരക്കില്‍ ചെറിയ വ്യത്യാസമുണ്ടാവും. കെട്ടിടത്തിന് ചിലഭാഗങ്ങളില്‍ ഗ്ലാസ് മേല്‍ക്കൂരകളുണ്ട്. അതിലൂടെ നോക്കുമ്പോള്‍ നമ്മെ കാത്തിരിക്കുന്ന വിസ്മയത്തെ അടുത്തുകാണാം.

രണ്ടാമത്തെ നിലയില്‍ നിന്നാണ് എയ്ന്‍ ദുബായുടെ കാബിനിലേക്ക് കയറാന്‍. ആവശ്യമായ രേഖകളെല്ലാം നല്‍കിക്കഴിഞ്ഞാല്‍ മുകളിലേക്ക് പോകാം. ചെറുഭക്ഷണവും പാനീയങ്ങളുമൊക്കെ കൊണ്ടുപോകാം. എന്നാല്‍ കാബിനില്‍ ബാത് റൂം സൗകര്യങ്ങളില്ല. കാബിനിലേക്ക് കയറും മുമ്പ് എയ്ന്‍ ദുബായ് അധികൃതര്‍ തന്നെ ഈ മുന്നറിയിപ്പ് പങ്കുവെയ്ക്കുന്നുണ്ട്. ഒരു വിമാനത്താവളം കണക്കേയാണ് ഇവിടത്തെ സൗകര്യങ്ങള്‍. അടുക്കുംതോറും ചക്രത്തിന്റെ വലുപ്പവും കണ്മുന്നില്‍ തെളിയും. നില്ക്കാതെ കറങ്ങുന്നുണ്ടെങ്കിലും വളരെ പതുക്കെയായതിനാല്‍ കയറാന്‍ പേടിവേണ്ട. സഹായിക്കാന്‍ അധികൃതരുമുണ്ട്.
അകത്തേക്ക് കയറിയാല്‍ ഒരു ആഡംബര ഗ്ലാസ് റൂമെന്ന് പറയാം. നടുവില്‍ ഇരിപ്പിടമുണ്ട്. എങ്ങോട്ടുനോക്കിയാലും കാഴ്ചകളുണ്ട്. ഒരു കാബിനില്‍ 40 പേരെ പ്രവേശിപ്പിക്കാമെങ്കിലും നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുബായ് എന്ന നഗരത്തിന്റെ സൗന്ദര്യമാണ് ഈ യാത്ര നമുക്ക് കാട്ടിത്തരുന്നത്. ബ്ലൂ വാട്ടര്‍ ഐലന്‍ഡ് എന്ന കൃത്രിമ ദ്വീപിലാണ് ഒബ്‌സര്‍വേഷന്‍ വീല്‍ ഒരുക്കിയിരിക്കുന്നത്. ദുബായ് മറീനയാണ് അക്കരക്കാഴ്ചയായി തെളിയുക. പാം ജുമൈറയും കാണാം. ഓരോ പടി ഉയരുമ്പോഴും ദൃശ്യഭംഗിയുടെ കാന്‍വാസിന് ആഴം കൂടുന്നു.

38 മിനിറ്റാണ് യാത്രയുടെ ആകെ സമയം. 19 മിനിറ്റാവുമ്പോള്‍ അങ്ങ് ഒത്തമുകളിലെത്തും. മുകളില്‍ നിന്നുള്ള 360 ഡിഗ്രി കാഴ്ച എടുത്തുപറയേണ്ടതാണ്. നമുക്ക് ചുറ്റും ദുബായ് തീര്‍ക്കുന്ന വിസ്മയലോകം... ആധുനികനഗരം അതിന്റെ സമ്പന്നമായ മുഖം പങ്കുവെയ്ക്കുകയാണിവിടെ.
(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)
Content Highlights: Ain Dubai, giant observation wheel Dubai, Dubai Marina, Mathrubhumi Yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..